കല്പനകള് നെയ്‌തെടുക്കാനുള്ള സ്വാതന്ത്ര്യം കവികള്‍ക്കുണ്ട്. പക്ഷേ, അത് ഔചിത്യത്തിനു നിരക്കുന്നതായിരിക്കണം. അങ്ങനെയല്ലാതെ വരുന്നത് ശുദ്ധ അസംബന്ധമായിരിക്കും. ജന്മനാതന്നെ കവിത്വസിദ്ധി കൈവന്നവര്‍ക്കു മാത്രമേ ഭാവനകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കാനാവൂ. വിനയത്തോടെ പറയട്ടെ, ബി.കെ. ഹരിനാരായണന്‍ എഴുതിത്തെളിഞ്ഞ ഒരു കവിയല്ല; മികച്ച ഗാനരചയിതാവുപോലുമല്ല. അപ്പോള്‍ എന്തെഴുതിയാലും അതില്‍ കൃത്രിമത്വം കടന്നുകൂടും. 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലെ ഈ ഗാനം ശ്രദ്ധിച്ചാല്‍ ഇപ്പറഞ്ഞതിന്റെയൊക്കെ പൊരുള്‍ മാന്യവായനക്കാര്‍ക്കു പിടികിട്ടും.
''നാലുമണിപ്പൂവുകണക്കെ വിരിഞ്ഞൊരു കണ്ണ്
ഞാനെഴുതും ചിത്രത്തില്‍ നീ നല്ലൊരു പെണ്ണ്
മോഹമഷിത്തുള്ളി
കുടഞ്ഞ് നെഞ്ചില്‍ നീയ്
ചെറുതോണിപ്പാതയിലൂടെ പായുന്നെന്നുള്ള്'' (സംഗീതം - കേദാര്‍; ആലാപനം - കെ.എസ്. ഹരിശങ്കര്‍)
നമുക്കെല്ലാം വളരെ പരിചിതമായ ഒന്നാണ് നാലുമണിച്ചെടി. നിക്ടാജിനേസി സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധിയാണിത്. ചെമപ്പ്, പര്‍പ്പിള്‍, മഞ്ഞ, നീല തുടങ്ങിയ നിറങ്ങളിലുള്ള പുഷ്പങ്ങളാണ് ഇവയുടേത്. നാലുമണിപ്പൂവുകണക്കെ വിരിഞ്ഞ കണ്ണാണ് നായികയുടേതെന്നു പറയാന്‍ ഭാവനാദാരിദ്ര്യം അനുഭവിക്കുന്ന ഒരാള്‍ക്കേ കഴിയൂ. കുട്ടികളുടെ ചിത്രരചനാമത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഗാനം ആരംഭിക്കുന്നത്. അതുകൊണ്ടാവാം 'ഞാനെഴുതും ചിത്രത്തില്‍ നീ നല്ലൊരു പെണ്ണ്' എന്ന സാധാരണവരി കടന്നുവന്നത്. നായകന്റെ നെഞ്ചില്‍ നായിക മോഹമഷിത്തുള്ളി കുടഞ്ഞത്രേ. ഈ ഭാവനയ്ക്ക് ഇത്തിരി ചന്തമൊക്കെയുണ്ട്. എന്നാല്‍, തൊട്ടടുത്ത വരിയിലെ 'ചെറുതോണിപ്പാത' അവന്റെ ഉള്ളുപായാന്‍വേണ്ടി രചയിതാവ് ഒരുക്കിക്കൊടുത്തതാണെങ്കിലും കല്ലുകടിയായി മാറുന്നു.
''ചങ്ങാത്തമാകും നെല്ലിക്ക നമ്മള്‍
കല്ലുപ്പു ചേര്‍ത്തേ തിന്നൊരു കാലം
മനച്ചോറ്റുപാത്രത്തില്‍ അന്നേ മുതല്‍
മഴത്തുള്ളിയായ് നിന്നെ കാത്തില്ലേ ഞാന്‍
കളിമുറ്റങ്ങളില്‍ ചിരിക്കൂടാകു വാന്‍
ഒരു പൂമ്പാറ്റയായ് ചാരെ നീ.''
നായകന്റെ ഓര്‍മകളാണ് ഈ ഗാനത്തില്‍ മുഖ്യമായും അനാവൃതമാകുന്നത്. പറയുന്നതു പലതും പ്രതീകാത്മകമായിട്ടാണ്. എങ്കിലും, പാടുന്ന വരികളിലെ സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നെല്ലിക്ക തിന്നുന്നതും മഴ പെയ്യുന്നതുമൊക്കെ അങ്ങനെ പ്രേക്ഷകര്‍ക്ക് കാണാനാവുന്നു. മനച്ചോറ്റുപാത്രത്തെക്കുറിച്ചാണ് ഗാനത്തില്‍ പരാമര്‍ശമെങ്കിലും മുമ്പു കുട്ടികള്‍ കൊണ്ടുപോയിരുന്ന സ്റ്റീല്‍ ചോറ്റുപാത്രം നാം വെള്ളിത്തിരയില്‍ കാണുന്നു. അങ്ങനെയുള്ള ചോറ്റുപാത്രത്തില്‍ (മനച്ചോറ്റുപാത്രം എന്നുതന്നെയിരുന്നോട്ടെ) മഴത്തുള്ളിയായി നായികയെ കാത്തതിന്റെ പൊരുളാണ് എനിക്കു പിടികിട്ടാഞ്ഞത്.
''ചില്ലിന്റെ ഗോലി പോലന്നു ലോകം
കണ്‍മുന്നിലാകെ മിന്നുന്ന കാലം
ഇളംതേന്‍ നിലാവിന്റെ
മിട്ടായികള്‍
നുണഞ്ഞെത്ര പോയില്ലേ നാം
വെയില്‍ ചായുന്നൊരാ
വയലോരങ്ങളില്‍
കതിര്‍പാട്ടെന്നപോല്‍
ചുണ്ടില്‍ നീ.''
ഈ പാട്ടെഴുതിയ ആളിന്റെ ലക്ഷ്യം നല്ലത്. പക്ഷേ, അതു ഫലവത്തായില്ല എന്നു ഖേദത്തോടെ പറയേണ്ടിയിരിക്കുന്നു. ചില്ലിന്റെ ഗോലിയും മിട്ടായിയും മറ്റും ഗൃഹാതുരത്വമുണര്‍ത്താന്‍വേണ്ടിയാണ് രചയിതാവ് ഗാനത്തില്‍ കൊണ്ടുവന്നത്. എന്നാല്‍, അവയെ അത്തരത്തില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പച്ചക്കറി വെറുതെ അരിഞ്ഞുകൂട്ടിയാല്‍ രുചിയേറിയ വിഭവമാകുമോ? ഇല്ലല്ലോ. അതുപോലെയാണ് ഈ ഗാനത്തിന്റെയും സ്ഥിതി. ആസ്വാദനത്തിന്റെ നാവില്‍വച്ചു രുചിച്ചുനോക്കിയിട്ട് ഒന്നും അത്രപോരാ. ഗായകന്‍ പല വാക്കുകളുടെയും അവസാനത്തെ അക്ഷരം അറിഞ്ഞോ അറിയാതെയോ വിഴുങ്ങിക്കളഞ്ഞു. കൂട്ടത്തില്‍ സംഗീതമാണ് സ്വല്പം ഭേദം. പുതിയ ഗാനങ്ങളുടെ രീതി പിന്തുടര്‍ന്ന് അപചയത്തിലേക്കു പതിക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു. അത്രയും ആശ്വാസം!