•  21 Nov 2024
  •  ദീപം 57
  •  നാളം 37
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

രമ്യമല്ലാത്ത പ്രയോഗങ്ങള്‍

പ്രാസമൊപ്പിച്ച് എന്തെങ്കിലും എഴുതുക എന്നതിനപ്പുറം ഗാനത്തിന് അര്‍ഥപൂര്‍ണമായ വരികള്‍ വേണമെന്ന നിഷ്ഠയൊക്കെ ഇല്ലാതായിട്ട് കാലം കുറച്ചായി. എഴുതുന്ന വരികളില്‍ ഉരുത്തിരിയുന്ന ആശയമെന്തെന്നുപോലും ആരും ചിന്തിക്കുന്നില്ല. പാട്ടുകള്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോകളില്‍ വന്നിരിക്കുന്ന വിധികര്‍ത്താക്കളുടെ മനോഭാവവും ഏതാണ്ടിതൊക്കെത്തന്നെയാണ്. അവര്‍ക്കു പലരും പാടുന്നതിലെ ''സംഗതി''യും മറ്റുമാണു പ്രധാനം. കൂട്ടത്തില്‍ മത്സരാര്‍ഥിയെ എങ്ങനെ പരിഹസിക്കാം എന്ന ചിന്തയും അവരെ അലട്ടുന്നു. വരികള്‍ തെറ്റിച്ചു പാടിയാല്‍പ്പോലും  അവര്‍ ഒരക്ഷരം  ഉരിയാടുകയില്ല. വരികളില്ലാതെ ഈണംമാത്രം മൂളിയാലും മതി സംഗീതത്തിനു ഭംഗം വരരുത് എന്ന നിലപാടാണ് അവര്‍ക്കെന്നു തോന്നും ചിലരുടെ മട്ടും ഭാവവും കാണുമ്പോള്‍.
അടുത്തുകാലത്തു വന്ന 'നീരജ' എന്ന ചലച്ചിത്രത്തിലെ ഒരു ഗാനം എന്റെ കഷ്ടകാലത്തിനു ഞാന്‍ കേള്‍ക്കാനിടയായി. രമ്യത്ത് രാമന്‍ രചനയും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും എന്‍.ജെ. നന്ദിനി ആലാപനവും നിര്‍വഹിച്ച പ്രസ്തുത ഗാനം മലയാളപദങ്ങള്‍കൊണ്ടാണു വാര്‍ത്തെടുത്തിരിക്കുന്നത്; സമ്മതിച്ചു. പക്ഷേ, നമ്മുടെ മാതൃഭാഷയെ കൊഞ്ഞനംകുത്തുന്ന ഒരു കലാസൃഷ്ടിയായിപ്പോയി അത് എന്നു പറയാതെ നിര്‍വാഹമില്ല. എന്തെഴുതി, എങ്ങനെയെഴുതി എന്നതു പ്രധാനമാണല്ലോ. ഇതാ കാണുക:
''ആളും നീയേ തീയും നീയേ
പെണ്ണേ തീനാമ്പേ
ചേലും നീയേ പോരും നീയേ
ഉലകിന്‍  അടിവേരേ
തേടും കലവറ വറ്റും ഉറവകള്‍
ദാഹം നെഞ്ചില്‍ ചൂതാടുമ്പോള്‍
സ്മൃതിയില്‍നിന്നും ഉടലിന്‍ പടവുകള്‍
ഇരുളിലൊതുങ്ങട്ടെ.''
ഇങ്ങനെ ഗാനം നീട്ടിനീട്ടിപ്പാടുകയാണ്. പെണ്ണിനെ തീനാമ്പായി സംബോധന ചെയ്യുന്നതുകൊള്ളാം. എന്നാല്‍, അതിനുമുമ്പുള്ള രണ്ടു വിശേഷണങ്ങളും കല്ലുകടിയായി അനുഭവപ്പെടുന്നു. ബന്ധു, മനുഷ്യന്‍, വ്യക്തി എന്നീ അര്‍ഥങ്ങള്‍ വരുന്ന ആള്‍ ആണ് അവയിലൊന്ന്. മറ്റൊന്ന് കത്തുക (ജ്വലിക്കുക) എന്നതിന്റെ ഭാവികാലക്രിയയാണ്. ഇവയൊന്നും ഇവിടെ യോജിക്കുന്നില്ലല്ലോ. തീനാമ്പായി പെണ്ണിനെ കല്പിക്കുന്നതിനാല്‍ 'തീയും നീയേ' എന്ന പ്രയോഗത്തിനും പ്രസക്തിയില്ല. ഉലകിന്റെ അടിവേരാണ് അവള്‍ എന്ന സങ്കല്പം നന്നായപ്പോള്‍ അതിനുമുമ്പുള്ള 'പോരും നീയേ' എന്ന പ്രയോഗത്തിനും അര്‍ഥമില്ലായ്മ വന്നുകൂടി. കലവറ തേടുന്നതിനും ഉറവകള്‍ വറ്റുന്നതിനും  പെണ്ണുമായുള്ള ബന്ധമെന്താണെന്നു വ്യക്തമല്ല. പിന്നീടുള്ള ഈരടിക്കും ദുര്‍ഗ്രഹത ബാധിച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞതുപോലെ കുറെ കൊള്ളാവുന്ന പദങ്ങള്‍ ചേര്‍ത്തുവച്ചാല്‍ ഗാനമാകും എന്ന ധാരണ പുതിയ രചയിതാക്കള്‍ ഇനിയെങ്കിലും തിരുത്തണം.
''ചൊടികളില്‍ ചിരികള്‍ മായും രാവാണേ
തിരയുമീ തിരികള്‍ താഴും നോവാലെ
മുഖപടമതിലൊരു നിഴലുകളടിയവെ
ചിതറുമീ തരികളില്‍ തിരനില മറയവെ
വണ്ടോനുള്ളും പൂവേ പൂന്തേന്‍ നീരുന്നാരാരോ.''
ഈ വരികള്‍ പതിനായിരം തവണ കേട്ടാലും അര്‍ഥം പറയാന്‍ ദൈവംതമ്പുരാനുപോലുമാവില്ല. വായില്‍ വരുന്നതു കോതയ്ക്കു പാട്ട് എന്ന പഴമൊഴി പിറന്നതുതന്നെ ഇത്തരം വികലമായ സൃഷ്ടികള്‍ നടത്തുന്നവരെ ഉദ്ദേശിച്ചാണെന്നു പറയാം. ഒരു വരിക്കു മറ്റൊന്നിനോട് യാതൊരു ചേര്‍ച്ചയുമില്ല. കവിത  എന്ന പേരില്‍ ഗദ്യം മുറിച്ചു മുറിച്ച് എഴുതിവയ്ക്കുന്നവരെ കണ്ടിട്ടില്ലേ? അതിനു സമാനമാണ് ആധുനികഗാനരചനയും.
''തോട്ടം നീയേ വേലിയും നീയേ
ഉലകിന്‍ അടിവേരേ''
പെണ്ണിനെ തീനാമ്പെന്നൊക്കെ പറഞ്ഞുതുടങ്ങിയ ഗാനം ഏതാണ്ടു പകുതിഭാഗം പിന്നിടുമ്പോള്‍ കേള്‍ക്കുന്ന രണ്ടു വരികളാണു മുകളില്‍ എടുത്തെഴുതിയത്. പെണ്ണിനെ തോട്ടമായും വേലിയായും കണ്ട ആദ്യത്തെ എഴുത്തുകാരനായിരിക്കും രമ്യത്ത് രാമന്‍. അദ്ദേഹത്തിന്റെ ഈ പ്രയോഗമുള്‍പ്പെടെ പലതും രമ്യമല്ല എന്നു പറഞ്ഞാല്‍ പരിഭവിക്കരുത്. അദ്ദേഹത്തെപ്പോലെയുള്ളവര്‍ തൂലികയെ ടുക്കാതിരിക്കുകയാവും കൈരളിക്കു നല്ലത് എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)