•  28 Nov 2024
  •  ദീപം 57
  •  നാളം 38
കുടുംബജ്യോതി

ആഘോഷത്തിനുമുണ്ട് അതിര്‍വരമ്പുകള്‍

ഘോഷങ്ങളില്‍ പങ്കെടുക്കുന്നതും കുടുംബത്തിലും ചുറ്റുവട്ടങ്ങളിലും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതും ശാരീരികമാനസിക ഉല്ലാസത്തിനും ഒത്തൊരുമയ്ക്കും പങ്കുവയ്ക്കലിനും അനുസ്മരണത്തിനും ബന്ധങ്ങള്‍ കൂട്ടിയിണക്കുന്നതിനുമൊക്കെ അത്യന്താപേക്ഷിതംതന്നെ. ആഘോഷങ്ങള്‍ ഒരിക്കലും ആഘോഷങ്ങള്‍ക്കുവേണ്ടിയല്ല; മറിച്ച്, അവ മനുഷ്യനുവേണ്ടിയാണ് എന്ന തിരിച്ചറിവ് അനിവാര്യമാണുതാനും.
''കാണം വിറ്റും ഓണം ഉണ്ണണം'' എന്ന ചൊല്ല് ഓര്‍മിപ്പിക്കുന്നത് നാം ഏതവസ്ഥയിലാണെങ്കിലും നമ്മാല്‍ ആകുംവിധം ആഘോഷങ്ങള്‍ സംഘടിപ്പിക്കണം എന്നതാണ്. ആഘോഷങ്ങള്‍ അനിവാര്യമാണെങ്കിലും 'കൊക്കിനുതകുന്നതേ കൊത്താവൂ'  എന്ന ഓര്‍മപ്പെടുത്തല്‍ വിചിന്തനവിധേയമാക്കേണ്ടതുതന്നെ.
എപ്പോഴാണ് ആഘോഷങ്ങള്‍ ആഘോഷങ്ങള്‍ക്കുവേണ്ടിയാകുന്നത്?
പരിസ്ഥിതിക്ക് ഇണങ്ങാതെ, ചുറ്റുമുള്ള 'ലാസറന്മാരെ' കാണാതെ, വര്‍ജിക്കേണ്ടതും ഒഴിവാക്കേണ്ടതുമായവയെ അകറ്റിനിര്‍ത്താതെ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള ആഘോഷങ്ങളായിത്തീരുന്നു. ഇത്തരം ആഘോഷങ്ങളുടെ പൊതുസ്വഭാവം ചുവടെ ചേര്‍ക്കാം:
ധൂര്‍ത്ത്, മത്സരം, അഹംഭാവപ്രകടനം, അധികാരപ്രകടനം, വ്യക്തികളെ തരംതിരിച്ചുള്ള ക്ഷണം, മദ്യം മുതലായവയുടെ അമിതോപയോഗം.
ആഘോഷങ്ങള്‍ മനുഷ്യനുവേണ്ടിയാകുമ്പോള്‍ അത്തരം ആഘോഷങ്ങളില്‍ താഴെപ്പറയുന്ന ഗുണഗണങ്ങള്‍ നിഴലിക്കും. സ്‌നേഹം, ഒരുമ, എല്ലാവരെയും ഉള്‍പ്പെടുത്തല്‍, സന്തോഷം, മിതത്വം, എളിമ, കരുതല്‍ ഇവയൊക്കെ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒന്നായി മാറും.
കുടുംബത്തിലെ ആഘോഷങ്ങളും അനുഗ്രഹവും
ആഘോഷങ്ങള്‍ കുടുംബത്തില്‍ നടക്കുമ്പോള്‍ അത് മറ്റുള്ളവരുടെ അനുഗ്രഹങ്ങള്‍ നേടാനുള്ള ഒരു അവസരമാണ്. അനുഗ്രഹങ്ങള്‍ എന്നത് സമ്മാനങ്ങളല്ല; മറിച്ച്, ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ മനസ്സുനിറഞ്ഞ ആശംസയാണ്. ഈ നന്മയുടെ ചിന്ത നല്കാനും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അതു പ്രകടിപ്പിക്കാനും ആഘോഷങ്ങളില്‍ പങ്കെടുന്നവര്‍ക്കു കഴിയണം. ഇന്നത്തെ ആഘോഷങ്ങളില്‍ ''തീറ്റയും കുടിയും'' പ്രമുഖ സ്ഥാനം നേടുന്നു. തീറ്റയുടെയും കുടിയുടെയും അടിസ്ഥാനത്തില്‍ ആഘോഷങ്ങളെ വിലയിരുത്തുമ്പോള്‍ ചിലര്‍ക്കുമാത്രം പ്രാപ്യമായ ഒന്നായി ആഘോഷങ്ങള്‍ ചുരുങ്ങും. ഇത്  ചില കുടുംബങ്ങളിലെങ്കിലും അപകര്‍ഷതാബോധം ജനിപ്പിക്കാം. ഇത്തരം അപകര്‍ഷതാബോധം 'ഇല്ലാത്തതുണ്ട്' എന്നു നടിച്ച് ആഘോഷങ്ങള്‍ നടത്താന്‍ അവരെ പ്രേരിപ്പിക്കാം. ഇതു താഴെപ്പറയുന്ന പ്രശ്‌നങ്ങളിലേക്കു കുടുംബങ്ങളെ എത്തിക്കാം: കടം (സാമ്പത്തികബാധ്യത), മാനസികസംഘര്‍ഷം, കുടുംബൈക്യം തകരല്‍.
സാമ്പത്തികമായി ഭദ്രതയില്ലാത്ത  കുടുംബങ്ങളിലെ ആര്‍ഭാടപൂര്‍വമായ ആഘോഷം നിരുത്സാഹപ്പെടുത്താന്‍ ചുറ്റുമുള്ളവര്‍ക്കു കടമയുണ്ട്. ഒപ്പം, അത്തരം കുടുംങ്ങളില്‍ മാന്യമായ ആഘോഷങ്ങള്‍ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും നമുക്കു കഴിയണം. ഇത്തരം പ്രവൃത്തികള്‍ സമൂഹജീവിതത്തിന്റെ കാതലാണ്. ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനാണെങ്കില്‍ അവന്റെ കുടുംബത്തില്‍ സന്തോഷം നിറയ്ക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന ചിന്ത ഒത്തൊരുമയെ വളര്‍ത്തും. അന്യനു സന്തോഷം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തികളും കുടുംബങ്ങളും ഭൂമിയില്‍ സ്വര്‍ഗം സൃഷ്ടിക്കുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)