•  20 Jun 2024
  •  ദീപം 57
  •  നാളം 15
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

വാടിക്കരിഞ്ഞ മന്ദാരം

ല്പവൃക്ഷങ്ങളില്‍ ഒന്നാണ് മന്ദാരം. അതായത് സ്വര്‍ഗത്തിലെ ഒരു വൃക്ഷം. സന്തോഷിക്കുന്നത്, കോമളമായത്, മൂര്‍ച്ചയുള്ള മുള്ളുകളില്ലാത്തത് എന്നൊക്കെയാണ് ഇതിനെക്കുറിച്ചു പറയുന്നത്. ഇതിന്റെ പൂവ് ഒരിക്കലും വാടുകയോ സൗന്ദര്യം കുറയുകയോ ചെയ്യുകയില്ല എന്നാണു സങ്കല്പം. ഈ പുഷ്പത്തെ തന്റെ ഗാനങ്ങളില്‍ നന്നായി ഉപയോഗപ്പെടുത്തിയത് വയലാര്‍ രാമവര്‍മ്മയാണ് ''അടിമകളി''ലെ  'ചെത്തിമന്ദാരം തുളസി'', ''ഗന്ധര്‍വക്ഷേത്ര''ത്തിലെ ''എന്നെ നിന്‍ മാറിലെ വനമാലയിലെ മന്ദാരമലരാക്കൂ'' (''ഇന്ദ്രവല്ലരിപ്പൂചൂടിവരും'' എന്ന ഗാനഭാഗം) എന്നീ വരികള്‍ ഉദാഹരണം. ബൗഹിനിയ  എന്ന ജനുസ്സില്‍പ്പെട്ട മന്ദാരം പല നിറങ്ങളില്‍ നമ്മുടെ നാട്ടിലും സുലഭമാണ്. 'എന്റെ ഓര്‍മ്മയില്‍ പൂത്തുനിന്നൊരു മഞ്ഞമന്ദാരമേ' ('നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍' എന്ന ഗാനം) എന്ന ബിച്ചു തിരുമലയുടെ പ്രയോഗം പെട്ടെന്ന് ഓര്‍മവരുന്നു.
ഇത്രയും ഇവിടെ ആമുഖമായി പറഞ്ഞത് 'മന്ദാരം' എന്ന പേരില്‍ ഒരു മ്യൂസിക് ആല്‍ബം ഇറങ്ങിയതുകൊണ്ടാണ്. സ്വാഭാവികമായും മന്ദാരം പോലെ ചേതോഹരമായ ഗാനമായിരിക്കും അതെന്നു നാം കരുതും. എന്നാല്‍, നമ്മുടെ പ്രതീക്ഷയെ പാടെ തകര്‍ക്കുന്നതാണ് പ്രസ്തുത ഗാനം:
''മിഴിയോരം തഴുകും
കുളിര്‍കാറ്റോ തെന്നലോ
ചിരിയില്‍ ഞാന്‍ മയങ്ങി
പുഞ്ചിരിയില്‍ മെല്ലെ നീ
ഒരു വാക്കില്‍ പറയാതെ 
അറിയാതെ
നിനയാതെ മറയാതെ 
സഖിയേ'' (രചന - മുസ്തഫ മുഹമ്മദ്; സംഗീതം - കണ്ണന്‍ കെ. മോഹന്‍, ആലാപനം - നിഖില്‍ ഏലിയാസ്)
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിപോലും എഴുതാന്‍ മടിക്കുന്നതാണ് 'കാറ്റോ തെന്നലോ' എന്ന ചോദ്യം. ആ കുട്ടിക്ക് അവ രണ്ടും ഒരേ അര്‍ത്ഥപദങ്ങളാണെന്ന് അറിയാമെന്നതാണ് അതിനു കാരണം. ഈ പാട്ടെഴുതിയ വ്യക്തിക്ക് അതുപോലും അറിഞ്ഞുകൂടാ എന്നു പറയേണ്ടിവരുന്നതിലല്ല ഏറെ സങ്കടം. ഈ ആല്‍ബവുമായി ബന്ധപ്പെട്ട് എത്രയോപേര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. പലരുടെയും പേരുകള്‍ ഗാനത്തിനൊടുവില്‍ എഴുതിക്കാണിക്കുന്നുമുണ്ട്. എന്നിട്ടും അവരില്‍ ഒരാള്‍ക്കുപോലും ഈ ഹിമാലയന്‍ വങ്കത്തം തിരിച്ചറിയാനുള്ള ബോധം ഉണ്ടായില്ലല്ലോ എന്നത് എട്ടാമത്തെ ലോകാദ്ഭുതമായി അവശേഷിക്കുന്നു.
കാറ്റും തെന്നലും സമാനാര്‍ത്ഥപദങ്ങളാണെന്നു മനസ്സിലാക്കാന്‍ മുസ്തഫ മുഹമ്മദിനെപ്പോലെയുള്ള ആല്‍ബം പാട്ടെഴുത്തകാര്‍ എത്രയും വേഗം ശബ്ദതാരാവലി സ്വന്തമാക്കുന്നതു നന്നായിരിക്കും. പക്ഷേ, അപ്പോഴുമുണ്ട് കുഴപ്പം. ഈ രണ്ടുപദങ്ങളും ഒന്നു മറിച്ചു നോക്കാന്‍ മനസ്സുവരണമല്ലോ. ഭാഷ അറിയാത്തവരുടെ ഇത്തരം അന്ധമായ പ്രയോഗങ്ങളാല്‍ അനുദിനം നശിക്കുകയാണ് നമ്മുടെ ഗാനസാഹിത്യം. ആവര്‍ത്തനദോഷത്തെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കാന്‍ ഈ ഗാനം ഉപയോഗിക്കാം.
ഈ ലേഖകന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ 'ഓര'ത്തിനോട് ആധുനിക ഗാനരചയിതാക്കള്‍ക്ക് (അവര്‍ ആ പേരിന് അര്‍ഹരാണോ എന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു) വല്ലാത്ത ഭ്രമമാണ്. ഇവിടെത്തന്നെ നോക്കുക, നായികയുടെ മിഴിയെയല്ല കുളിര്‍കാറ്റ് (പാട്ടെഴുത്തുകാരന്റെ ഭാഷയില്‍ തെന്നലും) തഴുകുന്നത്, മിഴിയോരത്തെയാണ്. അവളുടെ ചിരിയില്‍ നായകന്‍ മയങ്ങിയത് അംഗീകരിക്കാന്‍ നമുക്കു തോന്നും. അതുകഴിഞ്ഞാല്‍ കയറൂരിവിട്ട കാളയെപ്പോലെ മൂന്നുവരികള്‍ പെട്ടെന്നു പാടിപ്പോകുന്നു. അവിടെ പറയുന്ന വാക്കുകളുടെ അര്‍ഥം എങ്ങനെ പറഞ്ഞൊപ്പിക്കുമെന്നു മാത്രം മനസ്സിലാവുന്നില്ല.
പൗനരുക്ത്യം എന്ന ദോഷത്തെക്കുറിച്ച് എന്തായാലും ഈ ഗാനരചയിതാവ് കേട്ടിരിക്കാന്‍ വഴിയില്ല. കേട്ടിരുന്നുവെങ്കില്‍ 'കുളിര്‍കാറ്റോ തെന്നലോ' എന്നെഴുതുമായിരുന്നോ? ചരണത്തില്‍ 'ഇരുളാര്‍ന്നൊരെന്‍ വഴിവീഥിയില്‍' എന്നു വേറെയും പുനരുക്തിദോഷം വരുത്തുമായിരുന്നോ? വഴിയും വീഥിയും അടുത്തടുത്ത് വ്യത്യസ്ത അര്‍ഥമുണ്ടെന്ന രീതിയില്‍ എഴുതാന്‍ പാടില്ല എന്നറിയാത്തവര്‍ തൂലികയേന്തി ഗാനരചയിതാവാകുന്നു. അതേസമയം കാവ്യവാസനയും വേണ്ടത്ര അറിവുമുള്ളവര്‍ മൗനം ഭജിക്കുന്നു. ഈശ്വരോ രക്ഷതു.
Login log record inserted successfully!