ആധുനിക കുടുംബത്തില്‍ ഇന്നു മീഡിയയുടെ സ്വാധീനം അപാരമാണ്. ഓരോ അംഗവും ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം മൊബൈലിലേക്കു കുനിഞ്ഞുനോക്കുന്ന കാലം. അമ്പരപ്പിക്കുന്ന വാര്‍ത്തകളാണു ചുറ്റും: മൊബൈല്‍ ഉപയോഗിക്കാനറിയുന്ന 72 കാരി ഇന്റര്‍നെറ്റ് കട്ടായതിനാല്‍ അസ്വസ്ഥയായി വീടുവിട്ടിറങ്ങി, മൊബൈല്‍ ലഭിക്കാത്ത 12 വയസ്സുകാരന്‍ തന്റെ അമ്മയുടെ വയറ്റില്‍ ആഞ്ഞുചവിട്ടി, വീട്ടുകാര്‍ പുറത്തുപോയപ്പോള്‍ മൂന്നു ദിവസം ഭക്ഷണം കഴിക്കാതെ മൊബൈല്‍ഗെയിം കളിച്ച 22 കാരന്‍ ബോധരഹിതനായി. വീട്ടിലെ ടി.വിയും ന്യൂസ്‌പേപ്പറും കമ്പ്യൂട്ടറും ടാബും എല്ലാം മൊബൈലായി മാറുന്നു. സാക്ഷരതയെയും നിരക്ഷരതയെയും നിര്‍ണയിക്കുന്ന ഘടകം മൊബൈല്‍ ഉപയോഗത്തിലെ പ്രാവീണ്യമാണിന്ന്. 'കീഴ്‌പോട്ടു നോക്കാത്തവര്‍' വിവരം കെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നു. വിഷാദരോഗമുള്‍പ്പെടെ അനവധി മാനസികരോഗങ്ങളും പിടലിവേദനയും ഹൃദയാഘാതവുമുള്‍പ്പെടെ അനവധി ശാരീരികപ്രശ്‌നങ്ങളും 'കീഴ്‌പോട്ടു നോക്കുന്നവര്‍' നേടിയെടുക്കുന്നു.
മീഡിയ എന്നത് മൊബൈല്‍ ഫോണായി മാറുമ്പോള്‍ അതു ശക്തമായ അടിമത്തം സൃഷ്ടിക്കുന്നു. മയക്കുമരുന്നിനടിമയാകുന്നതും മൊബൈലിന് അടിമയാകുന്നതും ഒരുപോലെതന്നെ. രണ്ടില്‍നിന്നും പുറത്തുകടക്കാന്‍ ഡി-അഡിക്ഷന്‍ ചികിത്സ തന്നെ ആശ്രയം. മൊബൈല്‍ എല്ലാ മീഡിയകളെയും ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന ലാഭത്തെ ഇവിടെ കുറച്ചുകാണുന്നുമില്ല. 'എല്ലാം വിരല്‍ത്തുമ്പില്‍' എന്ന ചൊല്ല് അന്വര്‍ത്ഥമാകുന്നത് ആധുനികതയുടെ നേട്ടംതന്നെ. ഈ നേട്ടം വിജ്ഞാനത്തിന്റെ സാധ്യതകളെ പൂര്‍ണതയിലേക്കെത്തിക്കുന്നു. അത് അവസരങ്ങള്‍ പ്രദാനം ചെയ്യുന്നു. സ്വാതന്ത്ര്യത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ക്ക് ഉറപ്പുള്ള ചിറകുകള്‍ നല്‍കുന്നു. മേല്‍സൂചിപ്പിച്ച വിജ്ഞാനവും അവസരങ്ങളും സ്വാതന്ത്ര്യവും നമ്മോടാവശ്യപ്പെടുന്ന ഉത്തരവാദിത്വം നാം നിറവേറ്റേണ്ടിയിരിക്കുന്നു. അടിമത്തം ചുമലിലേറ്റുന്ന ജനതയ്ക്ക് ഉത്തരവാദിത്വങ്ങളെ പൂര്‍ണാര്‍ത്ഥത്തില്‍ നിറവേറ്റാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ നമ്മുടെ കുടുംബാംഗങ്ങള്‍ ഒരു മീഡിയയ്ക്കും അടിമകളല്ലായെന്നു നാം ഉറപ്പാക്കണം. മുതിര്‍ന്നവര്‍ അടിമകളാകുമ്പോള്‍ അവര്‍ പുതുതലമുറയ്ക്കു ദുര്‍മാതൃകളാകുന്നു. പുതുതലമുറ അടിമത്തം പേറുമ്പോള്‍ അതു നാടിന്റെ നാശവും.
വീടിന്റെ സാമ്പത്തികഭദ്രത യനുസരിച്ച് ന്യൂസ്‌പേപ്പര്‍, മാസികകള്‍, ടി.വി., കമ്പ്യൂട്ടര്‍, മൊൈബല്‍, ഇന്റര്‍നെറ്റ് എല്ലാം ആവശ്യമാണ്. ഇവയെല്ലാം കുടുംബാംഗങ്ങള്‍ നിശ്ചിതസമയങ്ങളില്‍ ഉപയോഗിക്കണം. ഇവയില്‍ ഏതെങ്കിലുമൊന്നിലേക്ക് ഒരു കുടുംബാംഗം ഒതുങ്ങിയാല്‍ അതിനെ നിരുത്സാഹപ്പെടുത്തണം. നല്ലതും മോശവുമായ ഏതൊരു ശീലവും രൂപപ്പെടുന്നത് ഒരു പ്രവൃത്തി എത്രകാലം തുടര്‍ച്ചയായി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. അനുദിനപ്രവൃത്തികളെ, കടമകളെ ബാധിക്കുന്ന ഏതൊരു ശീലവും മാറ്റപ്പെടണം. ആധുനികമനഃശാസ്ത്രം അതിനു സഹായകമാണ്.
പ്രിന്റ് മീഡിയയ്ക്ക് സാധാരണ രീതിയില്‍ വ്യക്തികള്‍ അടിമകളാകാറില്ല. എന്നാല്‍, സ്‌കീന്‍ മീഡിയ അടിമകളെ സൃഷ്ടിക്കാം. സ്‌ക്രീന്‍ ടൈം എന്ന ആശയം ലോകത്താകമാനം ഉയര്‍ന്നുവരാന്‍ കാരണം സ്‌ക്രീന്‍ മീഡിയ അടിമത്തംതന്നെ. സ്‌ക്രീന്‍ ടൈം എന്നത് ഒരു നിശ്ചിതസമയം മൊബൈല്‍, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയ്ക്കായി നീക്കിവയ്ക്കുന്നതും ആ സമയത്തുതന്നെ അവ ഉപയോഗിക്കുന്നതും പിന്നീടവ ഉപയോഗിക്കാതിരിക്കുന്നതുമാണ്. ജോലി, പഠനം എന്നീ നിലകളില്‍ സ്‌ക്രീന്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കും മേല്‍സൂചിപ്പിച്ച സ്‌ക്രീന്‍ ടൈം ബാധകമാണ്. സ്‌ക്രീന്‍ മീഡിയ 'പഠനം', 'ജോലി' എന്നിവയുടെ ഭാഗമായി ഉപയോഗിക്കുന്നവര്‍ താഴെപ്പറയുന്ന കാര്യങ്ങളില്‍ ശരിയായ അറിവു നേടണം:
സ്‌ക്രീന്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇരിക്കേണ്ട രീതി/നില്‍ക്കേണ്ട രീതി, തുടര്‍ച്ചയായി സ്‌ക്രീന്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സമയക്രമം, ആഹാരക്രമം, ശാരീരിക, മാനസികവ്യായാമങ്ങള്‍, കുടുംബബന്ധവും ആശയവിനിമയവും കാത്തുസൂക്ഷിക്കാന്‍ പാലിക്കേണ്ട കാര്യങ്ങള്‍.
മേല്‍സൂചിപ്പിച്ച കാര്യങ്ങളെ മുന്‍നിറുത്തി പഠനം നടത്തുകയും അതു പ്രാവര്‍ത്തികമാക്കുകയും വേണം. വിദഗ്ധസഹായം ആവശ്യമായിത്തോന്നിയാല്‍ സ്വീകരിക്കണം.
ചുരുക്കത്തില്‍, ഒരു കുടുംബത്തിന്റെ സ്വകാര്യതയെയും കെട്ടുറപ്പിനെയും ബന്ധത്തെയും മൂല്യങ്ങളെയും സാരമായി ബാധിക്കാന്‍ ശേഷിയുള്ള രോഗമാണ് മീഡിയയുടെ അമിതസ്വാധീനവും ഉപയോഗവും. ആധുനികമീഡിയയെ ബുദ്ധിപൂര്‍വം ശ്രദ്ധയോടെ, ആവശ്യാനുസരണം ഉപയോഗിച്ചാല്‍ അവ ക്രിയാത്മകമായ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.