•  28 Nov 2024
  •  ദീപം 57
  •  നാളം 38
കുടുംബജ്യോതി

നാശം വിതയ്ക്കുന്ന നരകവീടുകള്‍

ചില വീടുകളില്‍ ഒച്ചപ്പാടും ബഹളവും സര്‍വസാധാരണമാണ്. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ബഹളവും മല്പിടിത്തവും. മക്കള്‍ തമ്മില്‍ കലഹം. വല്യപ്പനും വല്യമ്മയും തമ്മില്‍ മൂന്നാം നാള്‍. സഹോദരങ്ങള്‍ പരസ്പരം അടിച്ചു പിരിയുന്നു. എവിടെയും വെടിയും പുകയും മാത്രം. പരസ്പരം കരിവാരിയെറിഞ്ഞ് നേരം കളയുന്ന ഒരു പറ്റം മനുഷ്യര്‍. ഇവരുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും അക്രമസ്വഭാവമുള്ളതും ചുറ്റുമുള്ളവര്‍ക്കു തലവേദന തീര്‍ക്കുന്നതുമാണ്. ഇവരുടെ ചാര്‍ച്ചക്കാര്‍ പറ്റിയ അബദ്ധമോര്‍ത്ത് നെടുവീര്‍പ്പിടുന്നു. ദൈവം തമ്പുരാനുപോലും സ്‌നേഹിക്കാന്‍ തോന്നാത്ത ഇവര്‍ എങ്ങനെ ഇങ്ങനെയായി?
റ്റി.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ട്രാന്‍സാക്ഷണല്‍ അനാലിസിസ് എന്ന മനഃശാസ്ത്രശാഖയിലെ ചില വസ്തുതകള്‍ നിരത്തിക്കൊണ്ട് മേല്പറഞ്ഞവരെ മനസ്സിലാക്കാം. ഏതൊരു വ്യക്തിയിലും മൂന്നുതരത്തില്‍, തന്നെപ്പറ്റി തനിക്കുള്ള ബോധ്യങ്ങളുണ്ട് എന്ന് റ്റി.എ. പഠിപ്പിക്കുന്നു. അതിലൊന്നാണ് 'ഈഗോ'. നെഗറ്റീവായ ഈഗോകള്‍ വിവേചനബുദ്ധിയുള്ള പക്വതയുള്ള, ഈഗോയെ മൂടിക്കളയുമ്പോള്‍ ആയതിനെ 'മലിനമാക്കല്‍' എന്നാണ് റ്റി.എ. വിശേഷിപ്പിക്കുക. ഇതിനര്‍ത്ഥം ഏതൊരു വ്യക്തിയിലും വിവേകമുണ്ട്, അറിവുണ്ട്, സാമാന്യബുദ്ധിയും ബോധ്യവുമുണ്ട്. എന്നാല്‍, പക്വതയാര്‍ന്ന ചിന്തകളെ, വാക്കുകളെ, പ്രവൃത്തികളെ മലിനമാക്കുന്ന ചിന്തകളും വാക്കുകളും പ്രവൃത്തികളും അക്രമസ്വഭാവമുള്ള കുടുംബാംഗങ്ങളില്‍ കാണാം. ഇതിനര്‍ത്ഥം അവര്‍ സ്വയം കുഴിക്കുന്ന കുഴിയില്‍ വീഴുന്നു എന്നാണ്.
ചിന്തകളും വാക്കുകളും ഊര്‍ജമാണ് എന്ന് ശാസ്ത്രം തെളിയിച്ചിരിക്കുന്നു. പോസിറ്റീവായ ചിന്തകളുള്ള ഭവനത്തില്‍ ഐശ്വര്യം ഉണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. ഇത്തരം ഭവനങ്ങളിലെ വ്യക്തികളുടെ വാക്കുകളും പ്രവൃത്തികളും പോസിറ്റീവായിരിക്കും. അതിനാല്‍ത്തന്നെ കുടുംബൈക്യം ഇവിടെയുണ്ട്. തുടക്കത്തില്‍ സൂചിപ്പിച്ച അക്രമസ്വഭാവമുള്ള കുടുംബത്തില്‍ അന്തശ്ഛിദ്രം നിഴലിക്കുന്നു.
അക്രമസ്വഭാവമുള്ള കുടുംബങ്ങള്‍ എങ്ങനെ പിറക്കുന്നു?
താഴെ ചേര്‍ക്കുന്ന ചില സാഹചര്യങ്ങളാലും പ്രത്യേകതകളാലും രീതികളാലും അക്രമസ്വഭാവമുള്ള വ്യക്തികളും കുടുംബങ്ങളും ജനിക്കുന്നു:
പാരമ്പര്യം, കണ്ടുപഠിച്ചത് (മാതാപിതാക്കളില്‍നിന്നും മറ്റു മുതിര്‍ന്നവരില്‍നിന്നും), വിഷാദരോഗം, പിരിമുറുക്കം തുടങ്ങിയവ), മാനസികരോഗങ്ങള്‍ (ഹോര്‍മോണ്‍ വ്യതിയാനം), അഹങ്കാരം, ശീലം, എല്ലാറ്റിനോടും അവജ്ഞ, സാമാന്യബോധമില്ലായ്മ, പഠനക്കുറവ്, നെഗറ്റീവായ സാഹചര്യങ്ങളും അനുഭവങ്ങളും, ആത്മീയതയുടെ അഭാവം, കടന്നുപോയ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം. മറ്റ് അവിഹിതബന്ധങ്ങളും അടിമത്തവും, വികലമായ കൂട്ടുകെട്ടുകളും ശീലങ്ങളും. മേല്‍ സൂചിപ്പിച്ച ഘടകങ്ങള്‍ എല്ലാം ഒറ്റയ്‌ക്കോ ഒരുമിച്ചോ വ്യക്തികളെ അക്രമസ്വഭാവമുള്ളവരാക്കിത്തീര്‍ക്കാം. 
അക്രമസ്വഭാവം വ്യത്യസ്തരീതികളില്‍ പ്രകടിപ്പിക്കാം:
ചിന്തയിലെ അക്രമവാസന, വാക്കുകളിലൂടെയുള്ള അക്രമം, പ്രവൃത്തികളിലൂടെയുള്ള അക്രമം, ഇവ മൂന്നും ഒരുമിച്ചു ചേരുന്ന അവസ്ഥ.
ചിന്തയിലെ അക്രമവാസന
ചിന്തയില്‍ മാത്രമുള്ള അക്രമസ്വഭാവം ആ വ്യക്തിയെ കാര്‍ന്നുതിന്നുന്നു. ഇത് ശരീരഭാ ഷയില്‍ പ്രകടമാകും. തുടര്‍ച്ചയായ നെഗറ്റീവു ചിന്തകള്‍ സ്വയം ഉപദ്രവത്തിലേക്കു നയിക്കും. ഇവര്‍ മറ്റുള്ളവരുടെ നേരേ അക്രമസ്വഭാവം കാണിക്കണമെന്നില്ല. പക്ഷേ, ഇവരുടെ ഉള്ളിലെ പ്രക്ഷുബ്ധമായ അവസ്ഥകള്‍ ശരീരഭാഷയില്‍ തെളിയുന്നതിനാല്‍ കുടുംബാംഗങ്ങളില്‍ ഭയവും അലോസരവും മറ്റു ബുദ്ധിമുട്ടുകളും സൃഷ്ടിക്കും. ഇവരുടെ മനസ്സിലെ അക്രമസ്വഭാവമുള്ള ചിന്തകളെക്കുറിച്ച് ഇത്തരക്കാര്‍ പുറത്തു പറയാത്തതിനാല്‍ പ്രശ്‌നം സങ്കീര്‍ണമാകാം. 
വാക്കുകളിലൂടെയുള്ള അക്രമം
ഇത്തരക്കാരുടെ വാക്കുകള്‍ ഇരുതലവാളുപോലെ മൂര്‍ച്ചയേറിയതും സ്ഥലകാലബോധമില്ലാതെ മിക്കപ്പോഴും പ്രയോഗിക്കുന്നതും ആയിരിക്കും. ഇവരുടെ ദുഷിച്ച ചിന്തകളാണ് വാക്കുകളിലൂടെ പ്രതിഫലിക്കുക.
പ്രവൃത്തിയിലൂടെയുള്ള അക്രമം
വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരക്കാര്‍  വീടിനു തീര്‍ത്തും ഭാരമായി മാറും. ഏതു ക്രൂരതയും ചെയ്യാന്‍ ഇവര്‍ മടിക്കില്ല. സ്വന്തം കൊച്ചുമകനു വിഷം നല്‍കിയ വല്യപ്പനെ വ്യക്തിപരമായി എനിക്കറിയാം. ദുഷിച്ച ചിന്തകള്‍ക്കുതന്നെയാണ് ഇതിനു കാരണം.
ഇവ മൂന്നും ഒരുമിച്ചു ചേരുന്ന അവസ്ഥ
അത്യന്തം അപകടകരമായ ഈ അവസ്ഥയില്‍ ദുഷിച്ച ചിന്തകളും വാക്കുകളും പ്രവൃത്തിയും ഒരുമിക്കുന്നു. ഇവര്‍ കുടുംബത്തില്‍ നരകസമാനമായ അവസ്ഥ സൃഷ്ടിക്കുന്നു.
പ്രത്യക്ഷഫലങ്ങള്‍
സമാധാനമില്ലായ്മ, കുടുംബാംഗങ്ങളുടെ മാനസികപിരിമുറുക്കം, മറ്റു കുടുംബാംഗങ്ങളും അക്രമസ്വഭാവം പ്രകടിപ്പിക്കുക, കുട്ടികളുടെ പഠനം താറുമാറാകുക, ബന്ധങ്ങള്‍ ഉലയുക, ഇല്ലാതാവുക, ചുറ്റുമുള്ളവരാല്‍ വെറുക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുക, മാനസിക, ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍.
മേല്‍ സൂചിപ്പിച്ചവയും മറ്റനേകം പ്രശ്‌നങ്ങളും ഇത്തരം കുടുംബങ്ങളില്‍ ഉണ്ടാവാം.  ഈ കുടുംബങ്ങളിലേക്ക് വിവാഹത്തിലൂടെ കടന്നുവരുന്ന വ്യക്തികള്‍ ഇത്തരക്കാരല്ലാ എങ്കില്‍ അവരുടെ അനുഭവം തൂച്ചൂളയില്‍ വെന്തുരുകുന്നതാവാം.
അക്രമസ്വഭാവവും പരിഹാരമാര്‍ഗങ്ങളും
മേല്‍സൂചിപ്പിച്ച മൂന്നുതരത്തിലുള്ള അക്രമസ്വഭാവവും ഒരുമിച്ചു പ്രകടിപ്പിച്ചാല്‍ നിയമനടപടികളാണ് ഏറ്റവും ഉചിതമായ പരിഹാരം. ചിന്തയിലെയും വാക്കിലെയും അക്രമസ്വഭാവമുള്ളവരെ കൗണ്‍സലിംഗിലൂടെ മാറ്റാന്‍ സാധിക്കും. അക്രമസ്വഭാവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്നവരെ നിയമനടപടിയിലൂടെ മയപ്പെടുത്തിയതിനുശേഷം മാനസികരോഗവിദഗ്ധന്റെ സഹായത്തോടെ തിരുത്തുവാനും സാധിക്കും. എന്നാല്‍ താന്‍ ചെയ്യുന്നതു തെറ്റാണ് എന്നു ബോധ്യമുള്ള വ്യക്തിയെ അയാള്‍ ഏതവസ്ഥയില്‍ ആണെങ്കിലും കൗണ്‍സലിംഗിലൂടെ മാറ്റാം. ചുരുക്കത്തില്‍ അക്രമസ്വഭാവം വ്യക്തിയെയും കുടുംബത്തെയും ഇല്ലാതാക്കും. പരസ്പരം സ്‌നേഹിക്കേണ്ട മനുഷ്യന്റെ നരകസൃഷ്ടി ദൃശ്യമാകുന്നിടമായി ഇത്തരക്കാരുടെ വീടുകള്‍ മാറും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)