•  25 Apr 2024
  •  ദീപം 57
  •  നാളം 7
കുടുംബജ്യോതി

കുട്ടികള്‍ എന്തുകൊണ്ടു പഠിക്കുന്നില്ല?

ന്റെ കൗണ്‍സലിങ് അനുഭവത്തില്‍ പത്തു ശതമാനം മാതാപിതാക്കള്‍ മാത്രമേ തങ്ങളുടെ മക്കളുടെ പഠനം സംതൃപ്തി നല്കുന്നതാണെന്നു പറഞ്ഞിട്ടുള്ളൂ. പഠനത്തില്‍ പിറകോട്ടു നില്‍ക്കുന്ന കുട്ടിയെ ക്രൂരമായി അവഗണിക്കുന്ന മലയാളിയായ ഒരു മെഡിക്കല്‍ പ്രഫഷണലിനെ കഴിഞ്ഞയിടെ കാണാനിടയായി.  ''എന്റെ ബുദ്ധിശക്തിയുടെ  ഒരംശംപോലുമില്ലാത്ത ഈ ചെറുക്കനെ ഞാനെന്തിനു സ്‌നേഹിക്കണ''മെന്ന് അദ്ദേഹം ഇംഗ്ലീഷില്‍ ചോദിച്ചപ്പോള്‍ ഒരു മനഃശാസ്ത്ര കൗണ്‍സലര്‍ എന്ന നിലയില്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്ത, ''പഠനമുള്ള ബോധ്യമില്ലാത്ത മനുഷ്യന്‍'' എന്നായിരുന്നു. ഭര്‍ത്താവിന്റെ  അറിവില്ലായ്മയുടെ മുമ്പില്‍ വെന്തുരുകുന്ന സൗമ്യയായ ഭാര്യയുടെ കണ്ണുനീര്‍ ആ കുട്ടിക്ക് ആശ്വാസമാണ്.
എന്തുകൊണ്ട് കുട്ടികള്‍ പഠനത്തില്‍ പിറകിലാകുന്നു?
ഒരു കുട്ടി ജനിക്കുമ്പോള്‍ത്തന്നെ അനേകം കഴിവുകള്‍ പ്രകടിപ്പിക്കുന്നു. കുട്ടി വളരുന്നതിനനുസരിച്ച് കഴിവുകള്‍ കൂടുതലായി ആര്‍ജിക്കുന്നു. ഈ കഴിവുകള്‍ക്കൊപ്പംതന്നെ പഠനവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വൈകല്യങ്ങളും കുട്ടികളില്‍ ഉടലെടുക്കാം. ഇത്തരം പ്രശ്‌നങ്ങളെ രണ്ടായി തിരിക്കാം.
1. പൂര്‍ണമായും മറികടക്കാവുന്നത്. 2. പൂര്‍ണമായും മറികടക്കാന്‍ പറ്റാത്തവ.
കുട്ടികളിലെ പൂര്‍ണമായും മറികടക്കാവുന്ന വൈകല്യങ്ങളും ബുദ്ധിമുട്ടുകളും മറ്റു പ്രശ്‌നങ്ങളും മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കണം. പലപ്പോഴും സ്‌കൂളിലെ അധ്യാപകരും മാതാപിതാക്കളും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമില്ലാത്തവരാകുന്നത് കുട്ടികളുടെ ജീവിതം നരകതുല്യമാകാം.
പഠനവുമായി ബന്ധപ്പെട്ട് പൂര്‍ണമായും മറികടക്കാവുന്ന മാനസികവൈകല്യങ്ങളും ബുദ്ധിമുട്ടുകളും മറ്റു പ്രശ്‌നങ്ങളും താഴെച്ചേര്‍ക്കുന്നു:
a. പഠനവൈകല്യങ്ങള്‍ b. പഠനബുദ്ധിമുട്ടുകള്‍ c പിരിമുറുക്കം d. അകാരണമായ ഭയം f. പലതരത്തിലുള്ള അടിമത്തങ്ങള്‍ g. സ്വഭാവവൈകല്യങ്ങള്‍ h. പെരുമാറ്റവൈകല്യങ്ങള്‍ വ. ലഘുവായ മറ്റ് മാനസികാസ്വസ്ഥതകളും രോഗങ്ങളും.
a. പഠനവൈകല്യങ്ങള്‍
1. ഡിസ്‌ലക്‌സിയ (വായനവൈകല്യം)

വായിക്കാനുള്ള പ്രയാസവും സംസാരശബ്ദങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.
2. ഡിസ്പ്രാക്‌സിയ (എഴുത്തുപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത വൈകല്യം.)
ശരീരാവയവങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനത്തെ ഇതു ബാധിക്കുന്നതിനാല്‍ പേന/പെന്‍സില്‍ എന്നിവ ഉപയോഗിച്ച് എഴുതാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
3. ഡിസ്ഗ്രാഫിയ (എഴുതാനുള്ള വൈകല്യം)
അക്ഷരത്തെറ്റ്, വേഗത്തില്‍ എഴുതാന്‍ കഴിയാതിരിക്കുക, അക്ഷരങ്ങള്‍ തിരിഞ്ഞുപോവുക, അക്ഷരങ്ങള്‍ തമ്മിലുള്ള അകലം മനസ്സിലാക്കാതെ വരുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
4. ഡിസ്‌കാല്‍ക്കുലിയ (ഗണിതശാസ്ത്രപഠനവുമായി ബന്ധപ്പെട്ട വൈകല്യം)
ഗണിതശാസ്ത്രത്തില്‍ ഇത്തരക്കാര്‍ വളരെ പിറകോട്ടായിരിക്കും. മേല്‍സൂചിപ്പിച്ചവയെ മാനസികരോഗങ്ങളായി കണക്കാക്കുന്നില്ല.
b പഠനബുദ്ധിമുട്ടുകള്‍
സാഹചര്യങ്ങള്‍ മാറുന്നതിനാലോ സമ്മര്‍ദംമൂലമോ കുട്ടികള്‍ക്കു പഠിക്കാന്‍ പറ്റാത്ത അവസ്ഥ. സ്‌കൂള്‍ മാറിവരുന്ന കുട്ടി പഠിക്കാത്തത് ഉദാഹരണം.
c. പിരിമുറുക്കം
പിരിമുറുക്കവും തുടര്‍ന്നുള്ള ശാരീരികമാനസികാസ്വസ്ഥതകളും ശ്രദ്ധ, ഓര്‍മ, ഉത്സാഹം, ലക്ഷ്യബോധം, എന്നിവയെയൊക്കെ സാരമായി ബാധിക്കാം.
d. അകാരണമായ ഭയം
ഫോബിയ എന്നറിയപ്പെടുന്ന അകാരണഭയം പഠനവുമായി ബന്ധപ്പെട്ടുണ്ടായാല്‍ അതു പഠനത്തെ ബാധിക്കും. അകാരണമായ പരീക്ഷപ്പേടി ഇതിനുദാഹരണമാണ്.
e പല തലത്തിലുള്ള അടിമത്തങ്ങള്‍
ഇന്റര്‍നെറ്റ്, സ്‌ക്രീന്‍ അടിമത്തം, ലഹരിപദാര്‍ത്ഥങ്ങള്‍, പ്രണയം, കൂട്ടുകാര്‍ ഇതൊക്കെ അടിമത്തങ്ങള്‍ക്കുദാഹരണമാണ്.
f. സ്വഭാവവൈകല്യങ്ങള്‍
തിന്മയോടും അതുമായി ബന്ധപ്പെട്ടവരോടും ചേര്‍ന്നുനില്‍ക്കുക, കള്ളം പറയുക, പഠിക്കുന്നത് കുറച്ചിലായി കാണുക, ധിക്കരിക്കുക, അബദ്ധാശയങ്ങളെ സ്‌നേഹിക്കുക എന്നിവയൊക്കെ സ്വഭാവവൈകല്യങ്ങള്‍തന്നെ.
g. പെരുമാറ്റവൈകല്യങ്ങള്‍
മോഷണം, ഉപദ്രവം, സമയം പാലിക്കാതിരിക്കുക, മടി, മോശം കൂട്ടുകെട്ട്, കൂട്ടുകാരുമായി ചേരാതിരിക്കുക, അധ്യാപകരെ നിന്ദിക്കുക, മാതാപിതാക്കളെ ധിക്കരിക്കുക എന്നിവയൊക്കെ പെരുമാറ്റവൈകല്യങ്ങളില്‍പ്പെടും.
h. ലഘുവായ മറ്റു മാനസികാവസ്ഥകളും രോഗങ്ങളും
മന്ദത, അമിത ഊര്‍ജസ്വലത, ലഘുവായ നിരാശ, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, അമിതചിന്ത, വികാരവിക്ഷോഭം തുടങ്ങിയവയൊക്കെ പഠനത്തെ സാരമായി ബാധിക്കാം.
ഇവിടെ നാം ഓര്‍ക്കേണ്ടത് പഠനവൈകല്യങ്ങളെ മനസ്സിലാക്കാനും മറികടക്കാനും വ്യത്യസ്തമാര്‍ഗങ്ങളുണ്ട് എന്ന സത്യമാണ്. പഠനവൈകല്യങ്ങളും പഠനബുദ്ധിമുട്ടുകളും രണ്ടാണ് എന്നു നാം തിരിച്ചറിയണം. പഠനബുദ്ധിമുട്ടിനെ വര്‍ദ്ധിപ്പിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. പഠനവൈകല്യങ്ങളും ബുദ്ധിമുട്ടുകളും മറ്റു പ്രശ്‌നങ്ങളും കുട്ടിയുടെ പഠനനിലവാരത്തെ ബാധിക്കും. ഇവയെ യഥാസമയത്തു മറികടക്കാന്‍ താഴെപ്പറയുന്ന രീതികള്‍ അവലംബിക്കാം.
1. കുട്ടികളിലെ മാറ്റങ്ങള്‍/ ബുദ്ധിമുട്ടുകള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുക. 2. മാറ്റങ്ങള്‍/ബുദ്ധിമുട്ടുകള്‍ ദീര്‍ഘകാലം (മൂന്നാഴ്ച) നിലനില്ക്കുന്നതായിത്തോന്നിയാല്‍ ഒരു കൗണ്‍സലറെ കാണുക. 3. കൗണ്‍സലറുടെ സഹായത്തോടെ കുട്ടിയുടെ യഥാര്‍ത്ഥപ്രശ്‌നം കണ്ടെത്തുക. ക്ഷമയോടെ കാര്യങ്ങളെ നേരിടുക. 4. പഠനവൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ പഠിച്ചെടുക്കുക. പഠനബുദ്ധിമുട്ടു നേരിടുന്ന കുട്ടികളുടെ ബുദ്ധിമുട്ടു കണ്ടെത്തി പരിഹരിക്കുക. മറ്റു പ്രശ്‌നങ്ങള്‍ക്കുള്ള മനഃശാസ്ത്രപരമായ സമീപനം കൗണ്‍സലറുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുക. കുറ്റപ്പെടുത്തല്‍, ശിക്ഷ, ശകാരം എന്നിവ പരിഹാരമാര്‍ഗങ്ങളല്ല.
മേല്‍സൂചിപ്പിച്ചതുപോലെ പൂര്‍ണമായും മറികടക്കാന്‍ പറ്റാത്ത, പഠനത്തെ സാരമായി ബാധിക്കുന്ന മാനസികപ്രശ്‌നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
a. ഓട്ടിസം (സമൂഹത്തില്‍ ഇടപഴകാനുള്ള ബുദ്ധിമുട്ട്) b. അഉഒഉ (അമിത ഊര്‍ജപ്രകടനവും ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയായ്കയും) c. മാനസികവളര്‍ച്ചയില്ലായ്മ d. മറ്റു ശക്തമായ മാനസികപ്രശ്‌നങ്ങള്‍.
ഇവയൊക്കെ ഒരു പരിധിവരെ പരിഹരിക്കാനും അനുദിനജീവിതം മുമ്പോട്ടുകൊണ്ടുപോകാനും ശരിയായ പരിശീലന പ്രക്രിയകളിലൂടെ സാധിക്കും. യഥാസമയത്തുള്ള ശരിയായ രോഗനിര്‍ണയം പ്രശ്‌നപരിഹാരത്തിനനിവാര്യമാണ്. മരുന്നു തെറാപ്പികള്‍, കൗണ്‍സലിങ് എന്നിവയുടെ സംയോജനം ഇത്തരക്കാരില്‍ ഫലപ്രദമാണ്.
ചുരുക്കത്തില്‍, ഒരു കുട്ടി പഠിക്കാത്തത് ആ കുട്ടിയുടെ മാനസികശാരീരികാവസ്ഥയാലാണ്. ശരിയായ രോഗനിര്‍ണയവും  ചികിത്സയും ഇത്തരം പ്രശ്‌നങ്ങളെ മറികടക്കുവാന്‍ സഹായിക്കും. കുടുംബാംഗങ്ങള്‍ ഇത്തരം കുട്ടികളെ മനസ്സിലാക്കി പ്രവര്‍ത്തിക്കുക അത്യന്താപേക്ഷിതമാണ്.

 

Login log record inserted successfully!