നാലു പേരുള്ള ഒരു കുടുംബത്തില്‍ മൂന്നുതരം ഭക്ഷണം മൂന്നു നേരവും പാകം ചെയ്യുന്ന ഒരു വീട്ടമ്മയെ കഴിഞ്ഞയിടെ കാണുകയുണ്ടായി. അടുക്കളയില്‍ ജോലി ചെയ്യുന്ന വ്യക്തികള്‍ ആരുമാകട്ടെ, അവരെ ബഹുമാനിക്കുകയും സഹായിക്കുകയും അവര്‍ക്കു പ്രോത്സാഹനം നല്കുകയുമൊക്കെ ചെയ്യുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. വീട്ടില്‍ ഭക്ഷണം പാകം ചെയ്യുക എന്നത് കൂട്ടായ പ്രവൃത്തിയായി കാണുന്ന കുടുംബങ്ങള്‍ ഇന്നു ധാരാളമുണ്ട്. സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യുകയും പണസമ്പാദിക്കുകയും ചെയ്യുമ്പോള്‍ ഇത് അനിവാര്യമാണ്.
തന്റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷിക്കുക എന്ന ചൊല്ല് ഭര്‍ത്താവിനും ഭാര്യയ്ക്കും മക്കള്‍ക്കും വല്യപ്പനും വല്യമ്മയ്ക്കും വീട്ടില്‍ സ്ഥിരമായി ജീവിക്കുന്ന മറ്റുള്ളവര്‍ക്കുമൊക്കെ ബാധകമാണ്. അമ്മ ഭക്ഷണം പാകം ചെയ്താലേ രുചിയുള്ളൂ എന്നു പറയുന്ന മക്കളെ രുചിയോടെ ഭക്ഷണം പാകം ചെയ്യാന്‍ പഠിപ്പിക്കേണ്ടത് അമ്മയുടെ കടമയാണ്. ഭക്ഷണം കഴിക്കുകയെന്നത് ഒരു സഹായമല്ലായെന്നു ബോധ്യപ്പെടുത്തേണ്ടത്, പ്രതിഫലമൊന്നും പറ്റാതെ അതു സ്ഥിരമായി ചെയ്യുന്ന ആളുടെ ഉത്തരവാദിത്വമാണ്.
ഞാന്‍ ചെയ്താലേ ശരിയാവൂ എന്ന ചിന്ത, മറ്റുള്ളവരെ ഉള്‍പ്പെടുത്താനും അവരുമായി പൊരുത്തപ്പെടാനുമുള്ള കഴിവില്ലായ്മ, തന്റെ ബുദ്ധിമുട്ടുകള്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്യാനുള്ള ഭയം, കാലാകാലങ്ങളായി പിന്തുടരുന്ന ശീലങ്ങള്‍ മാറ്റാനുള്ള മടി ഇവയൊക്കെ ഭക്ഷണം പാകം ചെയ്യുക എന്ന പ്രവൃത്തി ഒരാളിലേക്കു മാത്രമായി ഒതുങ്ങാന്‍ കാരണമാകും. വീട്ടുജോലികളില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്താനാഗ്രഹിക്കുന്നുവെങ്കില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. തുറന്ന സംസാരം 2. ഓരോരുത്തര്‍ക്കുംപറ്റുന്ന ജോലികള്‍ നല്‍കല്‍ 3. സഹായാഭ്യര്‍ത്ഥന 4. മറ്റുള്ളവര്‍ സഹായിക്കുമ്പോള്‍ അവരെ കുറ്റപ്പെടുത്താതെ ഉള്‍ക്കൊള്ളുക 5. അഭിപ്രായങ്ങള്‍ ചോദിക്കുക 6. സഹായം നല്‍കുമ്പോള്‍ നന്ദി പറയുകയും അവരുകൂടി ചേര്‍ന്നുപ്രവര്‍ത്തിച്ചതിനാല്‍ രുചിയുള്ള ഭക്ഷണം ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന് അഭിനന്ദിക്കുകയും ചെയ്യുക.
കുടുംബാംഗങ്ങളുടെ മാറേണ്ട ചില ചിന്തകള്‍
ഒരിക്കല്‍ കൗണ്‍സെലിങ്ങിനായി എത്തിയ ഒരു ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു: ''എന്റെ അമ്മ ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. ഇനി അമ്മ വിശ്രമിക്കണം. അവള് (ഭാര്യ) പണിയെടുക്കട്ടെ.'' അമ്മയെക്കൊണ്ടു പണിയെടുപ്പിക്കാതെ നോക്കുന്ന മകനും പിരിമുറുക്കത്തോടെ പണിയെടുക്കുന്ന ഭാര്യയും കുടുംബത്തിന്റെ സമാധാനം കളയുന്നു എന്ന വസ്തുത ബോധ്യപ്പെട്ടപ്പോള്‍ ഈ വ്യക്തിയുടെ ചിന്താഗതി പാടേ മാറി. നാം ഓര്‍ക്കേണ്ട കാര്യം, നമ്മുടെ കടമകളില്‍നിന്നു നാം മാറി നില്‍ക്കുമ്പോഴും ചില തെറ്റായ ധാരണകളുടെ പേരില്‍ മറ്റുള്ളവരെ മാറ്റിനിര്‍ത്തുമ്പോഴും അതു ഗുണത്തിലേറെ ദോഷമായി ഭവിക്കുമെന്നതാണ്.
മനഃപൂര്‍വം ഒഴിഞ്ഞുമാറുന്നവരെയും അസുഖം നടിക്കുന്നവരെയും, അമിതമായി കുറ്റം പറയുന്നവരെയും ജോലിത്തിരക്കു നടിക്കുന്നവരെയും കടുംപിടിത്തക്കാരെയും എനിക്കൊന്നും അറിയില്ല, ഞാന്‍ ചെയ്താല്‍ ശരിയാവില്ല എന്നൊക്കെ പറയുന്നവരെയും ഇതൊന്നും ഇനി ഞാന്‍ ചെയ്യേണ്ടതില്ല എന്നു ചിന്തിക്കുന്നവരെയും ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.
എന്ത്, എങ്ങനെ, എപ്പോള്‍ പാകം ചെയ്യണം?
എല്ലായ്‌പ്പോഴും വീട്ടില്‍ ഭക്ഷണം പാകം ചെയ്യണോ? എന്തൊക്കെയാണു പാകം ചെയ്യേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ അര്‍ത്ഥവത്താണ്. 98 കിലോഗ്രാം ഭാരവും അഞ്ചടി ഉയരവുമുള്ള പതിമ്മൂന്നുകാരനുമായി കൗണ്‍സെലിങ്ങിനു വന്ന ഒരമ്മ പറഞ്ഞ ചില കാര്യങ്ങള്‍ ഇങ്ങനെയാണ്:
ഞങ്ങള്‍ സ്ഥിരമായി പുറത്തുനിന്നാണു കഴിക്കുന്നത്, എല്ലാവരും കഴിക്കുന്ന ഭക്ഷണമൊന്നും ഞങ്ങള്‍ മക്കള്‍ക്കു കൊടുക്കാറില്ല, മോനും മോള്‍ക്കും കുറച്ചു തടിയുണ്ടെന്നേ ഉള്ളൂ. ആരോഗ്യത്തിനു കുഴപ്പമൊന്നുമില്ല.
98 കിലോഗ്രാം ഭാരമുള്ള അഞ്ചടി ഉയരമുള്ള പതിമ്മൂന്നു വയസ്സുകാരന്‍ ആരോഗ്യവാനാണെന്നു ചിന്തിക്കുന്ന അമ്മയുടെ അറിവില്ലായ്മയെ തിരുത്തി താഴെപ്പറയുന്ന ശീലങ്ങളിലേക്ക് അവരെ എത്തിക്കുവാന്‍ മൂന്നു തവണകളായുള്ള കൗണ്‍സെലിങ് വേണ്ടിവന്നു:
പച്ചക്കറിക്കും മാംസ്യാഹാരത്തിനും പയര്‍വര്‍ഗത്തിനും ധാന്യങ്ങള്‍ക്കുമൊക്കെ പ്രാധാന്യം നല്‍കുന്ന സമീകൃതഭക്ഷണം പാകം ചെയ്യുക (ഇതിനായി യൂട്യൂബ് വീഡിയോകളെയും ബുക്കുകളെയും അറിവുള്ളവരെയും ആശ്രയിക്കാം.), നമ്മുടെ നാട്ടില്‍ കൃഷിചെയ്തുണ്ടാക്കുന്നവ കഴിക്കുവാന്‍ ആവുന്നത്ര ശ്രമിക്കുക, പുറത്തുനിന്നു കഴിക്കുന്ന വ്യത്യസ്തഭക്ഷണങ്ങളുടെ അപകടകരമായ വശങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക, ഭക്ഷണം കഴിക്കേണ്ട അളവും സമയവും ശാസ്ത്രീയമായി മനസ്സിലാക്കുക.
ഭക്ഷണക്രമവും പരീക്ഷണങ്ങളും
നല്ലൊരു പാചകക്കാരന്‍ അല്ലെങ്കില്‍ പാചകക്കാരി ആരോഗ്യകരമായ ഭക്ഷണം പാകം ചെയ്യാന്‍ പരീക്ഷണങ്ങള്‍ നടത്തും. ഇതു കുടുംബാംഗങ്ങളുടെ അനുവാദത്തോടെ നടത്തുമ്പോള്‍ അതൊരു കൂട്ടായ പ്രവര്‍ത്തനമാകും. ഒപ്പം രുചിവ്യത്യാസത്തിന്റേതായ പ്രശ്‌നങ്ങള്‍ കലഹങ്ങളിലേക്കു നയിക്കുകയുമില്ല.
ചുരുക്കത്തില്‍, ഭക്ഷണം പാകം ചെയ്യുകയെന്നത് കുടുംബത്തിലെ കൂട്ടായ പ്രവര്‍ത്തനമാകണം. ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ബുദ്ധിപൂര്‍വകമായ പ്രവര്‍ത്തനം ആവശ്യമാണ്.