•  21 Nov 2024
  •  ദീപം 57
  •  നാളം 37
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

കോയിക്കല്‍ വീട്ടിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍

ബോധിവൃക്ഷച്ചുവട്ടിലിരിക്കുന്നവര്‍ക്കെല്ലാം ബോധോദയമുണ്ടാകുന്നില്ല. തലയില്‍ ആപ്പിള്‍ വീഴുന്നവരെല്ലാം ഐസക്‌ന്യൂട്ടണുമാകുന്നില്ല. പക്ഷേ, ബോധോദയമുള്ള ചില ശാസ്ത്രജ്ഞന്മാര്‍ നമ്മുടെയിടയിലുണ്ട്. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ. യില്‍ സയന്റിസ്റ്റ് എഞ്ചിനീയറായ ജോസിനെപ്പോലെ പ്രാര്‍ത്ഥനയുടെ ബോധനിലാവില്‍ ദൈവമെന്ന സത്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന ചിലര്‍. ചേര്‍പ്പുങ്കല്‍, കോയിക്കല്‍ വാരപ്പറമ്പില്‍ വീട്ടിലെ ഈ എഞ്ചിനീയര്‍ താമസം തിരുവനന്തപുരത്തെങ്കിലും സാധിക്കുന്ന എല്ലാ ഞായറാഴ്കളിലും തറവാട്ടിലെത്തും, അമ്മയെക്കാണാനും കുഞ്ഞിലേ മുതല്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഉണ്ണീശോയോടു കഴിഞ്ഞയാഴ്ചകളിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും. കൂടെ മിന്നുവും (സെറിന്‍)അഞ്ചു മക്കളും.
''എന്റെ അമ്മച്ചിയുടെ ട്രെയിനിങ് ആണെന്നു തോന്നുന്നു എത്ര പഠിച്ചിട്ടും, എത്ര ഉയര്‍ന്നിട്ടും ഭൂഗുരുത്വാകര്‍ഷണബലം പോലെ എന്റെ വിശ്വാസം എന്നും എന്നെ ദൈവത്തിങ്കലേക്കു ചേര്‍ത്തു നിറുത്തിയിട്ടേയുള്ളൂ. പള്ളിയും പ്രാര്‍ത്ഥനകളും ജീസസ്‌യൂത്തും പ്രോലൈഫുമൊക്കെ നല്‍കിയ ബോധ്യങ്ങള്‍തന്നെയാണ് ഒത്തിരി മക്കള്‍ വേണം എന്ന ചിന്തയിലേക്ക് എന്നെ നയിച്ചത്. രണ്ടു മക്കളുള്ള വീട്ടിലെ അംഗമായ ഞാന്‍, അതേ സാഹചര്യത്തില്‍നിന്നു വന്ന മിന്നുവിനോടു കൂടുതല്‍ മക്കള്‍ കൂടുതല്‍ സന്തോഷം എന്ന ആശയം പങ്കുവച്ചപ്പോള്‍ മിന്നുവും അതു സന്തോഷത്തോടെ സ്വീകരിച്ചു. കഷ്ടപ്പാടുകളുണ്ടായിരുന്നു, അലച്ചിലുകളും... നമ്മുടെ അലച്ചിലുകള്‍ എണ്ണിയെടുക്കുന്നവന്‍ കൂടെയുള്ളപ്പോള്‍ നല്ല ധൈര്യമല്ലേ? എന്തിന് ആകുലപ്പെടണം?'' മിതമായ വാക്കുകളില്‍ ജോസ് പറഞ്ഞു നിറുത്തി.
''എം.എസ്.സി ബയോടെക്‌നോളജി പാസായി തൊടുപുഴ ന്യൂമാന്‍ കോളജില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹം. ഷാലോം ടി.വിയില്‍ വരുന്ന കൂടുതല്‍ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളുടെ വിശേഷങ്ങള്‍ കാണുമ്പോള്‍ കൗതുകമായി തോന്നിയിരുന്നു. വിവാഹശേഷം ഉടനെതന്നെ ആദ്യത്തെ മോള്‍ റോസ്‌മേരി ഉണ്ടായി. പിന്നെ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന തിരക്കില്‍ ജോലിക്കുവേണ്ടി ശ്രമിച്ചില്ല. ഹൈദരാബാദിലേക്ക് ജോസിന് ട്രാന്‍സ്ഫറായി. ഞങ്ങളും ഒപ്പം പോന്നു. പിന്നെയുള്ള മൂന്നു കുഞ്ഞുങ്ങള്‍ അവിടെയാണു ജനിച്ചത്. അഞ്ചാമത്തെ മോള്‍ കോറോണക്കാലത്തും. അവള്‍ക്കിപ്പോള്‍ ഒരു വയസ് കഴിഞ്ഞു. 'ദൈവം തരുന്നതല്ലേ നമുക്കുള്ളൂ, ദൈവം തന്നാലല്ലേ നമുക്കുള്ളൂ' എന്നെപ്പോഴും ജോസ് പറയും. പ്രാര്‍ത്ഥിച്ചും സമര്‍പ്പിച്ചും സ്വീകരിച്ച കുഞ്ഞുങ്ങളാണ്, വിശുദ്ധിയോടെ വളരണേ എന്നൊരാഗ്രഹമേയുള്ളൂ.'' വഴുതിപ്പോകാവുന്ന ജീവിതവരമ്പുകളില്‍, മക്കള്‍ക്കു ബലമായി യേശുവുണ്ടല്ലോ എന്നു ധൈര്യപ്പെടുകയാണ് മിന്നു.
''ഇനിയിപ്പോ വീട്ടുജോലികളും കുഞ്ഞുങ്ങളുടെ ബഹളങ്ങളുമായി, ജോസിനോടെന്തെങ്കിലും പരാതി പറഞ്ഞാലും 'ഓ, നിസ്സാരം' എന്നു പറഞ്ഞു ലഘുവാക്കിക്കളയുന്നതുകൊണ്ട് അധികം ആ വഴിക്കു പോകാറില്ല. നെല്ലും പതിരും തിരിച്ചു തന്ന് പറഞ്ഞാശ്വസിപ്പിക്കുമ്പോ എനിക്കും സമാധാനമാകും. എല്ലാ ഭക്ഷണവും എല്ലാ കുഞ്ഞുങ്ങളും കഴിക്കും. എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കും. രാവിലെ പള്ളിയില്‍ കുര്‍ബാനയില്‍ സംബന്ധിക്കും. കുഞ്ഞുങ്ങളല്ലേ, വഴക്കും ബഹളവുമൊക്കെയുണ്ട്. റോസ്‌മേരി പാട്ടുപാടി കുഞ്ഞുമോളെ ഉറക്കും. രണ്ടാമത്തെ മകള്‍ ട്രീസാ മാത്യുവിനെയും ഫൗസ്റ്റീനയെയും കൂടെക്കൂട്ടി കളിപ്പിക്കും. കഴിച്ച പാത്രങ്ങള്‍ കഴുകാനും വീടു വൃത്തിയാക്കാനുമൊക്കെ അവര്‍ കൂടെക്കൂടും. ഇളയമോള്‍ ജോസഫൈനെ കൊവിഡ് കാലത്ത് കൊതിയോടെ കാത്തിരുന്നു കിട്ടിയതാണ്. പത്താം ക്ലാസുകാരി റോസ്‌മേരിയും ആറാം ക്ലാസുകാരി ട്രീസാ മേരിയും ഏഴു വയസുകാരന്‍ മാത്യുവും മൂന്നു വയസുകാരി ഫൗസ്റ്റീനായും മുട്ടിന്‍മേല്‍നിന്നു പ്രാര്‍ത്ഥിച്ചിരുന്നു അവള്‍ക്കുവേണ്ടി...'' മിന്നു തുടര്‍ന്നു.
''എത്ര കഷ്ടപ്പാടുണ്ടെങ്കിലും ജോസ് എല്ലാറ്റിനും കൂടെ നില്‍ക്കും. കുട്ടികളെ ഉറക്കാനും പഠിപ്പിക്കാനും ഭക്ഷണം കൊടുക്കാനും എല്ലാം. സണ്‍ഡേ സ്‌കൂള്‍ അധ്യാപകനാണ്, തിരുവന്തപുരം കാര്യവട്ടം മങ്ങാട്ടു കോണത്ത് ഞങ്ങള്‍ താമസിക്കുന്ന ഇടവകയില്‍. ഇണയും തുണയും പ്രേരണയുമായി കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാനാണു ഞങ്ങള്‍ ശ്രമിക്കുന്നത്. ഉണര്‍ന്നിരിക്കാനൊരാള്‍ കൂടെയുണ്ടെങ്കില്‍ ഏതു പാനപാത്രമാണു കുടിക്കാനാവാത്തത്?'' ചിരിച്ചുകൊണ്ടു മിന്നു പറഞ്ഞു നിറുത്തി.
സയന്‍സിന്റെയും കണക്കിന്റെയും യുക്തികളെത്ര വളര്‍ന്നാലും നിഷ്‌കളങ്കഹൃദയംകൊണ്ട് ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുന്ന് എപ്പോഴും സമീപസ്ഥനാണ്, കുഞ്ഞുങ്ങള്‍ക്കെന്നപോലെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)