•  21 Nov 2024
  •  ദീപം 57
  •  നാളം 37
സാന്ത്വനം

ഉപദേശത്തോട് വിരക്തി കാണിക്കുമ്പോള്‍

ന്നെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന അപേക്ഷയുമായാണ് ഷേര്‍ളി കടന്നുവന്നത്.  അവര്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ല. ശരീരം മുഴുവന്‍ വേദന, തലയ്ക്കു പെരുപെരുപ്പ്, പതിവില്‍ക്കൂടുതല്‍ ആഹാരം കഴിക്കുന്നു. രണ്ടുമൂന്നുമാസമായി ഇങ്ങനെയാണ്. ഷേര്‍ളിക്കു രണ്ടു കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്തായിരുന്നു. ഇപ്പോള്‍ മൂന്നുവര്‍ഷമായി നാട്ടില്‍ ബിസിനസ് ചെയ്യുന്നു. 
മക്കളെക്കുറിച്ചു ചോദിച്ചപ്പോള്‍ അവര്‍ വിങ്ങിപ്പൊട്ടിക്കരയാന്‍ തുടങ്ങി. മൂത്തമോന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്‍പതുമാസമായി. അവനും ഭാര്യയും ഡല്‍ഹിയില്‍ ജോലി ചെയ്യുന്നു. ഈ അടുത്തനാളില്‍ ഷേര്‍ലിയും ഭര്‍ത്താവും അവരുടെയടുത്ത് ഒരു മാസത്തേക്കു പോയിട്ടുണ്ടായിരുന്നു. അവിടെനിന്നു വന്നപ്പോള്‍മുതലാണ് ഈ അസ്വസ്ഥതകള്‍. മൂത്തമകന്‍ ജോസിനോട് ഷേര്‍ലിക്ക് ഒരുപാട് വാത്സല്യവും സ്‌നേഹവുമായിരുന്നു. അവന്റെ എല്ലാക്കാര്യങ്ങളും അമ്മയാണു ചെയ്തുകൊടുത്തിരുന്നത്. അവനും അമ്മയെ ആശ്രയിച്ചിരുന്നു. എന്നാല്‍, അമ്മയില്‍നിന്നകന്ന് ഭാര്യയോടൊപ്പം ജോസ് പോയതും ഭാര്യ പറയുന്നതിന്  അവന്‍ പ്രാധാന്യം കൊടുക്കുന്നതും ഷേര്‍ളിക്കു സഹിക്കാന്‍ പറ്റുന്നില്ല. അവന്‍ കൊച്ചുകുട്ടിയല്ലേ, ജീവിതത്തെക്കുറിച്ച് അവനെന്തറിയാം എന്നു സംസാരത്തിനിടെ പലവട്ടം ആവര്‍ത്തിക്കുകയുണ്ടായി.
എന്താണെങ്കിലും ജോസ് വിവാഹിതനായില്ലേ, അവന്റെ ജീവിതം അവന്‍ ജീവിക്കട്ടെ, എന്തെങ്കിലും സംശയങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകുമ്പോള്‍ അവന്‍ ചോദിക്കും; അപ്പോള്‍ സഹായിക്കാം, അഭിപ്രായം പറയാം എന്നു പറഞ്ഞപ്പോള്‍ വീണ്ടും, അവന് എല്ലാം ഞാനായിരുന്നു. ഇപ്പോള്‍ അവന് എന്റെ അഭിപ്രായങ്ങള്‍ എന്തുകൊണ്ട് വേണ്ട എന്ന മറുചോദ്യമുണ്ടായി. ജോസിനെ വിളിച്ചു സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ''എനിക്കു മുപ്പതു വയസ്സായി. എന്റെ കാര്യങ്ങള്‍ ഇനി ഞാന്‍ തനിയെ ചെയ്തില്ലെങ്കില്‍ എന്നു ചെയ്യും? അപ്പയും അമ്മയും അവരുടെ ജീവിതം റിട്ടയര്‍ ആകുന്നതുവരെ സ്വന്തമായി ജീവിച്ചില്ലേ? അമ്മ എന്തിനാണ് ഇത്രയും ആശങ്കപ്പെടുന്നത്? എന്റെ ജീവിതത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടാകുമ്പോള്‍ ഞാന്‍ ചോദിക്കും. അപ്പോള്‍ സഹായിച്ചാല്‍ മതി. ഇനിയും ഒരു കൊച്ചുകുട്ടിയോടെന്നപോലെ എന്റെയും  ഭാര്യയുടെയും എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ ശ്രമിക്കരുതെന്ന് ഒന്നു പറഞ്ഞു മനസ്സിലാക്കണം.'' ഈ  സംസാരം ഷേര്‍ളിയെ ഒരുപാടു കരയിച്ചു. എങ്കിലും മകനെ സ്വതന്ത്രമായി വിടാനുള്ള നല്ല തീരുമാനത്തോടെ മടങ്ങി.
ഒരുപാട് മാതാപിതാക്കള്‍ ഈ ഷേര്‍ളിയെപ്പോലെ മക്കളെ താലോലിച്ചും ലാളിച്ചും നിയന്ത്രിച്ചും വളര്‍ത്തി അവസാനം വിങ്ങിപ്പൊട്ടലുകളിലും ഉറക്കമില്ലായ്മയിലും എത്തി നില്ക്കുന്നുണ്ട്. ഇനി വരുംകാലങ്ങളില്‍ വിവാഹ  ഒരുക്ക സെമിനാറിനെക്കാള്‍, വിവാഹിതരാകുന്നവരുടെ മാതാപിതാക്കള്‍ക്കാണ് സെമിനാര്‍ ആവശ്യമെന്ന് ഷേര്‍ളി നമ്മെ ഓര്‍മിപ്പിക്കുന്നു. മുമ്പ് മാതാപിതാക്കളെ വിട്ടുപോകുമ്പോള്‍  മക്കള്‍ക്കായിരുന്നു പ്രശ്‌നങ്ങള്‍. അതായത്, കരച്ചില്‍, വിശപ്പില്ലായ്മ, വയറുവേദന, പനി... എന്നാല്‍, ഇന്നതു നേരേ തിരിഞ്ഞു മാതാപിതാക്കള്‍ക്കാണ് വിഷമവും വെപ്രാളവും. കാരണം, മക്കള്‍ അവരെ പിരിഞ്ഞ് വിദേശങ്ങളിലേക്കും മറ്റു ദൂരസ്ഥലങ്ങളിലേക്കും സൗകര്യാര്‍ത്ഥം മാറിപ്പോകുന്നു. ഇവിടെ അപ്പനമ്മമാര്‍ക്ക് മക്കളെ കാണാതിരിക്കുന്നതിലുള്ള വേവലാതിയെക്കാള്‍ തങ്ങള്‍ക്കിനി ആരുമില്ലല്ലോ, ഒറ്റയ്ക്കായല്ലോ എന്ന ചിന്തയാണ്. അത് അവരെ പരിഭ്രാന്തരാക്കുന്നു. അതിനാല്‍, പിരിഞ്ഞുപോകുന്നതിനുമുമ്പ് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ മക്കള്‍ക്കു കടമയുണ്ട്.
ഇനി മറ്റൊരുകാര്യം, പ്രായമാകുമ്പോള്‍ തങ്ങളെ പരിപാലിക്കും എന്ന പ്രതീക്ഷയില്‍ മാതാപിതാക്കള്‍ മക്കളെ വളര്‍ത്തുന്നതിനു പകരം ദൈവം തന്ന കുഞ്ഞുങ്ങളെ സ്വയംപര്യാപ്തരാക്കാന്‍ പരിശീലിപ്പിക്കുകയാണു വേണ്ടത്. സ്വയംപര്യാപ്തരാകുമ്പോള്‍ അവര്‍ പറന്നകലട്ടെ എന്ന രീതിയില്‍ വളര്‍ത്തണം. 
യുവതലമുറയ്ക്ക് മാതാപിതാക്കളോടൊപ്പം എന്നതിനേക്കാള്‍, താനും തന്റെ പങ്കാളിയും മക്കളും എന്ന രീതിയില്‍ ചിന്തിക്കാനും, മാതാപിതാക്കളെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കാനുമാണ് ഇഷ്ടം. അതുപോലെ അവരുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ അവരുടേതു മാത്രമാകാന്‍ ഇഷ്ടപ്പെടുന്നു. അതിന്റെ ക്രെഡിറ്റ് മാതാപിതാക്കളുമായി പങ്കിടാന്‍ അവര്‍ക്കു താത്പര്യമില്ല.  മാതാപിതാക്കള്‍ മക്കളോട് 'വിവാഹശേഷവും ഞങ്ങളുടെ നിര്‍ദേശമനുസരിച്ചു പോകണം' എന്നു വാശിപിടിച്ചാല്‍ ബന്ധങ്ങളില്‍ വലിയ വിള്ളല്‍ ഉണ്ടാകും. മറ്റുള്ളവരുടെ അനുഭവങ്ങളിലൂടെ എന്നതിനേക്കാള്‍ തങ്ങളുടെതന്നെ ജീവിതാനുഭവങ്ങളിലൂടെ പാഠങ്ങള്‍ പഠിക്കാനാണ് മക്കള്‍ക്കു താത്പര്യമെന്നറിയുക.
പ്രായമാകുമ്പോഴേക്കും ഉള്ള സമ്പാദ്യം മുഴുവന്‍ മക്കള്‍ക്കായി ചെലവഴിക്കാതെ തങ്ങളുടെ സുരക്ഷയ്ക്കു വേണ്ടത് മാറ്റിവയ്ക്കാനുള്ള വിവേകവും, സ്വയം തിരക്കുള്ളവരാകാന്‍ വേണ്ട വഴികളും മാതാപിതാക്കള്‍ ആലോചിച്ചു വയ്ക്കണം. വിവാഹശേഷം മക്കളെ അവരുടെ വഴിക്കുവിടുക, എന്തെങ്കിലും ചോദിച്ചാല്‍ മാത്രം അഭിപ്രായം പറയുക; സഹായം ചെയ്യുക, അല്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങളുടെ നിര്‍ദേശം ഒരു ശല്യമായി മാറാം.
  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)