•  5 Dec 2024
  •  ദീപം 57
  •  നാളം 39
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

തകടിയേല്‍വീട്ടിലെ ആണ്‍പെരുമ

കാശവും പ്രകാശവും കയറിയിറങ്ങി നടക്കുന്ന ഒരു വീട്. അവിടെ താമസിക്കുന്നവരുടെ മനസ്സുപോലെ വിശാലമായ ഇടനാഴികളും ഇടങ്ങളും. ഇതിന്റെ രൂപരേഖ മെനഞ്ഞെടുത്തത് മൂത്ത മകനാണെന്നു പറയുമ്പോള്‍ കണ്ണുകള്‍ വിടരുന്ന ഒരു അപ്പനെയും അമ്മയെയും കാണണമെങ്കില്‍ പാലായിലെ അമ്പാറനിരപ്പേല്‍ ''തകടിയേല്‍'' വീട്ടിലേക്കു പോരൂ. ജോണിയും ലൈനമ്മയും 1994 ല്‍ സ്‌നേഹംകൊണ്ട് അടിത്തറ കെട്ടി പണിതുയര്‍ത്തിയ ഒരു കൊച്ചുവീടിന്റെ 2022 വെര്‍ഷന്‍.  ആണ്‍മക്കളില്‍  മൂത്തയാളായ സച്ചു എന്നു വിളിക്കുന്ന തോമസാണിതിന്റെ ആര്‍ക്കിടെക്റ്റ്.
''വിവാഹം കഴിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന തീരുമാനമൊന്നും എന്റെ മനസ്സിലുണ്ടായിരുന്നില്ല. ഏഴു മക്കളുള്ള വീട്ടിലെ ആറാമനായാണു ഞാന്‍ വളര്‍ന്നത്. കഷ്ടപ്പാടുകളും സന്തോഷങ്ങളും ഒരുപോലെ കൈനീട്ടി വാങ്ങാനുള്ള കൃപ ഞങ്ങള്‍ക്കെല്ലാവര്‍ക്കും കിട്ടിയിട്ടുണ്ട്. ഇന്നും എല്ലാ ഞായറാഴ്ചയും ഞങ്ങളെല്ലാവരും തറവാട്ടില്‍ ഒരുമിച്ചുകൂടും, ഭക്ഷണം കഴിക്കും. അതൊരു സ്പിരിറ്റാണ്. ഒരാളുടെ ആവശ്യത്തിന് എല്ലാവരും ഒപ്പമുണ്ടാകും. വലിയ കുടുംബം നല്‍കുന്ന നന്മകള്‍ എണ്ണിയാല്‍ തീരില്ല. ചേട്ടന്മാരുടെ തണലിലാണ് ഞാന്‍ വളര്‍ന്നത്. ചേച്ചി ഡല്‍ഹിയിലുണ്ടായിരുന്നതുകൊണ്ട്, അവിടെ ബിസിനസ് ആരംഭിച്ചു. പത്തുവര്‍ഷത്തോളം ഡല്‍ഹിയിലുണ്ടായിരുന്നു. ആ സമയത്തായിരുന്നു വിവാഹവും മൂത്ത രണ്ടു മക്കളുടെ ജനനവുമെല്ലാം. പക്ഷേ, മനസ്സെപ്പോഴും നാട്ടിലായിരുന്നു. 2000 ല്‍ തിരിച്ചുപോന്നു. ഇവിടെയിപ്പോള്‍ ഈരാറ്റുപേട്ടയില്‍ 'സൈബര്‍ ടെക് സിസ്റ്റംസ്' എന്ന കംപ്യൂട്ടര്‍ ഷോപ്പ് നടത്തുകയാണ്.'' എല്ലാം നേരത്തേ നിശ്ചയിച്ചുറപ്പിച്ചുള്ള ജീവിതം, എത്രമാത്രം വിഡ്ഢിത്തമാണെന്ന സത്യം തിരിച്ചറിയുന്ന ചുരുക്കം ചിലരുണ്ട്. വിപത്കരമായി ജീവിച്ച് തങ്ങളുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നവര്‍. ജോണിയുടെ വാക്കുകള്‍ അവരെ ഓര്‍മിപ്പിച്ചു.
''ദൈവം തന്ന മക്കളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. ലൈനമ്മയും ഞാനും അക്കാര്യത്തില്‍ സമാനചിന്താഗതിക്കാരായിരുന്നു. ഡല്‍ഹിയില്‍നിന്നു തിരിച്ചുവന്നതിനുശേഷം പ്ലാശനാലില്‍ താമസമാരംഭിച്ചു. മൂത്ത രണ്ടുപേരൊഴിച്ച് ബാക്കി മക്കളെല്ലാം ആ കൊച്ചുവീട്ടിലാണ് വളര്‍ന്നത്.  അമിതമായി ലാളിക്കാറില്ല. ആഡംബരങ്ങളെ പ്രോത്സാഹിപ്പിക്കാറുമില്ല. ആണ്‍കുട്ടികളല്ലേ? ചെറിയ കുസൃതികള്‍, പരുക്കുകള്‍, അപകടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ എന്റെ അമ്മ എന്നോടു പറഞ്ഞത് എപ്പോഴും ഓര്‍മയിലുണ്ട്: നീയൊന്നുകൊണ്ടും പേടിക്കേണ്ട. കുഞ്ഞുങ്ങള്‍ക്കു സുരക്ഷിതത്വം കൊടുക്കുന്നത് ദൈവമാണ്. മൂന്നാമത്തെയും അഞ്ചാമത്തെയും മക്കള്‍ വൈദികവിദ്യാര്‍ത്ഥികളാണ്. ദൈവം തൊടുമ്പോള്‍ എല്ലാം മനോഹരമായിത്തീരുന്നതുപോലെ മക്കളെല്ലാം ആ സ്‌നേഹത്തില്‍ പുലരണമെന്നു മാത്രമേ ഞങ്ങള്‍ ആഗ്രഹിക്കാറുള്ളൂ.'' 
ജോണി പറഞ്ഞുനിറുത്തിയിടത്തുനിന്ന് ലൈനമ്മ തുടങ്ങി: ''മാത്‌സില്‍ എം.എസ്.സിയുണ്ട്. ബിഎഡും എടുത്തിരുന്നു. വിവാഹം കഴിഞ്ഞു കുട്ടികളായശേഷം  ജോലിക്കു പോവാന്‍ തോന്നിയിട്ടില്ല. പഠിപ്പിക്കല്‍ വീട്ടില്‍ത്തന്നെ  ആവശ്യത്തിനുണ്ടല്ലോ. അതെനിക്കിഷ്ടവുമാണ്. ഈ ഏഴ് പുരുഷജന്മങ്ങളുടെ ഇടയില്‍ എങ്ങനെയുണ്ട് ജീവിതം എന്നു പലരും ചോദിക്കാറുണ്ട്: എനിക്കൊരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.
ജോണി വളരെ വിശാലമായ ജീവിതദര്‍ശനങ്ങളുള്ള ഒരാളാണ്.  എന്നോടെന്നല്ല ആരോടും അങ്ങനെ ദേഷ്യപ്പെടാറില്ല. ഞങ്ങളൊരിക്കലും പിണങ്ങിയിരുന്നിട്ടുമില്ല.  കുട്ടികളുടെ കാര്യമുള്‍പ്പെടെ എല്ലാറ്റിലും ഫുള്‍ സപ്പോര്‍ട്ടും തരും. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യത്തില്‍ ജോണിയുടെ ചേട്ടന്മാരും അവരുടെ ഭാര്യമാരുമൊക്കെ ഒത്തിരി സഹായിച്ചിട്ടുണ്ട്. എല്ലാവരുമൊരുമിച്ചു തറവാട്ടിലുള്ള ഒത്തുകൂടല്‍ ഇന്നത്തെക്കാലത്ത് അപൂര്‍വമല്ലേ. പെണ്‍കുട്ടികളെ ഇഷ്ടമായിരുന്നു. പക്ഷേ, ഇല്ലാത്തതിന്റെ കുറവൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ആണ്‍കുട്ടികളാണെന്നും പറഞ്ഞ് ഒരു കാര്യത്തിലും അവര്‍ മാറിനിന്നിട്ടില്ല, മാറ്റിനിര്‍ത്താറുമില്ല. ഭക്ഷണം വിളമ്പാനും പാത്രം കഴുകാനും തുണികള്‍ വൃത്തിയാക്കാനും തറ തുടയ്ക്കാനുമെല്ലാം അവര്‍ കൂട്ടിനുണ്ട്.''
ലൈനമ്മ പഠിപ്പിച്ച സ്വയം പര്യാപ്തതയുടെ പാഠങ്ങള്‍ മക്കളെ ഉറപ്പായും സഹായിക്കും, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ വേഗത്തില്‍ പറക്കാന്‍...
''ഇനി മക്കളെപ്പറ്റി പറയാം. മൂത്ത മകന്‍ 'സച്ചു' എന്നു വിളിക്കുന്ന തോമസ് ആര്‍ക്കിടെക്റ്റാണ്. എല്ലാക്കാര്യത്തിലും അവന്ഉറച്ച തീരുമാനങ്ങളുണ്ട്. രണ്ടാമത്തെയാള്‍ മാത്യു ഡിഗ്രി കഴിഞ്ഞ് യുകെയില്‍ ഉപരിപഠനത്തിനൊരുങ്ങുകയാണ്. സ്‌പോര്‍ട്‌സിനോട് ഏറ്റവും കൂടുതല്‍ കമ്പം മത്തായിച്ചനാണ്. പ്ലാശനാല്, കുടുംബത്തിലെ പിള്ളേരെല്ലാംകൂടി നിര്‍മിച്ചിരിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫിന്റെ മേല്‍നോട്ടവും മാത്യുവാണ്. മൂന്നാമത്തെ മോന്‍ ജോണ്‍സണ്‍ (ജോ), ഇപ്പോള്‍ സി.എസ്.ടി. ആശ്രമത്തില്‍ അഞ്ചാം വര്‍ഷ വൈദികവിദ്യാര്‍ത്ഥിയാണ്. നാലാമന്‍ ജോസഫ്, ഞങ്ങള്‍ യൗസേപ്പച്ചനെന്നു വിളിക്കും, എല്‍എല്‍ബിക്കു പഠിക്കുന്നു. സാമൂഹികബന്ധങ്ങളുടെ കാര്യത്തില്‍ ഏറ്റവും സ്‌ട്രോങ് ജോസഫാണ്. അഞ്ചാമന്‍ അബ്രാഹം. ഞങ്ങളുടെ അവരാച്ചന്‍. ജോണ്‍ മരിയ വിയാനിയെപ്പോലൊരു അച്ചനാവുകയാണവന്റെ സ്വപ്നം. വര്‍ത്തമാനം കുറവും പ്രാര്‍ത്ഥന കൂടുതലുമുള്ള അവന്‍ മൂന്നാംവര്‍ഷ വൈദികവിദ്യാര്‍ത്ഥിയാണ്. ആറാമന്‍ എമ്മാനുവേല്‍, പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. എല്ലാറ്റിനും നല്ല സ്പീഡാണ്. വീട്ടിലെ ജംബോജെറ്റ്.'' ലൈനമ്മ പറഞ്ഞുനിര്‍ത്തി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)