ആദ്യത്തെ പ്രസവത്തില്‍ ഇരട്ടപ്പെണ്‍കുട്ടികള്‍. രണ്ടാമത്തെ പ്രസവത്തിലും അതുതന്നെയാവര്‍ത്തിച്ചപ്പോള്‍ പ്രിയ കിടന്ന ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍വന്ന് ഡോക്ടര്‍ ടോണിയോടു ചോദിച്ചു: ''ഇനി കുട്ടികള്‍ വേണ്ടല്ലോ അല്ലേ? ഇനിയുള്ള പ്രസവങ്ങളിലും ഇരട്ടപ്പെണ്‍കുട്ടികളുണ്ടാവാനാണു സാധ്യത. ഇപ്പോത്തന്നെ നാലു പെണ്‍കുട്ടികളുണ്ടല്ലോ?'' മറുപടി പെട്ടെന്നു വന്നു: ''അതു വേണ്ട ഡോക്ടറേ, എനിക്കിനിയും കുട്ടികള്‍ വേണം. എത്ര പെണ്‍കുട്ടികളെക്കിട്ടിയാലും എനിക്കു സന്തോഷമേയുള്ളൂ.''
കോട്ടയം വെള്ളികുളം തോട്ടപ്പള്ളില്‍ വീട്ടില്‍ ടോണിക്കും പ്രിയയ്ക്കും അഞ്ചു മക്കളാണ്. ആദ്യത്തെ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍. അലീനയും അനീനയും. രണ്ടാമത്തെ ജോഡികള്‍ അഖിലയും അനിലയും. മൂന്നാമത്തേത് ആണ്‍കുട്ടിയാണ്, അലന്‍. ''ആദ്യത്തെ കുട്ടികള്‍ ഉണ്ടായപ്പോള്‍ തൂക്കം കുറവായിരുന്നു. കൂടെ ശ്വാസംമുട്ടലും. മാസം തികയാതെ ജനിച്ചതുകൊണ്ട് ആരോഗ്യക്കുറവുണ്ടായിരുന്നു. പല ചികിത്സകള്‍ക്കുശേഷം, ഒത്തിരി പരീക്ഷണങ്ങള്‍ പിന്നിട്ടാണ് ആരോഗ്യത്തോടെ അവര്‍ വളരാന്‍ തുടങ്ങിയത്. അവര്‍ക്കൊരു നാലു വയസ്സൊക്കെ ആയതില്‍പ്പിന്നെയാണ് ഞാന്‍ കുറച്ചൊരു സമാധാനത്തിലായത്.'' കടന്നുപോയ ഉറങ്ങാത്ത രാത്രികളെപ്പറ്റി ചിരിച്ചുകൊണ്ടു പറഞ്ഞുതുടങ്ങി പ്രിയ.
''ചേന്നാട് മണിയംകുളത്താണ് എന്റെ വീട്. കല്യാണം കഴിച്ച് വെള്ളികുളത്തെ ടോണിയുടെ വീട്ടിലേക്കു വരുമ്പോള്‍ ഇവിടെ അച്ചായനും അമ്മച്ചീം മൂന്നു ചേട്ടന്മാരും അവരുടെ ഭാര്യമാരും മക്കളും എല്ലാമുള്ള വലിയ കുടുംബമായിരുന്നു. എനിക്കതു പറഞ്ഞാല്‍ തീരാത്ത ഒരനുഗ്രഹമായി മാറി. ആദ്യത്തെ കുഞ്ഞുങ്ങളുടെ ആശുപത്രിവാസവും ബാലാരിഷ്ടതകളും രണ്ടാമത്തെ ഇരട്ടക്കുഞ്ഞുങ്ങളുടെ വളര്‍ത്തലുമെല്ലാം കുടുംബത്തിലെ എല്ലാവരുടെയും സഹായംകൊണ്ടു മാത്രമാണ് അധികം ബുദ്ധിമുട്ടുകളില്ലാതെ കടന്നുപോയത്. രണ്ടാമത്തെ പ്രഗ്നന്‍സിയുടെ സമയത്ത് സ്‌കാനിങ് കഴിഞ്ഞ് അതും ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞപ്പോ ഞാനൊന്നു ടെന്‍ഷനിലായി. പക്ഷേ, ടോണി ധൈര്യം പകര്‍ന്നു: ''ഞാനില്ലേ നിന്റെകൂടെ? മക്കളെത്തരുന്നത് ദൈവമല്ലേ? ബാക്കിയെല്ലാം അവിടുന്ന് നോക്കിക്കൊള്ളും! കുഴപ്പങ്ങളൊന്നുമില്ലാതെ അവരെ കൈയില്‍ കിട്ടിയപ്പോ ആശ്വാസമായി. മൂന്നാമത്തെ കുഞ്ഞ് ഉള്ളിലുള്ളപ്പോ മൂത്ത നാലു ചേച്ചിമാരുംകൂടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു, ഞങ്ങള്‍ക്കിനിയൊരു ആണ്‍കുഞ്ഞുവാവയെത്തരണേയെന്ന്.
ഉദരത്തില്‍ കൈകള്‍വച്ച് സ്തുതിച്ചു പ്രാര്‍ത്ഥിച്ചിരുന്നു, ഞാനും ടോണിയും അവന്‍ പുറത്തു വരുംവരെ, ആരോഗ്യമുള്ള ഒരു കുഞ്ഞാവയാവണേ എന്ന്. അങ്ങനെ അതും അവിടുന്നു തന്നു. കഷ്ടപ്പാടുണ്ട്. എന്നാലും ഒരു കാര്യത്തിനും ഒരു കുറവും ദൈവം വരുത്തുന്നില്ല.'' പരാതിപ്പെടാന്‍ ഒത്തിരിക്കാര്യങ്ങളുണ്ടായിട്ടും ഒരു ചെറുപുഞ്ചിരിയോടെ ജീവിതത്തെ പുണരുകയാണ് പ്രിയ, ഒത്തിരി പ്രിയത്തോടെ.
''അവളെല്ലാക്കാര്യത്തിനും എന്റെ ഒപ്പം നില്‍ക്കും. ഞാന്‍ രാവിലെ മൂന്നുമണിക്ക് റബര്‍വെട്ടാന്‍ പോകുമ്പോള്‍ കൂടെ എഴുന്നേല്ക്കും. ഏഴരമണിക്കു പണികളൊതുക്കി ഭക്ഷണം തന്നെന്നെ യാത്രയാക്കും. ചോറ് പൊതികെട്ടി കൈയില്‍ത്തന്നുവിടും. മാതാപിതാക്കളുടെയും മക്കളുടെയും കാര്യങ്ങളെല്ലാം നോക്കും. കുഞ്ഞുങ്ങളുടെ കണ്ണിലെ സ്‌നേഹം കാണുമ്പോ എത്ര കഷ്ടപ്പെടാനും ഞങ്ങള്‍ റെഡിയാണ്. ഞാന്‍ രാവിലെ പണിക്കു പോകുമ്പോ മക്കളെല്ലാം വന്ന് കവിളില്‍ ഉമ്മ തരും, കിടക്കാന്‍ നേരവും. അമേരിക്കന്‍ പ്രസിഡന്റും എന്റപ്പനു താഴെയേയുള്ളൂ എന്ന മട്ടിലാണ് അലന്‍ എന്റെ കൂടെ നടക്കുന്നത്, എല്ലാം കണ്ടും കേട്ടും പഠിച്ചും. ടോണി പറഞ്ഞു, എന്തിനാണ് നമ്മള്‍ വലിയ പടയോട്ടങ്ങള്‍ ജയിക്കാനാഗ്രഹിക്കുന്നത്? സന്തോഷം ഇതുപോലെ കൈയെത്തും ദൂരത്തുള്ളപ്പോള്‍.''
''ടോണിയാണ് മക്കളുടെ റോള്‍ മോഡല്‍. ദേഷ്യപ്പെടാറില്ല. ഞാന്‍ ദേഷ്യപ്പെട്ടാലും ഒന്നും പ്രതികരിക്കില്ല. പിന്നെ എന്റെ അടുത്തു വന്ന് സമാധാനം പറഞ്ഞുതരും. നല്ല വിശ്വാസമുണ്ട് ടോണിക്ക്, തമ്പുരാന്റെ വഴികളില്‍. അലീനയും അനീനയും കാഴ്ചയില്‍ ഒരുപോലല്ല, സ്വഭാവത്തിലും. അലീന എപ്പോഴും സഹായമായി പുറംജോലികളില്‍ എന്റെ കൂടെയുണ്ടാവും. അനീനയ്ക്കു വീട്ടകത്തെ ജോലികളാണിഷ്ടം. അഖിലയും അനിലയും പരസ്പരം പിരിയാറില്ല. ഒരാളില്ലാതെ മറ്റെയാള്‍ക്കു ബുദ്ധിമുട്ടാണ്. അനുജനെ അടിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ നാലു ചേച്ചിമാരാവും ആദ്യം കരയുക. അലന്‍ അപ്പനെപ്പോലെ മെഷീന്‍ നന്നാക്കാനും, മറ്റു പണികള്‍ക്കുമെല്ലാം മിടുക്കനാണ്. അപ്പന്റെ ഫാനാണ്, ഈ കുഞ്ഞു ടോണി. വിശ്വാസത്തിലും ജ്ഞാനത്തിലും മക്കളെ വളര്‍ത്താനുള്ള കൃപയ്ക്കായി ഞങ്ങളെന്നും പ്രാര്‍ത്ഥിക്കാറുണ്ട്.'' പ്രിയ പറഞ്ഞു നിര്‍ത്തി.
ചങ്കില്‍ പ്രാര്‍ത്ഥനയും ചുണ്ടില്‍ സ്തുതിഗീതവുമായി ടോണിയും പ്രിയയും തുഴയുന്ന തോണി മുന്നോട്ടു നീങ്ങുകയാണ്; ഒരിക്കലും ഉതിരാത്ത സ്‌നേഹത്തെ പങ്കായമാക്കി അങ്ങനെ തുഴഞ്ഞു തുഴഞ്ഞ്....