•  28 Nov 2024
  •  ദീപം 57
  •  നാളം 38
വലിയ കുടുംബങ്ങളില്‍ വസന്തം വിരിയുമ്പോള്‍

ഇവര്‍ ജീവന്റെ കാവല്‍ക്കാര്‍

തിനേഴാം വയസ്സില്‍ പ്രീഡിഗ്രിക്കുശേഷം സിംഗപ്പൂരില്‍ നഴ്‌സിങ്  പഠനം നടത്തി, അവിടെത്തന്നെ ജോലി സമ്പാദിച്ച ഒരു പെണ്‍കുട്ടി ലക്ഷങ്ങളുടെ സാലറി ഉപേക്ഷിച്ച് പതിനെട്ടു വര്‍ഷങ്ങള്‍ക്കുശേഷം  കംപ്യൂട്ടര്‍ എഞ്ചിനീയറായ ഭര്‍ത്താവിനും നാലു കുഞ്ഞുമക്കള്‍ക്കുമൊപ്പം സിംഗപ്പൂരെന്ന സ്വപ്നഭൂമിയില്‍നിന്നു കേരളത്തിലേക്കു മടങ്ങുമ്പോള്‍ എന്താവും മനസ്സിലുണ്ടായിരിക്കുക?
''നാട്ടില്‍ എന്റെയും ഷിമിയുടെയും പേരന്റ്‌സ് തനിയെ ആയിരുന്നു. അവരുടെകൂടെ ആയിരിക്കാനും കുഞ്ഞുങ്ങളെ അവരോടു ചേര്‍ത്തു വളര്‍ത്താനുമാണ് ഞങ്ങള്‍ ജോലിയുപേക്ഷിച്ചു നാട്ടിലേക്കു വന്നത്,'' റോസ്മി പറഞ്ഞുതുടങ്ങി. ''സിംഗപ്പൂരെനിക്ക് ഒത്തിരി സന്തോഷം തന്ന നാടാണ്. അവിടെ നഴ്‌സിങ് പഠനം നടത്തിയ നാളുകളിലാണ് ''ജീസസ് യൂത്തി''ല്‍ അംഗമായതും കാമ്പസ് മിനിസ്ട്രിയില്‍ സജീവമായി പ്രവര്‍ത്തിച്ചതും. മാലാഖമാരെപ്പോലെ കാവലാവുന്ന ഒരുപാടു സുഹൃത്തുക്കളെ ആ നാടെനിക്കു നല്‍കി. ജീസസ് യൂത്തിലെ ആക്ടീവ് മെമ്പറായിരുന്നു ഷിമിയും. വിവാഹശേഷം സിംഗപ്പൂരെത്തിയപ്പോള്‍ ഞങ്ങളൊരുമിച്ചായി, പിന്നെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനങ്ങളുമെല്ലാം.''
''ആദ്യത്തെ നാലു കുഞ്ഞുങ്ങള്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അവിടെയാണ്. ഈശോ  തരുന്ന മക്കളെയെല്ലാം തുറന്ന മനസ്സോടെ സ്വീകരിക്കുമെന്ന കാഴ്ചപ്പാടിലാണ് ഞങ്ങള്‍ ജീവിതമാരംഭിച്ചത്. ഇന്നും അതില്‍ മാറ്റമൊന്നുമില്ല. ആദ്യത്തെ പ്രഗ്നന്‍സിയുടെ സമയം കുഞ്ഞിനൊപ്പം ഒരു ബ്‌ളഡ്‌ക്ലോട്ടുകൂടി വളരുന്നുണ്ടെന്നു ഡോക്‌ടേഴ്‌സ് പറഞ്ഞു. ബെഡ്‌റെസ്റ്റിലായിരുന്നു. ഒത്തിരിപ്പേരുടെ പ്രാര്‍ത്ഥന കൂടെയുണ്ടായിരുന്നു. എട്ടുമാസം കഴിഞ്ഞപ്പോഴേക്കും അദ്ഭുതകരമായി ആ ക്ലോട്ട് അപ്രത്യക്ഷമായി. കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടായില്ല. എപ്പോഴും മുള്ളുകള്‍ക്കൊപ്പം കുഞ്ഞുകുഞ്ഞു പൂക്കളുംകൂടി വിരിയിക്കുന്നവനാണല്ലോ നമ്മുടെ ദൈവം. 'നാട്ടിലേക്കു പോയാലോ?' എന്ന ഷിമിയുടെ ചോദ്യത്തോട് ആദ്യമൊന്നും പോസിറ്റീവ് ആയിരുന്നില്ലെങ്കിലും, പിന്നീട് ഒരുമിച്ചു പ്രാര്‍ത്ഥിച്ചും ധ്യാനം കൂടിയുമൊക്കെ ആ തീരുമാനത്തിലേക്കു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. വലിയൊരു റിസ്‌കാണ് എടുത്തത് എന്നറിയാഞ്ഞല്ല. പലരും ഉപദേശിച്ചു; 'പേരന്റ്‌സ് കിടപ്പിലാവുമ്പോ പോയാപ്പോരേ?'. വയല്‍പ്പൂ കൊഴിയുമ്പോലെ മാതാപിതാക്കള്‍ കൊഴിഞ്ഞുപോയതിനുശേഷം  നമ്മളെന്തു ചെയ്തിട്ടെന്താ? നാലു മക്കളുമായി ഞങ്ങള്‍ രണ്ടുപേരും ജോലിയുപേക്ഷിച്ച് കേരളത്തിലേക്കു മടങ്ങി.''
ഏതൊരു നുകവും മധുരമാകുന്നത് നമ്മളതില്‍ ചേര്‍ക്കുന്ന സ്‌നേഹത്തിന്റെ അളവുകൊണ്ടാണ് അല്ലേ?
''ഞെരുക്കങ്ങളും സഹനങ്ങളും ഉണ്ടാവുമെന്നറിയാമായിരുന്നു. പക്ഷേ, ബന്ധങ്ങളും കടമകളും മറന്നാല്‍ നമ്മളെങ്ങനെയാണു മനുഷ്യരാവുക? ആലോചന കര്‍ത്താവിനോടു ചോദിച്ചു. ധൈര്യമായിങ്ങു പോന്നു.'' ഷിമിയുടെ വാക്കുകളില്‍ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയവന്‍ കൂടെയുണ്ടെന്ന ധൈര്യം. ''2018 ല്‍ നാട്ടിലെത്തി. ചെറിയ ബിസിനസ് ആരംഭിച്ചു. അപ്പോഴാണ് കൊറോണയുടെ വരവ്. ജീവിക്കുകയെന്നാല്‍ പോരാടുക എന്നാണെന്നു തിരിച്ചറിഞ്ഞ നാളുകള്‍. നെഞ്ചിലെ കനലുകളൊക്കെ തിരുഹൃദയത്തിലേക്കു ചേര്‍ത്തുവയ്ക്കും. അപ്പോള്‍ നമ്മുടെ ഹൃദയം ശാന്തമാകും. ബാക്കിയൊക്കെ അവന്‍ നോക്കട്ടെ.'' ഷിമി ചിരിക്കുകയാണ്.
''ഷിമി ഉള്ളതാണെന്റെ ധൈര്യം. പ്രാര്‍ത്ഥിക്കാനും പരാതി പറയാനും പണിയെടുക്കാനും എല്ലാം എപ്പോഴും കൂടെയുണ്ടാവും. എനിക്ക് എന്തും പറയാവുന്ന ഏറ്റവും നല്ല  സുഹൃത്ത്. മിഴി നിറയുമ്പോഴൊക്കെ, 'സാരമില്ലാ'യെന്നു പറഞ്ഞ് ഷിമി ചേര്‍ത്തുനിറുത്തിയില്ലായിരുന്നെങ്കില്‍ എങ്ങനെ പോറ്റിയേനെ ഞാനീ കുട്ടിപ്പട്ടാളത്തെ? എഡ്രിയ, ബെനിറ്റ, മാരിയോ, എമിലിയ, ലൂസിയ. എല്ലാവരുമൊത്ത് എന്നും കുര്‍ബാനയ്ക്കു പോകും. എഡ്രിയ അടുക്കളയില്‍ എനിക്കു സഹായമാണ്. ഇളയകുഞ്ഞുങ്ങളെ  നോക്കും. വിശ്വസ്തയാണ്. ബെനിറ്റ വികൃതിക്കുഞ്ഞാണ്. കൂടുതല്‍ വാചാലയും. ശാന്തനാണ് മാരിയോ. പെട്ടെന്നു വചനം പഠിക്കാന്‍ മിടുക്കനാണ്. എമിലിയയും  ഒരു വയസ്സുകാരി ലൂസിയയും മൂത്തവരുടെകൂടെ ചിരിച്ചും കരഞ്ഞും കൂടിക്കൊള്ളും. ജീവന്റെ കാവല്‍ക്കാരാവുന്നതില്‍ അഭിമാനമേയുള്ളൂ എപ്പോഴും. മാതാപിതാക്കള്‍                                                                                   ക്കും കുഞ്ഞുങ്ങള്‍ക്കുംവേണ്ടി നമ്മള്‍ കൊടുക്കുന്ന വില എല്ലാമറിയുന്നവന്‍ തിരിച്ചുതരുമെന്നു വിശ്വസിക്കുകയാണ് ഞാനും ഷിമിയും.'' റോസ്മി പറഞ്ഞുനിര്‍ത്തി.
എക്കാലത്തേക്കുമുള്ള അന്നം ഇന്നേ കരുതിവയ്ക്കണമെന്നു ശഠിക്കുന്നവര്‍ക്കു മുന്നില്‍ ഈ കുടുംബം ഒരു ഭോഷത്തമാകാം.  ഗുണമേന്മയുടെ ത്രാസില്‍ തൂക്കുമ്പോള്‍ മെച്ചപ്പെട്ടതിനെ ഉപേക്ഷിച്ച വിഡ്ഢികളെന്നും ലോകം ഇവരെ വിധിയെഴുതാം. പക്ഷേ, എന്താണു ശരിയായ ധനമെന്നു തിരിച്ചറിഞ്ഞവര്‍ക്ക് കോട്ടയം ചേര്‍പ്പുങ്കല്‍ മഞ്ഞാക്കല്‍ വീട്ടിലെ ഷിമിയും റോസ്മിയും ചെയ്ത ശരികളെ കൈകൂപ്പി ആദരിക്കാന്‍ മടിയുണ്ടാവില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)