സജീവും കൃപയും മ്ലാനവദനരായാണ് വന്നത്. അവര്‍ വിവാഹിതരായിട്ട് എട്ടു വര്‍ഷമായി. പക്ഷേ, അവര്‍ക്കു മക്കളില്ല. കുറെ പരിശോധനകള്‍ക്കു വിധേയമായെങ്കിലും പ്രയോജനം ഒന്നുമുണ്ടായില്ല. കൃപയുടെ ശരീരപ്രത്യേകതകള്‍കൊണ്ടാണ് മക്കളുണ്ടാകാത്തത് എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇപ്പോഴത്തെ പ്രശ്‌നം ഇതാണ്: സജീവ് ഏതെങ്കിലും കുട്ടിയെ ലാളിക്കുന്നതും നോക്കുന്നതും സംസാരിക്കുന്നതും കാണുമ്പോള്‍ കൃപയ്ക്കു വല്ലാത്ത വിഷമം, ദേഷ്യം. മക്കളുണ്ടാകാത്തത് താന്‍ കാരണമാണല്ലോ എന്ന കുറ്റബോധം. എന്നാല്‍, സജീവ് പ്രത്യേകിച്ചൊന്നും ഓര്‍ക്കാറില്ല. ഒരു കൊച്ചുകുട്ടിയെ കാണുമ്പോള്‍ സ്വാഭാവികമായ വാത്സല്യം കാണിക്കുന്നു എന്നുമാത്രം.
ഇങ്ങനെ ദുഃഖത്തില്‍ കഴിയുന്ന ധാരാളം ദമ്പതിമാര്‍ നമ്മുടെ ചുറ്റുമുണ്ട്. ഇവിടെ സ്ത്രീയുടെ കുഴപ്പംകൊണ്ടായാലും പുരുഷന്റെ കുഴപ്പംകൊണ്ടായാലും യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ട് പരസ്പരം താങ്ങും തണലുമായി വര്‍ത്തിക്കുകയാണാവശ്യം. പരസ്പരമുള്ള കുറ്റപ്പെടുത്തലുകള്‍ കൂടുതല്‍ കലഹവും അകല്‍ച്ചയും സൃഷ്ടിക്കുകയേയുള്ളൂ. കുട്ടികളുള്ളവരോട് അസൂയപ്പെടുകയുമരുത്. ചികിത്സ പരമാവധി നടത്തിയിട്ടും മക്കള്‍ ഉണ്ടാകുന്നില്ലായെങ്കില്‍ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക. മക്കളില്ലാത്ത തങ്ങളുടെ ജീവിതം എങ്ങനെ സന്തോഷപ്രദമായി മുമ്പോട്ടുകൊണ്ടുപോകാമെന്ന് രണ്ടുപേരുംകൂടി ആലോചിക്കുക.
പുതിയ എന്തെങ്കിലും സംരംഭങ്ങള്‍ തുടങ്ങി തങ്ങളെത്തന്നെ തിരക്കുള്ളവരാക്കുകയും അതിനാല്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുക നല്ലൊരു മാര്‍ഗമാണ്. ചിലര്‍ സ്വന്തം ചേട്ടന്റെയോ അനുജന്റെയോ കുട്ടിയെ തങ്ങളുടെകൂടെ താമസിപ്പിച്ച് സ്വന്തംപോലെ നോക്കി അന്വേഷിച്ചു നടത്താറുണ്ട്. പക്ഷേ, മിക്ക സംഭവങ്ങളിലും ഈ കുട്ടികള്‍ ഒരു ഒന്‍പത്, പത്ത് ക്ലാസ്സിലെത്തുമ്പോഴേക്കും സ്വന്തം മാതാപിതാക്കളെ തിരിച്ചറിയുകയും അവരുടെ അടുത്തേക്കു പോകുകയുമാണു പതിവ്. ഇനി കൂട്ടിന് ഒരു കുഞ്ഞ് വേണമെന്ന് അതിയായ ആഗ്രഹം രണ്ടുപേര്‍ക്കും ഒരുപോലെയുണ്ടെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കുന്നതു നല്ലതാണ്, കാരണം, ഈ കുട്ടി വേറേ എവിടെയും പോകില്ല. ഇങ്ങനെ ദത്തെടുക്കുന്ന കുട്ടി ആണ്‍കുട്ടി ആകുന്നതാണ് ഉത്തമം. കാരണം, പെണ്‍കുട്ടികള്‍ വളര്‍ന്നു വലുതായിക്കഴിഞ്ഞ് പിതാവിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നത് ഒരു പത്തുശതമാനം അമ്മമാരെ വിഷമിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള വരുംവരായ്കകള്‍ മുമ്പില്‍ കണ്ടുകൊണ്ട് വിവേകപൂര്‍വം തീരുമാനമെടുക്കാന്‍ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ദത്തെടുക്കുന്ന കുട്ടി കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തിരിച്ചറിവ് ആകുന്നമുറയ്ക്ക് നിങ്ങള്‍തന്നെ ഈ കാര്യം അവരോടു നിര്‍ബന്ധമായും പറഞ്ഞിരിക്കണം. അല്ലെങ്കില്‍ ചിലപ്പോള്‍ നാട്ടുകാരോ ഉപകാരികളോ ബന്ധുക്കളോ ഇതു വിളിച്ചുപറഞ്ഞെന്നിരിക്കും, അത് കുട്ടിക്ക് ഒത്തിരി മാനസികസമ്മര്‍ദം ഉണ്ടാക്കും.
മക്കള്‍ ദൈവത്തിന്റെ ദാനമാണ്. അത് ദൈവം നിശ്ചയിക്കുന്ന സമയത്ത് ഉണ്ടാകും. എന്നാല്‍, തങ്ങളുടെ സ്വന്തം സുഖത്തിനുവേണ്ടി, സാമ്പത്തികഭദ്രതയ്ക്കുവേണ്ടി, മറ്റു ചില സ്വാര്‍ത്ഥചിന്തകള്‍മൂലം മക്കള്‍ ഇപ്പോള്‍ വേണ്ട ഒരു അഞ്ചു വര്‍ഷം കഴിയട്ടെ എന്നു സ്വയം തീരുമാനമെടുത്താല്‍, ചിലപ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ഫലം കിട്ടിയെന്നു വരില്ല. സജീവും കൃപയും ഇങ്ങനെയുള്ള ചിന്താഗതിക്കാരായിരുന്നു. ചിലര്‍ ആദ്യത്തെ കുട്ടി പെട്ടെന്നായാല്‍ അബോര്‍ട്ട് ചെയ്യാറുമുണ്ട്. മിക്കവരുമായി സംസാരിക്കുമ്പോള്‍ അറിയാന്‍ കഴിഞ്ഞിട്ടുള്ളത് അബോര്‍ഷനുശേഷം ഉണ്ടാകുന്ന കുട്ടികള്‍ക്കു ചിലപ്പോള്‍ എന്തെങ്കിലും വൈകല്യം കാണാറുണ്ട് എന്നതാണ്. അതായത്, ബുദ്ധിമാന്ദ്യം, ഹൈപ്പര്‍ ആക്ടീവ്, ഓട്ടിസം ഇങ്ങനെ പ്രത്യേകതയുള്ള കുഞ്ഞുങ്ങള്‍. ഇത് ആദ്യമുണ്ടായ കുട്ടിയെ കളഞ്ഞതില്‍ അമ്മയ്ക്കും അപ്പനും ഉണ്ടാകുന്ന ദുഃഖവും കുറ്റബോധവും ഉള്ളിന്റെയുള്ളില്‍ ഉണ്ടാകുന്നതുകൊണ്ടാണ്. അതുപോലെ അമ്മയ്ക്ക് പലപ്പോഴും ഒരു നെഗറ്റീവ് ചിന്തയായിരിക്കും ഉള്ളത്. അതായത്, ഈ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം. ഇതൊക്കെ ഒഴിവാക്കി ആരോഗ്യമുള്ള കുഞ്ഞു ജനിക്കുവാന്‍ നല്ല മനോഭാവം വച്ചുപുലര്‍ത്തണം. ദൈവത്തിന്റെ ഇഷ്ടത്തോടു നിങ്ങളുടെ ഇഷ്ടം ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കണം. ഒപ്പം, ഉദരഫലം ദൈവത്തിന്റെ ദാനമാണെന്ന ബൈബിള്‍വചനം ഓര്‍ത്തിരിക്കുക. ജീവന്റെ ദാനം ദൈവം തരുന്നതുവരെ പ്രതീക്ഷയോടെ കാത്തിരിക്കുക. പ്രതീക്ഷയ്ക്കു വകയില്ലാത്ത സാഹചര്യത്തില്‍ ദൈവഹിതം അതാണെന്നു തിരിച്ചറിഞ്ഞു ജീവിക്കുകയും എല്ലാവരെയും മക്കളായി കാണുന്ന വിശാലതയിലേക്കു മനസ്സിനെ വളര്‍ത്തുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നതിനെക്കാള്‍ മനോഹരമായിരിക്കും നിങ്ങളുടെ ജീവിതം.