•  18 Apr 2024
  •  ദീപം 57
  •  നാളം 6
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

വെളിച്ചം തെളിക്കുന്ന സ്‌നേഹക്കൂടാരം

കോട്ടയം അരുവിത്തുറ വെയിലുകാണാംപാറയിലെ ''നെടുന്താനത്ത്'' വീട്ടിലെ ബെന്നിയും ജെസിയും എട്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അടിത്തറ അവര്‍ കെട്ടിപ്പൊക്കിയത് വിശ്വാസത്തിന്റെ പാറമേലാണ്. ജെസിയുടെ വാക്കുകള്‍ക്കും പാറപോലെ ഉറപ്പ്.
''ബെന്നിക്ക് അപ്‌ഹോള്‍സ്റ്ററി വര്‍ക്കാണ്, വീടിനടുത്തുതന്നെ. ബുദ്ധിമുട്ടുകളുണ്ട്. ഒത്തിരി സുഹൃത്തുക്കളുടെ പ്രാര്‍ത്ഥനയും കരുതലുമാണ് ഞങ്ങളുടെ ശക്തി. കഷ്ടപ്പാടുകള്‍ മറികടക്കാനുള്ള ഒരു ശക്തി ദൈവം തരുന്നുണ്ട്. ആദ്യത്തെ കുഞ്ഞിനെ എന്റെ ചില ആരോഗ്യപ്രശ്‌നങ്ങള്‍മൂലം നഷ്ടപ്പെട്ടു. അതിനുശേഷം ഈശോയ്ക്കു ഞാന്‍ വാക്കു കൊടുത്തു, ഇനി നീ തരുന്ന കുഞ്ഞുങ്ങളെയെല്ലാം, അതെത്രയായാലും, എന്തൊക്കെ രോഗങ്ങള്‍ അനുഭവിക്കേണ്ടിവന്നാലും നിനക്കുവേണ്ടി ഞാന്‍ വളര്‍ത്തുകതന്നെ ചെയ്യും എന്ന്. അതിനുശേഷം അപാരമായ ഒരു 'കൃപ' എന്നെ വന്നു പൊതിഞ്ഞു. പിന്നീട് മക്കളെയോര്‍ത്ത് ഞാന്‍ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല, അധൈര്യം തോന്നിയിട്ടുമില്ല. ഈ ഇട്ടാവട്ടത്തില്‍ എട്ടു കുഞ്ഞുങ്ങളെ വളര്‍ത്താന്‍ എനിക്കൊരു ബുദ്ധിമുട്ടും തോന്നാറുമില്ല. ക്രിസ്തുവിനോടുകൂടെ ആയിരിക്കുക എന്നു പറഞ്ഞാല്‍ കഷ്ടതകളുടെ കൂടെ ആയിരിക്കുക എന്നും അര്‍ത്ഥമുണ്ടെന്ന് സിംപിളായി പറഞ്ഞുതരികയാണ് ജെസി.
ജെസിയെപ്പോലെതന്നെ എല്ലാക്കാര്യങ്ങളിലും ഉറച്ച ബോധ്യമുണ്ട് ബെന്നിക്കും. ''ഒത്തിരിപ്പേരുടെ കളിയാക്കലുകളും പരാതിപറച്ചിലുകളും എല്ലാം കേട്ടിട്ടുണ്ട്. പാവപ്പെട്ടവനെന്തിനാ ഇത്രയും മക്കള്‍ എന്നു ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. എനിക്കും ജെസിക്കും നല്ല ധൈര്യമുണ്ട്. മക്കളെല്ലാം നന്നായി വളരും. ആദ്യത്തെ രണ്ടു കുഞ്ഞുങ്ങള്‍ വളര്‍ന്നപ്പോഴുള്ള ബുദ്ധിമുട്ടൊന്നും ഇപ്പോഴൊട്ടുമില്ല. മൂത്തമോന്‍ ഡെന്നീസ് കാനഡയില്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. ഒത്തിരിപ്പേരുടെ കരുതലും സഹായവുമൊക്കെ അതിനു പിന്നിലുണ്ട്. രണ്ടാമത്തെ മോന്‍ ഡേവിസ്, ഡിഗ്രി സെക്കന്റ് ഇയറായി. നന്നായി പഠിക്കുന്നുണ്ട്. ഡോണും അല്‍ഫോന്‍സയും കുര്യാക്കോസും ആന്റണിയും ഫ്രാന്‍സിസും ക്ലയറും എപ്പോഴും കളിയും ചിരിയും വഴക്കും ഒക്കെയായി അങ്ങനെ... കൊച്ചുകുട്ടികളല്ലേ? അവരും ചേട്ടന്മാരെ കണ്ടു പഠിക്കട്ടെ. ഡെന്നീസ് പോകുന്നതിനുമുമ്പ് എന്റെകൂടെ കടയില്‍ പണികള്‍ക്കു വന്നിരുന്നു. ഡേവിസ് വീട്ടിലെ ജോലികളില്‍ അമ്മയെ സഹായിക്കും. ഇളയകുഞ്ഞുങ്ങള്‍ക്കു വസ്ത്രം വാങ്ങണ്ടേ? ഹോസ്പിറ്റലില്‍ പോകണ്ടേ? അവരുടെ ചെരുപ്പ് ചീത്തയായല്ലോ, മേടിക്കണ്ടേ, പൈസ ഉണ്ടോ? ഇങ്ങനെ എല്ലാം ചോദിച്ചും കണ്ടും ചെയ്യുന്നതു മുതിര്‍ന്ന ചേട്ടന്മാരാണ്. ജെസിക്കും അവര്‍ വലിയ ആശ്വാസമാണ്.'' ബെന്നി പറഞ്ഞു നിറുത്തി.
''കല്യാണങ്ങള്‍ക്കൊന്നും അധികം പോകാറില്ല. ആഘോഷങ്ങളും അധികമില്ല. കുഞ്ഞുങ്ങള്‍ക്ക് അമിതമായ ആഗ്രഹങ്ങളുമില്ല. കുഞ്ഞുകുഞ്ഞു സന്തോഷങ്ങളില്‍ അവര്‍ തൃപ്തരാണ്. എല്ലാവരും ഒരുമിച്ച് വീട്ടില്‍ ഉള്ളതാണ് അവര്‍ക്കേറ്റവും സന്തോഷം. ഡെന്നീസ് എന്താവശ്യമുണ്ടെങ്കിലും എവിടെയും ബൈക്കില്‍ എന്നെ കൊണ്ടുപോകും. എട്ടാമത്തെ കുഞ്ഞിനെ പ്രഗ്നന്റായിരിക്കുമ്പോള്‍, ''വാ അമ്മേ, ധ്യാനം കൂടിക്കോ, ഞാന്‍ കൊണ്ടുപോകാം'' എന്നു പറഞ്ഞവന്‍ കൂടെ വന്നു. എനിക്കുവേണ്ടി, ആദ്യംതന്നെ, ദൈവം മൂത്തമക്കളെ ഒരുക്കി അയച്ചതാണെന്നു തോന്നാറുണ്ട്. വീട്ടില്‍ ആദ്യകാലത്ത് കറന്റില്ലായിരുന്നു. 10000 തുകയാകുന്ന അഞ്ചു പോസ്റ്റ് ഇട്ടാലേ വൈദ്യുതി ലഭിക്കൂ എന്നു കെ.എസ്.ഇ.ബിയില്‍ നിന്നറിയിച്ചു. ഒരിക്കലും പ്രതീക്ഷിച്ചതല്ല കുഞ്ഞുങ്ങള്‍ക്കു രാത്രി വെളിച്ചം കണ്ടു പഠിക്കാനാവുമെന്ന്. പ്രാര്‍ത്ഥിച്ചു. അപ്രതീക്ഷിതമായി ഗവണ്മെന്റ് ഓര്‍ഡര്‍ വന്നു, വൈദ്യുതിരഹിതഭവനങ്ങളിലെല്ലാം വെളിച്ചമെത്തിക്കണെമെന്ന്. ഇങ്ങനെയിങ്ങനെ സമയമാവുമ്പോള്‍ സ്വര്‍ഗത്തില്‍നിന്നു കിട്ടുന്ന ഓരോരോ വെട്ടങ്ങളാണ് ഞങ്ങളെ നയിക്കുന്നത്.'' ജെസി ചിരിക്കുകയാണ്, വിശ്വാസത്തിന്റെ വെളിച്ചം പരത്തി.

 

Login log record inserted successfully!