•  21 Nov 2024
  •  ദീപം 57
  •  നാളം 37
കാഴ്ചയ്ക്കപ്പുറം

സൈക്കോസിനിമകള്‍ ഉണര്‍ത്തുന്ന ഭീഷണികള്‍

1960 ലാണ് ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സൈക്കോ എന്ന സിനിമ പുറത്തിറങ്ങിയത്. ഹിച്ച്‌കോക്കിന്റെ ഏറ്റവും നല്ല സിനിമയെന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രസ്തുത ചിത്രം മനോരോഗത്തിന്റെ സങ്കീര്‍ണതകളെയാണ് അനാവരണം ചെയ്തത്. സൈക്കോ ആയ വ്യക്തിയുടെ ജീവിതത്തിലെ കുറ്റകൃത്യങ്ങളിലൂടെയാണു ചിത്രം മുന്നോട്ടുപോകുന്നത്. അതിനുശേഷം ഇതേ വിഷയം ആസ്പദമാക്കി നിരവധി സിനിമകള്‍ ലോകത്തിലെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുകയുണ്ടായി.
മനോരോഗവിശ്ലേഷണത്തിന്റെ ഭാഗമായുളള ഒരുപിടി  നല്ല സിനിമകള്‍ മലയാളത്തിലുമുണ്ടായിട്ടുണ്ട്. പെട്ടെന്ന് എല്ലാവരുടെയും മനസ്സിലേക്കു കടന്നുവരുന്ന പേര് മണിച്ചിത്രത്താഴ്  എന്നായിരിക്കും. ഡ്യുവല്‍ പേഴ്സണാലിറ്റിയെന്നോ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റിയെന്നോ വിശേഷിപ്പിക്കാവുന്ന, മനോരോഗവൈചിത്ര്യത്തിന്റൈ സംഘര്‍ഷങ്ങളും രോഗശമനവും അതിജീവനവുമാണ് മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കാവുന്ന പ്രസ്തുത ചിത്രം പറഞ്ഞത്.
സൈക്കോയെന്നു വിളിക്കാവുന്ന  പ്രത്യേകതകള്‍തന്നെയാണ് നായികയായ ഗംഗയുടേത്.  ഭൂതകാലത്തിലെ മുറിവുകള്‍ അനുകൂലസാഹചര്യത്തില്‍ മറ്റൊരു രീതിയില്‍ പുറത്തുവരികയും അത് അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കു നീങ്ങുകയും ചെയ്യുമ്പോള്‍ ആധുനിക മെഡിക്കല്‍ സയന്‍സും മന്ത്രവാദവും ഒരേപോലെ പ്രയോഗിച്ച് പരിഹാരം കണ്ടെത്തുകയാണു ചെയ്യുന്നത്.
പക്ഷേ, ഇപ്പോഴത്തെ സിനിമകളില്‍ കാണുന്നതുപോലെ മണിച്ചിത്രത്താഴ് ഒരിക്കലും വയലന്‍സിന്റെ അതിപ്രസരം കൊണ്ടു മലീമസമാകുന്നില്ല എന്നതാണു ശ്രദ്ധേയം. ചോര വീഴ്ത്താതെയും കുറ്റകൃത്യം കാണിക്കാതെയും എങ്ങനെ മനശ്ശാസ്ത്രസിനിമകളെടുക്കാം എന്നതിന് മികച്ച  ഉദാഹരണംകൂടിയായിരുന്നു മണിച്ചിത്രത്താഴ്.  ഇതേ ഗണത്തില്‍ത്തന്നെ പെടുത്താവുന്നവയാണ് കെ.ജി ജോര്‍ജിന്റെ യവനികയും പത്മരാജന്റെ   ഈ തണുത്ത വെളുപ്പാന്‍കാലത്ത് തുടങ്ങിയ സിനിമകളും.  
അക്രമം കാണിക്കാതെയും പ്രേക്ഷകരുടെ മനസ്സു കലക്കാതെയും സൈക്കോളജിക്കലായിത്തന്നെ, സൈക്കോകളുടെ സിനിമകളെടുക്കാമെന്ന് അവര്‍ കാണിച്ചുതന്നു. കലാകാരന്മാരുടെ പ്രതിഭയുടെ സമ്പന്നത മാത്രമല്ല അക്രമരംഗങ്ങളോടുള്ള വൈമുഖ്യവുംകൂടിയാണ് ഇവിടെ വെളിവാകുന്നത്.
പക്ഷേ, കാലം മാറിയപ്പോള്‍ കഥ മാത്രമല്ല, കഥ പറച്ചിലിന്റെ രീതിയും മാറി. ജീത്തു ജോസഫിന്റെ മെമ്മറീസ് സിനിമയെ പുതിയ കാലത്തെ സൈക്കോ സിനിമകളുടെ തലതൊട്ടപ്പനായി വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. അരുംകൊലകളും കൊലപാതകപരമ്പരകളുംകൊണ്ടാണ് ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചുകളഞ്ഞത്.  
സിനിമകളിലെ കൊലപാതക പരമ്പരകളുടെ കാരണക്കാരായി പലപ്പോഴും പ്രേക്ഷകര്‍ കരുതുന്നത്  ആകാരവലുപ്പവും വില്ലന്റെ സ്വഭാവപ്രത്യേകതകളുമുള്ള ഏതെങ്കിലുമൊരു കഥാപാത്രത്തെയാണ്. പക്ഷേ, മെമ്മറീസ്, അഞ്ചാം പാതിര, ജോണ്‍ ലൂഥര്‍ തുടങ്ങിയ സിനിമകളില്‍ ഈ പതിവ് ലംഘിക്കപ്പെടുന്നുണ്ട്. വെറും സാധാരണക്കാരാണ് ഇവിടെയെല്ലാം സൈക്കോ ആയി മാറുന്നത്. അഞ്ചാം പാതിരയില്‍ ശത്രുക്കളെ വകവരുത്തുന്നത് ഷറഫുദ്ദീന്‍ എന്ന നടനാണ്. പ്രേക്ഷകരെ അന്നുവരെ ചിരിപ്പിച്ചുകൊണ്ടിരുന്ന ഷറഫുദ്ദീന്റെ ആ പകര്‍ന്നാട്ടം ചിത്രത്തിനു  പുതുമയും പ്രേക്ഷകര്‍ക്ക് അവിശ്വസനീയതയും സമ്മാനിക്കുന്നതില്‍ വിജയിച്ചു. പെങ്ങളുടെ അവിഹിതഗര്‍ഭവും അപ്പന്റെ ജയില്‍വാസവുമൊക്കെച്ചേര്‍ന്ന് തികച്ചും ഒറ്റപ്പെട്ട അവസ്ഥയാണ് ആ കഥാപാത്രത്തിന്റെ മനോനിലയില്‍ മാറ്റംവരുത്തിയത്. മുതിര്‍ന്നപ്പോള്‍ തങ്ങളുടെ കുടുംബം തകര്‍ത്തവരെയെല്ലാം ഇല്ലാതാക്കണമെന്ന തീരുമാനം അവന്‍ നടപ്പിലാക്കുന്നു. കായികമായി കരുത്തനല്ല അയാള്‍. മെമ്മറിസീല്‍ സൈക്കോ ആയി പ്രത്യക്ഷപ്പെട്ടത് ടിവി സീരിയല്‍ രംഗത്തെ പ്രശസ്തനായ ശ്രീകുമാറാണ്. ടിവിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ശ്രീകുമാര്‍ സിനിമയില്‍ പ്രേക്ഷകരെ പേടിപ്പിക്കുന്നു.
ജോണ്‍ ലൂഥറിലാവട്ടെ കൃശഗാത്രനും സാധാരണക്കാരനുമായ ഒരു തമിഴ്നാട് സ്വദേശിയാണ് സൈക്കോ ആയി മാറുന്നത്. പഴയകാല സിനിമകളിലെ  കായികശേഷിയും ദുഷ്ടത്തരവുമുള്ള  കഥാപാത്രങ്ങള്‍ വില്ലന്മാരാകുന്ന പതിവു മാറി ആര്‍ക്കും സൈക്കോയാകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രസ്തുത ചിത്രങ്ങള്‍ സമര്‍ത്ഥിക്കുന്നത്.
സമൂഹത്തില്‍ നിലയും വിലയുമുള്ളവരിലും അടിച്ചമര്‍ത്തിക്കഴിയുന്ന ഒരു സൈക്കോയുണ്ടെന്നാണ് മുഖം, ഫോറന്‍സിക്, അമര്‍ അക്ബര്‍ അന്തോണി  തുടങ്ങിയ ചിത്രങ്ങള്‍ പറയുന്നത്. (അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയില്‍ യഥാര്‍ത്ഥത്തില്‍ രണ്ടു സൈക്കോ കഥാപാത്രങ്ങളുണ്ട്. ബാലപീഡകരായ അന്യസംസ്ഥാനത്തൊഴിലാളിയും ശ്രീരാമന്‍ അവതരിപ്പിക്കുന്ന മാന്യനായ റിട്ടയേര്‍ഡ് അധ്യാപകനും).
സൈക്കോകളുടെ കൊലപാതകങ്ങള്‍ക്ക് ചിലപ്പോള്‍ മാത്രമേ പ്രതികാരത്തിന്റെ ഭൂതകാലം ഉണ്ടാവൂ. മറ്റുള്ളതെല്ലാം സൈക്കോളജിക്കലായ പ്രശ്നങ്ങള്‍കൊണ്ടു സംഭവിക്കുന്നവയാണ്.  അഞ്ചാം പാതിരായിലെ ഷറഫുദ്ദിന്റെ കഥാപാത്രം അത്തരമൊരു ക്രൂരകൃത്യത്തിലേക്കു തിരിയുന്നതിനു കാരണം തന്റെ വേദനാജനകമായ ഭൂതകാലമായിരുന്നു. അതിനു കാരണക്കാരായവരോടായിരുന്നു അവന്റെ പ്രതികാരം. പക്ഷേ, ജോണ്‍ ലൂഥറിലെത്തുമ്പോള്‍ നിരപരാധികള്‍പോലും സൈക്കോയുടെ കത്തിമുനയില്‍ ഇല്ലാതെയാവുന്നു. മലയാറ്റൂര്‍പള്ളിയിലേക്കു നേര്‍ച്ചയ്ക്കു വരുന്ന സ്ത്രീമുതല്‍ ബസ് കിട്ടാത്തതിന്റെ പേരില്‍ സ്‌കൂളിലേക്കു നടന്നുപോകുന്ന വിദ്യാര്‍ത്ഥിവരെ. കൊടുംക്രൂരതയുടെയും അക്രമങ്ങളുടെയും ദൃശ്യങ്ങള്‍ സൈക്കോയുടെ പേരില്‍ ജോണ്‍ലൂഥറും ഫോറന്‍സിക്കും അവതരിപ്പിക്കുന്നുണ്ട്. വിവിധ മൃഗങ്ങളുടെ ജീവനറ്റ ശരീരം വീട്ടില്‍കൊണ്ടുപോയി സൂക്ഷിക്കുന്ന ഒരു കുട്ടിയെ കാണിച്ചുകൊണ്ടാണ് ഫോറന്‍സിക് ആരംഭിക്കുന്നതുതന്നെ. കുട്ടിയുടെ ഈ വിചിത്രസ്വഭാവം കണ്ട് അച്ഛന്‍ അവനെ ശിക്ഷിക്കുന്നു. പിന്നീട്  അച്ഛനെ മകന്‍ കൊല്ലുന്നു. തുടര്‍ന്നാണ് സിനിമ കേന്ദ്രവിഷയത്തിലേക്കു കടക്കുന്നത്. അച്ഛനെവരെ കൊല്ലാന്‍ തയ്യാറാകുന്ന ഒരു മകനെ കാണിച്ചുകൊണ്ട് അവന്റെ മനോനില  അപ്പടി താളംതെറ്റിയിരിക്കുകയാണെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.
ഇങ്ങനെയൊരു കഥാപാത്രത്തെ സിനിമയിലേക്കു പ്രവേശിക്കാനുള്ള സൂചകമായിത്തരുമ്പോള്‍ ഇനി അയാളില്‍നിന്നു പ്രതീക്ഷിക്കാവുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവത്തെക്കുറിച്ച് പ്രേക്ഷകന് ഏകദേശധാരണ കിട്ടുകയും ചെയ്യും. അതിനെ സാധൂകരിക്കുന്ന വിധത്തിലാണ്കൊലപാതകപരമ്പര പിന്നീട് അരങ്ങേറുന്നത്, അതും കൊച്ചുപെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരുടെ.
സൈക്കോയെന്നാണ് തമിഴില്‍ ഏതാനും വര്‍ഷം മുമ്പു പുറത്തിറങ്ങിയ ഒരു ചിത്രത്തിന്റെ പേര്. കാര്‍ത്തിയുടെ കൈദിപോലെയുള്ള സിനിമകളും സൈക്കോയുടെ അക്രമങ്ങളുടെ നേര്‍ക്കാഴ്ചകളായിരുന്നു.  ഷങ്കര്‍-വിക്രം ടീമിന്റെ അന്യന്‍ സൈക്കോ വേഷപ്പകര്‍ച്ചയുടെ മറ്റൊരു ഉദാഹരണമാണ്. സെക്സിന്റെ അതിപ്രസരംകൊണ്ട് എ സര്‍ട്ടിഫിക്കറ്റ്  ചില സിനിമകള്‍ നേടിയിരുന്നുവെങ്കില്‍  ഇന്ന് അക്രമരംഗങ്ങളുടെ പേരില്‍ യുഎ സര്‍ട്ടിഫിക്കറ്റാണ് ചില സിനിമകള്‍ക്കു നല്കുന്നത്.
എല്ലാവരിലും ഏറിയും കുറഞ്ഞും ചില മനോരോഗപ്രവണതകള്‍ ഉണ്ടായെന്നുവരാം. പക്ഷേ, അവയൊരിക്കലും സൈക്കോ തലത്തിലേക്കു മാറുന്നില്ല. ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഒന്നിലധികം കഥാപാത്രങ്ങള്‍ അസ്വാഭാവികമായ മനോവ്യാപരങ്ങളുള്ളവരാണ്. നോര്‍ത്ത് 24 കാതം, മലയന്‍കുഞ്ഞ്, റോള്‍മോഡല്‍സ് പോലെയുള്ള സിനിമകളിലെ ഫഹദ് കഥാപാത്രങ്ങളെ ഓര്‍മിക്കുക. പക്ഷേ, അവയൊരിക്കലും സൈക്കോയാകുന്നില്ല. എന്നാല്‍, സൈക്കോതലത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അവരുടെ ക്രൂരതകളെ ഭൂതകാലത്തിന്റെ മറവില്‍ ന്യായീകരിക്കുമ്പോള്‍ സംഭവിക്കുന്നത് മറ്റു ചില കാര്യങ്ങളാണ്.  മനുഷ്യമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ കൂടത്തായ് സംഭവത്തിലെ മുഖ്യപ്രതി ജോളിയെ സൈക്കോയെന്നു ന്യായീകരിച്ച് അവരുടെ ചെയ്തികളെ നിസ്സാരവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഓര്‍മിക്കുക.
മലീമസമായ കാഴ്ചകള്‍ തുടര്‍ച്ചയായിക്കാണുമ്പോള്‍ അത് നമ്മുടെ ചിന്തയുടെ തലത്തില്‍ ഏല്പിക്കുന്ന പരിവര്‍ത്തനങ്ങളെ നിസ്സാരമായിട്ടെടുക്കരുത്. പ്രത്യേകിച്ച്, യുവജനങ്ങളില്‍ അതേല്പിക്കുന്ന സ്വാധീനങ്ങളെ. രണ്ടോ രണ്ടരയോ മണിക്കൂര്‍ നേരമുള്ള ഒരു സിനിമയുടെ കൂടുതല്‍ ഭാഗവും സൈക്കോയെയും അയാളുടെ ക്രൂരതകളെയും അനാവരണം ചെയ്യാന്‍ നീക്കിവയ്ക്കുമ്പോള്‍ അത്തരം രംഗങ്ങള്‍ തലച്ചോറില്‍ കൂടൂകൂട്ടുകയും അതു തെറ്റായ സ്വാധീനമായി മറ്റൊരു സാഹചര്യത്തില്‍ പുറത്തേക്കുവരികയും ചെയ്യുന്നു.
സൈക്കോചിത്രങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും വയലന്‍സ് രംഗങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്ന പുതുതലമുറയെ നാം ഗൗരവത്തില്‍ വേണം കാണേണ്ടത്. ഭൂരിപക്ഷവും ഇന്നു കൂടുതലായി കാണാന്‍ ആഗ്രഹിക്കുന്നത് സൈക്കോ സിനിമകളാണ് എന്നത് നമ്മുടെ യുവജനങ്ങളുടെ മാനസികനിലയില്‍വന്ന  വലിയൊരു വ്യതിയാനമായിവേണം വിലയിരുത്താന്‍. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന പലതരം കുറ്റകൃത്യങ്ങളെയും ഇത്തരം സിനിമകള്‍ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. ഏതൊരു തെറ്റും അക്രമവും കുറ്റകൃത്യവും സൈക്കോയെന്ന പേരില്‍ കുറ്റവിമുക്തമാക്കുന്ന രീതിയും നല്ലതല്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)