സജിമോന്‍ ആരോടും സ്‌നേഹമില്ല. വീട്ടിലും സ്‌കൂളിലും ആരെയും അനുസരിക്കില്ല. ദേഷ്യം വന്നാല്‍ കണ്ണില്‍ കാണുന്നത് എറിഞ്ഞുടയ്ക്കും. സ്‌കൂളില്‍നിന്ന് എന്നും പരാതി. ബെഞ്ചിന്റെ കാലൊടിച്ചു. മറ്റു കുട്ടികളോടു മോശമായി പെരുമാറി, ടീച്ചേഴ്‌സിനോടു ബഹുമാനമില്ലാതെ സംസാരിക്കുന്നു, അവരെ കമന്റടിക്കുന്നു, സ്‌കൂളിലെ നിയമങ്ങള്‍ ഒന്നും അനുസരിക്കില്ല തുടങ്ങി പരാതികളുടെ ഒരു നീണ്ട ലിസ്റ്റുമായാണ് സജിമോന്റെ പപ്പ അവനുമായി വന്നത്. പതിനാറുവയസ്സുള്ള സജിമോനെക്കുറിച്ച് കൂടുതലായി അന്വേഷിച്ചു: അവന്‍ ആരുടെയും വികാരങ്ങളെ മനസ്സിലാക്കാറില്ല, മാനിക്കാറില്ല. അവനു തോന്നതുപോലെ ചെയ്യും. തന്റെ സ്വന്തം സാധനങ്ങളെക്കാള്‍ പൊതുവായ സാധനങ്ങള്‍ നശിപ്പിക്കാനാണു പ്രവണത കൂടുതല്‍. ഇടയ്ക്ക്, എതിരെന്നു തോന്നുന്നവരെ കൊല്ലണം, നശിപ്പിക്കണം, പണികൊടുക്കണം, സ്വയം ഇല്ലാതാകണം എന്നൊക്കെ പറയും. സംസാരത്തില്‍ കണിശതയും ആത്മവിശ്വാസവും. എന്നാല്‍, തന്നെ ആര്‍ക്കും ഇഷ്ടമല്ല, എല്ലാവരും എനിക്കെതിരാണ് എന്നൊക്കെ അവന്‍ കൂടക്കൂടെ പറയുന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഇത് അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത, എന്നാല്‍, വളരെ സാധാരണമായി കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്ന സ്വഭാവവൈകല്യമാണ്. ഒരു കൂട്ടം പെരുമാറ്റവൈകല്യങ്ങളോടു കൂടിയ ഈ വൈകാരികപ്രശ്‌നം സാധാരണ കൊച്ചുകുട്ടികളിലോ, കൗമാരപ്രായത്തില്‍ എത്തിനില്‍ക്കുന്നവരിലോ കണ്ടുവരുന്നു. ഈ ഡിസോര്‍ഡര്‍ ഉള്ളവര്‍, അവര്‍ ആയിരിക്കുന്ന സ്ഥലത്തെ നിയമങ്ങള്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുള്ളവരും, കുടുംബത്തിനും സമൂഹത്തിനും നിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരുമാണ്. ഇപ്പോഴത്തെ പഠനങ്ങളില്‍ പറയുന്നത്, ഇത് ഏതു പ്രായക്കാരില്‍ എപ്പോള്‍മുതല്‍ അല്ലെങ്കില്‍ എപ്പോള്‍വരെ എന്നു പറയാന്‍ പറ്റില്ല എന്നാണ്.
സ്വഭാവവൈകല്യം ഉണ്ടോയെന്നറിയാന്‍ താഴെപ്പറയുന്നവയില്‍ ഒന്നോ, ഒന്നില്‍ക്കൂടുതലോ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാവും.
1. ആക്രമണസ്വഭാവം : ഇവര്‍ തങ്ങളുടെതന്നെ പ്രവൃത്തികള്‍കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുക, ഭീഷണിപ്പെടുത്തുക, ഭയപ്പെടുത്തുകയൊക്കെ ചെയ്യും. തന്റെ ഇഷ്ടം നിറവേറ്റാന്‍ തടസ്സം നില്‍ക്കുന്നവരോടാണ് കൂടുതലും എതിര്‍പ്പ്. അതുപോലെ മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ ശരീരവും വേദനിപ്പിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യാം. കൂടാതെ, തങ്ങളുടെ സുരക്ഷയ്‌ക്കോ മറ്റുള്ളവരെ ആക്രമിക്കാനായോ ആയി ആയുധം കൊണ്ടുനടക്കുകയുമാവാം.
2. നശീകരണസ്വഭാവം: പൊതുനിയമങ്ങളെ ലംഘിച്ചുകൊണ്ട്, ഒരു സമരമോ ഹര്‍ത്താലോ വരുമ്പോള്‍ വണ്ടിക്കും സ്ഥാപനങ്ങള്‍ക്കും തീവയ്ക്കുകയും കല്ലെറിയുകയുമൊക്കെ ചെയ്യുന്നത് ഇത്തരക്കാരില്‍ ചിലരുടെ ഒരു പ്രവണതയാണ്. ഇതിലൂടെ ഒരു ആശ്വാസം അനുഭവിക്കുകയാണിവര്‍. മറ്റുള്ളവരുടെ അവകാശങ്ങളെ ഇവര്‍ തടസ്സപ്പെടുത്തുന്നു. കമിതാക്കള്‍ തെറ്റിയാലുടന്‍ കൊല്ലുക, തീകൊളുത്തി നശിപ്പിക്കുക, ആസിഡ് ഒഴിക്കുക ഒക്കെയും ഈ ഗണത്തില്‍പ്പെടുന്നവരുടെ രീതിയാണ്. മദ്യോപയോഗം ലൈംഗിക പ്രേരിതസ്വഭാവം തുടങ്ങിയവയും ഇവര്‍ക്കുണ്ട്.
3. വഞ്ചിക്കുന്ന സ്വഭാവം: പൊതുവെ നുണ പറയുന്നവരും നുണയെ സത്യമായി സമര്‍ത്ഥിക്കുന്നവരുമാണ്. കയറിച്ചെല്ലാന്‍ അനുവാദമില്ലാത്തിടത്ത് അതു നശിപ്പിച്ച് അവിടെ കയറുക എന്നതും ഇവരുടെ പ്രത്യേകതയാണ്. വ്യാജരേഖകള്‍ ഉണ്ടാക്കുക, കഥകള്‍ കെട്ടിച്ചമയ്ക്കുക തുടങ്ങിയവയാണ് ഇവരുടെ മറ്റൊരു രീതി. കൊച്ചുകുട്ടി ആയിരിക്കുമ്പോള്‍ പ്രോഗ്രസ് കാര്‍ഡില്‍ സ്വയം ഒപ്പിടുക, മാതാപിതാക്കള്‍ എഴുതേണ്ട ലീവ് ലെറ്ററില്‍ സ്വയം എഴുതി ഒപ്പിടുക തുടങ്ങിയ കാര്യങ്ങള്‍ക്ക് ഒരു മടിയുമില്ല ഇക്കൂട്ടര്‍ക്ക്.
ഈ ഡിസോര്‍ഡറിന്റെ കാരണമായി പറയുന്നത് ജനിതക, പരിസ്ഥിതിത്തകരാറുകളാണ്. നല്ല പ്രചോദനങ്ങളുടെയും പ്രേരണകളുടെയും കുറവും, സ്വയം നിയന്ത്രിക്കാനുള്ള കഴിവുകുറവും മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ നില്‍ക്കാനുള്ള സന്നദ്ധതക്കുറവും ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലായ്മയും അനുഭവങ്ങളില്‍നിന്നു പഠിക്കാനുള്ള കഴിവും ഇവരെ പ്രശ്‌നക്കാരികളാക്കുന്നു. കുട്ടിയായിരിക്കുമ്പോള്‍ ആരെങ്കിലും ദുരുപയോഗിച്ചതും കുടുംബത്തിലുള്ള വഴക്കുകളും ചേര്‍ച്ചക്കുറവും മാതാപിതാക്കളുടെ മയക്കുമരുന്നുപയോഗവും കുടുംബത്തിലെ ദാരിദ്ര്യവുമെല്ലാം പരിസ്ഥിതിഘടകങ്ങളാണ്.
പെരുമാറ്റത്തിലും ചിന്തയിലും മാറ്റം വരുത്തുക, മാറ്റംവരുത്താന്‍ പരിശീലിപ്പിക്കുക എന്നതാണ് പരിഹാരം. ചെറുപ്പത്തിലേ മനസ്സിലാക്കിയാല്‍ കൗണ്‍സലിങ്ങിലൂടെയും തെറാപ്പിയിലൂടെയും നിയന്ത്രിക്കാം. പറ്റുന്നില്ലായെങ്കില്‍ സൈക്യാട്രിക് ചികിത്സ വേണ്ടിവരും.
സിസ്റ്റര്‍ ഡോ. നിക്കോള്‍ എസ്.വി.എം.
