•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ലൈലാകവും നങ്ങേലിപ്പൂവും

ത്തൊമ്പതാം നൂറ്റാണ്ടില്‍ ആലപ്പുഴയിലെ ചേര്‍ത്തല താലൂക്കില്‍ ജീവിച്ചിരുന്നു എന്നു കരുതുന്ന വിപ്ലവനായികയാണു നങ്ങേലി. തിരുവിതാംകൂര്‍ഭരണകാലത്തെ അന്യായനികുതികളില്‍ പ്രതിഷേധിച്ച് അതിനെതിരേ പോരാടുകയും പിന്നീട് രക്തസാക്ഷിയായിത്തീരുകയും ചെയ്ത ആ സ്ത്രീയെക്കുറിച്ച് വയലാര്‍ മാധവന്‍കുട്ടി രചിച്ച ''വയലാറിലെ കനല്‍പ്പൂക്കള്‍'' എന്ന കഥാസമാഹാരത്തില്‍ ഒരു കഥതന്നെയുണ്ട്. നങ്ങേലി എന്ന അമ്മയായ മറ്റൊരു കഥാപാത്രത്തെ നാം പരിചയപ്പെടുന്നത്  ഇടശ്ശേരി ഗോവിന്ദന്‍നായരുടെ 'പൂതപ്പാട്ട്' എന്ന കാവ്യത്തിലാണ്. എന്നാല്‍, ഒരു ചലച്ചിത്രഗാനത്തില്‍ നങ്ങേലിയെ പൂവാക്കി മാറ്റിയിരിക്കുന്നു, അതിന്റെ രചയിതാവ്. അതാകട്ടെ ഇതിനകംതന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ 'മാളികപ്പുറം' എന്ന ചിത്രത്തിലാണു താനും.
''നങ്ങേലിപ്പൂവേ കുന്നോളം          ദൂരെ ഒന്നായിപ്പോവണ്ടേ
ചങ്ങാതിവാവേ നിന്നോടുകൂടെ       കണ്ണായി ഞാനില്ലേ
ചെറുനാട്ടുപാതകളില്‍ കന    വിന്റെ മാമലയില്‍
തളരാതെ നീ ചുവടേറവെ   തണലായി ഞാനരികെ''
ഈ ചിത്രത്തില്‍ ആകെ ഏഴു ഗാനങ്ങളാണുള്ളത്. അക്കൂട്ടത്തില്‍ ഒരെണ്ണം ഇന്നും രചയിതാവിന്റെ കാര്യത്തില്‍ നമുക്ക് ഉറപ്പുപറയാനാകാത്ത 'ഹരിവരാസനം വിശ്വമോഹനം' എന്ന അയ്യപ്പന്റെ ഉറക്കുപാട്ടാണ്. അഞ്ചു പാട്ടുകള്‍ സന്തോഷ് വര്‍മ എഴുതിയപ്പോള്‍ മുകളില്‍ കൊടുത്തിരിക്കുന്ന ഗാനം മാത്രം ബി. കെ. ഹരിനാരായണന്‍ രചിച്ചു. ഇക്കാലത്തു മുന്‍നിര ഗാനരചയിതാവിനുള്ള പദവി പലരും ചാര്‍ത്തിക്കൊടുക്കുന്ന വ്യക്തിയാണദ്ദേഹം എന്നുകൂടി ഓര്‍ക്കുക. രഞ്ജിന്‍ രാജ്‌വര്‍മ സ്വന്തം സംഗീതത്തില്‍പാടിയ ഗാനമാണിത്.
ഇല്ലാത്ത വാക്കുകള്‍ സൃഷ്ടിച്ച് ആളാകാനുള്ള ഈ ഗാനരചയിതാവിന്റെ ശ്രമം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. 'ഇസ്ര' എന്ന ചിത്രത്തിലെ 
''പാടുന്നു പ്രിയരാഗങ്ങള്‍
ചിരി മായാതെ നഗരം'' 
എന്ന ഗാനത്തില്‍ ''ലൈലാകമേ പൂ ചൂടുമോ'' എന്നായിരുന്നു ചോദ്യം. ഈ പടമിറങ്ങിയ കാലത്ത് ഒരു അഭിമുഖത്തില്‍ ലൈലാക് പൂവിന്റെ മലയാളീകരണമാണ്  ലൈലാകമെന്ന് ബി.കെ. ഹരിനാരായണന്‍ അവകാശപ്പെടുകയുണ്ടായി. അങ്ങനെയെങ്കില്‍ ഇതേവരെ മലയാളം ലഭിക്കാത്ത അന്യഭാഷാപദങ്ങള്‍ക്ക് നിഘണ്ടു അദ്ദേഹത്തിന് തയ്യാറാക്കാവുന്നതാണ്. അദ്ദേഹത്തിനുതന്നെ ഇനിയങ്ങോട്ടു പാട്ടെഴുതാന്‍ അതുപകരിക്കുകയും ചെയ്യും.
'നങ്ങേലിപ്പൂവി'നെ സംബോധന ചെയ്തുകൊണ്ടു തുടങ്ങുന്ന ഗാനത്തില്‍ 'കുന്നോളം ദൂരെ ഒന്നായിപ്പോവണ്ടേ' എന്നാണ് ആദ്യത്തെ ചോദ്യം. ദൂരത്തെക്കുറിച്ചു പറയുമ്പോള്‍ ആരെങ്കിലും കുന്നോളം എന്ന വിശേഷണം ചേര്‍ക്കുമോ? തന്റെ പ്രയോഗം  ഔചിത്യമുള്ളതായിരിക്കണമെന്നു കരുതുന്ന ആരും അങ്ങനെ ചെയ്യുമെന്നു തോന്നുന്നില്ല. അനൗചിത്യം ഈ പല്ലവിയാകെ നിറഞ്ഞുനില്പുണ്ട്. 'നങ്ങേലിപ്പൂവി'നെയും കൊ ണ്ടാണ് പാട്ടില്‍ പറഞ്ഞിരിക്കുന്ന മറ്റു പ്രവൃത്തികള്‍ക്കെ ല്ലാം നായകന്‍ തയ്യാറാവുന്നത്.
''ഓമലേ മണിപ്പൈതലേ ഇട     നെഞ്ചിലെ മിടിയേ
നോവിലും നിറവേകിടും ചിരി    യാണു നീയഴകേ
കുഞ്ഞുകാലടിയോടെ നീ കന    വേറിടും നിമിഷം
നെഞ്ചുടുക്കിലെ മോഹത്താളമു    ണര്‍ന്നിടും സമയം
മിഴിനീര്‍ക്കണം പൊഴിയുന്നു    ഞാന്‍
മഴപോലെ എന്‍മകളേ''
പല്ലവിയില്‍ പറഞ്ഞതിന്റെ അന്ധമായ ആവര്‍ത്തനമാണ് ഈ അനുപല്ലവിയില്‍ കാണുന്നത്. കുഞ്ഞിനെ പാടിപ്പുകഴ്ത്തണമെന്നുണ്ട് പാട്ടെഴുത്തുകാരന്. അതിനു വാക്കുകള്‍ കിട്ടാതെ വന്നപ്പോള്‍ കിട്ടിയതുവച്ചു പൊലിപ്പിക്കാനായി ശ്രമം. അതാകട്ടെ വെളുക്കാന്‍ തേച്ചതു പാണ്ടായി എന്നു പറഞ്ഞതുപോലെയായി.
നാഡി ഇളകുന്നതിനെ, ഹൃദയം തുടിക്കുന്നതിനെയൊക്കെ മിടിക്കുക എന്നു പറയാറുണ്ട്. അതിന്റെ നാമരൂപം മിടിപ്പ് എന്നാണ്. ഇവിടെ 'മിടിയേ' എന്ന സംബോധന എത്ര അരോചകമാണെന്നു ഗാനരചയിതാവിന് അറിഞ്ഞുകൂടെങ്കിലും ആസ്വാദകര്‍ക്കറിയാം. കനവിന്റെ മാമലയില്‍ തളരാതെ ഇതേ മകള്‍ ചുവടേറിയതാണ്. വീണ്ടും 'കുഞ്ഞുകാലടിയോടെ നീ കനവേറിടും നിമിഷം' എന്നെഴുതിയിരിക്കുന്നു ഹരിനാരായണന്‍.  മകളേ, മഴപോലെ ഞാന്‍ മിഴിനീര്‍ക്കണം പൊഴിക്കുന്നു ഞാന്‍ എന്നെഴുതാനുള്ള സന്മനസ്സും അദ്ദേഹം കാട്ടിയില്ല. ചുരുക്കത്തില്‍ എന്തൊക്കെയോ എഴുതി, അതു ഗാനമെന്ന ഓമനപ്പേരില്‍ ചലച്ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ഇതു സര്‍ഗപ്രക്രിയയല്ല മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കലാഹിംസയാണ്.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)