•  18 Apr 2024
  •  ദീപം 57
  •  നാളം 6
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

നെല്ലിക്കത്തെരുവിലെ സ്‌നേഹപ്പൂക്കള്‍

''ചേച്ചി ഒന്നും പേടിക്കണ്ടന്നേ, കൊവിഡൊക്കെ ഒരു പ്രശ്‌നമാണോ? ധൈര്യമായിട്ടങ്ങ് പ്രസവിച്ചോ.'' ഡെലിവറിക്കു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയപ്പോള്‍ മാത്രം, കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞ് തെല്ലൊന്നു പതറിപ്പോയ ശ്യാമിനിക്ക് ഹോസ്പിറ്റലിലെ ഡോക്‌ടേഴ്‌സും നഴ്‌സുമാരും കൊടുത്തത് കട്ട സപ്പോര്‍ട്ടാണ്. ''ഐസൊലേറ്റ് ചെയ്യുമോ, ഡോക്‌ടേഴ്‌സ് വരാതിരിക്കുമോ, ശ്രദ്ധ കുറയുമോ, നഴ്‌സിങ് കെയര്‍ കിട്ടാതിരിക്കുമോ?'' എന്നൊക്കെയുള്ള കാക്കത്തൊള്ളായിരം ആകുലതകളെ ആവിയാക്കിക്കൊണ്ട് 'സെറാഫിന്‍' പറന്നിറങ്ങി ഭൂമിയിലേക്ക്, ആറാമത്തെ മാലാഖക്കുഞ്ഞായി. മൂന്നുമാസം പ്രായമായ സെറാഫിനെ മടിയിലിരുത്തി കാഞ്ഞിരപ്പള്ളി പൊടിമറ്റത്തെ നെല്ലിക്കത്തെരുവില്‍ വീടിന്റെ വരാന്തയിലിരുന്ന് ശ്യാമിനി പറഞ്ഞുതുടങ്ങി, കുഞ്ഞുങ്ങള്‍ക്കുവേണ്ടി നേര്‍ച്ചയിട്ട ജീവിതത്തിലെ നീണ്ട വര്‍ഷങ്ങളെപ്പറ്റി. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ അധ്യാപികയാണു ശ്യാമിനി.
''എന്റെ വീട്ടിലും ബിനുവിന്റെ വീട്ടിലും മക്കള്‍ രണ്ടുപേരു വീതമേയുള്ളൂ. പക്ഷേ, ഞങ്ങള്‍ രണ്ടുപേര്‍ക്കും കൂടുതല്‍ കുട്ടികളെന്നൊരു ഇഷ്ടം മനസ്സിലുണ്ടായിരുന്നു. രണ്ടുപേരും ഒരേ താത്പര്യക്കാരായിരുന്നതുകൊണ്ടു പരസ്പരം തിരുത്തലുകളോ, പ്രേരിപ്പിക്കലുകളോ ഇക്കാര്യത്തില്‍ വേണ്ടിവന്നിട്ടില്ല. 
''എല്ലാവരും ചോദിക്കാറുണ്ട്, ഒന്നിനെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല ഞങ്ങള്‍ക്ക്, പിന്നെങ്ങനാ ഈ ആറുപേരെ? രണ്ടുപേരും ജോലിക്കു പോകുന്നവരുമാണല്ലോ എന്ന്. എല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്ന ഒരാള്‍ കൂടെയുള്ളപ്പോള്‍ നമ്മള് എന്തിനാ പേടിക്കുന്നെ? എല്ലാ അറേഞ്ചുമെന്റ്‌സും അവിടുന്നുതന്നെ നേരിട്ടു നടത്തിക്കോളും. കൊവിഡ് പോസിറ്റീവ് ആയിട്ടും എല്ലാം 'പോസിറ്റീവ്' ആക്കിത്തന്നതുപോലെ.'' എങ്ങനെ ജീവിക്കണമെന്നും, എന്തിനുവേണ്ടി അര്‍പ്പിക്കണമെന്നും ബോധ്യമുള്ള ജീവിതങ്ങളെ കേള്‍ക്കുന്നതുതന്നെ പുണ്യമാണ്.
കാഞ്ഞിരപ്പള്ളി കുട്ടിക്കാനം മരിയന്‍ കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ ബിനു തോമസ് കോഴിക്കോട് താമരശ്ശേരിയിലേക്കു കുടിയേറിയ പാലാ നെല്ലിക്കത്തെരുവില്‍ കുടുംബാംഗമാണ്. വിദേശത്തു ജോലി ചെയ്യണമെന്ന തീവ്രാഭിനിവേശം മനസ്സില്‍ സൂക്ഷിച്ചയാള്‍. സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കൊളംബോ പ്ലാനിന്റെ ഭാഗമായി ഡെപ്യൂട്ടേഷനില്‍ ഭൂട്ടാനിലേക്കു കുടുംബവുമായി പോയത് ഒന്നാമത്തെ കുഞ്ഞിന്റെ ജനനത്തിനു ശേഷമാണ്. ഓരോ കുഞ്ഞും ഭാരമേറിയ നുകമാണെന്നു കരുതി ശിരസ്സു നമിക്കാന്‍ മടിക്കുന്നവരോട് ബിനുവിന് ഒന്നേ പറയാനുള്ളൂ, ഒന്നു നനയാന്‍ തയ്യാറാണെങ്കില്‍ അനുഗ്രഹങ്ങളുടെ പെരുമഴയാവും നമ്മളെ കാത്തിരിക്കുന്നത്. ''പ്രാര്‍ത്ഥിച്ച് ഒരുങ്ങിയാണ് ഞങ്ങള്‍ എല്ലാ കുഞ്ഞുങ്ങളെയും സ്വീകരിച്ചത്. ഓരോരുത്തരെയും തരുമ്പോള്‍ സന്തോഷംകൊണ്ടു പൊതിഞ്ഞു കുറെയേറെ ഗിഫ്റ്റ് ഹാംബറുകളും ദൈവം ആ കൂടെത്തരാറുണ്ട്. വീട്, വിദേശയാത്രകള്‍, സാമ്പത്തികസമൃദ്ധി, കടങ്ങള്‍ വീട്ടിത്തീര്‍ക്കലുകള്‍ എല്ലാം ആ കൂടെ ഉണ്ടാവാറുണ്ട്. ബാധ്യതകളല്ല, സാധ്യതകളാണ് ഓരോ കുഞ്ഞും എന്നു നമ്മള്‍ തിരിച്ചറിഞ്ഞാല്‍ മതി.'' അതിരുകളില്ലാത്ത ലോകത്തിനുവേണ്ടിയാണ് നമ്മുടെ ചെറിയ പ്രാണനുകളെ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്, ബിനു.
''കുഞ്ഞുവാവയുടെ ഡയപ്പറുകള്‍ വൃത്തിയാക്കാനും അവളുടെ കുഞ്ഞുടുപ്പുകള്‍ നനയ്ക്കാനും മടക്കാനും അവളെ ലാളിക്കാനും ഉറക്കാനുമൊക്കെ മൂത്തയാളുകള്‍ക്കിടയില്‍ മത്സരമാണ്. മൂത്തമോള്‍ മരിയ, തിരുവനന്തപുരം എല്‍.ബി.എസ്. എഞ്ചിനീയറിങ് കോളജില്‍നിന്നു ഒരവധി കിട്ടിയാല്‍ പറന്നെത്തും, സെറാഫിനെക്കാണാന്‍, ഇളയവരോടു കുറുമ്പുകാട്ടാന്‍. വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഞാനും ശ്യാമിനിയും പങ്കിട്ടെടുക്കാറാണു പതിവ്. കുടുംബവും ജോലിയും തമ്മില്‍ കൂട്ടിക്കലര്‍ത്താറില്ല. മക്കളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള കൊതികൊണ്ട് വിദേശയാത്രകള്‍ ഇപ്പോള്‍ ഏറ്റെടുക്കാറുമില്ല.'' 
ബിനു നിറുത്തിയിടത്തുനിന്ന് ശ്യാമിനി തുടങ്ങി. ''ലോകത്തിലെ ഏറ്റവും രുചിയേറിയ ഇടമാണല്ലോ അടുക്കള. അതുകൊണ്ട് ആരെയും അവിടെ കയറുന്നതില്‍നിന്ന്  ഒഴിവാക്കാറില്ല.'' ചിരിച്ചുകൊണ്ട് ശ്യാമിനി തുടര്‍ന്നു: ഒറ്റയ്ക്കു ടിഫിന്‍ എടുക്കാനും, അടുക്കള മാനേജ് ചെയ്യാനും, മൂത്ത കുട്ടികളുടെ പാകമാകാത്ത ഡ്രസുകള്‍ സന്തോഷത്തോടെ അണിയാനുമൊന്നും ഒരു മടിയുമില്ല. ടീം വര്‍ക്കാണ് നമ്മുടെ വിജയരഹസ്യമെന്നവര്‍ പറയും. മൂത്തമകള്‍ മരിയ ഭംഗിയായി വരയ്ക്കും, നല്ല വായനയുണ്ട്. രണ്ടാമത്തെ മോന്‍ ജെയിംസ്, സഹോദരങ്ങളെ നെഞ്ചോടു ചേര്‍ത്തുനിറുത്താന്‍ മിടുക്കനാണ്. എല്ലാവരെയും ഒറ്റക്കെട്ടായി ഒരുമിച്ചു നടത്താനുള്ള നയമുണ്ട്. മൂന്നാമത്തെ മോള്‍ അല്‍ഫോന്‍സയുടെ തീരുമാനങ്ങള്‍ക്ക് പാറയുടെ ഉറപ്പാണ്. അവളും നന്നായി ചിത്രങ്ങള്‍ വരയ്ക്കും. ആന്‍ നാലാമത്തെ ആളാണ്, വീട്ടിലെ കാര്യസ്ഥിക്കുഞ്ഞ്, അവളുടെ താഴെയുള്ള രണ്ടുമക്കളുടെയും കാര്യത്തില്‍ എനിക്കൊന്നും പേടിക്കേണ്ടതില്ല. അമ്മയെപ്പോലെതന്നെ അവരെ കരുതിക്കൊള്ളും. അഞ്ചാമത്തെ മോള്‍ റൂത്ത്, സെറാഫിന്റെ വരവോടെ 'കുഞ്ഞിച്ചേച്ചി'യായതിന്റെ ത്രില്ലിലാണ്. അമ്മയുടെ കൂടെക്കിടക്കാനുള്ള കൊതിക്കു കുറവില്ലെങ്കിലും കുറുമ്പൊട്ടും കൂടുതലില്ല. 
ജീവിതത്തില്‍ ഫസ്റ്റ് പ്രയോരിറ്റി എപ്പോഴും കുടുംബത്തിനാണു ഞാന്‍ നല്‍കുന്നത്. രാവിലെ ഒന്‍പതുമുതല്‍ അഞ്ചു വരെയുള്ള സമയത്ത് കോളജുജോലികള്‍ തീര്‍ക്കും. അതിന്റെ ബദ്ധപ്പാടുകളും ടെന്‍ഷനുമെല്ലാം വീട്ടിലേക്കു കൊണ്ടുവരാറില്ല. കുഞ്ഞുങ്ങളോടൊത്തായിരിക്കുമ്പോള്‍ നൂറുശതമാനം അവരോടൊപ്പം തന്നെയായിരിക്കും. ദേഷ്യമൊക്കെ വരാറുണ്ട്. നിയന്ത്രിക്കാന്‍ ശീലിക്കുകയാണ്. എല്ലാം പ്രിയങ്കരവും ശുഭവുമായി മാറുന്നതല്ല ദൈവപരിപാലന; മറിച്ച്, ഓരോന്നും സംഭവിക്കുന്നത് അവന്റെ കരങ്ങളാലാണെന്ന തിരിച്ചറിവാണു വേണ്ടതെന്ന് മക്കള്‍ക്കു പറഞ്ഞുകൊടുക്കാറുണ്ട്. വീടു പണിയുന്ന കൃത്യതയോടെ ജീവിതം പണിതെടുക്കാനാവില്ല, അതിനുവേണ്ടത് കര്‍ത്താവിന്റെ കൃപയാണെന്നും'' ശ്യാമിനി പറഞ്ഞു നിറുത്തി.
മനുഷ്യനായിരിക്കുന്നതിന്റെ അഴകും ആഴവും തിരിച്ചറിയുന്നതല്ലേ ശരിയായ ആത്മീയത? ജീവനെ ഘോഷിക്കുന്ന ബിനുവിനും ശ്യാമിനിക്കും അതു വെളിപ്പെട്ടു കിട്ടുമ്പോള്‍, സ്വയം പാപ്പരെന്നു കരുതി നമുക്കു കരങ്ങള്‍ കൂപ്പാം. അവര്‍ ആറാടട്ടെ, ആറുമക്കള്‍ക്കൊപ്പം.

 

Login log record inserted successfully!