മാതാപിതാക്കളുടെ മാനസികാരോഗ്യം കുടുംബത്തിന്റെ കെട്ടുറപ്പിനെയും സമാധാനാന്തരീക്ഷത്തെയും ഊട്ടിയുറപ്പിക്കുന്ന സുപ്രധാനഘടകംതന്നെ. മാനസികാരോഗ്യമില്ലാത്ത മാതാപിതാക്കളുടെ മക്കളും അവര്‍ക്കൊപ്പം ജീവിതം നയിക്കുന്ന മറ്റുള്ളവരും അനുഭവിക്കേണ്ടിവരുന്ന വിഷമാവസ്ഥകള്‍ നിസ്സാരമല്ല. കേരളസമൂഹം മാനസികാസ്വസ്ഥതകളെയും അവയുമായി ബന്ധപ്പെട്ട ചികിത്സയെയും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. ഇതു പ്രശ്‌നങ്ങളെ വളരെ സങ്കീര്‍ണമാക്കി മാറ്റുന്നു.
എന്താണ് മാനസികാരോഗ്യം?
ജനിതകകാരണത്താലോ സാഹചര്യങ്ങളുടെ സമ്മര്‍ദത്താലോ ശാരീരികരോഗങ്ങള്‍മൂലമോ ഒരു വ്യക്തിയുടെ സാധാരണമായ സ്വഭാവ, പെരുമാറ്റ, വികാര, വിചാരതലങ്ങളെ സ്വാധീനിക്കുന്ന തലച്ചോറിലെ രാസവസ്തുക്കളുടെ ഘടനയില്‍ ഉണ്ടാകുന്ന കുറവോ മാറ്റമോ ആ വ്യക്തിയുടെ സ്വഭാവ, പെരുമാറ്റ, വികാര, വിചാരതലങ്ങളില്‍ അസ്വാഭാവികത സൃഷ്ടിക്കുമ്പോള്‍ അതു മാനസികാരോഗ്യത്തകരാറായി മനസ്സിലാക്കണം. ഇത്തരം അവസ്ഥ എത്രകാലം തുടര്‍ച്ചയായി നിലനില്‍ക്കുന്നു എന്നതനുസരിച്ച് ആ വ്യക്തിയുടെ മാനസികാരോഗ്യം ചികിത്സയോ മറ്റു സഹായങ്ങളോ അര്‍ഹിക്കുന്നുണ്ടോ എന്നും തീരുമാനിക്കാം.
മാനസികരോഗങ്ങള്‍ പൊതുവെ എത്ര തരം?
മാനസികരോഗങ്ങളെ അവയുടെ ലക്ഷണങ്ങളുടെ ആഴം, പഴക്കം, വ്യാപ്തി, എന്നിവയനുസരിച്ച് രണ്ടായി തിരിക്കാം. 1. ന്യൂറോസിസ് 2. സൈക്കോസിസ്.
ഉത്കണ്ഠ, പിരിമുറുക്കം, അകാരണഭയം, വ്യക്തിത്വവൈകല്യങ്ങള്‍ ഇവയെ ന്യൂറോസിസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ യാഥാര്‍ത്ഥ്യമല്ലാത്തവ ഉണ്ട് എന്നു വിശ്വസിക്കുക, കേള്‍ക്കുക, പറയുക, അനുഭവിക്കുക, രുചിക്കുക, മരിക്കണമെന്നുള്ള ചിന്ത, പെരുമാറ്റത്തിലുണ്ടാകുന്ന പ്രകടമായ അസ്വാഭാവികതകള്‍ തുടങ്ങിയവയെ സൈക്കോസിസ് വിഭാഗത്തില്‍പ്പെടുത്തുന്നു. ന്യൂറോസിസ് പ്രശ്‌നങ്ങളെ കൗണ്‍സെലിങ്, തെറാപ്പികള്‍ തുടങ്ങിയ മനഃശാസ്ത്രരീതികളിലൂടെ പരിപൂര്‍ണമായും സുഖമാക്കുവാന്‍ സാധിക്കുമ്പോള്‍, സൈക്കോസിസിനെ മരുന്നും ഒപ്പംതന്നെ മറ്റു മനഃശാസ്ത്രചികിത്സാരീതികളുടെ സംയോജനത്തിലൂടെയും പരിപൂര്‍ണമായും ചില സന്ദര്‍ഭങ്ങളില്‍ ഭാഗികമായും സുഖപ്പെടുത്താം. മാനസികരോഗപ്രശ്‌നങ്ങള്‍ തുടക്കത്തിലേതന്നെ ചികിത്സിച്ചാല്‍ പൂര്‍ണമായും സുഖപ്പെടാനുള്ള സാധ്യതയുള്ളതാണ്. അജ്ഞതകൊണ്ടും മറ്റുള്ളവരെ അറിയിക്കാനുള്ള മടികൊണ്ടും മാനസികരോഗത്തെ എന്തോ തിന്മയായി, അരുതാത്തതായി കാണുന്നതിനാലും ഇവയ്ക്കുള്ള ചികിത്സ നമ്മുടെ നാട്ടില്‍ വൈകാറുണ്ട്.
മാനസികരോഗത്തോടുള്ള കുടുംബാംഗങ്ങളുടെ സമീപനം എങ്ങനെയാവണം?
മാനസികരോഗങ്ങള്‍ മറ്റു രോഗങ്ങള്‍പോലെതന്നെ ആര്‍ക്കും ഉണ്ടാകാവുന്നതാണെന്നും അത്തരം രോഗങ്ങള്‍ക്കു ശരിയായ ചികിത്സ വേണമെന്നും കുടുംബാംഗങ്ങള്‍ മനസ്സിലാക്കണം. സ്‌നേഹം, കരുതല്‍, തുറന്ന സംസാരം, ആശ്വാസവാക്കുകള്‍, അംഗീകാരം ഒക്കെയും മാനസികാരോഗ്യപ്രശ്‌നം നേരിടുന്നവര്‍ക്കു ധാരാളമായി നല്കണം. കുടുംബാംഗങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ താഴെപ്പറയുന്ന ശീലങ്ങള്‍ പ്രാവര്‍ത്തികമാക്കാം.
1. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തുറന്ന സംസാരം 2.കുടുംബപ്രാര്‍ത്ഥനയും ഒരുമിച്ചുള്ള ഭക്ഷണം കഴിക്കലും 3. പരസ്പരമുള്ള പ്രോത്സാഹനവും ആശ്വസിപ്പിക്കലും 4. ശരിയായ ഭക്ഷണക്രമവും ശീലങ്ങളും 5. തമാശകളും യാത്രകളും 6. മറ്റുള്ളവരുടെ സന്ദര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുക. 7. കുടുംബത്തില്‍ ആരും ഒറ്റപ്പെടുന്നില്ല എന്ന ഉറപ്പാക്കല്‍ 8. കൃത്യമായ ഇടവേളകളിലുള്ള വൈദ്യപരിശോധനകള്‍ 9. ആകസ്മികമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ പതറുന്നവരെ തിരിച്ചറിയുകയും അവര്‍ക്കു വേണ്ട കരുതല്‍ നല്‍കുകയും ചെയ്യുക.