സിന്ധുവുമായുള്ള ഫോണ്‍ വിളിക്കിടയില്‍ ''സിന്ധൂ'' എന്ന എന്റെ വിളികേട്ട് കുഞ്ഞുമോന്‍ ജോഷ് വന്നെന്നോടു ചോദിച്ചു: ''ആരാമ്മേ സിന്ധു, പി.വി. സിന്ധുവാണോ?'' ഞാനും സിന്ധുവും ഫോണിന്റെ രണ്ടു തലയ്ക്കലും ഇരുന്നു ചിരിച്ചു. പി.വി. സിന്ധു എടുക്കുന്ന സ്മാഷുകളെക്കാള്‍ എത്രയോ വേഗത്തില്‍, തുടര്‍ച്ചയില്‍ പതറാതെ സ്മാഷുകളെടുത്താണ് ഇവിടംവരെ എത്തിയതെന്ന് സിന്ധുവിന്റെ ചിരി ഓര്‍മിപ്പിച്ചു. അമ്പതുകളിലൂടെ നടക്കുമ്പോഴും ഒരു സ്ത്രീക്ക് കുടുംബവും കുട്ടികളും അടുക്കളയും ഓഫീസും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ചില്ലറ മികവു പോരല്ലോ. പാലാ വെള്ളിയേപ്പള്ളി മറ്റത്തില്‍ വീട്ടിലെ അഞ്ചു പെണ്‍കുട്ടികളില്‍ നാലാമത്തവളായി വളര്‍ന്ന സിന്ധുവിന് സ്വന്തം കുഞ്ഞുങ്ങളുടെ എണ്ണം കൂടുന്നതില്‍ പരിഭവം തെല്ലുമുണ്ടായിട്ടില്ല, ഒരിക്കലും.
''ഞങ്ങളുടെ ഇടയിലെ കൂട്ടും കുരുത്തക്കേടും കൗതുകങ്ങളും കരുതലുകളും ഒക്കെ എത്ര മനോഹരമായിരുന്നു. എന്താവശ്യമുണ്ടെങ്കിലും പറയാനും കരുതാനും സഹോദരിമാരെപ്പോഴും കൂടെയുണ്ടായിരുന്നു. പാലായിലെ 'മൂലയില്‍തോട്ടത്തിലെ' വീട്ടിലേക്ക് എബിയുടെ ഭാര്യയായി വരുമ്പോള്‍ ഞാന്‍ ഉദ്യോഗസ്ഥയായിരുന്നില്ല. മൂത്തമോളെ പ്രഗ്നന്റ് ആയിരിക്കുമ്പോഴാണു ജോലിക്കു പോയിത്തുടങ്ങിയത്. അപ്പച്ചനും അമ്മച്ചിയും കുഞ്ഞുങ്ങളെ വളര്‍ത്താന്‍ ഒത്തിരി സഹായിച്ചു. പിന്നീട് വീടു വച്ചു മാറിയപ്പോള്‍ മുതല്‍ അവധിയെടുത്തും ഡേകെയര്‍ സെന്ററുകളില്‍ കൊണ്ടാക്കിയും ഓഫീസില്‍കൊണ്ടുപോയുമൊക്കെയാണ് ഞങ്ങള്‍ - അല്ല, ദൈവം ഇവരെ വളര്‍ത്തിത്തന്നത്. ഒരുമിച്ച് ഓടിവരുന്ന അസുഖങ്ങളും പരീക്ഷകളും പരീക്ഷണങ്ങളും എല്ലാം നേരിടുമ്പോള്‍ എബിക്കാണ് ധൈര്യം കൂടുതല്‍. അല്ലെങ്കില്‍ത്തന്നെ രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും ഒക്കെയായി എബിയുടെ കൂടെയുള്ള ജീവിതംതന്നെ ഒരു ത്രില്ലാണ്. 'ഓ, ഇതിപ്പം എന്താണെന്നേ, എല്ലാം കര്‍ത്താവ് നോക്കിക്കൊള്ളും' എന്ന ഒരു സിംപിള്‍ ലെവലിലാണ് എല്ലാക്കാര്യത്തിലും എബിയുടെ നില്പ്. അതുതന്നെയാണു ധൈര്യത്തോടെ ജീവിതം ഓടിത്തീര്‍ക്കാനുള്ള എന്റെ എനര്‍ജി ഡ്രിങ്കും.'' സിന്ധു നടന്നുവന്ന വഴികളെ മെല്ലെ ഓര്‍ത്തെടുത്തു.
''മക്കളുടെ എണ്ണം കൂടുന്തോറും സിന്ധുവിനോടുള്ള സ്‌നേഹവും ബഹുമാനവും കൂടിയിട്ടേ ഉള്ളൂ. അടുക്കളജോലികള്‍ അത്ര പരിചിതമല്ലെങ്കിലും, കുട്ടികളെ വളര്‍ത്താന്‍ പരിചയക്കുറവില്ല. ആറാംമാസം മുതല്‍ പകല്‍സമയത്ത് കുട്ടികളെ ഓഫീസില്‍ കൊണ്ടുപോയി കളിപ്പിക്കലും ഉറക്കലുമൊക്കെ എനിക്കും ശീലമാണ്. നെഞ്ചില്‍ക്കിടത്തിയുറക്കി മെല്ലെ, തറയില്‍ വിരിച്ച ബെഡ്ഡിലേക്കു കിടത്തും. നെഞ്ചേറി വളരുന്ന മക്കള്‍ നെഞ്ചോടു ചേര്‍ന്നുതന്നെ നില്‍ക്കില്ലേ?'' എബിയുടെ ചോദ്യത്തില്‍ കരുതുന്ന ഒരപ്പന്റെ കനിവും കരുത്തുമുണ്ട്. മാധ്യമം കോട്ടയം എഡിഷന്‍ ന്യൂസ് എഡിറ്റര്‍, പാലാ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ്, പാലാ എം.എല്‍.എ. മാണി സി. കാപ്പന്റെ പ്രസ് സെക്രട്ടറി - തീരാത്തിരക്കുകള്‍ക്കിടയിലും തന്റെ ചുമതലകള്‍ ഒരിക്കലും കുഞ്ഞുങ്ങളെ പോറ്റാന്‍ തടസ്സമായിട്ടില്ലെന്ന് എബി പറയുന്നു. ''വൈകിട്ട് എത്ര വൈകി വന്നാലും മക്കള്‍ കാത്തിരിക്കും. അതൊരു വലിയ സന്തോഷമല്ലേ? രാവിലെ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അവര്‍ അപ്പന്റെ നെറ്റിയില്‍ 'ആനാംവെള്ളം' തൊടുവിക്കും. മക്കളുടെ പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ടെന്ന ധൈര്യമുണ്ട്. സിന്ധു രാമപുരത്ത് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയാണ്. രണ്ടുപേരുംകൂടി ഒരുമിച്ചോടിയാലല്ലേ കാര്യങ്ങള്‍ നടക്കൂ, കൈകോര്‍ത്ത് ഓടുകയാണ്, കര്‍ത്താവിന്റെകൂടെ...'' എബി പറഞ്ഞു നിറുത്തി.
''പണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ അഞ്ചുപേര്‍ വളര്‍ന്ന സാഹചര്യങ്ങളല്ലല്ലോ ഇന്നത്തെ കുട്ടികള്‍ക്കുള്ളത്. ഇല്ലായ്മകള്‍ കുറവാണെങ്കിലും, സ്‌നേഹത്തിലൊട്ടും പിശുക്കരുതെന്ന് ഞാനവരോടു പറയാറുണ്ട്. അവസാനത്തെ പ്രഗ്നന്‍സിയുടെ സമയത്ത്, മനസ്സ് നിറയെ അകാരണമായ ഒരു ഭയമുണ്ടായിരുന്നു, ഞാന്‍ മരിച്ചാല്‍ മക്കള്‍ക്ക് ആരാണെന്ന ഒരു ചിന്ത. പ്രഷറും ഷുഗറും ഒക്കെയുണ്ടായിരുന്നു. എപ്പോഴും പ്രാര്‍ത്ഥിച്ചു. ആശുപത്രിയില്‍ ചെന്നതേ, ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാതെ അവളെ കൈയില്‍ക്കിട്ടി. മക്കളെല്ലാം വീട്ടുകാര്യങ്ങളില്‍ കൂടെക്കൂടും. മൂത്തമോള്‍ ലിയ ഡിഗ്രിക്കു പഠിക്കുകയാണ്. പാചകത്തിലും കുട്ടികളെ നോക്കാനുമൊക്കെ എന്നോടൊട്ടി നില്ക്കും എപ്പോഴും. ദിയ പന്ത്രണ്ടിലും ഇവാന ഒന്‍പതിലുമാണു പഠിക്കുന്നത്. ദിയ എല്ലാറ്റിലും മുമ്പിലുണ്ടാവും. ഇവാന ശാന്തപ്രകൃതക്കാരിയാണ്. ചേച്ചിമാര്‍ ഒത്തിരി പ്രാര്‍ത്ഥിച്ചു കിട്ടിയതാണ് ജോസഫിനെ. അവന്‍ പരീക്ഷണങ്ങളുടെ കൂട്ടുകാരനാണ്. ഇന്‍കുബേറ്റര്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി ജോസഫ് കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയതൊക്കെ ഒരു കഥയാണ്. കുഞ്ഞുമോള്‍ കാതറൈന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. മൂത്തവരുടെ കൂടെ, എന്നാല്‍, എല്ലാറ്റിലും അവരെക്കാള്‍ മുന്നില്‍. സമത്വം, സ്വാതന്ത്ര്യം, ഇന്ത്യന്‍ ഭരണഘടനയിലെ എല്ലാ അവകാശങ്ങളും നിരത്തി, സഹോദരിമാര്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ജോസഫ് ചിരിച്ചുകൊണ്ട് അവരുടെ കൂടെക്കൂടും.
''അവര്‍ക്കുവേണ്ടി വെയിലുകൊള്ളുന്ന അപ്പന്റെയും അമ്മയുടെയും തണലില്‍ നിന്നുകൊണ്ട് എല്ലാം തനിയെ ചെയ്യാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്, വിജയിക്കാറുമുണ്ട്. എല്ലാ ദിവസവും മക്കളൊരുമിച്ച് മൂന്നുമണിക്ക് കരുണക്കൊന്ത ചൊല്ലും.'' സിന്ധു പറഞ്ഞപ്പോള്‍ എബി കൂട്ടിച്ചേര്‍ത്തു: ''ആരോപണങ്ങളുടെയും പരാതികളുടെയും ലുത്തിനിയയെക്കാള്‍ എപ്പോഴും നല്ലത് അനുഗ്രഹങ്ങളുടെ വാഴ്‌വാണ്.'' അതേ, അതങ്ങനെതന്നെയാണ്. വാഴ്‌വില്‍ അനുഗ്രഹങ്ങള്‍ നിറയട്ടെ.