•  5 Dec 2024
  •  ദീപം 57
  •  നാളം 39
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

പ്രാര്‍ത്ഥനയില്‍ മൊട്ടിട്ട അഷ്ടകുസുമങ്ങള്‍

''ഏറ്റു നില്‍ക്കാന്‍ പറ്റുന്നില്ലല്ലോ. പിന്നെങ്ങനെയാ നിങ്ങള്‍ എട്ടുപെറ്റത്?''
ഇലക്ഷന്‍ ഡ്യൂട്ടിക്കിടയില്‍ കൂടെയുണ്ടായിരുന്ന ഓഫീസര്‍ ചോദിച്ചു. വെട്ടം വിതറുന്ന ചിരിയോടെ പ്രീതി പറഞ്ഞു: ''എട്ടിനേം തന്നത്  നല്ല ഏക്കമുള്ളവനാ. എന്റെ മിടുക്കല്ല, അവന്റെ കൃപയല്ലേ എല്ലാം?'' യൗവനത്തിലേതന്നെ ജീവിതത്തെക്കുറിച്ചുള്ള വെളിച്ചംകിട്ടിയ ആ പെണ്‍കുട്ടിയുടെ മുന്നില്‍ പരിഹാസത്തിന്റെ മുള്ളുകള്‍ പനിനീര്‍പ്പുക്കളായി മാറി. ഒരു ഉറുമ്പു കടിച്ച വേദനയ്ക്ക്, പായാരം പറയുന്നവര്‍ക്ക്, കുറവുകളെ കൃപയാക്കി മാറ്റേണ്ടതെങ്ങനെയെന്നു പറഞ്ഞുതരും പ്രീതി.
പ്രീഡിഗ്രിക്കു പഠിക്കുന്ന സമയം. നടുവിനും കാലിനും വല്ലാത്ത വേദന. നട്ടെല്ലിന്റെ വളവു തിരിച്ചറിഞ്ഞപ്പോള്‍ കുടുംബം മുഴുവന്‍ ആ സങ്കടത്തില്‍ മുങ്ങിപ്പോയി. അച്ചായന്‍ റെയില്‍വേയില്‍ ടി.ടി.ആര്‍. ആയിരുന്നു. മനസ്സു നുറുങ്ങി ധ്യാനം കൂടാന്‍ പോയി. തിരിച്ചുവന്നത് ദുശ്ശീലങ്ങളൊന്നുമില്ലാത്ത പുതിയ മനുഷ്യനായാണ്. അച്ചായന്റെ മാറ്റം ഞങ്ങളിലേക്കും പടര്‍ന്നു. പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ മൂന്നു മക്കളും തമ്മില്‍ മത്സരമായി. തീക്ഷ്ണത കൂടിയതേയുള്ളൂ. ചെറിയ ചെറിയ കൂട്ടായ്മകളായി അതു വളര്‍ന്നു. മുതിര്‍ന്നവര്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളെ പ്രാര്‍ത്ഥിപ്പിച്ചു. അങ്ങനെ ശക്തമായ വിശ്വാസത്തിന്റെ ഒരു അടിത്തറ കുടുംബത്തില്‍ നിന്നുകിട്ടി.
എന്നിലും തീക്ഷ്ണതയുള്ള ഒരാളെ ദൈവം എനിക്ക് കൂട്ടായിത്തന്നു. അതേ ആഗ്രഹിച്ചിരുന്നുള്ളൂ. ഒരേ കാഴ്ചപ്പാടുള്ള രണ്ടുപേര്‍ ഒരുമിച്ചായിരിക്കുമ്പോള്‍ ജീവിതം എളുപ്പമല്ലേ? വിവാഹം കഴിക്കുമ്പോള്‍ ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും സ്ഥിരജോലിയില്ല. മൂന്നാമത്തെ പ്രഗ്നന്‍സിയുടെ സമയത്ത് ടി.ടി.സി. പാസായി. ആറു കുട്ടികളായതിനുശേഷമാണു ജോലിക്കു പോകാന്‍ തുടങ്ങിയത്. ഇപ്പോള്‍ കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ അധ്യാപികയാണ്. 'ബെത്‌ലഹേമി'ലെ സമ്പത്തിലും ദാരിദ്ര്യത്തിലും എട്ട് ആണ്‍മക്കളും കൂട്ടായി കൂടെയുണ്ട്. 'ബെത്‌ലഹേം' എന്നു പേരുള്ള വീട്ടില്‍നിന്നുയരുന്നത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്തുതിപ്പുകളാണ്. 'ദൈവം ഉള്ളിലുണ്ട്' എന്ന അതിജീവനത്തിന്റെ സുവിശേഷം മനഃപാഠമാക്കുകയാണവര്‍.
'ക്രിസ്തുവിന്റെ സ്‌നേഹത്തില്‍നിന്ന് അവര്‍ക്കെന്നെ അകറ്റാനാവുമെ'ന്ന് മധുരമായി ഹുങ്കു പറയുന്ന പൗലോസിനെപ്പോലെയാണ് തോമസ് കുര്യന്‍. നാവിലും നാട്ടിലും 'സദ്വാര്‍ത്ത' ഘോഷിക്കുന്നയാള്‍. ബെത്‌ലഹേം ടി.വി.യിലൂടെ പ്രബോധനങ്ങളും തിരുത്തലുകളും. റേഷന്‍കാര്‍ഡില്‍ ജോലി 'സുവിശേഷവേല', എന്നെഴുതാന്‍ മടിയേതുമില്ലാത്ത 'നിങ്ങളുടെ അകത്തുള്ളവന്‍ പുറത്തുള്ളവനെക്കാള്‍ ശക്ത'നാണെന്ന വചനത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ 'ശക്തിമാന്‍'. ''കുടുംബത്തില്‍ പത്തു മക്കളിലെ ഏഴാമത്തവനായിരുന്നു ഞാന്‍. ഏഴു കുട്ടികള്‍ വേണമെന്നാഗ്രഹിച്ചു. ഒന്നിനെ ദൈവം കൂടുതല്‍ തന്നു. കൂടെ അതിലേറെ അനുഗ്രഹങ്ങളും. എല്ലാം ദൈവമാണു പ്ലാന്‍ ചെയ്യുന്നത്. നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കുക. ഒന്നും കൂടുതലായി കരുതിവയ്ക്കാറില്ല.  കഴിഞ്ഞുപോകുന്നുണ്ട് എല്ലാം ഭംഗിയായി.''
'എട്ട് ആണ്‍മക്കളെ വളര്‍ത്തുക അത്ര എളുപ്പമാണോ'യെന്ന ചോദ്യത്തിന് തോമസൊന്നു ചിരിച്ചു. ''തന്നവന്‍ കുറവില്ലാതെ വളര്‍ത്തുന്നുണ്ട്. അവര്‍ക്കൊരു ടൈംടേബിളുണ്ട്. രാവിലെ ഉണര്‍ന്ന് പള്ളിയില്‍പ്പോകും. അള്‍ത്താരശുശ്രൂഷ ചെയ്യും. പകല്‍ ഓരോ ദിവസം ഓരോരുത്തര്‍ക്കുമായി ഡ്യൂട്ടികള്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. പാചകം, വീടു വൃത്തിയാക്കല്‍ അങ്ങനെയെല്ലാം. വൈകിട്ട് ആറരമുതല്‍ എട്ടുവരെയുള്ള പ്രാര്‍ത്ഥന ഓരോരുത്തര്‍ ലീഡ് ചെയ്യും. ഓരോരുത്തര്‍ക്കും ഓരോ റോളുണ്ട്. സുവിശേഷം വായിച്ച് മനനം ചെയ്യും. ഞായറാഴ്ച ഒരു വചനം പഠിക്കും. ആഴ്ച മുഴുവന്‍ അതു പറഞ്ഞ് മുട്ടുകുത്തി പ്രാര്‍ത്ഥിക്കും. നമ്മളങ്ങ് ലീഡു ചെയ്യും. പിള്ളേര് നമ്മളെക്കണ്ടല്ലേ പഠിക്കുന്നത്?'' എക്കാലത്തേക്കുമുള്ള അപ്പം ഇന്നേ കരുതിവയ്ക്കണമെന്നു വാശിപിടിക്കുന്ന ഭോഷന്മാരുടെയിടയില്‍ തോമസ് ചേട്ടന്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ശിരസ്സു കുനിക്കാത്ത, ഒരു ഹിമാലയംപോലെ.
''ദാനിയേല്‍, ജോഷ്വ, സാമുവല്‍, തോബിത്, ജെറമിയ, സഖറിയ, നെഹമിയ, ഹനോക്ക് - മുന്നില്‍ പഴയ നിയമം തുറന്നുവച്ചതുപോലെ തോന്നുന്നുണ്ടോ? മക്കളുടെ പേരാണ്.'' പ്രീതി വീണ്ടും ചിരിച്ചു. അഞ്ചാമത്തെ കുഞ്ഞ് ജെറമിയ, ജനിച്ചപ്പോള്‍ അവര്‍ കരഞ്ഞില്ല. പേടിച്ചുപോയി. ഒത്തിരി പ്രാര്‍ത്ഥിച്ചാണവനെ തിരികെക്കിട്ടിയത്. 'ദൈവത്താല്‍ ഉയര്‍ത്തപ്പെട്ടവന്‍' എന്നു നേരത്തേ തീരുമാനിച്ചിരുന്ന പേര് അവനെത്ര നന്നായി ഇണങ്ങി? നമ്മുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍പോലും ദൈവം അറിയുന്നുവെന്ന്  തിരിച്ചറിഞ്ഞ എത്രയോ നിമിഷങ്ങളുണ്ടെന്നോ ജീവിതത്തില്‍? ആഡംബരങ്ങളൊട്ടുമില്ലാത്ത അത്യാവശ്യങ്ങളേറെയുള്ള ഞങ്ങളുടെ വീട്ടില്‍ ഒത്തിരി സന്തോഷങ്ങള്‍ ഓട്ടോ പിടിച്ചുവരാറുണ്ട്.''
ആണ്‍കുട്ടികള്‍ മാത്രമായുള്ള ജീവിതത്തെപ്പറ്റി പറയുമ്പോഴും പ്രീതിയുടെ ശബ്ദത്തില്‍ പരാതിയുടെ ധ്വനികളില്ല. ''മൂന്നു വര്‍ഷംമുമ്പ് ദാനിയേല്‍ പ്ലസ് ടു വില്‍ പഠിക്കുമ്പോഴാണ് ഇളയവന്‍ ഹനോക്ക് ജനിച്ചത്. അന്നവന്‍ ഹോസ്പിറ്റലില്‍ കൂട്ടുകാരെല്ലാമായി വന്ന് ഫോട്ടോയൊക്കെ എടുത്ത് അതൊരു ഉത്സവമാക്കി. പപ്പയുടെകൂടെ എഡിറ്റിങിനും മറ്റും സഹായിക്കുന്നത് ജോഷ്വയാണ്. എട്ടാം ക്ലാസുകാരന്‍ സാമുവല്‍ വീടു മാനേജു ചെയ്യാന്‍ മിടുക്കനാണ്. ഇളയ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കും, പാത്രങ്ങള്‍ കഴുകും, വീടു വൃത്തിയാക്കും. തോബിത്തിനു വചനം ഉദ്‌ഘോഷിക്കാന്‍ ഒരു പ്രത്യേക കൃപയുണ്ട്. യുട്യൂബില്‍ അവന്റെ ബൈബിള്‍ പ്രഘോഷണവുമുണ്ട്. ജെറമിയ മൂന്നാം ക്ലാസിലാണ്. ദോശ ചുടാനും മാവരയ്ക്കാനുമൊക്കെ അവനറിയാം. ഇളയ കുഞ്ഞുങ്ങള്‍ ചേട്ടന്മാരോടൊപ്പം ചിട്ടയായി അത്യാവശ്യം കാര്യങ്ങള്‍ ചെയ്യും. ഞാന്‍ ഹോസ്പിറ്റലില്‍ ആയിരിക്കുമ്പോഴൊക്കെ തോമസാണ് എല്ലാം ചെയ്യുന്നത്. എന്നെപ്പോലെതന്നെ കുട്ടികളെ നോക്കും, ഭക്ഷണമുണ്ടാക്കും, മിടുക്കനാണ്.''
''ഇവരെ എങ്ങനെ വളര്‍ത്തുമെന്ന ടെന്‍ഷനില്ല. കാരണം, നമ്മുടെ ലക്ഷ്യം ഈ ലോകമല്ലല്ലോ. സമ്മാനം കിട്ടുന്നതും ഇവിടെയല്ല. പ്രീതിയോടെനിക്കു സ്‌നേഹമാണ്, ബഹുമാനവും. ശരീരത്തിന്റെ കുറവുകളോടു കോംപ്രമൈസ് ചെയ്യാതെ ഉറച്ചുനില്‍ക്കുന്നവളാണ്. മാതൃത്വത്തിന്റെ മഹത്ത്വം പ്രീതിക്കു നന്നായറിയാം. ഒരു ചെറിയ നുണപോലും പറയാതെ വിശുദ്ധിയോടെ ജീവിക്കാനാണ് അവള്‍ക്കിഷ്ടം. മറ്റൊരാളെപ്പോലെ ആവണമെന്നു വിചാരിക്കാത്തതുകൊണ്ട് ആകുലതകളില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതും ദൈവഭക്തിയല്ലേ? വിശ്വസിക്കുന്നത്, എല്ലാറ്റിനും പരിഹാരമുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന സുവിശേഷത്തിലാണ്. അതുകൊണ്ട് വിലപിക്കാറില്ല, വിശ്വാസം മാത്രം.'' തോമസ് കുര്യന്‍ പറഞ്ഞുനിര്‍ത്തി.
പ്രായോഗികജ്ഞാനംകൊണ്ട് വിജയിക്കുന്ന ലോകത്തില്‍ വിശുദ്ധിക്കു വലിയ വിലയില്ലാത്ത കാലമാണ്. 'നേടി' എന്നു വിചാരിക്കുന്ന നമ്മളൊക്കെ 'കിഴവനും കടലും' എന്ന പുസ്തകത്തിലെ വൃദ്ധനെപ്പോലെ... വലിയ മീനിനെ പിടിച്ചെന്നു കരുതി കരയിലെത്തി തിരിഞ്ഞുനോക്കുമ്പോള്‍ വലയില്‍ മീനില്ല. മുള്ളു മാത്രം. കഥയില്ലാത്തവരായി അങ്ങനെയങ്ങനെ...

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)