•  5 Dec 2024
  •  ദീപം 57
  •  നാളം 39
കുടുംബജ്യോതി

ലൈംഗികവിദ്യാഭ്യാസം തുടങ്ങേണ്ടതെവിടെ?

ലൈംഗികവിദ്യാഭ്യാസം അകറ്റിനിറുത്തുന്ന സംസ്‌കാരത്തിന്റെ ഉടമകളാണ് മലയാളികള്‍. ഈ വസ്തുത നിലനില്‍ക്കുമ്പോഴും ലൈംഗികവൈകൃതങ്ങള്‍ ഒരു മറയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആര്‍ത്തിയോടെ ആസ്വദിക്കുന്ന മനുഷ്യരും നമ്മുടെയിടയില്‍ത്തന്നെയുണ്ട്. ഉന്നതവിദ്യാഭ്യാസമുള്ളവരും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇതു കൂടുതലും സംഭവിക്കുന്നത് വീടുകളിലെ അടഞ്ഞ വാതിലുകള്‍ക്കപ്പുറമാണ് എന്നതു വാസ്തവം. ലൈംഗികവിദ്യാഭ്യാസസംബന്ധിയായ ക്ലാസ്സുകള്‍ സ്‌കൂളില്‍ നല്‍കിയതിനാല്‍ തങ്ങളുടെ കുട്ടികളെ ആ സ്‌കൂളില്‍നിന്നു മാറ്റിയ നാലു രക്ഷാകര്‍ത്താക്കളോടു സംസാരിക്കാന്‍ സ്‌കൂളധികാരികള്‍ എന്നെ അടുത്തകാലത്തു ചുമതലപ്പെടുത്തി. ഈ രക്ഷാകര്‍ത്താക്കളുടെ വാദഗതികള്‍ കേട്ടപ്പോള്‍ എനിക്കു തോന്നിയത്, ഇവരുടെ ചെയ്തികള്‍ ഈ കുട്ടികള്‍ക്കു മനസ്സിലാവാതിരിക്കാനാണ് അവര്‍ ഇത്തരം വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നത് എന്നാണ്.
ലൈംഗികവിദ്യാഭ്യാസം തുടങ്ങേണ്ടത് എവിടെ?
ലൈംഗികവിദ്യാഭ്യാസം കുടുംബത്തില്‍ത്തന്നെ ആരംഭിക്കണം. ഇതിനു തടസ്സമായി കണ്ടിരുന്നത് മാതാപിതാക്കളുടെ വിദ്യാഭ്യാസമില്ലായ്മയാണ്. എന്നാല്‍, ഇന്ന് കേരളത്തില്‍ അടിസ്ഥാനവിദ്യാഭ്യാസമില്ലാത്ത ആരുമില്ല എന്നതാണു യാഥാര്‍ത്ഥ്യം. കുട്ടികള്‍ക്കു നല്‍കേണ്ട ലൈംഗികവിദ്യാഭ്യാസത്തെ താഴെപ്പറയുംവിധം തരംതിരിക്കാം.1. അടിസ്ഥാനപരമായ അറിവ്. 2. ആഴത്തിലുള്ള അറിവ്.
അടിസ്ഥാനപരമായ അറിവുകള്‍ ഏതെല്ലാം?
1. ശരീരത്തിനു പുറമേ കാണാവുന്ന ലൈംഗികഭാഗങ്ങള്‍ ഏതൊക്കെയാണെന്ന അറിവ്. 2. മേല്‍സൂചിപ്പിച്ച ലൈംഗികഭാഗങ്ങളാണ് ഒരു വ്യക്തി വസ്ത്രമുപയോഗിച്ചു മറയ്ക്കുന്നതെന്ന തിരിച്ചറിവ്. 3. ഈ ലൈംഗികഭാഗങ്ങളില്‍ നോക്കാനും തൊടാനും അവയെക്കുറിച്ചു സംസാരിക്കാനും ചില പ്രത്യേകസാഹചര്യങ്ങളില്‍ അനുവാദമുള്ളത് അപ്പന്‍, അമ്മ, മെഡിക്കല്‍ പ്രഫഷണല്‍സ് എന്നിവര്‍ക്കു മാത്രമാണെന്ന ബോധ്യം. 4. ഇതിനു വിപരീതമായി സംഭവിച്ചാല്‍ തനിക്ക് ഏറ്റവും വിശ്വാസമുള്ള അപ്പന്‍, അമ്മ, അധ്യാപകര്‍, മുതിര്‍ന്നവര്‍ എന്നിവരില്‍ആരെയെങ്കിലും അറിയിക്കണമെന്ന അറിവ്. 5. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെതന്നെ ലൈംഗികാതിക്രമങ്ങള്‍ നേരിടാമെന്ന സത്യം.
ആഴത്തിലുള്ള അറിവുകള്‍ എന്തെല്ലാം?
ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒന്‍പതാംവയസ്സില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അറിവുകളുടെ തുടക്കം നല്‍കാം. ചുവടെ കൊടുക്കുന്ന കാര്യങ്ങള്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ അറിയണം.
1. ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും ലൈംഗികാവയവങ്ങളുടെ വ്യത്യാസം. 2. പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ആര്‍ത്തവം എന്ന പ്രതിഭാസമെന്ത് (ഇത് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പഠിപ്പിക്കണം) 3. എന്തുകൊണ്ടാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്‌ലറ്റും ബാത്ത്‌റൂമും. 4. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുവളരേണ്ടത് എന്തുകൊണ്ട് എന്ന ബോധ്യം.
ഇത്തരത്തിലുള്ള അറിവുകള്‍ പന്ത്രണ്ടുവയസ്സുവരെ നല്‍കാം. തുടര്‍ന്നു താഴെപ്പറയുന്ന ആഴത്തിലുള്ള അറിവുകളിലേക്കവരെ നയിക്കണം.
1. ലൈംഗികബന്ധം എന്നാലെന്ത്? 2. ലൈംഗികബന്ധം എന്തിനുവേണ്ടി? 3. പ്രായപൂര്‍ത്തിയാകാത്തവരുടെ ലൈംഗികബന്ധത്തിലെ അപകടങ്ങളെന്തെല്ലാം? 4. സ്ത്രീപുരുഷ ആകര്‍ഷണത്തിന്റെ കാരണങ്ങളും ആവശ്യകതയും 5. വിവാഹത്തിന്റെ മഹത്ത്വം 6. നല്ല മാതാപിതാക്കള്‍ എങ്ങനെയായിരിക്കണം? മേല്‍സൂചിപ്പിച്ച ആഴത്തിലുള്ള അറിവുകള്‍ കുട്ടിക്കു പതിനഞ്ചു വയസ്സോടെ ലഭിച്ചുവെന്ന് ഉറപ്പാക്കണം. ഇതു മാതാപിതാക്കളുടെ, കുടുംബത്തിലുള്ള മുതിര്‍ന്നവരുടെ കടമയാണ്.
എന്താണ് ഡിജിറ്റല്‍ ലൈംഗികവിദ്യാഭ്യാസം?
ഡിജിറ്റല്‍ ലൈംഗികവിദ്യാഭ്യാസത്തിന് രണ്ടു മാനങ്ങളുണ്ട്.
1. ശരിയായ കാര്യങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ അറിയുന്നത്. 2. ശരിയല്ലാത്ത കാര്യങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ അറിയുന്നതും അതിന് അടിമയാകുന്നതും.
മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍ ഇന്നത്തെ തലമുറയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അവര്‍ക്കുണ്ടാകുന്ന ഏതൊരു സംശയത്തിനും ഉത്തരം കണ്ടെത്താന്‍ അവര്‍ ഡിജിറ്റല്‍ മേഖലയെ ആശ്രയിക്കാം. ഇതിലെ നല്ലതും ചീത്തയും വേര്‍തിരിച്ചു നല്‍കാന്‍ കുടുംബാംഗങ്ങള്‍ക്കു കഴിയണം.
ആഴത്തിലുള്ള ലൈംഗികവിദ്യാഭ്യാസം നല്‍കാതിരുന്നാല്‍ സംഭവിക്കുന്ന അപകടങ്ങള്‍
1. പരസ്പരസാഹോദര്യത്തില്‍ വളരാന്‍ പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും കഴിയാതെവരുന്നു. 2. പരസ്പരബഹുമാനത്തില്‍ മുമ്പോട്ടുപോകാന്‍ കുട്ടികള്‍ക്കു സാധിക്കാതെവരും 3. മാനസികസംഘര്‍ഷം കുട്ടികളെ പിടികൂടാന്‍ കാരണമാകും. 4. പരസ്പരം മനസ്സിലാക്കാനും ആശയങ്ങള്‍ കൈമാറാനും വിമുഖതയുണ്ടാവും. 5. അപക്വശാരീരികബന്ധങ്ങള്‍ കുട്ടികളുടെയിടയില്‍ ഉണ്ടാകാനും അതുമായി ബന്ധപ്പെട്ട മറ്റനേകം പ്രശ്‌നങ്ങളിലേക്കു കുട്ടികള്‍ എത്തിപ്പെടാനും കാരണമാകാം.
അടിസ്ഥാനപരമായ ലൈംഗികവിദ്യാഭ്യാസം കുട്ടികള്‍ക്കു നല്‍കാതിരുന്നാലുള്ള അപകടങ്ങള്‍
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന മാനസികാവസ്ഥയുള്ളവര്‍ നമ്മുടെയിടയില്‍ത്തന്നെയുണ്ട്. ഇതൊരു മാനസികരോഗമാണെങ്കില്‍ക്കൂടിയും അവരുടെ അതിക്രമം അനുഭവിക്കേണ്ടിവരുന്ന കുട്ടികള്‍ ഭാവിയില്‍ അനേകം ഗൗരവതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകും. ഇത്തരം കുട്ടികള്‍ അനുഭവിക്കാന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ധൈര്യമില്ലായ്മ 2. പഠനപ്രശ്‌നങ്ങള്‍ 3. വിഷാദരോഗവും ആത്മഹത്യാപ്രവണതയും 4. അമിതമായ അരിശം, വൈരാഗ്യം, പക 5. ഉത്കണ്ഠ,  6. മറ്റനവധി മാനസികരോഗങ്ങള്‍. 
കൂടാതെ, ഇത്തരം  കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ താഴെപ്പറയുന്ന പ്രശ്‌നങ്ങളിലൂടെയും കടന്നുപോകാം:
1. വിവാഹം വേണ്ട എന്ന തീരുമാനം 2. പങ്കാളിയെ സ്വീകരിക്കാന്‍ കഴിയാതെ വരുക 3. ലൈംഗികബന്ധത്തിലുണ്ടാകുന്ന അനേകം പ്രശ്‌നങ്ങള്‍ 4. സമൂഹത്തില്‍ ഇടപഴകാന്‍ കഴിയാത്ത അനേകം മാനസികരോഗങ്ങള്‍.
കുടുംബാംഗങ്ങളുടെ ലൈംഗികപ്രകടനങ്ങള്‍ പോസിറ്റീവായും നെഗറ്റീവായും കുട്ടികളെ ബാധിക്കാം. അതിനാല്‍ത്തന്നെ, മാതാപിതാക്കള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒരു വയസ്സുമുതലുള്ള കുട്ടികള്‍ കാണാതിരിക്കുന്നതാണ് അഭികാമ്യം.  കുട്ടിക്ക് നാലു വയസ്സു കഴിഞ്ഞാല്‍ തീര്‍ച്ചയായും മാതാപിതാക്കളുടെ മുറിയില്‍ കര്‍ട്ടനിട്ടു വേര്‍തിരിച്ച് മറ്റൊരു കട്ടിലില്‍ കുട്ടിയെ മാറ്റിക്കിടത്താം. കുട്ടിക്ക് ആറു വയസ്സു കഴിഞ്ഞാല്‍ മറ്റൊരു മുറിയിലേക്കു നിര്‍ബന്ധമായും മാറ്റിക്കിടത്തണം. മേല്‍സൂചിപ്പിച്ച കാര്യങ്ങളെല്ലാം യുക്തമായി പരിഗണിച്ച് തീരുമാനങ്ങള്‍ യഥാസമയങ്ങളില്‍ എടുക്കണം. തീരുമാനമെടുക്കാനും പ്രശ്‌നപരിഹാരത്തിനും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഒരു വിദഗ്ധാഭിപ്രായം തേടാന്‍ മടിക്കരുത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)