•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

മൊഴിയിതളും താരത്തെന്നലും

ലച്ചിത്രനാമത്തിന്റെ കാര്യത്തിലായാലും അല്ലാതെയായാലും പുതിയ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതുകൊള്ളാം, അവ കലാസൃഷ്ടിക്ക് എന്തെങ്കിലും പ്രയോജനം ചെയ്യുമെങ്കില്‍. സ്വന്തം  മാതൃഭാഷയായ മലയാളത്തെ ഉപേക്ഷിച്ച് ഇംഗ്ലീഷിലേക്കു ചേക്കേറിയ നാടന്‍സായ്പന്മാര്‍ ഇപ്പോഴും ഇവിടെയൊക്കെത്തന്നെയുണ്ട്. മനസ്സിലാകാത്ത വാക്കുകളും പ്രയോഗങ്ങളും സിനിമാപ്പേരുകളായി ഇതിനകംതന്നെ നമ്മുടെ മുമ്പില്‍ വന്നുകഴിഞ്ഞു. ഏറ്റവും ഒടുവിലിതാ മലയാള അക്ഷരമാലയിലെ ഒരെണ്ണത്തിനെ കൂട്ടുപിടിച്ചുകൊണ്ട് ഒരു ചലച്ചിത്രം വന്നിരിക്കുന്നു. പടത്തിന്റെ ശീര്‍ഷകം 'ഋ' എന്നാണ്. ഏതു തരത്തില്‍ വേണമെങ്കിലും പേരിടാനുള്ള സംവിധായകന്റെ അവകാശത്തെ ഇവിടെയാരും ചോദ്യം ചെയ്യുന്നില്ല. പോരെങ്കില്‍ നമ്മുടെ മനസ്സില്‍ ഷാജി എന്‍. കരുണ്‍ ഇട്ട 'സ്വം' എന്ന ചലച്ചിത്രനാമം ഒളിമങ്ങാതെ കിടപ്പുണ്ടുതാനും. 'ഋ' എന്ന സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധിച്ചോ? ഇംഗ്ലീഷില്‍ ഈ ചിത്രത്തിന്റെ പേര് 'കൃൗ' എന്നാണ് എഴുതിയിരിക്കുന്നത്. നാമെല്ലാം 'ഋ'  എന്ന അക്ഷരം ഉച്ചരിക്കുന്നത് മലയാളത്തില്‍ എഴുതിയിരിക്കുന്നതുപോലെതന്നെയല്ലേ? 'ഇറു' എന്നല്ലല്ലോ. അപ്പോള്‍ ഈ മറിമായം എങ്ങനെ സംഭവിച്ചു? അന്വേഷിക്കേണ്ട വിഷയമാണിത്.
ഈ ചിത്രത്തില്‍ ആകെയുള്ളതു രണ്ടു പാട്ടുകളാണ്. അവ  രണ്ടും ഭേദപ്പെട്ടവയായി പരിഗണിക്കാനാവില്ല. സ്ഥലപരിമിതി നിമിത്തം ഒരു ഗാനത്തെക്കുറിച്ചു മാത്രം എഴുതാം:
''കണ്‍കളിലുയിര്‍ എന്‍ കണിമലര്‍
നിന്‍ ചിരികളില്‍ പാല്‍മൊ ഴിയിതള്‍
പെയ്യാതെ പെയ്യുന്നു നീയേ
തോരാതെ ഏതേതു ചേലില്‍
കാതോരമീരാവിലേറെ
എന്നാളുമൊന്നായി വാഴ്ക
നിന്‍രൂപമേന്തുന്ന നാള്‍കള്‍
നെഞ്ചാകെ കൊഞ്ചാതെ കൊഞ്ചും'' 
(ഗാനരചന - വിശാല്‍ ജോണ്‍സണ്‍; സംഗീതം - സൂരജ് എസ്. കുറുപ്പ്; ആലാപനം - വിനീത് ശ്രീനിവാസന്‍, മഞ്ജരി).
കുറെക്കാലമായി ഗാനരചനയില്‍ നടന്നുവരുന്ന ഒരു പറ്റിപ്പിനെക്കുറിച്ചു ചൂണ്ടിക്കാണിക്കാന്‍ പറ്റിയ വരികളാണിവ. 'പെയ്യാതെ പെയ്യുന്നു', 'കൊഞ്ചാതെ കൊഞ്ചും' എന്നതുപോലെയുള്ള പ്രയോഗങ്ങള്‍ എത്ര വേണമെങ്കിലും ആധുനികഗാനങ്ങളില്‍ കേള്‍ക്കാം. മൊഴിക്ക് ഇതളുണ്ടെന്നു നമുക്ക് അറിഞ്ഞുകൂടായിരുന്നു. പാല്‍മൊഴി എന്നാണ് എഴുതിയിരിക്കുന്നത് എന്നുകൂടി അറിയുക. നായികയാണത്രേ പെയ്യാതെ പെയ്യുന്നത്. കഷ്ടം! അവളെയോര്‍ത്തു നമുക്കു സഹതപിക്കാം. പെയ്യാതെ പെയ്യുന്നു എന്നു മാത്രമല്ല അവള്‍ തോരാനും കൂട്ടാക്കുന്നില്ലപോലും! 
എട്ടുവരികളാണ് ഈ പല്ലവിയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇവ എട്ടും എട്ടുതരത്തില്‍ വിഘടിച്ചുനില്‍ക്കുന്നു. എട്ടിന്റെ പണി എന്ന് ആധുനികഭാഷയില്‍ ശൈലി രൂപപ്പെട്ടിട്ടുണ്ട്. അത്തരത്തില്‍ പറഞ്ഞാല്‍ പാട്ടെഴുത്തുകാരന്‍ മറ്റു ചലച്ചിത്രശില്പികള്‍ക്ക് എട്ടിന്റെ പണി കൊടുത്തതാവുമോ? ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
''ചെന്താരമേ താരമേ
വിണ്ണേറിടും ചന്തമേ
പാരിനിളം തെന്നലായ് വന്നുവോ നീ'' 
ഇത്രയും ഭാഗം ഗായകന്‍ പാടുമ്പോള്‍ തുടര്‍ന്നുള്ള മൂന്നു വരികള്‍ ഗായികയുടെ ശബ്ദത്തിലാണ് നാം കേള്‍ക്കുന്നത്. മിക്ക ഗായികമാര്‍ക്കുമുള്ള കുഴപ്പം - ആലാപനത്തില്‍ വാക്കുകള്‍ വ്യക്തമാകാതിരിക്കുക - ഇവിടെ മഞ്ജരിയെയും ബാധിച്ചിട്ടുണ്ട്. നമ്മുടെ ഗായികമാര്‍ മലയാളിയല്ലാത്ത ശ്രേയ ഘോഷാല്‍ മലയാളഗാനങ്ങള്‍ പാടുന്നതു കേള്‍ക്കണം. എന്തൊരു ഉച്ചാരണശുദ്ധി, എന്തൊരു വ്യക്തത!
ചെന്താരം പാരിലെത്തിയപ്പോള്‍ തെന്നലായി മാറിയെന്നു രചയിതാവു പറയുന്നു. ഇത്തരത്തില്‍ ഇന്ദ്രജാലക്കാരെപ്പോലും കടത്തിവെട്ടുന്ന അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു ഇക്കാലത്തെ പാട്ടെഴുത്തുകാര്‍. ഒരു പാട്ടുപോലും ജനഹൃദയങ്ങളെ ചലനം കൊള്ളിക്കാതെ പോയിട്ടും ഗാനരചയിതാക്കള്‍ക്ക് ഒരു കുലുക്കവുമില്ല. അവര്‍ക്കു പേരു വെള്ളിത്തിരയില്‍ തെളിഞ്ഞാല്‍ മാത്രം മതി. അവര്‍ അക്ഷരസ്‌നേഹികളല്ല, അക്ഷരവിരോധികളാണെന്നു നിസ്സംശയം പറയാം.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)