•  30 Nov 2023
  •  ദീപം 56
  •  നാളം 38
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ഉപ്പോളം വരുമോ ഉപ്പിലിട്ടത്?

വൈക്കം മുഹമ്മദു ബഷീറിന്റെ ''നീലവെളിച്ചം'' എന്ന കഥ 1964 ലാണ് എ. വിന്‍സെന്റ് ''ഭാര്‍ഗവീനിലയം'' എന്ന പേരില്‍ ചലച്ചിത്രമാക്കിയത്. മലയാളത്തിലെ അത്യുത്തമമായ ചലച്ചിത്രസൃഷ്ടികളില്‍ ഒന്നായി അതിനെ ഇന്നും നാം പരിഗണിച്ചുപോരുന്നു. പി. ഭാസ്‌കരന്‍ എഴുതി എം.എസ്. ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ആ ചിത്രത്തിന്റെ വിജയഘടകങ്ങളില്‍ മുഖ്യമായത് എന്നു പറയാം. എല്ലാ പാട്ടുകളും ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച ചിത്രം എന്ന ഖ്യാതിയും 'ഭാര്‍ഗവീനിലയം' നേടി.
ആ അതുല്യചിത്രം പ്രദര്‍ശനശാലകളില്‍ വന്നിട്ട് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അപ്പോള്‍ ഇതാ ബഷീറിന്റെ ആ കഥ ഒരിക്കല്‍ക്കൂടി 'നീലവെളിച്ചം' എന്ന പേരില്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ എത്തിയിരിക്കുന്നു. എ. വിന്‍സെന്റിന്റെ സ്ഥാനത്ത് ആഷിഖ് അബു പുതിയ ചിത്രത്തെ അണിയിച്ചൊരുക്കിയപ്പോള്‍ സ്വാഭാവികമായും പഴയ അഭിനേതാക്കള്‍ക്കു പകരം പുതിയ ആള്‍ക്കാരും വേഷമിടാനെത്തി. എന്നാല്‍ പി. ഭാസ്‌കരന്‍ എഴുതി എം.എസ്. ബാബുരാജ് സംഗീതം പകര്‍ന്ന പാട്ടുകളില്‍ അഞ്ചെണ്ണം ('ഭാര്‍ഗവീനിലയ'ത്തില്‍ ആകെ ഏഴു ഗാനങ്ങളാണുള്ളത്) പുതിയ ചിത്രത്തില്‍ പ്രയോജനപ്പെടുത്താന്‍ അതിന്റെ അണിയറശില്പികള്‍ തീരുമാനിക്കുകയായിരുന്നു. രചനയും സംഗീതവും അതേപടി ഉപയോഗപ്പെടുത്തിയപ്പോള്‍ പാട്ടുകള്‍ പാടിയവരെ മാത്രം മാറ്റി പുതിയ പരീക്ഷണത്തിനു മുതിരുകയാണു ചെയ്തിട്ടുള്ളത്. സംഗീതസംവിധായകന്‍ ബിജിബാലിന്റെ മേല്‍നോട്ടത്തിലാണ് അങ്ങനെയൊരു പാതകം നടപ്പിലായത്.
യേശുദാസ്  പാടി അനശ്വരമാക്കിയ 'താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍' എന്ന ഗാനം പുതിയ ചിത്രത്തില്‍ ഷഹബാസ് അമനാണ് പാടിയിരിക്കുന്നത്. യേശുദാസിന്റെ പേരുമായി ഇഴുകിച്ചേര്‍ന്നതാണ് ഈ ഗാനം. അദ്ദേഹത്തെ ഗാനഗന്ധര്‍വന്‍ എന്നു മഹാകവി ജി. ശങ്കരക്കുറുപ്പ് വിശേഷിപ്പിക്കാന്‍ നിമിത്തമായ ഗാനമാണിത്. റിയാലിറ്റി ഷോയിലും മറ്റും എത്രയോ പേര്‍ ഈ ഗാനം അസ്സലായി പാടി. എന്നിട്ടും നമുക്ക് ഇപ്പോഴും യേശുദാസിന്റെ കണ്ഠനാളത്തിലൂടെ പുറത്തുവന്ന ആ പാട്ടിനോട് പറഞ്ഞറിയിക്കാനാകാത്ത ഇഷ്ടമുണ്ട്. അതെന്തേ 'നീലവെളിച്ച'ത്തിന്റെ സംവിധായകനെങ്കിലും മനസ്സിലാക്കിയില്ല?
ഷഹബാസ് അമന്‍ ഈ ചിത്രത്തിലെ മറ്റൊരു ഗാനംകൂടി പാടി. കമുകറ പുരുഷോത്തമന്‍ പാടിയ 'ഏകാന്തതയുടെ അപാരതീരം' എന്ന ഗാനം. ഈ ഗാനത്തിന്റെ രചന പി. ഭാസ്‌കരന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അതു പൂര്‍ണ്ണമായും ശരിയല്ല. ഗദ്യകവിതയായി ബഷീര്‍ എഴുതിയ വരികള്‍ കണ്ടപ്പോള്‍ ഗാനമാക്കി മാറ്റി ചിത്രത്തില്‍  ഉപയോഗിക്കണമെന്ന്  സംവിധായകനായ എ. വിന്‍സെന്റിന് അതിയായ ആഗ്രഹം തോന്നി. വിവരം ബാബുരാജിനെ ധരിപ്പിച്ചു. അദ്ദേഹം പല തവണ ശ്രമിച്ചിട്ടും ആ വരികള്‍ ഈണത്തിനു വഴങ്ങുന്നില്ല. ഒടുവിലാണ് പി. ഭാസ്‌കരനോട് ആ വരികള്‍ ഒന്നു ചെത്തിമിനുക്കി ഗാനമാക്കി മാറ്റാന്‍ ബഷീര്‍ ആവശ്യപ്പെട്ടത്. ഭാസ്‌കരന്‍ അങ്ങനെ ചെയ്യുകയും ബാബുരാജ് നാം ഇപ്പോള്‍ കേള്‍ക്കുന്ന ഈണത്തില്‍ അതു പാകപ്പെടുത്തുകയും ചെയ്തു.
പ്രശ്‌നം അവിടെ അവസാനിച്ചില്ല. ഗാനരചന എന്ന സ്ഥാനത്ത് തന്നോടൊപ്പം ബഷീറിന്റെ പേരും വേണമെന്ന് ശഠിച്ചത് മറ്റാരുമായിരുന്നില്ല പി. ഭാസ്‌കരനായിരുന്നു. എന്നാല്‍ ബഷീര്‍ അതിനു വഴങ്ങിയില്ല. അങ്ങനെയാണ് ഈ ഗാനം ഭാസ്‌കരന്റെ പേരില്‍ വന്നത്. ഗാനം ആരു പാടണമെന്ന കാര്യത്തിലും തര്‍ക്കം  വന്നു. ഒരുപാട് ആലോചിച്ച് ഉറപ്പിച്ച ശേഷമാണ് കമുകറ പുരുഷോത്തമനെക്കൊണ്ട്  അതു റെക്കോര്‍ഡു ചെയ്യിച്ചത്. ഈ കഥയൊന്നുമറിയാതെയാണ് വളരെ ലാഘവത്തോടെ ഈ ഗാനവും 'നീലവെളിച്ച'ത്തിന്റെ സംവിധായകന്‍  ഷഹബാസ് അമനെക്കൊണ്ടു പാടിച്ചത്.
എസ്. ജാനകി എന്ന ഗായിക മലയാളികളുടെ മരുമകളല്ല മകള്‍ തന്നെയാണ്. അത്രയ്ക്ക് ഉദാത്തമായ രീതിയിലാണ് അവര്‍ നമ്മുടെ മാതൃഭാഷ ഉച്ചരിക്കുന്നതും മലയാളഗാനങ്ങള്‍ പാടുന്നതും. അവര്‍ കുറ്റമറ്റ രീതിയില്‍ പാടിയ ''അനുരാഗമധുചഷകം അറിയാതെ മോന്തിവന്ന'', ''പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു'', ''വസന്തപഞ്ചമിനാളില്‍'' എന്നീ മൂന്നു ഗാനങ്ങള്‍ 'നീലവെളിച്ച'ത്തിനുവേണ്ടി കെ.എസ്. ചിത്രയുടെ ശബ്ദത്തില്‍ പുനരവതരിപ്പിച്ചിരിക്കുന്നു.
ഒരിക്കലും ന്യായീകരിക്കാനാകാത്ത നീചപ്രവൃത്തിയായിപ്പോയി പുതിയ ചിത്രത്തിന്റെ  സംവിധായകന്റെയും മറ്റും ഭാഗത്തുനിന്നുണ്ടായതെന്നു പറയാതെ വയ്യ. പ്രതിഭാധനരായ ചിലര്‍ ഒരിക്കല്‍ ജീവരക്തം  വെള്ളമാക്കി സൃഷ്ടിച്ച പാട്ടുകള്‍ അതേപടി ഉപയോഗിക്കാമെന്നല്ലാതെ ഇത്തരത്തില്‍ ആത്മാവു നഷ്ടപ്പെടുത്തി അവയെ നശിപ്പിച്ചതു തീര്‍ച്ചയായും നീതികേടു തന്നെയാണ്. 'നീലവെളിച്ചം' എത്ര ദിവസം തീയേറ്ററുകളില്‍ ഓടി  എന്നു നാം കണ്ടതാണ്. അതിലെ പാട്ടുകളുടെ ആയുസ്സും അതുപോലെയായിരിക്കും എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.