•  28 Mar 2024
  •  ദീപം 57
  •  നാളം 4
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

വിശ്വാസത്തോണിയില്‍ ആലോലമാടി ഒരു സ്‌നേഹക്കൂടാരം

ജീവിതത്തോട് രണ്ടുതരം സമീപനമുള്ള ആള്‍ക്കാരുണ്ട്. ഒരു കൂട്ടര്‍ തങ്ങളില്‍ ആരംഭിച്ച്, തങ്ങളില്‍ അഭിരമിച്ച് തങ്ങളിലൊടുങ്ങുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ ഓരോ ചുവടും കല്ലിലും മുള്ളിലും കനലിലും ചവിട്ടി, കൂടെ നടക്കുന്നവര്‍ക്കായി കൈത്തലം നീട്ടി, ഒത്തുതീര്‍പ്പുകളിലൊതുങ്ങാതെ മുന്നോട്ടു പോകുന്നവര്‍... വള്ളിച്ചിറ അവണൂര്‍ വീട്ടില്‍നിന്ന് പുറപ്പെടുന്ന ഈ വണ്ടി, ഇതിലേതു റൂട്ടിലാണ് ഓടുന്നതെന്ന് വായനക്കാര്‍ക്കു തീരുമാനിക്കാം.
'ഒത്തിരി മക്കളുള്ള അമ്മമാരൊക്കെ ഒത്തിരി ചിരിക്കുന്നവരാണോ?' എന്നു തോന്നുംവിധം ചിരി ഉതിരുന്നുണ്ട് ടിന്റുവിന്റെ വാക്കുകള്‍ക്കൊപ്പം. ''ഈശോയുടെ കൃപയാണ് എല്ലാം. എന്നെ ചേര്‍ത്തുനിര്‍ത്തും, എപ്പോഴും തിരുഹൃദയത്തോട്. മക്കളെയെല്ലാം ഈശോ കൈയിലും തോളത്തും എടുത്തിട്ടുണ്ട്. അതാണ് എന്റെ ധൈര്യം.
കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് വള്ളിച്ചിറയിലാണ് ഞങ്ങളുടെ വീട് (അവണൂര്‍). എന്റെ സ്വന്തം വീട് പൂഞ്ഞാറിലാണ് (കരിയാപുരയിടം). വിവാഹശേഷം ബോണിയുടെ ജോലിസംബന്ധമായി ചെന്നൈയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അവിടെയാണ് കുട്ടികളെല്ലാം വളര്‍ന്നത്. ബോണിയുടെ അപ്പനും അമ്മയും ഞങ്ങളുടെകൂടെ വന്നുനിന്നു. അത് വലിയ ഒരു കരുത്തായിരുന്നു. ഇപ്പോള്‍ ആറാമത്തെ മോന്റെ ഡെലിവറിക്കായി നാട്ടിലെത്തിയതാണ് ഞങ്ങള്‍. അവനിപ്പോ രണ്ടര മാസമായി.'' ടിന്റു തുടര്‍ന്നു.
''2015 ല്‍ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം ഞങ്ങളുടെ ജീവിതത്തെയാകെ മാറ്റിയെഴുതി. ഞങ്ങളുടെ വീടും വസ്തുക്കളുമെല്ലാം വെള്ളം കയറി, ചെളിമൂടി നശിച്ചു. കാണക്കാണെ വെള്ളം കയറിവരുന്നത് നിസ്സഹായതയോടെ കണ്ടുനില്‍ക്കേണ്ടിവന്നു. കുഞ്ഞുങ്ങളെ മാത്രം കൈയിലെടുത്താണ് അന്നവിടെനിന്ന് ഇറങ്ങിപ്പോന്നത്. പിന്നെ കൂട്ടുകാരുടെയൊക്കെ സഹായം കൂട്ടായ നാളുകള്‍... ദൈവത്തോടടുത്ത്, പ്രാര്‍ത്ഥനയിലുറച്ച ദിവസങ്ങള്‍. ചെന്നൈയില്‍ ഹൊസുര്‍ രൂപതയിലാണ് ഞങ്ങള്‍. കേരളത്തിലല്ലെങ്കിലും, ആത്മീയയുണര്‍വിനു പ്രേരണ നല്‍കുന്ന ധാരാളം പുരോഹിതന്മാരും കൂട്ടുകാരും 'ഏയ്ഞ്ചല്‍സ് ആര്‍മി' പോലുള്ള കൂട്ടായ്മകളും എല്ലാം നമ്മുടെ കൂടെയുണ്ട്. ഒരിക്കലും രണ്ടു കാര്യങ്ങള്‍ ഒരേ സമയത്ത് കോണ്‍സണ്‍ട്രേറ്റ് ചെയ്യാന്‍ പറ്റാത്ത ഞാന്‍, ഈ കുഞ്ഞുങ്ങളെ വളര്‍ത്തി, കുടുംബവും നോക്കി മുന്നോട്ടു പോകുന്നത് പരിശുദ്ധ മാതാവും വിശുദ്ധരും മാലാഖമാരുമെല്ലാം കൂടെയുള്ളതുകൊണ്ടാണ്.'' 12 വയസില്‍ താഴെയുള്ള 6 കുഞ്ഞുങ്ങളുമായി ഒരു എഞ്ചിനീയര്‍ തന്റെ ജീവിതത്തിന്റെ പിരിയന്‍ഗോവണി ഓടിക്കയറുകയാണ്, എപ്പോഴും കരുതുന്നവന്റെ കൈ പിടിച്ച്.
''ഞങ്ങള്‍ സമപ്രായക്കാരാണ്. ഒരുമിച്ചു പഠിച്ചവരും. പക്ഷേ, ഒരേ പ്രകൃതമുള്ളവരല്ല. എന്റെ കണ്‍സെപ്റ്റില്‍ 'ഇത്ര കുഞ്ഞുങ്ങള്‍' അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ദൈവം തന്നപ്പോള്‍ സന്തോഷത്തോടെ സ്വീകരിച്ചു. അതിന്റെ ഫുള്‍ക്രെഡിറ്റ് ടിന്റുവിനാണ്. വിശ്വാസം കണ്ടുപിടിച്ചതുതന്നെ ടിന്റുവാണോന്ന് നമുക്കു സംശയം തോന്നും, അവളുടെ പ്രാര്‍ത്ഥന കാണുമ്പോള്‍. എനിക്കത്രയും പ്രാര്‍ത്ഥിക്കാനുള്ള കൃപ എന്നു കിട്ടുമെന്നറിയില്ല. ചില കാര്യങ്ങളില്‍ അസ്വസ്ഥത ഉണ്ടാവുമ്പോള്‍ ഞാന്‍ ദേഷ്യപ്പെടും. അപ്പോള്‍ ടിന്റു കല്ലിനു കാറ്റുപിടിച്ചതുപോലെ  തണുത്തുറഞ്ഞിരിപ്പാണ്. പയ്യെ എന്റെ ദേഷ്യവും ആറും. ഞാന്‍ പലപ്പോഴും വിശ്വാസജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടുന്ന ആളാണ്. പക്ഷേ, ടിന്റു അക്കാര്യത്തില്‍ ഒരു പാറ പോലെയാണ്. അഗാധസമര്‍പ്പണമുള്ളവള്‍. ആ വിശ്വാസം അവള്‍ കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നുകൊടുക്കുന്നുണ്ട്. അവളുടെ പ്രാര്‍ത്ഥന എനിക്കെപ്പോഴും ശക്തിയാണ്. ഏതു സമയത്തും എന്തു കാര്യവും എനിക്കും മക്കള്‍ക്കുംവേണ്ടി ചെയ്യാന്‍ മടിയില്ലാത്ത ആ സ്വഭാവം ഒരദ്ഭുതവും.'' പുറംപൂച്ചുകളില്‍ അഭിരമിക്കാത്ത യുവാവാണ് ബോണി. താനെന്താണോ അതങ്ങനെതന്നെ ജീവിക്കാനും പറയാനും ഇഷ്ടമുള്ള ഒരാള്‍.
''ബോണി എഞ്ചിനീയറിങ് കഴിഞ്ഞ് എം.ബി.എ. ചെയ്തു. ഇപ്പോള്‍ ബിസിനസ് ഫീല്‍ഡിലാണ്. എല്ലാം നന്നായി അനലൈസ് ചെയ്യും. എന്നെ എന്നെക്കാളും നന്നായി അറിയാം ബോണിക്ക്. ബോണി നന്നായി പാടും, ഡാന്‍സ് കളിക്കും, പഠിപ്പിക്കും. ഒത്തിരി കൂട്ടുകാരും ആഘോഷങ്ങളുമെല്ലാം  ഇഷ്ടപ്പെടുന്നൊരാള്‍. ബോണിയുടെയും എന്റെയും കാഴ്ചപ്പാടുകളില്‍ വ്യത്യാസമുണ്ടെങ്കിലും ഞങ്ങളെ ഒരുമിച്ചു നിറുത്തുന്നത് ഞങ്ങളുടെ ഇടയിലുള്ള ക്രിസ്തുവാണ്.'' തങ്ങളുടെ മാത്രമല്ല, എ്രതയോ ദാമ്പത്യങ്ങളെയും ചേര്‍ത്തു കെട്ടിയിരിക്കുന്ന കാണാച്ചരടിന്റെ ഒരറ്റം അവന്റെ കൈയിലാണെന്ന് ഓര്‍മപ്പെടുത്തി ടിന്റു പറഞ്ഞു.
മൂത്തമോള്‍ റിയാനയ്ക്ക് പതിനൊന്നു വയസ്സായി. ഒരമ്മ നോക്കുംപോലെ അവള്‍ ഇളയ കുട്ടികളെ നോക്കിക്കൊള്ളും. ബ്രെഡ് ടോസ്റ്റ് ചെയ്യാനും കേക്കു ബേക്ക് ചെയ്യാനുമൊക്കെ ഇഷ്ടമുള്ള കുട്ടി. രണ്ടാമന്‍ ജോവി സ്‌നേഹപ്രകൃതക്കാരനാണ്. അനുജന്മാരെ കളിപ്പിക്കാനും ചെസ് കളിക്കാനുമൊക്കെ അവനിഷ്ടമാണ്. റോയിസ് എല്ലാവരേയും ഡീല്‍ ചെയ്യാന്‍ മിടുക്കനാണ്. മൈക്കിള്‍ എല്ലാക്കാര്യങ്ങളും വിവേകത്തോടെ ചെയ്യും. മാര്‍ക്ക് കുസൃതിക്കുടുക്കയായി ഓടിനടക്കുന്നു. ജോന്‍ രണ്ടര മാസമായിട്ടേ ഉള്ളൂ. ആദ്യത്തെ നാല് ഡെലിവറിയും നടത്തിയത് സി. മേരി മാര്‍സലസായിരുന്നു (കിടങ്ങൂര്‍ എല്‍എല്‍എം ഹോസ്പിറ്റല്‍). സിസ്റ്ററിന്റെ അടുത്തെത്താന്‍വേണ്ടി മാത്രം പെയിന്‍ തുടങ്ങിയിട്ടും ചെന്നെയില്‍ നിന്നു ട്രെയിന്‍ കയറി, 'കര്‍ത്താവിന്റെ സംരക്ഷണം' ചൊല്ലി, ടാബ്‌ലറ്റ് കഴിച്ച് കിടങ്ങൂരെത്തി സുരക്ഷിമായി രണ്ടാമത്തെ കുഞ്ഞിനു ജന്മം നല്‍കിയത് ടിന്റു ഓര്‍ത്തെടുത്തു.
''സിസ്റ്റര്‍ അവനെ മദ്രാസ് മെയില്‍ എന്നാണു വിളിച്ചിരുന്നത്. കരിയര്‍ പോയെന്നോ, സമ്പാദിക്കാന്‍ പറ്റുന്നില്ലെന്നോ തോന്നാറില്ല. കുട്ടികളെ വിശ്വാസത്തിലും ജ്ഞാനത്തിലും വളര്‍ത്തേണ്ടത് എന്റെ കടമയല്ലേ? ഞാനത് എന്നാലാവുംപോലെ ചെയ്യാന്‍ ശ്രമിക്കുകയാണ്. ജോലി, കരിയര്‍ അതൊക്കെ ഇനിയും ആവാല്ലോ അല്ലേ?'' പെണ്‍കുട്ടീ, ഇത്ര ചെറുപ്പത്തിലേ നീ നേടിയ ഈ വിശ്വാസം നിന്നെ പൊറുപ്പിക്കാതെവിടെപ്പോകാന്‍? എന്നു മനസ്സില്‍ മെല്ലെ പറഞ്ഞു ഞാന്‍.
ദൈവത്തിലേക്ക് എത്ര വഴി എന്നു ചോദിച്ചപ്പോള്‍ 'എത്ര കോടി മനുഷ്യരുണ്ടോ അത്രയും കോടി വഴികള്‍' എന്നു പറഞ്ഞ ബെനഡിക്ട് മാര്‍പാപ്പായുടെ ഉത്തരം ഓര്‍മിപ്പിച്ചു, ബോണിയുടെയും ടിന്റുവിന്റെയും വാക്കുകള്‍. മെല്ലെ മെല്ലെ ചുവടുകള്‍ വച്ച്, നൃത്തംചവിട്ടി, കുട്ടികളെ തോളിലേന്തി, കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആര്‍പ്പുവിളിച്ചാഹ്ലാദിച്ച്, ജീവിതയാത്രയുടെ എല്ലാ വിരസതകളെയുമകറ്റി മുന്നോട്ടു പോകട്ടെ ഈ ചെറിയ വലിയ കുടുംബം.

 

Login log record inserted successfully!