പ്രശസ്ത കായികതാരം ജോബി മാത്യുവിനെ അറിയാത്തവരില്ല. വളരെ ചെറിയ രണ്ടു കാലുകളുമായി ജനിച്ച ജോബിയെ അപ്പനും അമ്മയും പൊന്നുപോലെ നോക്കിയതിന്റെ ഫലം ഇന്ന് ജോബിയിലൂടെ ലോകം നോക്കിക്കാണുന്നു, അനുഭവിക്കുന്നു. ഭിന്നശേഷിയുള്ള, മാനസികത്തകരാറുള്ള, പഠനവൈകല്യമുള്ള ഒരു കുട്ടി വീട്ടില്‍ അംഗമാകുമ്പോള്‍ നാം മനസ്സിലാക്കേണ്ടത്, അവരെ നോക്കുവാന്‍, പരിപാലിക്കുവാന്‍ മനസാന്നിധ്യമുള്ള മാതാപിതാക്കളെ അവര്‍ക്കു ദൈവം നല്കുന്നുവെന്നാണ്. ഈ ബോധ്യമുള്ള മാതാപിതാക്കള്‍ അതു പൂര്‍ണമായും ഉള്‍ക്കൊള്ളും. എന്നിരുന്നാലും ഇത്തരം കുട്ടികളെയോര്‍ത്തു ദുഃഖിക്കുന്ന ന്യൂനപക്ഷം മാതാപിതാക്കളെങ്കിലും എന്റെ കൗണ്‍സലിങ് പരിചയത്തിലുണ്ട്.
വൈകല്യമുള്ള കുട്ടികളെ ഓര്‍ത്ത് മാതാപിതാക്കള്‍ ദുഃഖിക്കുന്നതെന്ത്?
കൗണ്‍സലിങ് സമയത്ത് 'എന്നെ എന്തിനു ദൈവം പരീക്ഷിക്കുന്നു' എന്നു ചോദിച്ച ഒരു പിതാവിനെ ഓര്‍ക്കുന്നു. എന്നാല്‍, പരീക്ഷണം എന്ന ചിന്തയ്ക്കപ്പുറം തന്റെ കുട്ടിയിലൂടെ പ്രപഞ്ചസത്യങ്ങളെ തിരിച്ചറിയാനുള്ള അവസരമായി വൈകല്യമുള്ള കുട്ടിയുടെ സാന്നിധ്യത്തെ മാറ്റിയെടുക്കുവാന്‍ അദ്ദേഹത്തിനു പിന്നീടു കഴിഞ്ഞു. ഇത്തരം മാറ്റങ്ങളും തിരിച്ചറിവുകളും ഹെലന്‍ കെല്ലറെപ്പോലുള്ള മഹാവ്യക്തികള്‍ക്കു ജന്മം നല്കി എന്നതു ചരിത്രം.
താഴെപ്പറയുന്ന മൂന്നു പ്രധാനകാരണങ്ങളാല്‍ മാതാപിതാക്കള്‍ ദുഃഖിക്കുന്നു. ഒന്ന്, തങ്ങളുടെ കുട്ടിയുടെ ഭാവി എന്താകും എന്ന ചിന്തയാല്‍. രണ്ട്, തങ്ങളുടെ ദുര്‍വിധിയെ ഓര്‍ത്ത്. മൂന്ന്, സമൂഹത്തിലെ മാനക്കേടിനെ ഓര്‍ത്ത്. തങ്ങളുടെ കുട്ടിയുടെ ഭാവി എന്താകും എന്ന ചിന്തയ്ക്ക് അടിസ്ഥാനമില്ല എന്നതാണ് വസ്തുത. കാരണം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഇന്ന് സമൂഹം വളരെ ഉയര്‍ന്ന സ്ഥാനം നല്‍കുന്നു. അരയ്ക്കു കീഴ്‌പ്പോട്ടു തളര്‍ന്ന എന്റെ പ്രിയശിഷ്യ ഗൗരിമോള്‍ ഇന്ന് ലോകമറിയുന്ന സോഷ്യല്‍ മീഡിയ സാന്നിധ്യവും കുടുംബത്തിന്റെ വെളിച്ചവുമാണ്. എന്നെ അലട്ടിയിരുന്ന മൂന്നു പഠനവൈകല്യങ്ങളെക്കുറിച്ചു ഞാന്‍ തന്നെ പറയാറുണ്ട്. ഡിസ്‌ലെക്‌സിയ എന്നു വിളിക്കപ്പെടുന്ന വായിക്കുവാനുള്ള ബുദ്ധിമുട്ട്, ഡിസ്ട്രാഫിയ എന്ന എഴുതുവാനുള്ള ബുദ്ധിമുട്ട്, ഡിസ്‌കാല്‍ക്കുലിയ എന്ന കണക്കുകൂട്ടുവാനുള്ള വിഷമാവസ്ഥ. എന്റെ ജീവിതത്തെ ശക്തമായി അലട്ടിയിരുന്ന ഇവ മൂന്നും പത്തൊമ്പതാം വയസ്സോടെ അപ്രത്യക്ഷമായി. ഇവിടെ സൂചിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്, നമ്മുടെ കുട്ടികളെ ബാധിച്ചിരിക്കുന്ന, ബാധിക്കാന്‍ സാധ്യതയുള്ള മാനസിക ശാരീരിക വൈകല്യങ്ങള്‍ മറികടക്കുവാന്‍ ഇന്നിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ സാധിക്കും എന്നു തന്നെ. ചില മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം സാഹചര്യത്തെ, അവസ്ഥയെ ഉള്‍ക്കൊള്ളുവാന്‍ സമയം എടുക്കാം. ഇതിനായി ഒരു പരിശീലകന്റെ സഹായം തേടണം.
അപൂര്‍വം ചില മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിയുടെ മാനസിക ശാരീരികവൈകല്യങ്ങളെ തങ്ങളുടെ ദുര്‍വിധിയായും ശിക്ഷയായും കാണാറുണ്ട്. ഇത്തരത്തിലുള്ള അബദ്ധധാരണകള്‍ മാതാപിതാക്കളുടെ മാനസിക ശാരീരിക ആരോഗ്യത്തെയും കുടുംബത്തിന്റെ കെട്ടുറപ്പിനെയും സമൂഹബന്ധത്തെയും ബാധിക്കും. ചില മുതിര്‍ന്നവര്‍ ഇത്തരം കുട്ടികള്‍ക്കു ജന്മം നല്‍കിയ മാതാപിതാക്കളെ വളരെ നിശിതമായി വിമര്‍ശിക്കുന്നതും കണ്ടുവരാറുണ്ട്. പ്രപഞ്ചസ്രഷ്ടാവ് ഇത്തരം കുട്ടികളുടെ മാതാപിതാക്കളിലൂടെ മറ്റുള്ളവര്‍ക്ക് കാരുണ്യത്തിന്റെ, നന്മയുടെ, സ്‌നേഹത്തിന്റെ, സഹനത്തിന്റെ, ആശ്വാസത്തിന്റെ, സഹിഷ്ണുതയുടെ, ആത്മധൈര്യത്തിന്റെ മാതൃക നല്കുവാന്‍ ആഗ്രഹിക്കുന്നു എന്നു നാം മനസ്സിലാക്കണം. അതിനാല്‍ത്തന്നെ, ഇത്തരം കുട്ടികളുടെ ജനനം അവരുടെ മാതാപിതാക്കളുടെ ദുര്‍വിധിയല്ല; മറിച്ച്, പ്രപഞ്ചസ്രഷ്ടാവിന്റെ അനന്തകാരുണ്യത്തിന്റെ അടയാളമായി കാണണം.
സമൂഹത്തിലെ പല പ്രശസ്തരായ വ്യക്തികളും തങ്ങളുടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പൊതുസമൂഹത്തില്‍ പ്രമുഖസ്ഥാനം നല്‍കുന്നതും അവരെ മറ്റുള്ള കുട്ടികളെപ്പോലെതന്നെ പരിഗണിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടാവും. സമൂഹത്തിന്റെ ചിന്ത ഒരിക്കലും ഇടുങ്ങിയതല്ല. അതുകൊണ്ടുതന്നെ, ഇത്തരം കുട്ടികളെ മാതാപിതാക്കള്‍ ധൈര്യപൂര്‍വം സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കണം. സമൂഹം അവരെ ശരിയായ അര്‍ത്ഥത്തില്‍ത്തന്നെ സ്വീകരിക്കും.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൗണ്‍സലിങ് - ചികിത്സാസഹായം നല്‍കുവാന്‍ മടിക്കാതിരിക്കുക. ശരിയായ രോഗനിര്‍ണയം ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുവാനും കുറയ്ക്കുവാനുമുള്ള കൗണ്‍സലിങ് - ചികിത്സാരീതികളിലേക്കു നയിക്കും.