അമ്പതു വയസ്സായ ജോസഫ് ചേട്ടന്റെയും നാല്പത്തിയെട്ടു വയസ്സായ അന്നമ്മച്ചേച്ചിയുടെയും വഴക്കിനു പ്രധാന കാരണം, ചേച്ചിക്ക് ഈ പ്രായത്തില്‍ ചേട്ടനെ സംശയമാണെന്നതാണ്. അന്നമ്മച്ചേച്ചി പറയുന്നത്, മറ്റു പെണ്ണുങ്ങളോടൊക്കെ തമാശ പറയാനറിയാം, എന്നോടു മാത്രം മിണ്ടാനില്ല എന്നാണ്. എന്റെ സൗന്ദര്യം കുറഞ്ഞുപോയതുകൊണ്ടാകും എന്നും അവര്‍ വിശ്വസിക്കുന്നു. ഇവരുടെ ഒരു മോളുടെ വിവാഹം കഴിഞ്ഞു. മറ്റു കുട്ടികള്‍ പഠിക്കുന്നു. പ്രായഭേദമില്ലാതെ പല ദമ്പതിമാരെയും അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നമാണ് സംശയരോഗം.
ജീവിതപങ്കാളികള്‍ പരസ്പരം മനസ്സിലാക്കി എല്ലാം പങ്കുവച്ചുകൊണ്ട് സമ്പൂര്‍ണ സമര്‍പ്പണമനോഭാവത്തോടെ ജീവിച്ചാല്‍, എല്ലാ പ്രശ്‌നങ്ങളും തീരും. എന്നാല്‍, ആധുനികസമൂഹത്തില്‍ പങ്കാളിക്കുവേണ്ടി തന്റേതായ കുറച്ചു കാര്യങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ തയ്യാറാകുന്ന എത്രപേരുണ്ട്? സ്വന്തം ഇഷ്ടംമാത്രം നോക്കുമ്പോഴാണ് കുടുംബങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
മനുഷ്യന്‍ വ്യക്തിതലത്തിലും ശാരീരിക - മാനസികതലത്തിലും അപൂര്‍ണരാണ്. വ്യക്തിതലത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണെങ്കിലും പ്രത്യേകതകള്‍ നിറഞ്ഞ വ്യത്യസ്തഭവനങ്ങളില്‍ വളര്‍ന്ന രണ്ടു വ്യക്തികളാണ്. ശാരീരികവും മാനസികവുമായ തലങ്ങളില്‍ സ്ത്രീയും പുരുഷനും വിഭിന്നര്‍തന്നെ. വിവാഹജീവിതത്തിലൂടെ ഒന്നിക്കുന്ന സ്ത്രീപുരുഷന്മാര്‍, പുതിയ ചുറ്റുപാടുകളുമായും വ്യക്തികളുമായും ഒന്നിച്ചുപോകണമെങ്കില്‍ വൈകാരികപക്വത ഉണ്ടായിരിക്കണം. ഇതില്ലാത്തപ്പോഴാണ് പലപ്പോഴും തമാശകളും പ്രശ്‌നങ്ങളായി ചിത്രീകരിക്കപ്പെടുന്നത്.
തന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വം പൂര്‍ണമായി മനസ്സിലാക്കാനുള്ള കഴിവ് ദമ്പതിമാര്‍ക്കുണ്ടാവണം. അത് മാതാപിതാക്കളോട്, സഹോദരങ്ങളോട്, പങ്കാളിയോട്, മക്കളോട് ഒക്കെയായിരിക്കും. ആരോടൊക്കെ എങ്ങനെ പെരുമാറണം, എപ്പോള്‍ എന്തു ചെയ്യണം എന്നീ കാര്യങ്ങള്‍ അറിഞ്ഞിരിക്കാനുള്ള കഴിവ് ഓരോരുത്തരും ജീവിതാനുഭവങ്ങളിലൂടെ സ്വായത്തമാക്കണം. സ്വയാവബോധം, സുരക്ഷിതത്വബോധം, സ്വയം വിലയിരുത്താനും തെറ്റുകള്‍ തിരുത്താനും യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാനുമുള്ള കഴിവ് ഇവയൊക്കെ ഉറച്ച വ്യക്തിത്വത്തിന്റെയും പക്വതയുടെയും ലക്ഷണങ്ങളാണ്. വ്യക്തിത്വം പലതരത്തിലുണ്ട്. തങ്ങളുടെ വ്യക്തിത്വത്തിനനുസരിച്ചായിരിക്കും ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങള്‍. ഏതാനും വ്യക്തിത്വങ്ങള്‍ പരിചയപ്പെടാം:
Multiple Personality (സംയുക്തവ്യക്തിത്വം), Split Personality (ഖണ്ഡിതവ്യക്തിത്വം), Psychothymic Personality (അല്‌പോന്മാദം), Neurosthenic Personality (തന്ത്രിദൗര്‍ബല്യമുള്ള വ്യക്തിത്വം) Psychometric Personality (മനോദൗര്‍ബല്യമുള്ള വ്യക്തിത്വം), Hysteric Person-ality (അപതന്ത്രവ്യക്തിത്വം), Compulsive Personality (നിര്‍ബന്ധിതസ്വഭാവ വ്യക്തിത്വം), Paranoic Personality (സംഭ്രാന്തി, സംശയബുദ്ധി, പെട്ടെന്നു കോപിക്കുന്ന വ്യക്തിത്വം), Sadistic Personality (പരപീഡനാസക്തിയുള്ള വ്യക്തിത്വം), Melancholic Personality (വിഷാദാത്മക വ്യക്തിത്വം).
ഇത്തരം വ്യക്തിത്വസ്വഭാവ പ്രത്യേകതകളുള്ള ദമ്പതിമാരുടെ ജീവിതം എന്നും പ്രശ്‌നങ്ങളിലായിരിക്കും, നരകതുല്യമായിരിക്കും. അതായത്, ഹൈപ്പര്‍ മാനിക് പേഴ്‌സണാലിറ്റിയോ ഹിസ്റ്റീരിക് പേഴ്‌സണാലിറ്റിയോ ഉള്ള വ്യക്തിയുടെ സ്വഭാവം തികച്ചും മാനസികരോഗികളെപ്പോലെയായിരിക്കും. ആവശ്യമില്ലാതെ ചീത്തവിളിക്കുക, കലി തുള്ളുക, എല്ലാം തട്ടിമറിക്കുക തുടങ്ങിയ പെരുമാറ്റരീതികളായിരിക്കും. പാരനോയിക് പേഴ്‌സണാലിറ്റിക്ക് ഉടമകളായവര്‍ എപ്പോഴും സംശയപ്രകൃതിക്കാരായിരിക്കും. ഇവിടെ പറഞ്ഞ അന്നമ്മച്ചേച്ചി ഏകദേശം ഈ പേഴ്‌സണാലിറ്റിയോട് യോജിക്കുന്നയാളാണ്. പെട്ടെന്നു ദേഷ്യം വരും. എപ്പോഴും സംശയം, അയലത്തെ ചേച്ചി മുറ്റം അടിച്ചു വൃത്തിയാക്കിയാല്‍ അതും ജോസഫ് ചേട്ടനെ കാണിക്കാനാണ് എന്ന തോന്നല്‍. ചിലപ്പോള്‍ ഇത് ജീവിതസാഹചര്യങ്ങള്‍കൊണ്ടു വന്നുഭവിക്കും. ചെറുപ്പത്തില്‍ മറ്റുള്ളവരില്‍നിന്ന് ആരോഗ്യപരമല്ലാത്ത രീതിയില്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ ഒരു സ്വഭാവം പിന്നീടു രൂപപ്പെടാം. അല്ലെങ്കില്‍ സ്വയം മതിപ്പില്ലാത്തപ്പോഴും. മറ്റുള്ളവര്‍ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന വേളയില്‍ ജീവിതപങ്കാളിയുംകൂടി അതു ശരിവച്ചു പ്രതികരിച്ചാല്‍, പിന്നീട് ഈ ഒരു സംശയപ്രകൃതി വളരാം. എന്നെ ആര്‍ക്കും ഇഷ്ടമല്ല, മറ്റുള്ളവരോടാണു താത്പര്യം എന്നു വിചാരിച്ച് ഒരു വിഷാദത്തിലേക്കു പോകാം. ഇവിടെയൊക്കെ ജീവിതപങ്കാളിയുടെ പക്വതയാര്‍ന്ന ഇടപെടല്‍ ഉണ്ടാവണം. സംശയരോഗം അധികമായാല്‍, ഉറക്കം ഇല്ലാതായാല്‍, തന്നെ സംസാരിക്കുന്നതായിക്കണ്ടാല്‍ എത്രയും വേഗം അതിനു വേണ്ട മരുന്നുകള്‍ നല്‍കുന്നത് കൂടുതല്‍ സഹായകമായിരിക്കും.