ഉണ്ണിക്കുട്ടനുമായി അമ്മ വന്നത് കുറെ പരാതി പറയാനാണ്. പറഞ്ഞാല്‍ അനുസരിക്കില്ല, മറ്റുകുട്ടികളോടു കൂട്ടുകൂടില്ല, വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരെ ശ്രദ്ധിക്കില്ല, അവരോടു മിണ്ടില്ല, പെട്ടെന്നു ദേഷ്യപ്പെടുന്നു, ചില സമയങ്ങളില്‍ അങ്ങോട്ടു ചോദിക്കുന്നത് അതുപോലെ ആവര്‍ത്തിച്ചുപറയുന്നു, സ്‌കൂളിലെ ചില കുട്ടികളെ ഉപദ്രവിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഏഴു വയസ്സുള്ള കുട്ടി ഒരു നാലുവയസ്സുകാരന്റെ സ്വഭാവപ്രത്യേകതകള്‍ പ്രകടിപ്പിക്കുന്നു. എന്നാല്‍, ഒരു ആണ്‍കുട്ടിയല്ലേ, കുറച്ചു വലുതാകുമ്പോള്‍ ശരിയാകും എന്നു വിചാരിച്ചു കഴിയുകയായിരുന്നു മാതാപിതാക്കള്‍. ഇപ്പോള്‍ രണ്ടാം ക്ലാസിലായിട്ടും മാറ്റമൊന്നുമില്ല.
കുട്ടിയെ അടുത്തു വിളിച്ചു സംസാരിച്ചു. അവന്‍ കാര്യങ്ങള്‍ക്കു മറുപടി പറയുന്നുണ്ട്. പക്ഷേ, പലതും പല പ്രാവശ്യം ചോദിക്കേണ്ടതായിവന്നു. മാതാപിതാക്കളോടു സംസാരിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി, കുട്ടി ഓട്ടിസം എന്ന അവസ്ഥയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഓട്ടിസം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1943 ല്‍ ഡോ. ലിയോ ക്യാനം എന്ന ശിശുരോഗവിദഗ്ധനാണ്. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. തലച്ചോറിന്റെ വളര്‍ച്ചയിലുണ്ടാകുന്ന സ്ഥായിയായ വൈകല്യമാണിത്. ഇതു ഗര്‍ഭാവസ്ഥയില്‍ത്തന്നെ കാണുവാന്‍ സാധ്യതയുണ്ട്. ചില കുട്ടികള്‍ മുട്ടില്‍നീന്താന്‍, നടക്കാന്‍, സംസാരിക്കാന്‍, പ്രായത്തെക്കാള്‍ പിറകോട്ടായിരിക്കും. സാധാരണ കുട്ടികള്‍ ഒരു വയസ്സില്‍ ഒരു വാക്കുപറയാന്‍ പഠിക്കും. ഉദാ: അമ്മ, അപ്പ, ചേട്ടന്‍... രണ്ടു വയസ്സില്‍ രണ്ടുവാക്കു പറയും. ഉദാ: അപ്പ വന്നു, കുഞ്ഞിനു വേണ്ട... എന്നാല്‍, ഓട്ടിസമുള്ള കുട്ടി ഇക്കാര്യത്തില്‍ പിറകോട്ടായിരിക്കും.
ഓട്ടിസത്തിന്റെ പ്രധാനലക്ഷണങ്ങളായി പറയുന്നത് ആശയ വിനിമയശേഷിക്കുറവ്, സാമൂഹികബന്ധങ്ങളിലുള്ള ഉള്‍വലിവ്, അസ്വാഭാവികപെരുമാറ്റങ്ങള്‍, കണ്ണില്‍ നോക്കി സംസാരിക്കുന്നതിനുള്ള വിമുഖത എന്നിവയാണ്. ചില കുട്ടികള്‍ ചിരിക്കില്ല. പറയുന്ന കാര്യം അഥവാ, ഏതെങ്കിലും ഒരു ചലനം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഒരു സാധനം എടുത്താല്‍ അത് അവിടെത്തന്നെ വേണം. ഇങ്ങനെയുള്ള കുട്ടികളെ തുടക്കത്തിലേ ശിശുരോഗവിദഗ്ധനെ കാണിക്കണം.
ഓട്ടിസത്തിനു കാരണം പ്രധാനമായും പാരമ്പര്യം, ഗര്‍ഭാവസ്ഥയില്‍ കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയിലുണ്ടാകുന്ന വൈകല്യം, അമ്മയ്ക്കുണ്ടാകുന്ന അധികമായ വിഷാദം, അണുബാധ, അമ്മ ഗര്‍ഭാവസ്ഥയില്‍ ഉപയോഗിച്ച മരുന്നുകള്‍, അമിതമായ മൊബൈല്‍ - ടി.വി. ഉപയോഗം ഇവയൊക്കെയാണ്. ചില കുട്ടികള്‍ക്കു ജനനശേഷവും ഈ അവസ്ഥയുണ്ടാകാം.
കുട്ടിക്ക് ഓട്ടിസമാണെന്നറിയുമ്പോള്‍ അത് അപ്പനില്‍നിന്നോ അമ്മയില്‍നിന്നോ എന്നു ചികയുകയല്ല ചെയ്യേണ്ടത്. ഈ കുഞ്ഞിനെ എങ്ങനെ സ്വയംപര്യാപ്തനാക്കി മാറ്റാമെന്നാണ് ഒന്നിച്ചാലോചിക്കേണ്ടത്. വളരെ ക്ഷമയോടും സ്‌നേഹത്തോടുംകൂടി പരിപാലിക്കുകയും സാമൂഹികസാഹചര്യങ്ങളില്‍ ഇടപെടാന്‍ കുട്ടികള്‍ക്ക് അവസരം ഉണ്ടാക്കുകയും വേണം. കോപത്തോടും വെറുപ്പോടുംകൂടി ഇടപെട്ടാല്‍ സ്ഥിതി വഷളാവുകയേയുള്ളൂ. ഇന്നത്തെ നൂറു കുട്ടികളില്‍ ഒരാള്‍ ഓട്ടിസം ബാധിതനാണെന്നു പഠനങ്ങള്‍ പറയുന്നു. അതുപോലെ മാതാപിതാക്കള്‍ ഓര്‍ത്തിരിക്കണം, ഓട്ടിസം ബാധിച്ച കുട്ടികളെല്ലാം ബുദ്ധിമാന്ദ്യം ഉള്ളവരല്ല. ഇവരില്‍ മഹാപ്രതിഭകളുമുണ്ട്. നിങ്ങളുടെ ഭാവമാറ്റങ്ങള്‍ അവര്‍ക്കു വേഗം മനസ്സിലാകും. കുട്ടി ഓട്ടിസം എന്ന അവസ്ഥയിലാണെന്നറിഞ്ഞാല്‍, പിന്നെ ഇതെങ്ങനെ സുഖപ്പെടുത്താം എന്നു വിചാരിച്ച് പല സ്ഥലങ്ങളിലൂടെ നിങ്ങള്‍ ഓടിനടക്കേണ്ട. പകരം കുട്ടിയെ എങ്ങനെ സ്വയം പര്യാപ്തനാക്കാം, അതിനു നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും എന്നതാണ് ആലോചിക്കേണ്ടത്. കാരണം, ഈ അവസ്ഥ ജീവിതകാലം മുഴുവന്‍ തുടരാം. സ്ഥിരമായ പരിശീലനത്തിലൂടെ നിയന്ത്രണവിധേയമാക്കുകയും ചെയ്യാം.
ഓട്ടിസമുള്ള കുട്ടികള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ട്. സ്ഥലകാലചിന്തയില്ലാതെ ബഹളം വയ്ക്കാം. അപ്പോഴൊക്കെ അവരോടു കാര്യങ്ങള്‍ വളരെ ലളിതമായും സൗമ്യമായും പറഞ്ഞുകൊടുക്കാന്‍ ശ്രമിക്കണം. ചിത്രങ്ങള്‍ ഉപയോഗിച്ചു പഠിപ്പിക്കുകയും പറഞ്ഞുകൊടുക്കുകയും ചെയ്യാം. ചിലപ്പോള്‍ ഇഷ്ടമുള്ള ഒരുതരം ഭക്ഷണം മാത്രമേ കഴിക്കൂ ഇവര്‍. പോഷകാഹാരത്തിന്റെ കുറവുണ്ടായി, മറ്റ് അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍, വ്യക്തിപരമായ ശുചിത്വത്തിനു വേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ശ്രദ്ധിക്കുകയും വേണം. ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ ചേഷ്ടകള്‍ ഇവര്‍ അനുകരിക്കാനുള്ള സാധ്യതയുള്ളതുകൊണ്ട് ഈ കുട്ടികളെ കഴിവതും സാധാരണ സ്‌കൂളില്‍ വിടുന്നതാണു നല്ലത്. എല്ലാറ്റിലുമുപരി മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ ഓട്ടിസം ബാധിച്ചവരാണ് എന്നറിയുമ്പോള്‍ നിരാശപ്പെടാതെ, തങ്ങളുടെ കുട്ടികളുടെ രോഗാവസ്ഥ അംഗീകരിക്കുകയും അവരോടു കരുണയോടും സഹിഷ്ണുതയോടുംകൂടി പെരുമാറുകയും ചെയ്യുക. ഓട്ടിസം ബാധിച്ച കുട്ടികളോട് ഇടപെടുമ്പോള്‍, മാതാപിതാക്കള്‍ക്ക് ഏറെ ക്ഷമ ആവശ്യമാണ്. തങ്ങളുടെ കുട്ടികള്‍ക്ക് ചില കുറവുകളുണ്ടെങ്കിലും, മറ്റുചില കാര്യങ്ങളില്‍ അവര്‍ വളരെ പ്രാഗല്ഭ്യം പ്രകടിപ്പിക്കുന്നവരായതിനാല്‍, അതോര്‍ത്ത് സന്തോഷിക്കാനും അഭിമാനിക്കാനും മാതാപിതാക്കള്‍ക്കു കഴിയണം.