•  20 Jun 2024
  •  ദീപം 57
  •  നാളം 15
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

മുള്ളുകൊണ്ടുള്ള മുറിവേല്പിക്കല്‍

ധുനികചലച്ചിത്രഗാനങ്ങള്‍ ആസ്വാദകരെ അപഹസിക്കുന്നതായിരിക്കണമെന്നു വല്ല നിര്‍ബന്ധവുമുണ്ടോ? നിശ്ചയമായും ഉണ്ടെന്നുതോന്നും ഇന്നത്തെ മിക്ക പാട്ടുകളും കേള്‍ക്കുമ്പോള്‍. വാക്കുകളുടെ അര്‍ഥം, വരികളുടെ പാരസ്പര്യബന്ധം, എല്ലാം ചേര്‍ന്നുവരുമ്പോള്‍ ഗാനത്തില്‍ ഉരുത്തിരിയേണ്ട ആശയം, സംഗീതഗുണം, ആലാപനസുഖം, ചിത്രീകരണത്തിന്റെ വശ്യത എന്നിവയൊന്നും ഇന്നത്തെ  ഗാനശില്പികളുടെ  പരിഗണനയില്‍പ്പോലുമില്ല. അവര്‍ക്ക് എങ്ങനെയും ചില വരികള്‍ ഗാനമെന്ന പേരില്‍ പടച്ചുവിടണമെന്ന ലക്ഷ്യമേയുള്ളൂ. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'പദ്മിനി' എന്ന  ചിത്രത്തിലെ ഗാനം. ഗാനരചന-റ്റിറ്റോ പി തങ്കച്ചന്‍; സംഗീതം - ജേക്‌സ് ബിജോയ്; ആലാപനം-സച്ചിന്‍ വാരിയര്‍; ചിത്രസംവിധായകന്‍ - സെന്ന ഹെഗ്‌ഡെ.
''മനസ്സേ മിനുസം തൂകും മനസ്സേ
അവളെന്‍ കടലാസില്‍ എഴുതും  മഷിയേ
കാറ്റു വിതറുന്നേ കാതല്‍ മണമിന്നേ
തേടിവരുമെന്നേ മെല്ലെയെന്‍ ചാരെ''
ഗാനങ്ങളില്‍ പ്രാസഭംഗിക്ക് എക്കാലവും രചയിതാക്കള്‍ പ്രാധാന്യം നല്കിയിട്ടുണ്ട്. ഗാനസാഹിത്യത്തിനു മേല്‍വിലാസമെഴുതിക്കൊടുത്ത പി. ഭാസ്‌കരന്‍, വയലാര്‍ രാമവര്‍മ, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയവര്‍ അര്‍ഥം ബലികഴിക്കാതെ അതു സാധിച്ചപ്പോള്‍ പിന്നീടു വന്നവര്‍ ശ്വാസം മുട്ടിയാലും പ്രാസം മുട്ടരുതെന്ന നിലപാടെടുത്തു. ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ഗാനംതന്നെ നോക്കുക. മനസ്സും മിനുസവും അങ്ങനെ കടന്നുവന്നവയാണ്.
നായിക കടലാസില്‍ എഴുതുന്ന മഷിയാണത്രേ. കഴിവുള്ള പാട്ടെഴുത്തുകാര്‍ ഒന്നാന്തരം കല്പനകള്‍ നെയ്‌തെടുത്ത സ്ഥാനത്താണ് ഈ വികലമായ പ്രയോഗം എന്നു തിരിച്ചറിയുക. കാതല്‍ എന്ന പദത്തിന് പ്രേമം എന്നര്‍ഥം. പ്രണയത്തിനു മണമുണ്ടെന്നും അതു കാറ്റു  വിതറുന്നതാണെന്നും പറഞ്ഞിരിക്കുന്നു രചയിതാവ്. ഇതു കേള്‍ക്കുമ്പോള്‍ നമുക്കെന്തോ പന്തികേടു തോന്നുന്നില്ലേ? എന്നാല്‍, ശ്രീകുമാരന്‍ തമ്പി എഴുതിയ
''ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു
ഇന്ദ്രിയങ്ങളിലതു പടരുന്നു.
പകല്‍ക്കിനാവിന്‍ പനിനീര്‍മഴയില്‍ 
പണ്ടു നിന്‍മുഖം പകര്‍ന്ന ഗന്ധം'' (ചിത്രം-അയല്‍ക്കാരി) എന്ന പാട്ടു കേള്‍ക്കുമ്പോള്‍ യഥാര്‍ഥ പ്രണയത്തിന്റെ പരിമളം നാം തിരിച്ചറിയുന്നു. ഇവിടെയാണ് 'പദ്മിനി'യുടെ ഗാനരചയിതാവ് പരാജിതനായിപ്പോകുന്നത്.
''ഹേയ് കൊട്ടും കുരവയും പുടവയായ്
ഹേയ് കേറ്റി വരുന്നൊരു കനവിലായ്
ഹേയ് മുത്തി വിളിക്കുമെന്‍ പുരയിലായ്
ഹേയ് തള്ളിത്തുറന്നെന്റെ വാതിലില്‍
ഹേയ് പൂട്ടു പൊട്ടിച്ചുള്ളില്‍ കേറി നീ
ആരും കാണാതുള്ളം  കൊണ്ടോവാന്‍ വാ'' എന്ന മട്ടില്‍ ഈ ഗാനം നീളുമ്പോള്‍ നാം തലയില്‍ കൈവച്ച് അറിയാതെ പറഞ്ഞുപോകും: 'അസഹനീയം!' ഗാനരചയിതാവ് പറയുന്നത്  അക്ഷരംപ്രതി ശരിയാണ്. മുമ്പത്തെ പാട്ടെഴുത്തുകാരെ അവരുടെ അസ്സല്‍ സൃഷ്ടികളുടെ പേരില്‍ നാം നെഞ്ചേറ്റും. എന്നാല്‍ ഇക്കാലത്ത് സഹൃദയരുടെ അനുമതിയില്ലാതെ അവരുടെ മനസ്സിന്റെ പൂട്ടുപൊളിച്ച് അകത്തുകയറാന്‍ ശ്രമിക്കുകയാണ് റ്റിറ്റോ പി തങ്കച്ചനും കൂട്ടരും. കൊട്ടും കുരവയും പുടവയുമായ് എന്നെഴുതാനുള്ള ഔചിത്യംപോലും അദ്ദേഹം  കാണിച്ചില്ല. ആദ്യം ഭാഷ പഠിക്കണം. എന്നിട്ടുവേണം തൂലികയെടുക്കാന്‍.  എന്തു വങ്കത്തം എഴുന്നള്ളിച്ചാലും അത് ആസ്വാദകര്‍ വിഴുങ്ങിക്കൊള്ളുമെന്ന മിഥ്യാധാരണ തിരുത്തുകയും വേണം.
''പദ്മിനിയേ പദ്മിനിയേ
മുള്ളുകൊണ്ടൊരുള്ളിലുള്ള താലി നീയേ
കാമിനിയേ ഭാമിനിയേ നീ
കണ്ണടച്ചു തഞ്ചമൊന്നു ചാരി നീയേ''
ഇത്തരത്തില്‍ മുള്ളുകൊണ്ട് നമ്മുടെ മനസ്സാകെ ഈ പാട്ടെഴുത്തുകാരന്‍ കുത്തിനോവിക്കുകയാണ്. വയലാറിന്റെയും പി. ഭാസ്‌കരന്റെയും മറ്റും കാലയളവില്‍ ഇവിടെ ജീവിക്കാന്‍ സാധിച്ചത് എന്റെ മഹാഭാഗ്യമായി ഞാന്‍ കാണുന്നു. അതേസമയം 'പദ്മിനി'യുടെ ഗാനരചയിതാവിനെപ്പോലുള്ളവരുടെ  കാലത്തു കഴിയാനും വിധിക്കപ്പെട്ട ഞാന്‍ എന്റെ ദൗര്‍ഭാഗ്യം തിരിച്ചറിയുന്നു. സ്വയം പഴിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍?

 

Login log record inserted successfully!