•  21 Nov 2024
  •  ദീപം 57
  •  നാളം 37
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

സ്‌നേഹത്തിന്റെ കുടക്കീഴില്‍

''ഇത്രയും കുഞ്ഞുങ്ങളെന്തിനാ രാജേഷേ? നിനക്കൊന്നും വേറേ പണിയില്ലേ?'' എന്നു കടയില്‍ വന്ന് രോഷാകുലയായി ചോദിച്ച ചേച്ചിയോട് രാജേഷിനു പിണക്കമൊന്നുമില്ല, അന്നും ഇന്നും. ദൈവം നല്‍കിയ കുഞ്ഞുങ്ങളെ ഹൃദയത്തോടു ചേര്‍ത്താണു സ്വീകരിച്ചത്, വളര്‍ത്തുന്നതും.
പാലാ മുണ്ടാങ്കല്‍ പുളിക്കീല്‍ വീട്ടിലെ കുടുംബനാഥനാണ് രാജേഷ്. പാലായിലെ ''പുളിക്കീല്‍ ഫുട്‌വെയര്‍'' എന്ന ചെരിപ്പുകടയുടെ ഉടമ. വിളിക്കുമ്പോള്‍ എറണാകുളത്ത്, പാലാക്കാരുടെ പാദങ്ങള്‍ക്കു പലയളവിലുള്ള  ചെരിപ്പുകള്‍ തിരഞ്ഞെടുക്കുകയായിരുന്നു രാജേഷും റ്റെജിയും. ''തിരക്കിലാണോ'' എന്നു തിരക്കിയപ്പോള്‍ ചിരിച്ചുകൊണ്ടു റ്റെജി പറഞ്ഞു: ''എറണാകുളത്തായതുകൊണ്ടു തിരക്കില്ല, വീട്ടിലല്ലേ തിരക്ക്?'' അഞ്ച് ആണ്‍കുട്ടികളുടെ ഈ അമ്മ ഒന്ന് ''ചില്‍'' ചെയ്യുന്നത് ഇതുപോലുള്ള യാത്രകളില്‍ രാജേഷിന്റെകൂടെ കൂടുമ്പോഴാണ്.
ഇരുപത്തിയൊന്നാം വയസ്സില്‍ രാജേഷിന്റെകൂടെ നടന്നുതുടങ്ങിയതാണ് റ്റെജി. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നു പറയുന്നതു വെറുതേയാണെന്നു കരുതരുത്. 'ദൈവം യോജിപ്പിച്ചത്' എന്ന് ക്രിസ്തു പറയുന്നത് അതങ്ങനെ ആയതുകൊണ്ടാണ്. അല്ലെങ്കില്‍പ്പിന്നെങ്ങനെയാണ് ഒരമ്മ തന്റെ മകന്റെ വധുവിനെ, അവന്‍ കാണുംമുമ്പേതന്നെ തിരഞ്ഞെടുക്കുക? രാജേഷിന്റെ അമ്മ ഏലമ്മ, 'ഇവളാണെന്റെ മകന്റെ ഭാര്യ' എന്നു തീരുമാനിച്ചശേഷം നടന്ന വിവാഹമാണ് ഞങ്ങളുടേതെന്നു റ്റെജി പറയുമ്പോള്‍ നമ്മുടെ മനസ്സിലും കൗതുകം നിറയും. അന്നുതൊട്ടിന്നുവരെ ആ തിരഞ്ഞെടുപ്പില്‍ 'ജയിച്ച സ്ഥാനാര്‍ത്ഥിയായി' രാജേഷിന്റെകൂടെയുണ്ട് റ്റെജി. നേട്ടങ്ങളില്‍ കൂടെച്ചിരിച്ചും, സങ്കടങ്ങളില്‍ ചങ്കോടു ചേര്‍ന്നും.
''ഞങ്ങള്‍ രണ്ട് ആണ്‍മക്കളാണ്. കൂടുതല്‍ കുഞ്ഞുങ്ങള്‍ എന്നതു സ്വപ്നമൊന്നുമായിരുന്നില്ല. ജീവിതത്തിന്റെ ഒഴുക്കിലങ്ങനെ വീണുകിട്ടിയ നിധികളാണ്. കിട്ടിയപ്പോ ആരോഗ്യത്തോടെ കിട്ടിയത് അനുഗ്രഹം. മിടുക്കന്മാരായി വളരുന്നുണ്ട്. വലിയ വഴക്കൊന്നുമില്ല, ശാന്തപ്രകൃതരാണ്. എല്ലാറ്റിലും അവര്‍ അമ്മയെ സഹായിക്കാറുണ്ട്. റ്റെജിക്ക് ഇടയ്ക്ക് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അമ്മയുടെ കൂടെക്കൂടണമെന്നവര്‍ക്കറിയാം. എല്ലാ ജോലികളും ചെയ്തു പഠിപ്പിച്ചാണ് വളര്‍ത്തുന്നത്. വിശ്വാസത്തിലും പഠനത്തിലും അവര്‍ ഇതുവരെ പിന്നോട്ടുപോയിട്ടില്ല. റ്റെജിക്ക് എല്ലാം വൃത്തിയായും വെടിപ്പായും വേണം; മക്കളോടു ഞാനതു പറഞ്ഞുകൊടുക്കാറുണ്ട്, അമ്മയെ ടെന്‍ഷനടിപ്പിക്കരുത്, എല്ലാം പെര്‍ഫക്ടായി ചെയ്യാന്‍ ശ്രമിക്കണമെന്ന്'' രാജേഷിന്റെ വാക്കുകളില്‍ ഒരുമിച്ചേറ്റ ഉടമ്പടിയുടെ കരുതലുണ്ട്.
''അഞ്ചു പ്രസവങ്ങളും സിസേറിയനായിരുന്നു. ബുദ്ധിമുട്ടുകള്‍ തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം അപ്രതീക്ഷിതമായി സംഭവിച്ച ഒത്തിരി മാറ്റങ്ങള്‍ ജീവിതത്തെ ഉലച്ചുകളഞ്ഞ അനുഭവങ്ങളുണ്ട്.
''രാജേഷിന്റെ വല്യപ്പച്ചന്‍ ഞങ്ങളുടെകൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉത്തരവാദിത്വം കൂടുതലായിരുന്നു. അഞ്ചാമത്തെ സിസേറിയന് ഞാന്‍ മരിക്കാനൊരുങ്ങി കുമ്പസാരിച്ചു കുര്‍ബാന സ്വീകരിച്ചാണു പോയത്. പക്ഷേ, അമരത്തിരിക്കുന്നവന്‍ ശക്തനാണെങ്കില്‍ തുഞ്ചത്തിരുന്നാലും പേടിക്കേണ്ടതില്ലെന്നു പിന്നീടു തിരിച്ചറിഞ്ഞു. ഒരു ബുദ്ധിമുട്ടുമില്ലാതെ എല്ലാം കഴിഞ്ഞു. ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു.'' റ്റെജി പറഞ്ഞുതുടങ്ങി.
''രാജേഷ് നൂറു ശതമാനം നല്ല മനുഷ്യനാണ്. ഏതു മഴയത്തും എനിക്കു കയറി നില്‍ക്കാനാവുന്ന ഒരു കുടപോലെ. എന്തും പറയാം. തെല്ലു മാറിനിന്ന് എല്ലാക്കാര്യങ്ങളും കാണാന്‍ ശ്രമിക്കും. മറ്റുള്ളവരുടെ വിചാരങ്ങള്‍ക്കും വാക്കുകള്‍ക്കും കാതു കൊടുക്കുന്നവനാണ്. മക്കളും എപ്പോഴും കൂടെയുണ്ടാവും. മൂത്തയാള്‍ മിഷാല്‍ നല്ല കെയറിങ്ങാണ്. ഏതു ജോലിയും ചെയ്യും. നിലം കിളയ്ക്കാനും തെങ്ങിനു തടമെടുക്കാനുമൊക്കെ മിടുക്കനാണ്. മിലന്‍ അടുക്കളക്കാര്യങ്ങള്‍ക്കൊക്കെ  എന്റെകൂടെ നില്‍ക്കും. മിയോണ്‍ നാലാം ക്ലാസിലാണ്. അവനിപ്പോഴും അപ്പയുടെയും അമ്മയുടെയും കൂടെക്കിടക്കാന്‍ കൊതി പറയും. മിഗ്വേലും മിവാനും കൂട്ടുകൂടി നടന്നുകൊള്ളും. ചേട്ടന്മാരുടെ തോളേറാനും, കൂടെക്കിടക്കാനുമൊക്കെ കുഞ്ഞനിയന്മാര്‍ക്കിഷ്ടമാണ്. അമ്മേ, അമ്മേ എന്നു വിളിച്ച് എപ്പോഴും പിറകിലുണ്ടാവും എല്ലാവരും. രാജേഷ് ഇത്തിരികൂടി സ്ട്രിക്ടാണ്. ഒരു തീരുമാനമെടുത്താല്‍ അതില്‍നിന്നു മാറ്റമുണ്ടാവില്ല. 'കുഞ്ഞുങ്ങളെ ഒന്നു പിടിക്കണേ ഞാന്‍ അയഞ്ഞാ' എന്നു ഞാന്‍ ഇടയ്ക്കിടെ രാജേഷിനോടു പറയും. എല്ലാറ്റിനും, കുഞ്ഞുങ്ങളെ വളര്‍ത്താനും കരുതാനും എല്ലാം, രാജേഷിന്റെ അമ്മയും എന്റെ മാതാപിതാക്കളും കൂടെയുണ്ട്. കുടുംബമല്ലേ നമ്മുടെ കരുത്ത്?'' കുടുംബത്തില്‍നിന്നു കിനിഞ്ഞിറങ്ങുന്ന സ്‌നേഹത്തിന്റെ മധുരം റ്റെജിയുടെ വാക്കുകളിലുണ്ട്. സ്‌നേഹിക്കപ്പെടുന്നു എന്നതിനെക്കാള്‍ സാന്ത്വനവും സൗഖ്യവും നല്‍കുന്ന മറ്റെന്താണുള്ളത്?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)