•  28 Nov 2024
  •  ദീപം 57
  •  നാളം 38
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

മുറിവുകളെ നിറവുകളാക്കിയ സ്‌നേഹവീട്

''അന്നക്കുട്ടിക്ക് എല്‍.കെ.ജി.യില്‍ അഡ്മിഷന്‍ ചോദിച്ചു പോയതും, അവളെ അവിടെ ചേര്‍ത്തതും സേറയാണ്. മക്കളെപ്പറ്റി ഏറെ അഭിമാനവും സന്തോഷവും തോന്നുന്ന ചില നിമിഷങ്ങളുണ്ടാവില്ലേ ഓരോരുത്തരുടെയും ജീവിതത്തില്‍. ഇതും അതുപോലൊന്നായിരുന്നു. മൂത്തമോള്‍ സേറയും ഏറ്റവും ഇളയമോള്‍ ഫൗസ്റ്റീനായും തമ്മില്‍ പതിനാല് വയസ്സോളം വ്യത്യാസമുണ്ട്. മൂത്ത രണ്ടു പെണ്‍മക്കളും എനിക്ക് ഇടത്തും വലത്തുമുള്ള രണ്ടു കാവല്‍മാലാഖാമാരെപ്പോലെ തോന്നാറുണ്ട്.'' മക്കളെപ്പറ്റിപ്പറയുമ്പോള്‍ അഭിമാനംകൊണ്ട് മീബയുടെ കണ്ണുകള്‍ തിളങ്ങി. കോട്ടയംജില്ലയിലെ ഭരണങ്ങാനം കിഴപറയാര്‍ മാന്നാത്തു വീട്ടില്‍ പയസിന്റെയും മീബയുടെയും ചിറകുകള്‍ക്കു കീഴില്‍ കുഞ്ഞിക്കിളികള്‍ ഒന്നും രണ്ടുമല്ല, ഏഴാണ്. പല നിറത്തിലുള്ള, ചന്തമുള്ള തൂവലുകള്‍കൊണ്ട് തൊങ്ങലുകള്‍ തീര്‍ത്തവര്‍.
''പയസിന്റെ വീട്ടില്‍ അവര്‍ എട്ടു മക്കളാണ്. അതുകൊണ്ടുതന്നെ ഒരു ഡസണ്‍ മക്കളെങ്കിലും വേണമെന്ന് പയസിന് ആഗ്രഹമുണ്ടായിരുന്നു. 19-ാം വയസ്സിലായിരുന്നു വിവാഹം. അതിനുശേഷമാണ് ഡിഗ്രി കംപ്ലീറ്റ് ചെയ്തത്. ആദ്യത്തെ രണ്ടു പെണ്‍കുട്ടികള്‍ക്കുശേഷം രണ്ട് ആണ്‍കുട്ടികള്‍കൂടി ജനിച്ചപ്പോള്‍ എല്ലാവരും ചോദ്യം തുടങ്ങി, പോരേ? ഇനി മതിയാക്കരുതോ? എന്ന്. പക്ഷേ, കുഞ്ഞുങ്ങളൊരിക്കലും ഞങ്ങള്‍ക്കൊരു ഭാരമായി തോന്നിയിട്ടേയില്ല. ഉറങ്ങാത്ത വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ അത് ഒരു കൈയില്‍ എണ്ണിത്തീരില്ല.
''ആണ്‍കുട്ടികള്‍ തമ്മില്‍ വലിയ പ്രായവ്യത്യാസം ഇല്ല. അവര്‍ വളര്‍ന്ന കാലങ്ങള്‍ ഇപ്പോഴോര്‍ക്കുമ്പോള്‍ എനിക്കദ്ഭുതമാണ്, എങ്ങനെ കടന്നുപോയെന്നറിയില്ല. എല്ലാക്കാലവും ഒരുപോലെയല്ലെങ്കിലും, എല്ലാക്കാലത്തും കൂടെ ഉണ്ടായിരുന്നവന്‍ താങ്ങി നടത്തി. അവനാണു നന്ദി പറയേണ്ടത്, എല്ലാറ്റിനും.'' ക്രൂശിതനിലേക്കു കണ്ണുകള്‍ ഉയര്‍ത്തുന്നവരാരും നിരാശരാവില്ലല്ലോ, ഭഗ്നാശരും.
''ഞാനേറ്റവും നന്ദി പറയേണ്ടതു മീബയോടാണ്. ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലെല്ലാം പരാതികളില്ലാതെ എന്നോടൊപ്പം സഞ്ചരിക്കുന്നതിന്, കുടുംബത്തെ കരുതുന്നതിന്, അവളുടെ ഉറക്കമിളപ്പുകളും ഉണ്ണാവ്രതങ്ങളുമാണ് വീടിന്റെ വെട്ടമായി മാറുന്നത്.'' പയസിന്റെ വാക്കുകളില്‍ പ്രിയപ്പെട്ടവളോടുള്ള നന്ദി തുളുമ്പുന്നുണ്ട്. പരസ്പരം മതിലുകളുയര്‍ത്താതെ, പാലങ്ങള്‍ തീര്‍ക്കുകയാണവര്‍, ഈ കനലിന്റെ കാലത്തും.
''പയസിന്റെ സഹോദരങ്ങള്‍ ഞങ്ങള്‍ക്കെപ്പോഴും ആശ്രയമാണ്. എട്ടു മക്കളുള്ളതിന്റെ നിറവ് ശരിക്കറിഞ്ഞവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ മക്കളുടെ എണ്ണത്തെപ്പറ്റി ആകുലതകളില്ല. ഞങ്ങളിലൂടെ വന്നൂ എന്നല്ലേ ഉള്ളൂ, ദൈവത്തിന്റെ മക്കളാണവര്‍. മൂത്തമോള്‍ സേറ - സി.എ. ഫൗണ്ടേഷന്‍ കോഴ്‌സ് ചെയ്യുകയാണ്. രണ്ടാമത്തെയാള്‍ ക്ലെയര്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പിന്നെയുള്ള ആണ്‍കുട്ടികള്‍ - എട്ടിലും ഏഴിലും ആറിലും നാലിലും പഠിക്കുന്ന ഫ്രാന്‍സീസ്, ജോനാഥന്‍, ജോബ്, ജോയല്‍ - അവര്‍ നാലു പേരും ഒറ്റക്കെട്ടാണ്. എന്തിനും ഏതിനും തയ്യാര്‍. തേങ്ങയിടാനും, ചക്ക പറിക്കാനും പുല്ലു ചെത്താനും തടമെടുക്കാനുമെല്ലാം അവര്‍ റെഡിയാണ്. ഒരുമിച്ചായതുകൊണ്ട് കളിക്കാനും പഠിക്കാനുമൊന്നും പുറത്തുനിന്ന് ആളെ എടുക്കേണ്ട. ഇളയവള്‍ ഫൗസ്റ്റീന ചേട്ടന്മാരുടെ അരുമശിഷ്യയായാണു വളരുന്നത്. വികൃതിക്കൊരു കുറവുമില്ല. മൂത്ത ചേച്ചിമാര്‍ ഇളയവര്‍ക്ക് ഗൈഡിങ്ങും കൗണ്‍സലിങ്ങും ഒക്കെ കൊടുത്തോളും. ഡ്രസ് സെലക്ഷന്‍, ഷോപ്പിങ് എല്ലാം ചേച്ചിമാരുടെ ഡിപ്പാര്‍ട്ട്‌മെന്റാണ്. ഒരു കുഞ്ഞിവാവകൂടി വേണമെന്നെപ്പോഴും മക്കള്‍ പറയും. അതു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമാണ്. അവര്‍ തമ്മില്‍ത്തമ്മില്‍ പങ്കുവയ്ക്കുന്നതു ഭക്ഷണം മാത്രമല്ല, വിചാരങ്ങളും വികാരങ്ങളും ജീവിതംതന്നെയുമാണ്. കിട്ടുന്നതൊക്കെ പ്രസാദത്തോടെ സ്വീകരിക്കാനും പരസ്പരം കാവലാകാനും കാലം അവരെ പഠിപ്പിക്കുന്നുണ്ട്. ചില ചില വാളനുഭവങ്ങള്‍ ജീവിതത്തിലുണ്ടാവാതിരിക്കില്ലല്ലോ. ഹൃദയം മുറിയുകയും ചെയ്യും. പക്ഷേ, കുടുംബം പുരട്ടിത്തരുന്ന സ്‌നേഹലേപനംകൊണ്ട് ആ മുറിവുകളെല്ലാം മെല്ലെമെല്ലെ ഉണങ്ങുകതന്നെ ചെയ്യും.'' മീബ പറഞ്ഞു നിറുത്തി.
ഒരിക്കല്‍ ചില ദൗര്‍ബല്യങ്ങളിലൂടെ തുഴഞ്ഞുപോയതുകൊണ്ടുമാത്രം കടവത്തു സ്വീകരിക്കപ്പെടാതെ തണുത്തുവിറച്ചു നില്‍ക്കേണ്ടിവരുന്നവരുണ്ട്. അവരെയും നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്ന ക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ ഊഷ്മളത ആവോളം അനുഭവിക്കുകയാണ് പയസും മീബയും മക്കളും പ്രത്യാശയോടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)