മലയാളികളെ എങ്ങനെയൊക്കെ വിഡ്ഢികളാക്കാമെന്ന ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ആധുനികഗാനശില്പികൾ. ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും അതിലെ ഗാനങ്ങൾ നമ്മുടെ ക്ഷമ ഒന്നിനൊന്നു പരീക്ഷിക്കുന്നതായി മാറുന്നു. രചന, സംഗീതം, ആലാപനം, ചിത്രീകരണം ഇവയിൽ ഒരു ഘടകംപോലും ശരാശരി നിലവാരം പുലർത്താതെ നിർല്ലജ്ജം പ്രതിഭാദാരിദ്ര്യം പ്രകടിപ്പിക്കുകയാണ് ബന്ധപ്പെട്ടവർ. കണ്ടിരിക്കാൻ ഭേദപ്പെട്ട നിലയിൽ ചിത്രീകരിച്ച 'കീടം' എന്ന ചിത്രത്തിലെ ഈ ഗാനമൊന്നു ശ്രദ്ധിക്കുക.
''അങ്കംവെട്ടും നാള്
ആളിക്കത്തും ചൂട്
വേഗത്തിൽ കോപം കേറി
കാടിൻ ഉള്ളം മൂടും കാട്ടുതീ
നട്ടം കറങ്ങേണ്ടാ ഓട്ടം തുടങ്ങേണ്ടാ
വേട്ടയ്ക്കായ് വന്നവനും നിന്നവനും
തീയിൽ കുരുതി''
(ഗാനരചന - വിനായക് ശശികുമാർ; സംഗീതം - സിദ്ധാർത്ഥ പ്രദീപ്; ആലാപനം - സൗപർണിക രാജഗോപാൽ, ബിന്ദു അനിരുദ്ധൻ).
ഈ ഗാനത്തിൽ മലയാളത്തിനു പുറമേ ഇംഗ്ലീഷ്‌വരികളുമുണ്ട്. അവയുടെ രചന നിർവഹിച്ചിരിക്കുന്നത് ബിന്ദു അനിരുദ്ധനാണ്. ഇപ്പോഴത്തെ ട്രെന്റാണല്ലോ ലിറിക്കൽ വീഡിയോ. ഈ ഗാനം അങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാട്ടിന്റെ വരികൾ മലയാളമാണെങ്കിലും ഇംഗ്ലീഷ് ലിപിയിലാണ് പൊതുവെ ലിറിക്കൽ വീഡിയോയിൽ എഴുതിക്കാണിക്കാറുള്ളത്. എന്നാൽ, പതിവിനു വിരുദ്ധമായി മലയാളം വരികൾ മലയാളത്തിൽ എഴുതിക്കാണിക്കാനുള്ള ഔദാര്യം ഇതിനു പിന്നിൽ പ്രവർത്തിച്ചവർ കാണിച്ചിട്ടുണ്ട്. അത്രയും ആശ്വാസം!
ചൂട് ആളിക്കത്തുമോ? അങ്ങനെ തോന്നും ഈ പാട്ടു കേൾക്കുമ്പോൾ. എന്തെങ്കിലും ആളിക്കത്തുമ്പോൾ ഉണ്ടാകുന്നതാണ് ചൂട് എന്നു പോലും അറിയില്ലെന്നുവന്നാൽ കഷ്ടംതന്നെയല്ലേ? വിഷമിക്കുക, കഷ്ടപ്പെടുക എന്നൊക്കെ അർത്ഥം വരുന്ന തരത്തിൽ നമ്മുടെ ഭാഷയിൽ പ്രചരിച്ചിട്ടുള്ള ശൈലിയാണ് 'നട്ടംതിരിയുക.' അതിനെ നട്ടം കറങ്ങലാക്കി ഭാഷാംഗനയെ വട്ടംചുറ്റിച്ചിരിക്കുന്നു പാട്ടെഴുത്തുകാരൻ. വേട്ടയ്ക്കായി വന്നവനെയും നിന്നവനെയും മാത്രമല്ല, ആസ്വാദകരെയും കുരുതി കൊടുത്തിരിക്കുന്നു, സാഹചര്യത്തിന്റെ പ്രാഥമികപാഠങ്ങൾപോലും അറിയാത്ത അദ്ദേഹം.
''ഉടലെരിയും വേനൽക്കാലം
നിൻ പാപങ്ങൾക്കിതു പാഠം
നീ വിലയായ് വാങ്ങും ശാപം
എൻ പകയിൽ കത്തും താപം
നിൻ ഭയമെൻ ഒന്നാം ലക്ഷ്യം
ആ പതനം കാണും നിത്യം
നീ ഇരുളിൽ തപ്പിത്തപ്പി
എൻ കെണിയിൽ വീഴും കീടം
നീ പണ്ടെൻ പിറകിൽ വന്നോ
എൻ സഹനം കുറവായ് കണ്ടോ
എൻ മുറിവിൽ പുളകംകൊണ്ടോ
എൻ വഴിയിൽ തടയായ് നിന്നോ
ഇന്നെല്ലാം തിരിയും നാള്
നീ ഇരയായ് മാറും, നേര്
വന്നെതിരേ നിൽക്കാൻ പോര്
കണ്ടറിയാം തമ്മിൽ ആര്''
ഈ വരികൾ വായിക്കുമ്പോൾ ചിലർക്കെങ്കിലും ന്യായമായ ഒരു സംശയം തോന്നാം, എന്തേ ഇത്രയും അക്ഷരത്തെറ്റുകൾ എന്ന്. ആ രക്തത്തിൽ എനിക്കു പങ്കില്ല. ലിറിക്കൽ വീഡിയോയിൽ കൊടുത്തിരിക്കുന്നതുപോലെ എടുത്തെഴുതിയിരിക്കുകയാണ്.
മലയാളഭാഷ അമൃതതുല്യമാണ്, മധുരമുള്ളതാണ് എന്നൊക്കെ നാം വീമ്പിളക്കാറുണ്ട്. നമുക്കു പ്രിയപ്പെട്ട ഭാഷ, അതിലെ പ്രിയപ്പെട്ട വാക്കുകൾ വക്കുടഞ്ഞും അർത്ഥലോപം വന്നും യുദ്ധക്കളത്തിലേതെന്നപോലെ മാറിയിരിക്കുന്നു. ഈ വികലമായ സൃഷ്ടിയെയും ഗാനമെന്നു വിളിക്കാൻ നാം നിർബദ്ധരാകുന്നു. 'കീടം' എന്ന ശീർഷകം ചിത്രത്തിനല്ല ഈ ഗാനത്തിനാണ് അക്ഷരംപ്രതി യോജിക്കുന്നത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.