പുരുഷനും സ്ത്രീയും വിവാഹിതരാകുന്നതോടെ തങ്ങളുടെ ഇണയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണുന്ന കുലീനതയുള്ള ഒരു സംസ്‌കാരമാണു നമ്മുടേത്. ഒപ്പം, വിവാഹത്തിലൂടെ തന്റെ കുടുംബത്തിന്റെ ഭാഗമാകുന്ന വ്യക്തിയെ സ്വന്തം മകനായി, മകളായി മാതാപിതാക്കളും കാണുന്നു. മേല്‍സൂചിപ്പിച്ച രണ്ടു സമീപനങ്ങള്‍ക്കും അപവാദമായി പെരുമാറുന്നവരും കുറവല്ല.
എന്തിന് ഇണയുടെ മാതാപിതാക്കളെ സ്വന്തമായി കരുതണം?
തന്റെ ഭാര്യയുടെ പിതാവിനെ അങ്കിള്‍ എന്നു വിളിക്കുന്ന മരുമകനെ കൗണ്‍സിലിങ്ങില്‍ പരിചയപ്പെട്ടു. ഭാര്യയുടെ പിതാവിനെ അപ്പന്‍ എന്നു വിളിച്ചുകൂടേ എന്ന ചോദ്യത്തിന്, 'എന്തിന്' എന്നായിരുന്നു മറുചോദ്യം. ഇണയുടെ മാതാപിതാക്കളെ സ്വന്തമായി കാണേണ്ടതിന്റെ ആവശ്യകത താഴെ സൂചിപ്പിക്കുന്നു.
സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കാന്‍, ഇണയെ ബഹുമാനിക്കാന്‍, സ്‌നേഹിക്കാന്‍, തുറവും വിശാലചിന്താഗതിയും വളര്‍ത്താന്‍, സൗഹാര്‍ദപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ പരസ്പരം താങ്ങും തണലുമായി മൂല്യങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കാന്‍, നിലനില്‍ക്കുന്ന മാന്യമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാകാന്‍.
മേല്പറഞ്ഞവ ജീവിതത്തിന്റെ ഭാഗമായി മാറുമ്പോഴേ, നവദമ്പതികള്‍ക്കു നന്മ നിറഞ്ഞ ഒരു ജീവിതം നയിക്കാന്‍ കഴിയൂ.
മകന്റെ, മകളുടെ ഇണയെ എന്തിന് സ്വന്തം മകനായി, മകളായി കാണണം?
സ്വന്തം മകന്റെ / മകളുടെ ശരീരത്തിന്റെ, മനസ്സിന്റെ, ആത്മാവിന്റെ ഭാഗമായി മാറുന്ന വ്യക്തിയെ സ്വന്തമായി കാണുക എന്നത് കുലീനതയുടെ ലക്ഷണമാണ്. ഇതു സ്‌നേഹം പ്രകടിപ്പിക്കുന്നതിനും പുതുതായി വന്ന വ്യക്തിയെ ബഹുമാനിക്കുന്നതിനും കാരണമാകും. ഇത് ഉള്‍പ്പെടുത്തലിന്റെ പ്രതീകമാണ്. കുടുംബസമാധാനവും വിശാലചിന്താഗതിയും ഇത് ഊട്ടിയുറപ്പിക്കും. പരമ്പരാഗതമായി കൈമാറപ്പെട്ട മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
മാതാപിതാക്കളും വിവാഹിതരും അറിയേണ്ട വസ്തുതകള്‍
ഒരിക്കല്‍ കൗണ്‍സലിങ്ങിനായി വന്ന പുരുഷന്‍ പ്രധാനമായും ആവശ്യപ്പെട്ടത് ഭാര്യ അവളുടെ അമ്മയെ വിളിച്ച് എല്ലാക്കാര്യങ്ങളും പറയരുത് എന്നതാണ്. തങ്ങളുടെ ബഡ്‌റൂം രഹസ്യങ്ങള്‍വരെ അമ്മയ്ക്ക് അല്ലെങ്കില്‍ അപ്പന് എത്തിച്ചുനല്‍കുന്ന വ്യക്തികളെ അറിയാം! മക്കള്‍ വിവാഹിതരായാല്‍ മാതാപിതാക്കള്‍ അനുവര്‍ത്തിക്കേണ്ട ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു:
തന്റെ മകന്‍ / മകള്‍ ഇപ്പോള്‍ ഒരു ഭര്‍ത്താവാണ്/ഭാര്യയാണ് എന്ന ബോധ്യം, തന്റെ മകന്റെമേല്‍ ഭാര്യയ്ക്കും മകളുടെമേല്‍ ഭര്‍ത്താവിനുമാണ് കൂടുതല്‍ അവകാശം എന്ന തിരിച്ചറിവ്, തന്റെ കുട്ടി വളര്‍ന്നുവലുതായി എന്ന വിവേകപൂര്‍വമായ അംഗീകരിക്കല്‍, തന്റെ കുട്ടിയുടെമേല്‍ പണ്ടുണ്ടായിരുന്ന സ്വാതന്ത്ര്യം കുറയ്ക്കണമെന്ന ഉള്‍വിളി, തുടര്‍ച്ചയായ അന്വേഷണങ്ങള്‍ കുറയ്ക്കല്‍, വിമര്‍ശനം ഒഴിവാക്കല്‍, പക്ഷപാതപരമായ പ്രവൃത്തികള്‍ മനഃപൂര്‍വമായി ചെയ്യാതിരിക്കല്‍, എല്ലാത്തിനും തങ്ങള്‍ കൂടെയുണ്ടെന്ന അനാവശ്യ ഉറപ്പുകള്‍ നല്‍കാതിരിക്കല്‍, തന്റെ കുട്ടിയോട് ഇണയെക്കുറിച്ചു കുറ്റം പറയാതിരിക്കല്‍, കഴിഞ്ഞ കാല നെഗറ്റീവ് സംഭവികാസങ്ങള്‍ ചികഞ്ഞെടുക്കാതിരിക്കല്‍, തന്റെ കുട്ടിയെ കൂടുതലായി പരിഗണിക്കുകയും ഇണയെ അവഗണിക്കുകയും ചെയ്യാതിരിക്കല്‍, പുതുതായി വീട്ടിലെത്തിയ അംഗത്തെ കഠിനമായ ജോലികളിലേക്കു തള്ളിവിടാതിരിക്കല്‍, സ്ത്രീധനം, പീഡനം തുടങ്ങിയ തിന്മകള്‍ അകറ്റിനിര്‍ത്തല്‍ ഇവയൊക്കെ തീര്‍ച്ചയായും മാതാപിതാക്കള്‍ അതീവജാഗ്രതയോടെ ശ്രദ്ധിക്കേണ്ടവയാണ്.
മാതാപിതാക്കള്‍ ഓര്‍ക്കേണ്ട പരമപ്രധാനമായ ഒരു വസ്തുത, വിവാഹത്തിലൂടെ തന്റെ മകന്‍ / മകള്‍, ഭര്‍ത്താവ്, ഭാര്യ എന്നീ നിലകളിലേക്ക് ഉയര്‍ത്തപ്പെട്ടു എന്നതാണ്. ഈ ബോധ്യം മക്കള്‍ക്കും ഉണ്ടാവണം. വിവാഹിതയായ/വിവാഹിതനായ/മകളുടെ/മകന്റെ മാതാപിതാക്കള്‍ക്ക് അവരുടേതായ വലിയ ഉത്തരവാദിത്വങ്ങളുണ്ട്. അതോടൊപ്പം, വിവാഹിതരായ മക്കള്‍ക്ക് മാതാപിതാക്കളോടും വലിയ ഉത്തരവാദിത്വങ്ങളുണ്ട്. ഈ ബോധ്യം മക്കളെയും മാതാപിതാക്കളെയും ഉയര്‍ന്ന ചിന്തയില്‍ വളരാന്‍ സഹായിക്കും.