•  28 Nov 2024
  •  ദീപം 57
  •  നാളം 38
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

അടിതെറ്റിയുള്ള വീഴ്ച

പ്രശസ്ത കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രഥമ കാവ്യസമാഹാരമായ ''ബാഷ്പാഞ്ജലി''യിലെ ''ഇരുളില്‍'' എന്ന കവിതയില്‍ ഏവര്‍ക്കും  പരിചിതമായ രണ്ടു വരികളുണ്ട്.
''കപടലോകത്തിലാത്മാര്‍ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം''
പ്രണയഭംഗത്തെക്കുറിച്ചു സൂചിപ്പിക്കുമ്പോഴെല്ലാം ഈ ഈരടി പലരും ഉദ്ധരിക്കാറുണ്ട്. എന്നാല്‍, അദ്ഭുതമെന്നുപറയട്ടെ, 'പ്രയാണം' എന്ന മ്യൂസിക് ആല്‍ബത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ കാവ്യഭാഗം ശരിയായ വിധത്തില്‍ അറിഞ്ഞുകൂടാ. പോരെങ്കില്‍ ഈ വരികള്‍ 'രമണനി'ലേതാണെന്ന പടുവങ്കത്തം അവര്‍ എഴുന്നള്ളിക്കുകയും ചെയ്തിരിക്കുന്നു. ഈ ഗാനത്തിന്റെ തുടക്കത്തില്‍ അധ്യാപകന്‍ മലയാളം ക്ലാസ്സില്‍ കുട്ടികളെ ഈ കവിത പഠിപ്പിക്കുന്നതായിട്ടാണു ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെ പഠിപ്പിക്കുന്നതാകട്ടെ വരികള്‍ താഴെ എഴുതിയിരിക്കുന്ന വിധത്തില്‍ യഥാര്‍ഥകവിയെപ്പോലും വെല്ലുവിളിക്കുന്ന മട്ടിലാണ്. എന്നിട്ടു തെറ്റോടുകൂടിയ വരികള്‍ വിദ്യാര്‍ഥികളെക്കൊണ്ട് ആ അധ്യാപകന്‍ യാതൊരു ലജ്ജയുംകൂടാതെ ഏറ്റുപാടിക്കുകയും ചെയ്യുന്നു. ഇത്തരം അധ്യാപകരാണ് പഠിപ്പിക്കുന്നതെങ്കില്‍ കുട്ടികളുടെ ഭാവി വഴിയാധാരമാകാന്‍ മറ്റെന്തുവേണം?
''കപടമീ ലോകത്താത്മാര്‍ത്ഥമായൊരു
ഹൃദയമുണ്ടായതാണെന്‍ പരാജയം!''
'ഉപസര്‍പ്പിണി' എന്ന ഭാഷാവൃത്തത്തിലാണ് ചങ്ങമ്പുഴ ആ കവിത രചിച്ചിരിക്കുന്നത്. വരിയില്‍ മാറ്റം വന്നതോടെ വൃത്തഭംഗം വരുമെന്നു തീര്‍ച്ച. പക്ഷേ, അതൊക്കെ ആരു ഗൗനിക്കുന്നു? എങ്ങനെയും ആല്‍ബം ചെയ്താല്‍ മതിയല്ലോ.
ചങ്ങമ്പുഴയെയും ബാഷ്പാഞ്ജലിയെയും രമണനെയും മറ്റും അറിയാത്ത ഗാനശില്പികള്‍ പുറത്തിറക്കിയ ആല്‍ബവും അത്തരത്തിലാകാനല്ലേ തരമുള്ളൂ. ഇതാ നോക്കൂ, അവരുടെ ഗാനം ഇങ്ങനെ ആരംഭിക്കുന്നു:
''മൃത്യുവന്നു വിളിച്ച നേരം
മൃദുവായ് നിന്നിലലിഞ്ഞ നേരം
നീയെന്നയെന്‍ പ്രാണന്‍ എന്നിലലിഞ്ഞപ്പോള്‍
അറിഞ്ഞു നീയാണു ഞാനെന്ന്'' (ഗാനരചന - സക്കീന എ.എസ്., സംഗീതം & ആലാപനം - രാജൂ മണ്ണൂര്‍)
മരിച്ചയാളിന്റെ ആത്മഗതം എന്ന മട്ടിലാണ് ഈ ഗാനം രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അതു വരികളില്‍ വേണ്ടപോലെ പ്രതിഫലിപ്പിക്കാന്‍ രചയിത്രിക്കു കഴിഞ്ഞിട്ടില്ല. 'മൃത്യുവന്നു വിളിച്ച നേരം' എന്ന വരിയോടെ ഗാനമാരംഭിക്കാന്‍ തയ്യാറായ പാട്ടെഴുത്തുകാരി അടുത്ത വരിയും 'മൃ' എന്ന അക്ഷരത്തില്‍ ആയിരിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെ 'മൃദുവായ് നിന്നിലലിഞ്ഞ നേരം' എന്നെഴുതി. 'മൃദു' വന്നതോടെ മൃത്യുവിന്റെ ഭീകരാവസ്ഥ മുഴുവന്‍ നഷ്ടപ്പെട്ടുപോയി. നായകനെ മരണം വന്നു വിളിക്കാത്തതാമസം അവന്‍ നായികയില്‍ മൃദുവായങ്ങ് അലിഞ്ഞുചേര്‍ന്നു. പിന്നീട് അങ്ങോട്ടുമിങ്ങോട്ടും അലിയലോടലിയല്‍! ഒടുവില്‍ അവളാണു താനെന്ന് അറിഞ്ഞുപോലും. അവളോടുള്ള അവന്റെ അടുപ്പം വ്യക്തമാക്കാന്‍ രചയിത്രി കാട്ടിക്കൂട്ടിയ വികൃതികളാണിവയെല്ലാം. തൂലികയേന്താന്‍ അറിഞ്ഞുകൂടാത്തവര്‍ അതെടുത്താല്‍ ഇതും ഇതിനപ്പുറവും സംഭവിക്കും. ശരിക്കും ഇളിഭ്യരാകുന്നത് ആസ്വാദകരായ നമ്മളാണ്.
''ചിതയില്‍ എരിയുമ്പോഴും
എന്‍ പ്രണയം പൂത്തിരുന്നു.
മൃതിയുടെ മരുഭൂവില്‍ നിന്‍സ്മൃതിയില്‍ ലയിക്കെ
കെടാതെ ജ്വലിച്ചു എന്‍ സ്‌നേഹഗന്ധി''
ചിരഞ്ജീവിയായ മാര്‍ക്കണ്ഡേയനാണോ ഈ പാട്ടിലെ നായകനെന്നു നാം ന്യായമായും സംശയിച്ചുപോകും. കാമുകീകാമുകന്മാരുടെ പ്രണയം ഗാഢമാണെന്നു കാട്ടാന്‍ ഒട്ടൊക്കെ അതിശയോക്തിയാകാം. അത് ഔചിത്യത്തിനു നിരക്കുന്നതാകണം. ധാരാളം പൂര്‍വമാതൃകകള്‍ നമുക്കു മുന്നിലുണ്ടുതാനും. അതെങ്ങനെ, പുരോഗാമികളെപ്പോലും ശരിയായി മനസ്സിലാക്കാതെയാണല്ലോ കസര്‍ത്ത്. അപ്പോള്‍ അടിതെറ്റി വീഴുന്നതില്‍ അദ്ഭുതമില്ലതന്നെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)