•  25 Apr 2024
  •  ദീപം 57
  •  നാളം 7
സാന്ത്വനം

ഞങ്ങള്‍ക്കു സമയമില്ല

ധ്യാപകദമ്പതികളാണ് അരുണും അനഘയും.  ഇവര്‍ക്കു പത്തിലും ആറിലും പഠിക്കുന്ന രണ്ടു കുട്ടികള്‍. പത്തില്‍ പഠിക്കുന്ന കുട്ടിയുടെ പരാതി ഇതാണ്: ''മിക്കവാറും വീട്ടില്‍ വഴക്കാണ്. അതുകൊണ്ട് പഠിക്കാനിരിക്കുമ്പോള്‍ ഒരു മനസ്സമാധാനവും ഇല്ല.'' 
വിഷയത്തിലേക്കു കടന്നപ്പോള്‍ കുട്ടിയുടെ അമ്മ അനഘ സങ്കടത്തോടും ദേഷ്യത്തോടുംകൂടി പറഞ്ഞു: ''അരുണ്‍ ഒരു സഹായവും വീട്ടില്‍ ചെയ്യില്ല. ഒരേസമയം അല്ലെങ്കില്‍ സ്‌പെഷ്യല്‍ ക്ലാസുള്ളപ്പോള്‍ അരുണിനെക്കാള്‍ താമസിച്ചുവരുന്ന ഞാന്‍ വേണം കുട്ടികള്‍ക്കു ചായയില്‍നിന്നു തുടങ്ങാന്‍. ഇതാണ് മിക്കവാറും വീട്ടില്‍ വഴക്കിനു കാരണം. എന്നെങ്കിലും ഒരു സഹായം ചോദിച്ചാല്‍ ഞാന്‍ ഇന്നുവരെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നാണു മറുപടി.'' 
ചെയ്തിട്ടില്ലെങ്കില്‍ ചെയ്തുതുടങ്ങ് എന്ന അനഘയുടെ പ്രസ്താവനയോടെ വഴക്ക് ആരംഭിക്കും. എന്തു ബഹളമുണ്ടായാലും ഉണ്ടാക്കിവയ്ക്കുന്ന ചായ അടുക്കളയില്‍നിന്നെടുത്തു കുടിക്കാനുള്ള സന്മനസ്സുപോലും അരുണ്‍ കാണിക്കാറില്ല. 
നമ്മുടെ കുടുംബങ്ങളില്‍ ഇത്തരം വഴക്കുകള്‍ കുറവല്ല. 'ഞാന്‍ ഒന്നും അറിഞ്ഞില്ല രാമനാരായണാ' എന്നു നടിച്ചിരിക്കുന്ന പുരുഷന്മാരെ, സ്ത്രീകള്‍ ബഹുമാനിക്കണമെന്നില്ല. കാരണം, കുടുംബത്തിന്റെ സാമ്പത്തികഭദ്രതയ്ക്കുവേണ്ടി പുരുഷനെപ്പോലെതന്നെ സ്ത്രീയും കഷ്ടപ്പെടുന്നു. വീട്ടുജോലികളില്‍ ഭര്‍ത്താവിന്റെ സഹകരണം കിട്ടാതെവരുമ്പോള്‍ സ്ത്രീകള്‍ പ്രതികരിച്ചുപോകും. ഈ സഹകരണക്കുറവും അതേച്ചൊല്ലിയുള്ള നെഗറ്റീവുപ്രതികരണവും തുടര്‍ച്ചയായ വഴക്കിനിടയാക്കുന്നു. ദമ്പതിമാര്‍ തമ്മില്‍ ശാരീരികവും മാനസികവുമായ അകല്‍ച്ചയും രൂപപ്പെടുന്നു. ഇതിനിടയില്‍ വീര്‍പ്പുമുട്ടുകയും പ്രയാസപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങള്‍. ഈ കുഞ്ഞുങ്ങളുടെ മനസ്സുകളില്‍ ആവശ്യമില്ലാത്ത പേടിപ്പെടുത്തുന്ന ചിന്തകളും ടെന്‍ഷനും രൂപപ്പെടും. അതുകൊണ്ടു നന്നായി പഠിക്കാനും, ശ്രദ്ധിക്കാനും പറ്റാത്ത അവസ്ഥ! കുട്ടികളിലുണ്ടാകുന്ന മറവിയുടെ ഒരു പരിധിവരെയുള്ള കാരണം, മാതാപിതാക്കളുടെ കലഹമാണെന്നു പറയാം. കുട്ടി പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന വഴക്കുകള്‍ അവരുടെ ശ്രദ്ധയെ വികലമാക്കുന്നു.
മാതാപിതാക്കള്‍ പരസ്പരം മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും കുടുംബസമാധാനം നിലനിര്‍ത്തുകയും ചെയ്യേണ്ടത് കുട്ടികളുടെ പഠനത്തിനും സ്വഭാവരൂപവത്കരണത്തിനും ഏറെ ആവശ്യമാണ്. ഉദ്യോഗസ്ഥരായ ദമ്പതികള്‍ വീട്ടിലെ ജോലികള്‍ പരസ്പരസഹകരണത്തോടെ ചെയ്യാന്‍ ശ്രദ്ധിക്കണം. ജോലി ചെയ്തു ക്ഷീണിച്ചുവരുന്ന സ്ത്രീ, തനിയെ വീട്ടുജോലികളും കുട്ടികളുടെ പരിപാലനവും മറ്റും ചെയ്യണമെന്ന അവസ്ഥ നമ്മുടെ സംസ്‌കാരത്തില്‍ മാത്രമേ കാണൂ. വിദേശരാജ്യങ്ങളില്‍ സ്ത്രീപുരുഷഭേദമില്ലാതെ എല്ലാ ജോലികളും രണ്ടുകൂട്ടരും ഒന്നിച്ചു ചെയ്യുന്നതുകൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും, മറ്റു വിനോദങ്ങള്‍ക്കും ഒരുമിച്ചുള്ള ഷോപ്പിങ്ങിനും അവര്‍ക്കു സമയം കിട്ടുന്നു. 
നമ്മുടെ കൊച്ചുകേരളത്തില്‍ സ്ത്രീകള്‍ക്ക് അടുക്കളജോലി തീര്‍ന്നിട്ട് കുട്ടികളുടെ കാര്യം നേരാംവണ്ണം നോക്കാനോ ഒരുമിച്ചൊന്നു പുറത്തുപോകാനോ സമയമില്ല. കുടുംബനാഥന്‍ ജോലികഴിഞ്ഞു വന്ന് ടിവിയുടെ മുമ്പിലോ മൊബൈല്‍ ചാറ്റിങ്ങിലോ, ഇനി ഒന്നുമില്ലെങ്കില്‍ നാളെ എന്തോ എക്‌സാം ഉള്ളതുപോലെ ന്യൂസ്‌പേപ്പര്‍ മുഴുവന്‍ വായിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നു. വാഷിങ് മെഷീനില്‍ കിടക്കുന്ന തുണിയൊന്ന് എടുത്തിട്ടാല്‍ 'നാട്ടുകാര് കണ്ടാലോ' എന്ന പേടിയാണ് ഉദ്യോഗസ്ഥരായ പല ഭര്‍ത്താക്കന്മാര്‍ക്കും. എന്നാല്‍, ഇതുപോലുള്ള കൊച്ചുകൊച്ചു കാര്യങ്ങളില്‍ ഭാര്യയെ ഒന്ന് സഹായിച്ചുകൊടുക്കുന്നത് കുടുംബത്തിന്റെ മാനസികവും സൗഹൃദപരവുമായ ആരോഗ്യത്തിനു സഹായകരമാണ്. ജീവിതത്തില്‍ നാം കാണിക്കുന്ന നല്ല മാതൃകകളാണ് എന്നും നമ്മുടെ പ്രിയപ്പെട്ടവര്‍ ഓര്‍ത്തിരിക്കുക. അമ്മയെ സഹായിക്കുന്ന, സ്‌നേഹിക്കുന്ന, എന്നും അമ്മയെ സപ്പോര്‍ട്ട് ചെയ്യുന്ന അപ്പനോടാണ് മക്കള്‍ക്കു കൂടുതല്‍ ഇഷ്ടം. ഇല്ലെങ്കില്‍, അവര്‍ കാര്യസാധ്യത്തിനായി നിങ്ങളെ മുതലെടുക്കുകയും കണ്‍വെട്ടത്തുനിന്നു മാറിക്കഴിയുമ്പോള്‍ ബഹുമാനമില്ലാത്തവരായി മാറുകയും ചെയ്യും. എപ്പോഴും ശണ്ഠകൂടുന്ന മാതാപിതാക്കളുടെ മക്കള്‍, ഹൈപ്പര്‍ ആക്ടീവും, മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ മടിയുള്ളവരും, ഏതു സാഹചര്യത്തെയും പേടിക്കുന്നവരും, നുണ പറയുന്ന ശീലം വളര്‍ത്തിയെടുക്കുന്നവരും ഒക്കെയാവാം. അതിനാല്‍, മാതാപിതാക്കള്‍  സ്വന്തം കുടുംബത്തിന്റെ സുസ്ഥിതിക്കുവേണ്ടി പരസ്പരം സഹകരിച്ച്, ജോലികള്‍ വേഗം തീര്‍ത്ത് കുട്ടികളുടെകൂടെ ആയിരിക്കാന്‍ പരിശ്രമിക്കണം. മാതാപിതാക്കളുടെ പരസ്പരമുള്ള സ്‌നേഹവും സഹകരണവും മക്കള്‍ക്കു മറ്റുള്ളവരെ സ്‌നേഹിക്കാനും അവരോടു സഹകരിക്കാനും പ്രേരണയും മാതൃകയും നല്‍കും. കുഞ്ഞുങ്ങള്‍ ആദ്യം കണ്ടുപഠിക്കുന്നത് അവരുടെ മാതാപിതാക്കളുടെ ജീവിതമാണെന്ന കാര്യം മറക്കാതിരിക്കാം. 'യഥാ പിതാ തഥാ പുത്രാ' എന്നൊക്കെയുള്ള സൂക്തങ്ങള്‍ ഇതൊക്കെത്തന്നെയല്ലേ നമ്മെ പഠിപ്പിക്കുക.

 

Login log record inserted successfully!