•  Published From Palai
  •  Contact Us
  •  Previous Issues
  •  21 Aug 2025
  •  ദീപം 58
  •  നാളം 24
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നോവല്‍
    • നേര്‍മൊഴി
    • ബാലനോവല്‍
  • E-Paper
    • ദീപനാളം
  • News
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പരിശുദ്ധിയുടെ പരിമളസൂനം

  • ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ
  • 21 August , 2025

പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണവും  ജറുസലേമിലെ കല്ലറയും എഫേസോസിലെ വീടും

പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ച് സഭയുടെ ഔദ്യോഗികപ്രഖ്യാപനം കാണുന്നത് 1950 നവംബര്‍ ഒന്നിന് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ പുറപ്പെടുവിച്ച മുനിഫിചെന്തിമൂസ് ദൈവവൂസ് (ഏറ്റവും ദയാനിധിയായ ദൈവം) എന്ന അപ്പസ്‌തോലികപ്രമാണത്തിലാണ്.
1950ലെ ജൂബിലിയോടനുബന്ധിച്ച് റോമില്‍ പത്രോസിന്റെ ദൈവാലയമുറ്റത്ത് ഒന്നിച്ചുകൂടിയിരുന്ന അഞ്ചുലക്ഷത്തോളം വരുന്ന ജനത്തിനു മുമ്പില്‍നിന്ന് മാര്‍പാപ്പാ പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ''അമലോദ്ഭവദൈവമാതാവ്, നിത്യകന്യകയായ മറിയം, അവളുടെ ഭൗമികജീവിതം പൂര്‍ത്തിയാക്കിയതിനുശേഷം  ആത്മശരീരങ്ങളോടുകൂടി സ്വര്‍ഗീയമഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടു.'' ഈ അപ്പസ്‌തോലികപ്രമാണത്തിലെ  വാക്കുകളില്‍ പരിശുദ്ധമറിയത്തെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ മറ്റു മൂന്നു വിശ്വാസസത്യങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു വെന്നതും ശ്രദ്ധേയമാണ്. മറിയം അമലോദ്ഭവയാണ് (ഒമ്പതാംപീയൂസ് മാര്‍പാപ്പാ, 1854 ഡിസംബര്‍ എട്ട്), മറിയം ദൈവമാതാവാണ് (431 ലെ എഫേസൂസ് സാര്‍വത്രിക സൂനഹദോസ്) എന്നിവയാണ് മറിയത്തെ സംബന്ധിച്ചുള്ള മറ്റു വിശ്വാസസത്യങ്ങള്‍.
  കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 966 ഖണ്ഡികയില്‍ ഇപ്രകാരം പറയുന്നു: ''അമലോദ്ഭവയായ കന്യക, ഉദ്ഭവപാപത്തിന്റെ എല്ലാ കറകളില്‍നിന്നും മോചിതയായവള്‍, അവളുടെ ഭൗമികജീവിതം അവസാനിച്ചപ്പോള്‍, ആത്മശരീരങ്ങളോടെ സ്വര്‍ഗീയമഹത്ത്വത്തിലേക്കെടുക്കപ്പെടുകയും സകലത്തിന്റെയും രാജ്ഞിയായി ദൈവത്താല്‍ ഉയര്‍ത്തപ്പെടുകയും ചെയ്തു. അങ്ങനെ അവള്‍ തന്റെ പുത്രനും നാഥന്മാരുടെ നാഥനും മരണത്തെയും പാപത്തെയും വിജയിച്ചവനുമായവനോട് കൂടുതല്‍ പൂര്‍ണമായി താദാത്മ്യപ്പെടുകയും ചെയ്തു. പരിശുദ്ധ കന്യകയുടെ  സ്വര്‍ഗാരോപണം, അവളുടെ പുത്രന്റെ ഉത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും, എല്ലാ വിശ്വാസികളും പങ്കുചേരാനുള്ള പുനരുത്ഥാനത്തിന്റെ മുന്‍കൂട്ടിയുള്ള പങ്കുചേരലുമാണ്.''
   പരിശുദ്ധമറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1950ലാണെങ്കിലും  ഇതു കത്തോലിക്കാസഭ അക്കാലത്തു കണ്ടുപിടിച്ച ഒരു സത്യമോ പുതിയ വെളിപ്പെടുത്തലോ അല്ല. ആദ്യനൂറ്റാണ്ടുമുതല്‍ സഭാമക്കള്‍ വിശ്വസിച്ചിരുന്നതും ആഘോഷിച്ചിരുന്നതുമായ ഒരു സത്യം സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത്.
സഭയുടെ ആദ്യനൂറ്റാണ്ടുകള്‍മുതലുള്ള വിശ്വാസപാരമ്പര്യത്തിലും സഭാപിതാക്കന്മാരുടെയും വേദശാസ്ത്രപണ്ഡിതന്മാരുടെയും പഠനങ്ങളിലും വിവിധ സഭകളുടെ പ്രാചീനമായ ആരാധനക്രമങ്ങളിലും പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കാണാന്‍ സാധിക്കും.
   നൂറ്റാണ്ടുകളായുള്ള സഭയുടെ ഈ വിശ്വാസം വലിയ ഒരുക്കത്തിന്റെയും പഠനത്തിന്റെയുംശേഷമാണ് കത്തോലിക്കാസഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. മറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിക്കണമെന്ന് അനേകായിരങ്ങളില്‍നിന്ന് മാര്‍പാപ്പായ്ക്കു  ലഭിച്ച കത്തുകളും ആവശ്യങ്ങളും  മാനിച്ച് 1946 മുതല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ 
ഈ പ്രഖ്യാപനത്തിനുവേണ്ടി ഒരുങ്ങുകയായിരുന്നു. അദ്ദേഹം 1946 മേയ് ഒന്നാം തീയതി എല്ലാ മെത്രാന്മാര്‍ക്കും ഇതിനെ സംബന്ധിച്ചുള്ള രണ്ടു ചോദ്യങ്ങള്‍ അയച്ചുകൊടുത്തു. അതിപ്രകാരമായിരുന്നു:
  1. ''ബഹുമാന്യരായ സഹോദരന്മാരേ, നിങ്ങളുടെ ജ്ഞാനവും വിവേചനവും പരിശുദ്ധകന്യകയുടെ ശരീരത്തോടുകൂടിയുള്ള സ്വര്‍ഗാരോപണം ഒരു വിശ്വാസസത്യമായി നിര്‍ദേശിക്കാനും നിര്‍വചിക്കാനും സാധിക്കുന്നതാണെന്നു വിധിക്കുന്നോ?''
2. ''നിങ്ങളും നിങ്ങള്‍ക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന വൈദികരും ജനങ്ങളും  അതാഗ്രഹിക്കുന്നുവോ?'' 1236ല്‍ 1210 മെത്രാന്മാരും ഈ ചോദ്യങ്ങള്‍ക്ക് 'അതേ' എന്ന ഉത്തരം നല്‍കി. ഇപ്രകാരം ഐകകണ്‌ഠ്യേന ലഭിച്ച നിര്‍ദേശത്തിന്റെയും സഭയുടെ ആദ്യനൂറ്റാണ്ടുമുതലുള്ള ജീവിക്കുന്ന പാരമ്പര്യത്തിന്റെയും പിന്‍ബലത്തിലാണ് മാര്‍പാപ്പാ മറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. ഈ അപ്പസ്‌തോലികപ്രമാണത്തില്‍ മറിയത്തിന്റെ സ്വര്‍ഗാരോപണത്തെ സംബന്ധിച്ചുള്ള വിശുദ്ധഗ്രന്ഥാടിസ്ഥാനവും ആദിമസഭയില്‍നിന്നുമുള്ള പാരമ്പര്യങ്ങളും ആരാധനക്രമപ്രാര്‍ഥനകളും സഭാപിതാക്കന്മാരുടെ സാക്ഷ്യങ്ങളും മാര്‍പാപ്പാ ഉദ്ധരിക്കുന്നുണ്ട്.
അപ്പസ്‌തോലികപ്രമാണത്തില്‍ പറയുന്നത്, മറിയത്തിന്റെ ഭൗമികവാസത്തിനുശേഷം സ്വര്‍ഗീയമഹത്ത്വത്തിലേക്കെടുക്കപ്പെട്ടുവെന്നാണ്. ഇവിടെ മറിയം മരിച്ചിട്ടില്ലെന്നോ മരിച്ചെന്നോ പഠിപ്പിക്കുകയല്ല പ്രധാനം. വിശ്വാസസത്യമായി സഭ പഠിപ്പിക്കുന്നത് മറിയം ഇഹലോകജീവിതത്തിനുശേഷം ആത്മശരീരങ്ങളോടുകൂടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നാണ്. എങ്ങനെ, എവിടെ എന്നത് പ്രത്യേകം പറയുന്നില്ല. മരണത്തോടെയാകാം, അല്ലെങ്കില്‍ കല്ലറയില്‍നിന്നുമാകാം. മറിയത്തിന്റെ ഇഹലോകജീവിതത്തിന്റെ അവസാനത്തെ 'മരണം' എന്നു സഭ വിളിക്കുന്നുമില്ല. കാരണം, മരണവും മണ്ണിനോടു ചേരുന്നതും പാപത്തിന്റെ ഫലമാണ് (ഉത്പ. 3:14-20; റോമ 5:12).
അമലോദ്ഭവയായ മറിയം പാപത്തിനടിമപ്പെട്ട മനുഷ്യന്റെ സഹജമായ വിധത്തിലുള്ള മരണത്തിനു കീഴ്‌പ്പെട്ടില്ല; മറിച്ച്, അവളുടെ ജീവിതാവസാനംതന്നെ പുനരുത്ഥാനത്തിലുള്ള പങ്കാളിത്തമായിരുന്നു. അതിനാല്‍ ആദിമസഭയില്‍ത്തന്നെ മറിയത്തിന്റെ ഇഹലോകജീവിതാവസാനത്തെ 'മറിയത്തിന്റെ ഉറക്കം' എന്നാണു വിളിച്ചിരുന്നത്. ഉത്ഥിതനായ ഈശോയ്ക്കു രൂപമാറ്റം സംഭവിച്ച ശരീരമായിരുന്നു എന്നാണ് വിശുദ്ധസുവിശേഷത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇഹലോകജീവിതാവസാനം മിശിഹായുടെ ഉത്ഥാനമഹത്ത്വത്തില്‍ പങ്കാളിയായ മറിയത്തിന്റെ ശരീരത്തിനും ഈ രൂപമാറ്റം സംഭവിച്ചിരിക്കണം എന്നും മനസ്സിലാക്കാം.
അപ്പോക്രിഫല്‍ പുസ്തകങ്ങളായ യാക്കോബിന്റെ സുവിശേഷം, തോമായുടെ സുവിശേഷം എന്നീ ഗ്രന്ഥങ്ങളില്‍ പരിശുദ്ധമറിയത്തിന്റെ സ്വര്‍ഗാരോപണത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അപ്പോക്രിഫല്‍ പുസ്തകത്തിലെ വിവരണമനുസരിച്ച് പരിശുദ്ധ മറിയം ഈശോയുടെ മരണത്തിനുശേഷം സെഹിയോന്‍ മാളികയോടു ചേര്‍ന്നു ജീവിക്കുകയും അവിടെ മരിക്കുകയും ജോസഫാത്ത് താഴ്‌വാരത്ത് അടക്കുകയും ചെയ്തു. അടക്കിയ സമയത്ത് അപ്പസ്‌തോലനായ തോമസ് അവിടെയില്ലായിരുന്നുവെന്നും പിന്നീട് തോമസിനു മറിയത്തെ കാണുന്നതിനുവേണ്ടി കല്ലറ തുറന്നപ്പോള്‍ അവിടെ ശരീരം കണ്ടില്ലായെന്നും അങ്ങനെ മറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കെടുക്കപ്പെട്ടു എന്നും വിശ്വാസമുണ്ടായി.
   മരിച്ചടക്കിയതിനുശേഷം മൂന്നു ദിവസത്തേക്കു കല്ലറ തുറക്കുകയും മൃതശരീരം തൈലം പൂശുകയും ചെയ്യുന്നത് അക്കാലത്തു സാധാരണമായിരുന്നു. ഈശോയുടെ മരണശേഷം സ്ത്രീകള്‍ ആഴ്ചയുടെ ഒന്നാംദിവസം കല്ലറയിങ്കലേക്കു പോകുന്നത് അവിടുത്തെ കല്ലറ തുറന്ന് മൃതശരീരം തൈലം പൂശുന്നതിനുവേണ്ടിയായിരുന്നു (മര്‍ക്കോ. 16:2-3; മത്താ. 28:1, ലൂക്കാ. 24:1, യോഹ. 20:1). ലാസറിനു പുതുജീവന്‍ നല്‍കുന്നയവസരത്തില്‍ നാലു  ദിവസമായതിനാല്‍ കല്ലറ തുറക്കുന്നതിനു തടസ്സം പറയുന്നതും നാം കാണുന്നു (യോഹ. 11:39).
യാക്കോബിന്റെ സുവിശേഷം എന്ന അപ്പോക്രിഫല്‍ പുസ്തകമനുസരിച്ച് മറിയം ഈശോയുടെ മരണത്തിനുശേഷം അപ്പസ്‌തോലനായ യോഹന്നാന്റെ കൂടെ (യോഹ.19:27) എഫേസൂസിലേക്കു പോയി എന്നും അവിടെ കുറച്ചുകാലം താമസിച്ചതിനുശേഷം ജറുസലേമിലേക്കു തിരിച്ചുവരുകയും ജറുസലേമില്‍ സെഹിയോന്‍ മലയില്‍ മരിച്ച് ജോസഫാത്ത് താഴ്‌വാരത്ത് അടക്കപ്പെടുകയും ചെയ്തുവെന്നാണ്.
നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജറുലേമില്‍നിന്നുമുള്ള തിമോത്തി എന്ന സഭാപിതാവിന്റെ വേദോപദേശത്തില്‍ മറിയത്തിന്റെ സ്വര്‍ഗാരോപണത്തെ സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: ''അവളുടെ ഉദരത്തില്‍ വസിച്ചവന്‍ അവളെ ആരോപണത്തിന്റെ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി.'' നാലാം നൂറ്റാണ്ടുമുതല്‍ പൗരസ്ത്യസഭകളില്‍ മറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ ആചരിച്ചിരുന്നതായി കരുതപ്പെടുന്നു. ആദ്യം പൗരസ്ത്യസഭകളിലും  ആറാം നൂറ്റാണ്ടോടൂകൂടി പാശ്ചാത്യസഭകളിലും സ്വര്‍ഗാരോപണത്തിരുനാള്‍ ആചരിച്ചിരുന്നു. പ്രാചീനമായ ബൈസന്റൈന്‍ ആരാധനക്രമത്തില്‍ പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥനകളുണ്ട്. കാല്‍സിഡോണിയന്‍ സൂനഹദോസില്‍ ജറുസലേമിലുള്ള മറിയത്തിന്റെ ശൂന്യമായ കല്ലറയെക്കുറിച്ചു പ്രതിപാദിക്കുന്നു.
ദമാസ്‌കസില്‍നിന്നുള്ള വിശുദ്ധ ജോണ്‍ (755) പറയുന്നത്, 'മറിയത്തിന്റെ ശരീരം സാധാരണരീതിയില്‍ അടക്കിയെങ്കിലും അവളുടെ ശരീരം അവിടെ ആയിരിക്കുന്നതിനോ അഴുകുന്നതിനോ ഇടയായില്ല, അവള്‍ സ്വര്‍ഗീയഭവനത്തിലേക്ക് എടുക്കപ്പെട്ടു' എന്നാണ്.
പരിശുദ്ധകന്യാമറിയത്തിന്റെ സ്വര്‍ഗാരോപണവുമായി ബന്ധപ്പെട്ട് രണ്ടു സ്ഥലങ്ങളാണ് ഇന്നു വണങ്ങപ്പെടുന്നത്. ജറുസലേമിലുള്ള മറിയത്തിന്റെ കല്ലറയും എഫേസോസിലെ ദൈവാലയവും. സ്വര്‍ഗാരോപണത്തെ സംബന്ധിച്ചുള്ള രണ്ടു പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ രണ്ടു സ്ഥലങ്ങള്‍ വണങ്ങപ്പെടുന്നത്. ജറുസലേംപാരമ്പര്യവും എഫേസോസ്പാരമ്പര്യവും.
ജറുസലേംപാരമ്പര്യമനുസരിച്ച് മറിയം ഈശോയുടെ മരണശേഷം സെഹിയോന്‍ മലയോടു ചേര്‍ന്നു ജീവിച്ചു എന്നും അവിടെവച്ച് മരിച്ച മറിയത്തെ അന്നത്തെ പൊതുസംസ്‌കാരസ്ഥലമായ കെദ്രോണ്‍ താഴ്‌വാരത്തു സംസ്‌കരിക്കുകയും അവിടെനിന്നു സ്വര്‍ഗത്തിലേക്കെടുക്കപ്പെടുകയും ചെയ്തു എന്നതാണ്. ഈ പാരമ്പര്യം ആദിമനൂറ്റാണ്ടുമുതല്‍ ജറുസേലമില്‍ നിലനില്‍ക്കുന്നതും അപ്പോക്രിഫല്‍ പുസ്തകത്തില്‍ വിവരിക്കുന്നതുമാണ്. മറിയത്തിന്റെ കല്ലറ ഇവിടെ ഉണ്ട് എന്നതാണ് ഈ പാരമ്പര്യത്തിനു പ്രാധാന്യം കൂടുതല്‍ ലഭിക്കുന്നതിനു കാരണം. ആദിമകാലം മുതല്‍ മറിയത്തിന്റെ ശൂന്യമായ കല്ലറ വണങ്ങിപ്പോന്നിരുന്നു.
   മറിയത്തിന്റെ കല്ലറ ഉള്‍പ്പെടുത്തി ഒരു ദൈവാലയം ആദ്യമായി നിര്‍മിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലാണ്. 422-458 കാലഘട്ടത്തില്‍ ജറുസലേമിലെ പാത്രിയര്‍ക്കായിരുന്ന യുവാസെനസിന്റെ കാലത്ത് കെദ്രോണ്‍താഴ്‌വാരത്ത് ഒരു ദൈവാലയവും അതിന്റെ ക്രിപ്റ്റില്‍ മറിയത്തിന്റെ കല്ലറയും ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന തെയഡോഷ്യസാണ്  ഇവിടെ ദൈവാലയം നിര്‍മിച്ചത്. 1009 ല്‍ ഇസ്ലാമികരാജാവായിരുന്ന ഹക്കീമിന്റെ ആക്രമണത്തില്‍ ഈ ദൈവാലയം നശിപ്പിക്കപ്പെടുന്നതുവരെയും ഈ ദൈവാലയം നിലനിന്നിരുന്നു. 1130 ല്‍ കുരിശുയുദ്ധക്കാര്‍ ഇവിടെ ദൈവാലയം പുനരുദ്ധരിച്ചു. ഇന്നും ഈ ദൈവാലയവും ഈ ദൈവാലയത്തിനുള്ളിലുള്ള ശൂന്യമായ കല്ലറയും കാണാന്‍ സാധിക്കും. പതിന്നാലാം നൂറ്റാണ്ടുമുതല്‍ ഈ ദൈവാലയം ഫ്രാന്‍സിസ്‌കന്‍ വൈദികരുടെ കൈവശമായിരുന്നു.
1757 ല്‍ തുര്‍ക്കികളുടെ ഭരണകാലത്ത് ഈ ദൈവാലയം ഓര്‍ത്തഡോക്‌സ് സഭകള്‍ക്കു കൈമാറി. ഇന്നു ഗ്രീക്ക്ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളുടെ അധീനതയിലാണ്. ഈ കല്ലറയും ദൈവാലയവും പരിശുദ്ധകന്യകയുടെ സ്വര്‍ഗാരോപണത്തിന്റെ ചരിത്രശേഷിപ്പായി ഇന്നും നിലനില്ക്കുന്നു. എല്ലാ ക്രൈസ്തവവിഭാഗങ്ങളും ഇസ്ലാംമതസ്ഥരും ഈ പുണ്യസ്ഥലം വണങ്ങിപ്പോരുന്നു.
എഫേേസാസ് പാരമ്പര്യമനുസരിച്ച് പരിശുദ്ധ ദൈവമാതാവ് എഫേേസാസിലേക്ക് അപ്പസ്‌തോലനായ യോഹന്നാന്റെകൂടെ പോയെന്നും അവിടെവച്ച് ഇഹലോകവാസം അവസാനിക്കുകയും സ്വര്‍ഗത്തിലേക്കെടുക്കപ്പെടുകയും ചെയ്തുവെന്നാണ്. പരിശുദ്ധമറിയം തന്റെ ജീവിതാവസാനത്തോടെ ജറുസലേമിലേക്കു തിരിച്ചുപോയെന്നും  ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആദിമസഭയില്‍ എഫേസോസില്‍ മറിയത്തിന്റെ നാമത്തില്‍ ദൈവാലയമുണ്ടായിരുന്നു. 431 ലെ എഫേസോസ് സൂനഹദോസ് നടന്നത് അവിടെയുണ്ടായിരുന്ന ദൈവമാതാവിന്റെ നാമത്തിലുള്ള ദൈവാലയത്തിലായിരുന്നു. ഇന്ന് എഫേസോസില്‍ ഈ ദൈവാലയത്തിന്റെ തകര്‍ക്കപ്പെട്ടതിനുശേഷമുള്ള അവശിഷ്ടങ്ങള്‍ മാത്രമേ കാണാനുള്ളൂ. മറിയത്തിന്റെ സ്വര്‍ഗാരോപണം എഫേസോസില്‍ നടന്നതായി ആദിമസഭ കരുതിയിരുന്നതായി സാക്ഷ്യപ്പെടുത്തലുകള്‍ ഒന്നുമില്ല.
എന്നാല്‍, ആധുനികകാലത്ത് എഫേസോസിനടുത്ത് മറിയത്തിന്റെ വീട് സ്വര്‍ഗാരോപണത്തിന്റെ സ്ഥലമായി വണങ്ങിപ്പോരുന്നു. ഇതിന്റെ അടിസ്ഥാനം അഗസ്റ്റീനിയന്‍ സന്ന്യാസിനിയും മിസ്റ്റിക്കുമായ കത്രീന എമ്മെറിക് (1774-1824) എന്ന ജര്‍മന്‍കാരിയായ വിശുദ്ധയ്ക്കു ലഭിച്ച ദര്‍ശനമാണ്. 12 വര്‍ഷക്കാലം ഭക്ഷണം കഴിക്കാതെ പാനീയവും വിശുദ്ധകുര്‍ബാനയും മാത്രമായി ജീവിച്ച പഞ്ചക്ഷതധാരിണിയായിരുന്നു വിശുദ്ധ കത്രീന എമ്മെറിക്.
    2004 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. വിശുദ്ധയ്ക്കു ലഭിച്ച ദര്‍ശനങ്ങളില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ഈ ലോകത്തിലെ അവസാനനിമിഷങ്ങളെക്കുറിച്ചുള്ള ദര്‍ശനങ്ങളുണ്ടായിരുന്നു. കത്രീന എമ്മെറിക്കിനു ലഭിച്ച ദര്‍ശനമനുസരിച്ച് എഫേസോസില്‍നിന്നു വളരെയകലെയല്ലാതെ ബുള്‍ബുള്‍ഡഗ് മലയില്‍ മറിയത്തിന്റെ വീട് ഉണ്ടെന്നും ആ വീട്ടിലാണു മറിയം താമസിച്ചിരുന്നതെന്നും മറിയം അവിടെനിന്നു സ്വര്‍ഗത്തിലേക്കെടുക്കപ്പെട്ടുവെന്നുമാണ്. മറിയത്തിന്റെ വീട് അപ്പസ്‌തോലനായ യോഹന്നാന്‍ നിര്‍മിച്ചതാണെന്നും ആ സ്ഥലത്തിന്റെയും വീടിന്റെയും ഏറ്റവും ചെറിയ വിവരണങ്ങള്‍പോലും കത്രീന  എമ്മെറിക് പറയുന്നുണ്ട്.
ഒരിക്കല്‍പ്പോലും സ്വന്തരാജ്യത്തുനിന്നു പുറത്തുപോയിട്ടില്ലാത്ത കത്രീന എമ്മെറിക് മറ്റൊരു രാജ്യത്ത് ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന ആ പ്രദേശം, എഫേസോസിനടുത്തു മറിയം താമസിച്ചിരുന്ന സ്ഥലം കൃത്യമായി പറയുന്നുണ്ട്. 'പരിശുദ്ധകന്യകയുടെ ജീവിതം' എന്ന പുസ്തകത്തില്‍ വിവരിക്കുന്നതനുസരിച്ച് ഉപേക്ഷിക്കപ്പെട്ടുകിടന്നിരുന്ന ആ പ്രദേശത്തു നടത്തിയ അന്വേഷണത്തിന്റെ ഫലമായി എഫേസോസിനടുത്ത് കത്രീന എമ്മെറിക് പറഞ്ഞതനുസരിച്ചുള്ള സ്ഥലവും വീടും കണ്ടെത്തി.
അത് ആദ്യനൂറ്റാണ്ടുകളില്‍ ഉപയോഗിച്ചിരുന്നതായും പിന്നീട് ഉപേക്ഷിക്കപ്പെട്ടതാണെന്നും മനസ്സിലാക്കി. ആ സ്ഥലവും വീടും കത്രീന എമ്മെറിക് ദര്‍ശനത്തില്‍ പറയുന്നവിധം കൃത്യവുമായിരുന്നു.
    കത്രീന എമ്മെറിക്കിന്റെ ദര്‍ശനത്തില്‍ മറിയത്തിന്റെ അവസാനനിമിഷങ്ങള്‍ എഫോസോസിലുള്ള വീട്ടിലാണു സംഭവിച്ചതെന്നു പറയുന്നുണ്ട്. 1891 ല്‍ ഈ സ്ഥലവും വീടും കണ്ടെത്തിയതിനുശേഷം പ്രത്യേകമായി പരിശുദ്ധ മറിയത്തിന്റെ വീടായും സ്വര്‍ഗാരോപണത്തിന്റെ സ്ഥലമായും വണങ്ങിപ്പോന്നിരുന്നു. ക്രൈസ്തവരും ഇസ്ലാംമതസ്ഥരുമായ തീര്‍ഥാടകര്‍ ധാരാളമായി അവിടേക്കെത്തുന്നു. ഇന്നു തുര്‍ക്കിഗവണ്‍മെന്റിന്റെ കൈവശമാണ് ഈ തീര്‍ഥാടനകേന്ദ്രം. 1891 മുതലാണ് മറിയത്തിന്റെ സ്വര്‍ഗാരോപണത്തിന്റെ സ്ഥലമായി എഫേസോസ് വണങ്ങപ്പെടുന്നത്.
    ജറുസലേംപാരമ്പര്യവും എഫേസോസ് പാരമ്പര്യവും ഒന്നിച്ചുകാണുമ്പോള്‍ ഏതാണു ശരി എന്ന ചോദ്യം സ്വാഭാവികമാണ്. പൂര്‍ണമായും ശരിയായിട്ടുള്ളതാണ് സഭ വിശ്വാസസത്യമായി പഠിപ്പിക്കുന്നത്.
   ''മറിയം ഭൗമികജീവിതത്തിനുശേഷം ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്കെടുക്കപ്പെട്ടു.'' ജറുസേലം പാരമ്പര്യവും എഫേസോസ്പാരമ്പര്യവും ഇത് ഏറ്റുപറയുന്നുണ്ട്. ജറുസലേംപാരമ്പര്യത്തിന് ആദിമസഭയില്‍നിന്നുള്ള സാക്ഷ്യങ്ങളും ചരിത്രത്തില്‍ എന്നും വണങ്ങിപ്പോന്നിരുന്ന മറിയത്തിന്റെ ശൂന്യമായ കല്ലറയും സ്വര്‍ഗാരോപണത്തിന്റെ ദൈവാലയവുമുണ്ട്. ഇനി ദര്‍ശനത്തിന്റെ കാര്യമെടുത്താലും മിസ്റ്റിക്കുകളായിരുന്ന വിശുദ്ധ ബ്രിജീത്തയുടെ ദര്‍ശനത്തിലും മരിയ വാള്‍ത്തോര്‍ത്തയുടെ ദര്‍ശനത്തിലും പരിശുദ്ധകന്യകാമറിയം ഈശോയുടെ മരണശേഷം സെഹിയോന്‍മലയില്‍ താമസിച്ചിരുന്നുവെന്നും അവിടെനിന്ന് എഫേസോസിലേക്കു പോയെങ്കിലും അവിടെനിന്നു തിരിച്ചു ജറുസലേമിലേക്കു വന്നുവെന്നും സെഹിയോന്‍മലയില്‍ മരിച്ചുവെന്നും തുടര്‍ന്ന് ജോസഫാത്ത്താഴ്‌വാരത്തു സംസ്‌കരിച്ചുവെന്നും അവിടെനിന്ന് ആത്മശരീരങ്ങളോടെ സ്വര്‍ഗീയമഹത്ത്വത്തിലേക്കെടുക്കപ്പെട്ടു എന്നുമുള്ള പാരമ്പര്യമാണ് പൊതുവെ ചരിത്രകാരന്മാര്‍ അംഗീകരിച്ചുപോരുന്നത്.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)