•  29 Feb 2024
  •  ദീപം 56
  •  നാളം 50
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ഗാനരചയിതാവിന്റെ ഉപരിപ്ലവബുദ്ധി

പരിപ്ലവബുദ്ധി എന്ന ഒരു ചൊല്ല് മലയാളത്തില്‍ കടന്നുകൂടിയിട്ടുണ്ട്. പുറമേയുള്ളതുമാത്രം ആലോചിക്കുന്ന (സൂക്ഷ്മം ആലോചിക്കാത്ത) ബുദ്ധി എന്നര്‍ഥം. ആധുനികഗാനരചയിതാക്കളില്‍ പലരും ഈ ഉപരിപ്ലവബുദ്ധി മാത്രമുള്ളവരാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഗഹനമായ ആശയം അത്തരക്കാരുടെ പാട്ടുകളില്‍ കണി കാണാന്‍പോലുമില്ല എന്നതാണ് അതിനു കാരണം.  ഈയിടെ പ്രദര്‍ശനത്തിനു വന്ന ''മുകള്‍പ്പരപ്പ്'' എന്ന ചിത്രത്തിലെ ഒരു ഗാനം ഇവിടെപ്പറഞ്ഞതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ചിത്രനാമത്തെ അന്വര്‍ഥമാക്കുന്ന വിധത്തിലാണ് ഗാനത്തിന്റെ രചന സംവിധായകന്‍കൂടിയായ സിബി പടിയറ നിര്‍വഹിച്ചിരിക്കുന്നത്. പ്രമോദ് സാരംഗിന്റെ സംഗീതവും മിഥുന്‍ ജയരാജ്, ഗായത്രി രാജീവ് എന്നിവരുടെ ആലാപനവും സിബി പടിയറയുടെ ചിത്രീകരണവും ശരാശരിക്കും താഴെയായി ചുരുങ്ങിയപ്പോള്‍ മുകള്‍പ്പരപ്പു തൊടുന്നതേയുള്ളൂ എന്ന് ആലങ്കാരികമായി പറയാം. അങ്ങനെയുള്ള ഒരു സൃഷ്ടിക്കു നിലനില്‌പെവിടെ?
''സ്‌നേഹിതേ വരുന്നു കൂടെ ഞാന്‍
നിന്നിലെന്‍ വസന്തപൂര്‍ണിമ
നൂറു പുണ്യസ്വരരൂപനേ
പ്രേമമേകുമാനന്ദമേ
കളമൊഴികളിലൂടെ കതിരിടുമനുരാഗം
മലരിതളിലെ മമമോഹമേ''
ശ്രവണസുഖമരുളുന്ന ഏതാനും വാക്കുകള്‍ ചേര്‍ത്തുവച്ചാല്‍ അതു ഗാനമാകുമോ?  ആകുമെന്നാണ് പുതിയ തലമുറയിലെ ബഹുഭൂരിപക്ഷം ഗാനരചയിതാക്കളും ധരിച്ചുവച്ചിരിക്കുന്നത്. ഈ ഗാനവും അതില്‍നിന്നു വ്യത്യസ്തമല്ല. സ്‌നേഹിതയെ സംബോധന ചെയ്തു ഗായകന്‍ പറയുന്നു കൂടെ താനും വരുന്നെന്ന്. അവളിലാണു തന്റെ വസന്തപൂര്‍ണിമ എന്നതുകൊണ്ടാണത്രേ അങ്ങനെ അറിയിക്കുന്നത്. ഇതുതന്നെയല്ലേ പത്തെഴുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് പി. ഭാസ്‌കരന്‍ ഒരു ഗാനത്തിലൂടെ പറഞ്ഞതും.
''നീലച്ച പുരികത്തിന്‍ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ എന്നെ നീ.
തൂണാക്കി മാറ്റിയല്ലോ.
ചേലൊത്ത പുഞ്ചിരിയാല്‍ പാലു കുറുക്കിത്തന്നു
വാലാക്കി മാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കി മാറ്റിയല്ലോ''
('നീലക്കുയില്‍' എന്ന ചിത്രത്തിലെ 'മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല' എന്ന ഗാനത്തിന്റെ ചരണം). പി. ഭാസ്‌കരന്‍ നര്‍മം കലര്‍ത്തി ആ ചിത്രത്തിന്റെ കഥാഗതിക്കനുസരിച്ച് എഴുതിയപ്പോള്‍ സിബി പടിയറയുടെ നായകന്‍ നായികയുടെ പിന്നാലെ നടക്കാന്‍ ഇറങ്ങിത്തിരിച്ചവനാണ്. ഇവിടെ നായികയുടെ മറുപടിയാണ് ഏറെ കഷ്ടം! 'നൂറു പുണ്യസ്വര രൂപനേ' എന്ന സംബോധന കേള്‍വിക്കാരില്‍ അസ്വാരസ്യമുളവാക്കും. നൂറു പുണ്യമുണ്ടെങ്കിലും അങ്ങനെയുള്ള സ്വരമാണെങ്കിലും രൂപനേ എന്ന സംബുദ്ധി കല്ലുകടിയായി മാറുന്നു. ഇത്തരം വികലമായ പ്രയോഗങ്ങളാണ് പുതിയ ഗാനങ്ങളെ നശിപ്പിക്കുന്നത്.
''അണിയലയണിയേണം ഹൃദയനായകാ
തിരുനടകളില്‍ കാണാന്‍ മനസ്സുണര്‍ന്നുപോയ്
ഹിമമണിയുമീ സന്ധ്യകള്‍ നിറമെഴുതുകയായ്
മിഴിമുനയുടെ ദാഹം കരളറിയുകയായ്
മനം നിറഞ്ഞു ചേര്‍ക്കുകെന്നെ
പ്രാണനായൊരാത്മസ്‌നേഹിതാ
വിലോലയായ്''
ഈ വരികളും പ്രത്യേകിച്ചൊരു അര്‍ഥം ധ്വനിപ്പിക്കുന്നില്ല. അണിയലയണിയേണം  (അടുത്തടുത്തു രണ്ടു തവണ അണി വന്നതിന്റെ  അഭംഗി ശ്രദ്ധിക്കുക)പോലെയുള്ള പ്രയോഗവൈകല്യവും കേള്‍ക്കാം. ഹൃദയവും മനസ്സും മനവും ഒരേ അനുപല്ലവിയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഏതാണ്ട് ഇതിനു സമാനമായ വരികളാണ് അടുത്ത ചരണത്തിലുമുള്ളത്. വയലാറും പി. ഭാസ്‌കരനുമൊക്കെ  ഒരു ഗാനമെഴുതിയാല്‍ അതിന് ഒരു മഹാകാവ്യത്തിന്റെയോ ഖണ്ഡകാവ്യത്തിന്റെയോ ഫലമുണ്ടായിരുന്നു. എന്നാല്‍, മുകളില്‍ ഉദ്ധരിച്ചതുപോലെയുള്ള പാട്ടുകള്‍ ഗദ്യമാണോ പദ്യമാണോ എന്നു തിരിച്ചറിയുക പ്രയാസമാണ്. നല്ല ഗദ്യവും കവിതയുടെ പ്രയോജനം ചെയ്യും. ഇവിടെ അങ്ങനെയുമല്ല. മനസ്സു മടുപ്പിക്കുന്ന ഏതാനും വരികളെഴുതി ഗാനമെന്ന പേരില്‍ ആസ്വാദകര്‍ക്കു നല്കുന്നു. എന്തിനാണ് ഈ പ്രഹസനം?

 

Login log record inserted successfully!