•  18 Apr 2024
  •  ദീപം 57
  •  നാളം 6
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

മടുപ്പിക്കുന്ന കയ്പുനാരങ്ങ

''നമ്മുടെ നാടക-ചലച്ചിത്ര ഗാനങ്ങള്‍ക്ക് അനേകവര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, അവയ്ക്കുപിന്നാലെ അധികം താമസിയാതെ കാസറ്റുകളിലൂടെ ചലച്ചിത്രേതരഗാനങ്ങള്‍ പിറന്നു. അവയുടെ പിന്‍തുടര്‍ച്ചയാണ് മ്യൂസിക്കല്‍ വീഡിയോകള്‍. യൂട്യൂബിലൂടെയും മറ്റും പ്രചരിക്കാന്‍ സാധ്യതയേറെയുള്ളതിനാല്‍ ഇത്തരം പാട്ടുകള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം ലഭിക്കുന്നത്. ചലച്ചിത്രഗാനങ്ങളേക്കാള്‍ അധഃപതിച്ച പേട്ടുപാട്ടുകളാണ് ഇന്നു മ്യൂസിക്കല്‍ വീഡിയോകളായി പുറത്തുവരുന്നത് എന്ന യാഥാര്‍ഥ്യം  ബോധപൂര്‍വമോ അല്ലാതെയോ പലരും മറന്നുപോകുന്നു.
''ഒരു കിടിലോസ്‌കി പ്രണയം'' എന്ന വിശേഷണത്തോടെ 'മധുരനാരങ്ങ' എന്നു പേരിട്ട ഒരു മ്യൂസിക്കല്‍ വീഡിയോ ഈ പുതുവര്‍ഷത്തില്‍ പുറത്തിറങ്ങി. അതിന്റെ രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഒരാളാണ് - സുഖില്‍ നാരാണിപ്പുഴ. ഇരുപതു വരികളുള്ള സ്വല്പം നീണ്ട ഗാനമാണിത്. ഗദ്യത്തില്‍ പറയേണ്ടത് ഗാനമായി പാടിയിരിക്കുന്നു എന്നേയുള്ളൂ. കാണുക:
''മാനത്തെ വാര്‍മഴവില്ലിന്‍ മറവിനെ
വെണ്‍മേഘമുകിലിനോ ടിഷ്ടം തോന്നി
മാനത്തു ചെന്നു വെണ്‍മേ ഘമുകിലനോ-
ടിഷ്ടം പറയുവാന്‍ മോഹ മായി''
ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും ഇഷ്ടം തോന്നാം. ആദ്യത്തെ ഈരടി വായിച്ചുനോക്കൂ. ചെറിയ കല്ലുകടിയല്ല ശരിക്കും വലിയ പാറയെടുത്തു കടിക്കുമ്പോലെയുണ്ട്. വാര്‍മഴവില്ലും  വെണ്‍മേഘവും തമ്മിലല്ല ഇവിടെ ഇഷ്ടം. വാര്‍മഴവില്ലിന്റെ മറവിനെ എന്നെഴുതാന്‍ സുഖിലിനെ പ്രേരിപ്പിച്ച ഘടകമെന്താണാവോ? അദ്ദേഹത്തിനു മാതൃഭാഷയോട് തീരെ ബഹുമാനമില്ല എന്നതിന് ഈ പല്ലവി മാത്രം മതി  തെളിവ്. വെണ്‍മേഘമുകിലെന്ന് എഴുതാന്‍ അദ്ദേഹത്തിന് എങ്ങനെ മനസ്സു വന്നു എന്നാണ്  ഞാനിപ്പോള്‍ ആലോചിക്കുന്നത്. മേഘവും മുകിലും ഒന്നാണെന്നുപോലും അദ്ദേഹത്തിനറിയില്ല. കഷ്ടം! മഴവില്ലും മേഘവും (സുഖിലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മേഘമുകില്‍) ആകാശത്താണുള്ളത്. അപ്പോള്‍ മാനത്തു ചെന്ന് ഇഷ്ടം പറയാന്‍ മോഹിക്കുന്നത് ആരാണ്? ഈ നാലു വരികളില്‍ എത്രയെത്ര അബദ്ധങ്ങളാണ് കടന്നുകൂടിയതെന്നു നോക്കുക.
''നിന്നെ ഞാന്‍ കണ്ടൊരാ നേരം
എന്നുള്ളില്‍ പതിഞ്ഞൊരാ മോഹം
കാറ്റായ് നീയെന്നില്‍ തലോടി  നീ
ചിരിതൂകിയെന്നരികിലായ് വന്നുനിന്നു''
ദൃശ്യങ്ങളില്‍നിന്ന് ഇതൊരു പ്രണയഗാനമാണെന്നു നമുക്കു ഗ്രഹിക്കാം. അതിനുവേണ്ടിയാണ് വാര്‍മഴവില്ലിനെയും (വാര്‍മഴവില്ലിന്റെ മറവിനെയും എന്നു ഗാനരചയിതാവ്) 'വെണ്‍മേഘമുകിലി'നെയും അദ്ദേഹം കൂട്ടുപിടിച്ചത്. ഈ അനുപല്ലവിയിലെത്തുമ്പോള്‍ 'നീയും ഞാനു'മൊക്കെ കടന്നുവരുന്നു. സാധാരണവരികള്‍ എഴുതി ഗാനമാക്കി മാറ്റിയിരിക്കുന്നു മൂന്നു പ്രക്രിയകള്‍ (രചന, സംഗീതം, ആലാപനം എന്നിവ) ഒരുമിച്ചു കൈകാര്യം ചെയ്ത സുഖില്‍ നാരാണിപ്പുഴ. 'കാറ്റായ് നീയെന്നില്‍ തലോടി നീ' എന്ന വരി ശ്രദ്ധിച്ചോ? രണ്ടു തവണ 'നീ'  കടന്നുവരുന്നു. രചയിതാവും സംഗീതസംവിധായകനും ഒരാളായസ്ഥിതിക്ക് ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു.
''മാനത്തെ വാര്‍മഴവില്ലിന്‍ പടവുകള്‍
പാദം പതിഞ്ഞെന്റെ യാത്ര യായി
മോഹം തുളുമ്പുമീ സ്‌നേഹം പറയുവാന്‍
അരികിലേക്കിന്നു ഞാന്‍ വന്നതാണേ.''
ഒരേ വാക്കുകളുടെ ആവര്‍ത്തനം ഗാനത്തെ ദുഷിപ്പിക്കും. അതു മനസ്സിലാക്കാതെ എത്രയെത്ര പദങ്ങളാണ് രചയിതാവ് വീണ്ടും വീണ്ടും എഴുതിയിരിക്കുന്നത്. ഇതു പാടുന്ന  നായകന്‍ അങ്ങ് വാര്‍മഴവില്ലിന്റെ അരികിലെത്തി. വാര്‍മഴവില്ലിനു പടവുകളുണ്ടെന്ന കണ്ടുപിടിത്തം സ്വല്പം കടന്നുപോയി. വരികള്‍ക്കൊന്നും കെട്ടുറപ്പില്ല. ആശയം കണ്ടെത്താനാകാത്തവിധം അവ ദുര്‍ഗ്രഹവുമാണ്. ഈ ലേഖകന്‍ അധ്യാപകനല്ല. അങ്ങനെയായിരുന്നുവെങ്കില്‍, ഈ ഗാനത്തിനു മാര്‍ക്കിട്ടാല്‍ നൂറില്‍ അഞ്ചിനു  താഴെ മാത്രമേ ഞാന്‍ നല്കുകയുള്ളൂ. ഭാഷയറിയാതെ, കവിത്വമില്ലാതെ എന്തെങ്കിലുമൊക്കെ എഴുതാമെന്നു കരുതുന്നവര്‍ക്ക് ഇതായിരിക്കും ഗതിയെന്നാണ് 'മധുരനാരങ്ങ' തെളയിച്ചിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ഇതു മധുരനാരങ്ങയല്ല കയ്പുനാരങ്ങ!
Login log record inserted successfully!