ഒന്നാം ഭാഗം
സാമൂഹികശാസ്ത്രലോകത്തില്‍ എക്കാലവും പഠനവിധേയമായ, ആയിക്കൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയാണ് വിവാഹം എന്നത്. ആധുനികലോകത്തില്‍ വിവാഹത്തിന്റെ വ്യത്യസ്തനിര്‍വചനങ്ങളും രീതികളും ക്രമവും ഒക്കെ പുനരവലോകനം ചെയ്യപ്പെടുകയും പുനര്‍നിര്‍വചിക്കപ്പെടുകയും ചെയ്യുന്നുണ്ട്. വിവാഹബന്ധങ്ങളെ പൊതുവെ ആലോചിച്ചുറപ്പിച്ചവ, പ്രണയവിവാഹങ്ങള്‍ മറ്റുള്ളവ എന്നിങ്ങനെ തരംതിരിക്കാം.
കേരളത്തില്‍ ഇതു പൂര്‍ണമായുംതന്നെ കുടുംബങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചയുടെയോ സ്വരച്ചേര്‍ച്ച ഇല്ലായ്മയുടെയോ തുടക്കമാണ്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യത്തില്‍ വിവാഹം നടക്കണമെന്നു നാം ആഗ്രഹിക്കുന്നു. എന്നാല്‍, ഇത് എല്ലായ്‌പ്പോഴും സാധ്യമാകണമെന്നില്ല. വിവാഹത്തില്‍ കുടുംബങ്ങളുടെ ബന്ധത്തെ താഴെപ്പറയുന്നവിധം തരം തിരിക്കാം.
a. സൗഹാര്‍ദപരം b. മുന്‍തൂക്കം സ്ഥാപിക്കല്‍ c. വിയോജിക്കല്‍ (അസഹിഷ്ണുത പ്രകടിപ്പിക്കല്‍) d. മാറിനില്‍ക്കല്‍ e. അക്രമപരം.
a. സൗഹാര്‍ദപരം
ഏതൊരു വിവാഹത്തിലും പങ്കാളികളാകാന്‍ തയ്യാറെടുക്കുന്നവരുടെ കുടുംബങ്ങള്‍ സൗഹാര്‍ദപരമായി സഹകരണത്തോടെ തങ്ങളുടെ മക്കളുടെ വിവാഹം നടത്തുകയും വിവാഹിതരായവരുടെ നന്മയ്ക്കുതകുന്ന കാര്യങ്ങള്‍ ചെയ്യുകയുമാണെങ്കില്‍ അത്തരം വിവാഹങ്ങളെ സൗഹാര്‍ദപരം എന്നു വിളിക്കാം. ഇതാണ് ഉത്തമമായ തുടക്കം.
b. മുന്‍തൂക്കം സ്ഥാപിക്കല്‍
വിവാഹത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറെടുക്കുന്ന ഏതെങ്കിലും ഒരു വ്യക്തിയുടെ മാതാപിതാക്കള്‍ മറുഭാഗത്തെ അപ്രസക്തമാക്കാന്‍ ശ്രമിക്കുന്ന പ്രക്രിയയാണ് മുന്‍തൂക്കം സ്ഥാപിക്കല്‍. ഇത് അഭികാമ്യമല്ല.
c. വിയോജിക്കല്‍
തങ്ങള്‍ക്കിഷ്ടമില്ലാത്ത ബന്ധത്തെ ഒരു കുടുംബമോ അല്ലെങ്കില്‍ ഇരുകുടുംബങ്ങളോ വിയോജിപ്പോടെ കാണുന്ന അവസ്ഥയാണിത്. ഈ സ്ഥിതി ദീര്‍ഘനാള്‍ തുടരാം. പിന്നീട് ചില അവസരങ്ങളില്‍ വിയോജിപ്പു മാറ്റിവച്ച് സൗഹാര്‍ദപരമായ ബന്ധത്തിലേക്കു തിരിച്ചുവരാനും വഴിയുണ്ട്.
d. മാറിനില്‍ക്കല്‍
മേല്‍സൂചിപ്പിച്ച വിയോജിക്കല്‍ പ്രക്രിയയുടെ ഭാഗമായി മാറിനില്‍ക്കല്‍ പ്രവണത കാണാറുണ്ട്. ഇത്തരം കുടുംബങ്ങള്‍ വിവാഹസമയത്തു മാറിനിന്നാലും പിന്നീട് ഒരുമിക്കാം. മറിച്ചും സംഭവിക്കാം.
e. അക്രമപരം
വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ കുടുംബങ്ങളുടെ എതിര്‍പ്പിനെ വ്യത്യസ്തരീതികളില്‍ മറികടക്കാന്‍ ശ്രമിക്കും. ക്രിമിനല്‍ വാസനയുള്ള കുടുംബങ്ങളാണ് ഇവരുടെയെങ്കില്‍ വ്യത്യസ്തരീതിയിലുള്ള അതിക്രമങ്ങള്‍ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒപ്പം ഏതെങ്കിലും ഒരു കുടുംബവും അനുഭവിക്കേണ്ടിവരാറുണ്ട്. ഇത് അപരിഷ്‌കൃതസമൂഹത്തിന്റെ ലക്ഷണമായി പൊതുവെ കാണപ്പെടുന്നു. അഭിമാനക്കൊല, മര്‍ദിച്ചു നാടുകടത്തുക, കുടുംബാംഗങ്ങളെ കൊലപ്പെടുത്തുക, ക്രൂരമായി മര്‍ദിക്കുക തുടങ്ങിയവയൊക്കെ അക്രമപരമായ സമീപനത്തിന്റെ ഉദാഹരണങ്ങളാണ്. കേരളത്തില്‍ ഇത്തരം കുറ്റകൃത്യം ചെയ്യുന്നവര്‍ പൊതുവെ നീതിപീഠത്തിനുമുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടതായി വരുന്നത് ആശ്വാസകരംതന്നെ.
വിവാഹവും അഞ്ചു തിന്മകളും
പൊങ്ങച്ചം, മറച്ചുവയ്ക്കല്‍, ഭാരംചുമത്തല്‍, പിടിവാശി, അധികാരപ്രയോഗം
എത്ര സൗഹാര്‍ദപരമായ വിവാഹപ്രക്രിയയാണെങ്കിലും മേല്‍സൂചിപ്പിച്ച അഞ്ചു തിന്മകള്‍ ഇടംനേടാറുണ്ട്. ഇതില്‍ ഒന്നാമത്തേത് ഏതെങ്കിലും ഒരു കുടുംബമോ ഇരുകുടുംബങ്ങളുമോ സ്വന്തമായോ അല്ലെങ്കില്‍ ഇതര കുടുംബത്തെക്കൊണ്ടോ പൊങ്ങച്ചം കാണിക്കാനായി പണം ചെലവഴിക്കുകയോ ചെലവഴിപ്പിക്കുകയോ ചെയ്യുന്ന സമീപനമാണ്. ഇതോടൊപ്പംതന്നെ കൂട്ടിവായിക്കാവുന്ന ഒന്നാണ് സ്ത്രീധനം, വിവാഹത്തിനെത്തുന്ന അതിഥികളുടെ എണ്ണം, ഭക്ഷണം, സമ്മാനങ്ങള്‍, മറ്റ് ആര്‍ഭാടങ്ങള്‍ എന്നിങ്ങനെയുള്ള ഭാരം ചുമത്തല്‍ രീതികള്‍. ചില വ്യക്തികളുടെ അഹങ്കാരപൂര്‍ണമായ പിടിവാശി വിവാഹത്തിനുമുമ്പുതന്നെ കുടുംബങ്ങളെ തമ്മിലടിപ്പിക്കും. മാത്രമല്ല, ചിലര്‍ അധികാരപ്രയോഗവും ഈ സമയത്തു നടത്തും. സ്ത്രീധനം ചോദിക്കാന്‍ തനിക്കാണ് അധികാരമെന്നു വാശിപിടിച്ച ഒരു ''അമ്മാവന്‍'' വിവാഹം മുടക്കിയ അനുഭവം കൗണ്‍സലിങ് വേളയില്‍ പറഞ്ഞുകേള്‍ക്കുകയുണ്ടായി. ഇവയ്‌ക്കെല്ലാമപ്പുറം മറച്ചുവയ്ക്കല്‍ എന്ന തിന്മ ആലോചിച്ചുറപ്പിച്ചുള്ള വിവാഹബന്ധങ്ങളില്‍ കൂടുതലായി കാണാറുണ്ട്. മറച്ചുവയ്ക്കല്‍ സാധാരണ സംഭവിക്കുക താഴെപ്പറയുന്ന കാര്യങ്ങളിലാണ്.
1. മാനസിക ശാരിരിക അസുഖങ്ങള്‍ 2. മുമ്പുണ്ടായിരുന്ന ബന്ധങ്ങള്‍ 3. കുറ്റകൃത്യവുമായി ബന്ധപ്പെട്ട മേഖലകള്‍ 4.ലൈംഗികശേഷിക്കുറവ് 5.സാമ്പത്തികസ്ഥിതി 6. പഠനം, ജോലി തുടങ്ങിയവയില്‍ 7.ആശയങ്ങളും ആഗ്രഹങ്ങളുമായി ബന്ധപ്പെട്ട്. മേല്‍സൂചിപ്പിച്ചവയില്‍ ഏതുതന്നെയായാലും മറച്ചുവയ്ക്കല്‍ ആപത്തു വിളിച്ചുവരുത്താം. എന്നാല്‍, ചില കാര്യങ്ങള്‍ പറയേണ്ട രീതിയില്‍ പറഞ്ഞാല്‍ മതിതാനും. ഉദാഹരണമായി തന്റെ മുന്‍കാലപ്രേമബന്ധത്തെക്കുറിച്ച് പെണ്ണുകാണാന്‍ വരുന്ന എല്ലാ ആണ്‍കുട്ടികളോടും പറഞ്ഞ്, നൂറ്റിരണ്ട് ആണ്‍കുട്ടികളെ കണ്ട് ഇപ്പോഴും വിവാഹം നടക്കാത്ത പെണ്‍കുട്ടിയെയും കുടുംബത്തെയും കൗണ്‍സലിങ് ചെയ്യാന്‍ ഇടയായി. വിവാഹബന്ധമെന്നത് വിവാഹം കഴിക്കുന്ന അന്നുമുതലുള്ള ബന്ധമാണ്.
ഇവിടെ പറയാനുദ്ദേശിച്ചത് വിവാഹാലോചനയുടെ സമയംമുതല്‍ വിവാഹം ഉറപ്പിക്കുന്ന സമയംവരെ കുടുംബങ്ങള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളാണ്. വിവാഹമെന്നത് രണ്ടു വ്യക്തികള്‍ മാത്രമല്ല, രണ്ടുകുടുംബങ്ങള്‍ക്കൂടി ഒന്നിക്കുന്ന മഹനീയസന്ദര്‍ഭമാണ്. അതു ശോഭനമാക്കാന്‍ നമുക്കു കഴിയട്ടെ.