എന്താണ് ഔട്ടിങ്?
സാധാരണ ചെയ്യുന്ന അനുദിന പ്രവൃത്തികളില്‍നിന്നു വ്യത്യസ്തമായി വ്യക്തി ഒറ്റയ്‌ക്കോ മറ്റുള്ളവര്‍ക്കൊപ്പമോ വീടിനു പുറത്തേക്കിറങ്ങി ആനന്ദകരമായ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ഔട്ടിങ്ങായി കണക്കാക്കാം. ഔട്ടിങ് എന്നത് സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകുന്നതല്ല. ഔട്ടിങ്ങിന്റെ ലക്ഷ്യം സന്തോഷിക്കുക, ആനന്ദിക്കുക എന്നിവയൊക്കെയാവണം. ഔട്ടിങ്ങില്‍ ബിസിനസ് ലക്ഷ്യങ്ങള്‍ ഇല്ല. രോഗീസന്ദര്‍ശനവുമില്ല. ഔട്ടിങ്ങിനു പോകാറുണ്ടോ എന്ന എന്റെ ചോദ്യത്തോട് ഒരു വ്യക്തി പ്രതികരിച്ചത് ''ഞങ്ങള്‍ എല്ലാ മാസവും ഒരു മാനസികരോഗപുനരധിവാസകേന്ദ്രം സന്ദര്‍ശിക്കും. മനുഷ്യരുടെ ബുദ്ധിമുട്ട് മക്കള്‍ മനസ്സിലാക്കണം'' എന്നാണ്. ഇത് ഔട്ടിങ് അല്ല എന്ന തിരിച്ചറിവിലേക്ക് ഈ വ്യക്തിയെ എത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. ചില ഔട്ടിങ്ങുകള്‍ക്കുദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. സംസാരിക്കാനും ഭക്ഷണം കഴിക്കാനും പുതിയ സ്ഥലത്തേക്കോ ഇഷ്ടപ്പെട്ട ഇടങ്ങളിലേക്കോ പോകുന്നു. 2. സിനിമ, നാടക തീയേറ്ററുകളില്‍ പോകുന്നു. 3. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരുടെ വീടുകളില്‍ സന്തോഷം പങ്കിടാനായി പോകുന്നു. 4. പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നു.
(ഏതെങ്കിലും തരത്തിലുള്ള ശീലങ്ങള്‍ക്കു വ്യക്തി/ വ്യക്തികള്‍ അടിമകളാണെങ്കില്‍, അത്തരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവര്‍ പുറത്തുപോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഔട്ടിങ് അല്ല. ഉദാ. ക്ലബില്‍പോയി അമിതമായി മദ്യപിക്കുന്നത്.)
ഔട്ടിങ്ങിന്റെ ഗുണങ്ങള്‍
അനേകം പ്രശ്‌നങ്ങള്‍ക്കു പരിഹാരവും ജീവിതത്തിന് അര്‍ത്ഥവും നല്കുന്ന ഒന്നാണ് ഔട്ടിങ്. ഔട്ടിങ്ങിന്റെ ശാസ്ത്രീയമേന്മകള്‍ ചുവടെ ചേര്‍ക്കുന്നു:
1. ഉണര്‍വു നല്‍കുന്നു. 2.ബോറടി മാറ്റുന്നു. 3. പിരിമുറുക്കം കുറയ്ക്കുന്നു. 4. നഷ്ടബോധം ഒഴിവാകുന്നു. 5. ബന്ധങ്ങള്‍ ഊഷ്മളമാകുന്നു. 6. മാനസിക, ശാരീരികാരോഗ്യം മെച്ചപ്പെടുന്നു. 7. സന്തോഷം പ്രദാനം ചെയ്യുന്നു.
കുടുംബത്തിലെ ഔട്ടിങ് എങ്ങനെ ആയിരിക്കണം?
കുടുംബത്തില്‍ വ്യത്യസ്തമനോഭാവമുള്ളവര്‍ ഉണ്ട്. അതുകൊണ്ടുതന്നെ, ഔട്ടിങ്ങിനു പോകുമ്പോള്‍ ആവുന്നത്ര കുടുംബാംഗങ്ങളെയും ചേര്‍ത്തു നിര്‍ത്താന്‍ ശ്രദ്ധിക്കണം. ഔട്ടിങ് ബുദ്ധിപൂര്‍വം പ്ലാന്‍ ചെയ്യാന്‍ ഉതകുന്ന ചില മാര്‍ഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള ഔട്ടിങ്
കിടപ്പുരോഗികള്‍ ഒഴികെവീട്ടില്‍ ആരൊക്കെയുണ്ടോ അവരെ എല്ലാവരെയും ഇതില്‍ ഉള്‍പ്പെടുത്തുന്നു. വീല്‍ചെയറില്‍ ജീവിതം കഴിക്കുന്ന തന്റെ സഹോദരനെയും ഔട്ടിങ്ങിനുള്‍പ്പെടുത്തുന്ന ഒരു കുടുംബനാഥനെ പരിചയമുണ്ട്. പ്രായമായ മാതാപിതാക്കളും ഈ യാത്രയില്‍ ഉണ്ടാവണം. എല്ലാവരും ഒരുമിച്ചുള്ള ഇത്തരം ഔട്ടിങ്ങില്‍ ഏവര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ ഔട്ടിങ് ക്രമീകരിക്കണം. ഇത് രണ്ടു മാസത്തില്‍ ഒരിക്കലാവാം.
വിഭജിച്ചുള്ള ഔട്ടിങ്
ഭര്‍ത്താവും ഭാര്യയും മക്കളും ഒരുമിച്ചുള്ള ഔട്ടിങ് ഏതൊരു ദമ്പതികളും ആഗ്രഹിക്കും. ചില വീടുകളില്‍ ഇത്തരം ഔട്ടിങ്ങിനുനേരേ മുഖം കറുപ്പിക്കുന്ന മുതിര്‍ന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്. ഈ മുഖംകറുപ്പിക്കല്‍നാടകം ഒഴിവാക്കാന്‍ അവര്‍ക്കിഷ്ടമുള്ള ഒരു സ്ഥലത്തേക്ക് അവരെ പറഞ്ഞയയ്ക്കുക. (അവര്‍ വാശിപിടിച്ച് വീട്ടില്‍ത്തന്നെ ഇരിക്കുകയാണെങ്കില്‍ അതിനനുവദിക്കുക. അത്തരം വാശികള്‍ക്ക് അമിതപ്രാധാന്യം നല്‍കാതിരിക്കുക). ഇവിടെ കുടുംബാംഗങ്ങളെ രണ്ടായി ഭാഗിച്ച് അവരവരുടെ ഇഷ്ടപ്പെട്ട മേഖലകളിലേക്ക് ഔട്ടിങ്ങിനായി പറഞ്ഞയയ്ക്കുന്നു. (ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രമായി ഔട്ടിങ്ങിനു പോകണമെങ്കില്‍ മക്കളെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്കു പറഞ്ഞയയ്ക്കാം.) ഇത്തരം ഔട്ടിങ്ങുകള്‍ സുപ്രധാനംതന്നെ.
ഒഴിവാക്കിയുള്ള ഔട്ടിങ്
ചില പ്രത്യേകസാഹചര്യത്തില്‍ കുടുംബത്തിലെ ചിലരെ ഒഴിവാക്കി ഔട്ടിങ്ങിനു പോകേണ്ടിവരാം. ഇവിടെ നാം ശ്രദ്ധിക്കേണ്ടത് വീട്ടിലുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുകയെന്നതാണ്. എന്റെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുരോഗിയായ തൊണ്ണൂറ്റിരണ്ടു വയസ്സുള്ള വല്യമ്മച്ചി മക്കള്‍ ഔട്ടിങ്ങിനു പുറത്തുപോയില്ലെങ്കില്‍ ശകാരിക്കും. അവരുടെ വാക്കുകള്‍ ഹൃദയസ്പര്‍ശിയാണ്: ''എന്നെ നോക്കി നീ മുഴുവന്‍ സമയവും ഇവിടെയിരുന്നാല്‍ നിന്റെ നല്ല കാലം ഇങ്ങനെ തീരും. നീയൊന്ന് അവനെക്കൂട്ടി പുറത്തുപോയി വാ.'' (ഈ മനോഭാവമുള്ളവരെ ഒഴിവാക്കി പുറത്തുപോകാന്‍ നമുക്കു മനസ്സുവരില്ല. അവരുടെകൂടെ സമയം ചെലവഴിക്കുന്നത് ഔട്ടിങ്ങിനു തുല്യമാണ്.) വീട്ടില്‍ സഹായി ഉണ്ടായിട്ടും ബിസിനസുകാരനായ മകന്‍തന്നെ നാലുനേരവും മരുന്നെടുത്തുകൊടുക്കണമെന്നും മരുമകള്‍തന്നെ അഞ്ചുനേരവും ഭക്ഷണം എടുത്തുകൊടുക്കണമെന്നും വാശിപിടിക്കുന്ന മറ്റൊരു അമ്മച്ചിയെ പരിചയമുണ്ട്. ഇത്തരക്കാരോട് കാര്യം വ്യക്തമായി പറഞ്ഞ് അവരെ ഒഴിവാക്കിത്തന്നെ ഔട്ടിങ്ങിനു പോവാം. അതു ചെയ്തില്ലെങ്കില്‍ പിന്നീട് നഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവരും.
ചുരുക്കത്തി, ഔട്ടിങ് വ്യക്തികളുടെ മാനസികോല്ലാസത്തിനും കുടുംബത്തിന്റെ കെട്ടുറപ്പിനും അനിവാര്യമാണ്. ബുദ്ധിപൂര്‍വകമായ നീക്കങ്ങളിലൂടെ ഇതു സാധ്യമാക്കണം.