സ്വതന്ത്ര ഇന്ത്യ പിറന്നുവീണിട്ട് 78 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ രാജ്യതലസ്ഥാനത്തു പ്രതിപക്ഷഐക്യനിര നടത്തിക്കൊണ്ടിരിക്കുന്ന വീറുറ്റ പോരാട്ടം വലിയ ചോദ്യങ്ങളുയര്‍ത്തുന്നു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവു രാഹുല്‍ഗാന്ധി തെളിവുസഹിതം ഉന്നയിച്ച ആരോപണങ്ങളോടു മുടന്തന്‍ന്യായം പറഞ്ഞു മുഖംതിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാരിനും കേന്ദ്രതിരഞ്ഞെടുപ്പുകമ്മിഷനുമെതിരേയാണ് അവരുടെ പോരാട്ടം.
കഴിഞ്ഞ ഏഴാംതീയതി വ്യാഴാഴ്ചയാണ്, 2024 ലെ പൊതുതിരഞ്ഞെടുപ്പുഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ 'വോട്ടുകൊള്ള' നടത്തിയെന്ന ആരോപണവുമായി തെളിവും കണക്കുംനിരത്തി രാഹുല്‍ഗാന്ധി രംഗത്തുവരുന്നത്. ഒരേ വോട്ടര്‍മാരെ പല ബൂത്തുകളിലെത്തിച്ചും കള്ള മേല്‍വിലാസമുപയോഗിച്ചും, കന്നിവോട്ടര്‍മാരെ ചേര്‍ക്കുന്ന നടപടിയില്‍ ക്രമക്കേടു കാട്ടിയും വലിയ അട്ടിമറി നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ലോക്‌സഭാതിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയ ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാമണ്ഡലത്തിലെ എട്ട് നിയമസഭാമണ്ഡലങ്ങളില്‍ ഏഴിടത്തുമായി കോണ്‍ഗ്രസിന് 82,000 വോട്ടാണ് ഭൂരിപക്ഷം ലഭിച്ചതെങ്കില്‍ മഹാദേവപുരം എന്ന മണ്ഡലത്തില്‍ മാത്രമായി ബിജെപിക്ക് 1.14 ലക്ഷം ഭൂരിപക്ഷം ലഭിച്ചുവത്രേ. ഇവിടെ ബിജെപിക്ക് ആകെ ലഭിച്ച 2,29,632 വോട്ടുകളില്‍ 1,20,250 വോട്ടുകള്‍ വ്യാജമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച ഇരുപത്തിയഞ്ചു മണ്ഡലങ്ങളിലെയെങ്കിലും ഫലം വോട്ടര്‍പട്ടികയിലെ അസാധാരണ ക്രമക്കേടുകളിലൂടെ നേടിയെടുത്തതാണെന്ന സൂചന ചെന്നുകൊള്ളുന്നത് ഒരേയൊരു ചോദ്യത്തിലേക്കാണ് - ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട്?
ബഹുസ്വരതയുടെ സൗന്ദര്യം പേറുന്ന മതനിരപേക്ഷഭാരതത്തിന്റെ പാരമ്പര്യമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് വര്‍ഗീയശക്തികള്‍ രാജ്യത്തെ സ്വന്തം സ്വാര്‍ഥതാത്പര്യങ്ങളുടെ നിഴലില്‍ നിറുത്താന്‍ ശ്രമിച്ചാല്‍ അത് അങ്ങേയറ്റം അപകടകരമാണ്. ബീഹാറിലെ സമഗ്രവോട്ടര്‍പട്ടികപരിഷ്‌കരണത്തിന്റെ മറവില്‍ 65 വോട്ടര്‍മാരുടെ സമ്മതിദാനാവകാശം റദ്ദാക്കാനുള്ള നീക്കത്തെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. ബിജെപിക്ക് വോട്ടുചെയ്യാന്‍ സാധ്യതയില്ലാത്ത ന്യൂനപക്ഷങ്ങളുടെ പേരുകളാണ് നീക്കിയതെന്നു പ്രതിപക്ഷം പറയുന്നു. ഞെട്ടിക്കുന്ന കണക്കുകളാണ് രാഹുല്‍ പുറത്തുവിട്ടത്. 11,965 ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരുടെയും 40,009 വ്യാജവിലാസക്കാരുടെയും, ഒരേ വിലാസത്തില്‍ പല പേരുള്ള 10,452 പേരുടെയും വ്യക്തമായ ഫോട്ടോയില്ലാത്ത 4,132 പേരുടെയും 33,692 വ്യാജകന്നിവോട്ടര്‍മാരുടെയും കണക്കുകള്‍ രാഹുല്‍ തെളിവുസഹിതം മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിരത്തി. ഇതിനൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിനോ തിരഞ്ഞെടുപ്പുകമ്മിഷനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഒരാള്‍ക്കു താമസിക്കാവുന്ന ഒറ്റമുറിവിലാസത്തില്‍ 80 വോട്ടുകള്‍ ചേര്‍ത്തെന്നും, ശകുന്‍ റാണി എന്നയാള്‍ക്ക് വോട്ടര്‍പട്ടികയില്‍ ഡ്യൂപ്ലിക്കേറ്റ് വോട്ടുണ്ടെന്നും രണ്ടു രീതിയിലുള്ള ഫോട്ടോയുപയോഗിച്ച് ഇവര്‍ രണ്ടു തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കിയെന്നും രാഹുല്‍ പറഞ്ഞത് ശരിയാണെന്നു തെളിഞ്ഞു. മഹാദേവപുരിയിലെ 341-ാം നമ്പര്‍ ബൂത്തില്‍ ശകുന്‍ റാണി രണ്ടു തവണ വോട്ടു ചെയ്തതിന്റെ രേഖകള്‍ സഹിതമാണ് ഇക്കാര്യം രാഹുല്‍ വ്യക്തമാക്കിയത്. എന്നാല്‍, ഒരു വോട്ടു മാത്രമേ ചെയ്തുള്ളൂവെന്ന് ശകുന്‍ റാണി പറഞ്ഞുവെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ മുടന്തന്‍ന്യായം. രണ്ടാമത്തെ വോട്ടു ചെയ്തയാള്‍ ആരെന്നു കമ്മിഷന്‍ പറയുന്നുമില്ല.
ശകുന്‍ റാണിയില്‍നിന്നു സത്യവാങ്മൂലം ഒപ്പിട്ടുവാങ്ങാതെ പ്രസ്താവന നടത്തുന്ന തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രതിപക്ഷനേതാവിനോട് സത്യവാങ്മൂലം ആവശ്യപ്പെടുന്നത് പരിഹാസ്യമാണ്. ആരോപിതമായ ക്രമക്കേടുകളുടെ തെളിവു നശിപ്പിക്കാന്‍ കമ്മിഷന്‍ രാജ്യവ്യാപകമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ മുന്നേ പറഞ്ഞുകഴിഞ്ഞു. ഏതായാലും പോളിങ് ബൂത്തിലെ സിസിടിവി, വെബ്കാസ്റ്റിങ്, വീഡിയോ, ഫോട്ടോ, എന്നീ തെളിവുകള്‍ 45 ദിവസത്തിനകം നശിപ്പിക്കാന്‍ നിര്‍ദേശിച്ചത് കമ്മിഷനാണ്. ഇതു തെളിവു നശിപ്പിക്കാനല്ലെങ്കില്‍പിന്നെ മറ്റെന്തിനാണ്? അല്ലെങ്കില്‍ത്തന്നെ വോട്ടര്‍പട്ടികയിലെ കൃത്രിമത്വത്തെക്കുറിച്ച് പരാതിയെഴുതി ഒപ്പിട്ടുനല്‍കണമെന്ന കമ്മിഷന്റെ ആവശ്യം നിരര്‍ഥകമെന്നാണ് ലോക്‌സഭയുടെ മുന്‍സെക്രട്ടറി ജനറലും ഭരണഘടനാനിയമവിദഗ്ധനുമായ പി.ഡി.റ്റി. ആചാരി ചൂണ്ടിക്കാട്ടുന്നത്. കരടുപട്ടിക പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം മാത്രമേ ഈ നിയമങ്ങള്‍ ബാധകമാകൂവത്രേ.
ആരെന്തുപറഞ്ഞാലും ഒരു ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ തിരഞ്ഞെടുപ്പുകമ്മിഷന്റെ വിശ്വാസ്യത സംശയനിഴലിലായിരിക്കുന്നു. അതു നീക്കേണ്ട ഉത്തരവാദിത്വം കമ്മിഷനുതന്നെയാണ്. നടപടികള്‍ വൈകുന്തോറും സംശയം ബലപ്പെടുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷനേതാവിന് സുപ്രധാനസ്ഥാനമുണ്ട്. അദ്ദേഹം ഉന്നയിച്ച ആശങ്കകള്‍ക്ക് വിശ്വസനീയമായ രീതിയില്‍ മറുപടി നല്‍കാന്‍ കമ്മിഷന്‍ എന്തിനു മടിക്കണം? തിരഞ്ഞെടുപ്പുകമ്മിഷന്‍ തയ്യാറാക്കിയ വോട്ടര്‍പട്ടികയെ അടിസ്ഥാനമാക്കിയാണ് രാഹുല്‍ ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചതെന്നോര്‍ക്കണം. എന്നിട്ടും ആരോപണം പരിശോധിക്കുമെന്നുപോലും പറയാതെ ഒരു വെറുംരാഷ്ട്രീയക്കാരനെപ്പോലെ ഓരോ ചട്ടങ്ങള്‍ പറഞ്ഞും ഉപാധികള്‍ നിരത്തിയും പ്രതിരോധിക്കാനാണ് കമ്മിഷന്‍ ശ്രമിക്കുന്നത്.
രാഹുലിന്റെ ആരോപണം തിരഞ്ഞെടുപ്പുകമ്മിഷനില്‍ മാത്രം ഒതുങ്ങുന്നതല്ല, അതു മുഖ്യഭരണകക്ഷിയിലേക്കു കൂടി നീളുന്നതാണ്. പക്ഷേ, ബിജെപിയും കമ്മിഷനൊപ്പം ഒളിച്ചുകളിക്കുകയാണ്. തിരഞ്ഞെടുപ്പുകമ്മിഷണര്‍മാരുടെ മൂന്നംഗനിയമനസമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കാന്‍ നിയമം പാസാക്കിയത് ബോധപൂര്‍വമെന്ന സംശയം ജനിപ്പിക്കുന്നതാണ് മുഖ്യകക്ഷിയുടെ മൗനം. അധികാരതാത്പര്യങ്ങളുടെ സംരക്ഷണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭരണഘടനാസ്ഥാപനങ്ങള്‍ ചിന്തിച്ചുതുടങ്ങിയാല്‍ ജനാധിപത്യത്തിന്റെ മരണമണിയാവും അവിടെ മുഴങ്ങുക.