ചലച്ചിത്രഗാനത്തിന് പ്രധാനമായും നാലു ഘടകങ്ങളാണുള്ളത്. രചന, സംഗീതം, ആലാപനം, ചിത്രീകരണം. ഇവ നാലും ഒന്നിനൊന്നു മികച്ചതായി മാറിയ ഗാനങ്ങള്‍ പഴയകാലത്ത് ധാരാളമായി പിറന്നിട്ടുണ്ട്. എന്നാല്‍, ഇക്കാലത്ത് ഇവയില്‍ ഒരു ഘടകം പോലും വിജയിക്കുന്നില്ല. ഇതിന്റെ കാരണമെന്തെന്ന് അന്വേഷിച്ചാല്‍ നാം ചെന്നെത്തുന്നത് ചില അപ്രിയസത്യങ്ങളിലാണ്. കവിതയുമായി പുലബന്ധംപോലുമില്ലാത്ത ചിലര്‍ പേനയും തുറന്നുപിടിച്ച് രചയിതാവിന്റെ കുപ്പായം കൂസലെന്യേ എടുത്തണിയുന്നു. അര്‍ത്ഥമോ കുറഞ്ഞപക്ഷം ചേര്‍ച്ചയോ നോക്കാതെ അവര്‍ ഏതാനും വാക്കുകള്‍ ചേര്‍ത്തുവച്ചു ഗാനമൊരുക്കുന്നു. പച്ചവെള്ളം ചവച്ചുകുടിച്ചാല്‍ എങ്ങനെയിരിക്കും? അതുതന്നെ ഇവിടെയും സംഭവിക്കുന്നു. ഈ വാക്കുകള്‍ക്ക് സംഗീതത്തിന്റെ പിന്‍ബലമേകാന്‍ ഒരാള്‍ വേണമെന്നാണ് വയ്പ്പ്. എഴുതിവച്ചിരിക്കുന്നത് ചുക്കോ ചുണ്ണാമ്പോ എന്നു തിരിച്ചറിയാത്ത, സംഗീതം കഷ്ടിപിഷ്ടിയായ ഒരാള്‍! തന്റെ പരാജയം മൂടിവയ്ക്കാന്‍ അദ്ദേഹം മിക്കപ്പോഴും മുന്‍കൂട്ടി തയ്യാറാക്കിയ ഈണവുമായിട്ടാണ് എഴുന്നള്ളുന്നത്. ആ ആള്‍ പറഞ്ഞുകൊടുക്കുന്നതെന്തും അതേപടി തൊണ്ട തൊടാതെ വിഴുങ്ങി ഛര്‍ദിച്ചുവയ്ക്കുന്നവരാണ് ഇന്നത്തെ ഗായകര്‍. ഭാവമോ വാക്കുകളുടെ ഉച്ചാരണശുദ്ധിയോ ഒന്നും അവര്‍ ലവലേശം പരിഗണിക്കാറില്ല. ചുരുക്കത്തില്‍ സൂകരപ്രസവംപോലെ പാട്ടുകള്‍ പെരുകുന്നു. ഫലമെന്ത്? എല്ലാവരാലും തികച്ചും അവഗണിക്കപ്പെട്ട കലാരൂപമായി ഗാനങ്ങള്‍ അധഃപതിച്ചിരിക്കുന്നു.
അടുത്തകാലത്തായി ഇറങ്ങിയ ഒരു ചലച്ചിത്രഗാനം ഉദ്ധരിച്ചാല്‍ ഇവിടെ സൂചിപ്പിച്ചതിന്റെ പൊരുള്‍ പ്രിയപ്പെട്ട വായനക്കാര്‍ക്ക് പെട്ടെന്നു പിടികിട്ടും.
''ആതിരരാവില്‍ നീ ചിന്നും മഴയായ്
പൗര്‍ണമിത്തിങ്കള്‍ നിന്‍ ചിരിയായ് വിടര്‍ന്നു
പൂമരക്കൊമ്പില്‍ നീ പൂക്കും നിനവായ്
ആല്‍മരച്ചോട്ടില്‍ നീ നെയ്യും കനവായ്
ഈ രാത്രി മായാതെയായീണങ്ങള്‍ മൂളുന്നുവോ
പൂങ്കാറ്റു വീശുന്നുവോ പൂങ്കിളി പാടുന്നുവോ
നിറം ചാര്‍ത്തുന്നു വസന്തം അതില്‍ പെയ്യുമീ സുഗന്ധം
നിറയാമൊഴുകാം വയല്‍പ്പൂക്കള്‍ മാലയായിടാം'' (ചിത്രം-ആനന്ദകല്യാണം; ഗാനരചന-നിശാന്ത് കൊടമന; സംഗീതം - രാജേഷ് ബാബു കെ. ശൂരനാട്; ആലാപനം-കെ.എസ്. ഹരിശങ്കര്‍, സന മൊയ്തൂട്ടി)
വലയത്തിനുള്ളില്‍ ചിലരുടെ പേരുകള്‍ എടുത്തുപറയാമെന്നേയുള്ളൂ. ഈ ഗാനത്തിന് ഇവരുടെ സംഭാവന വെറും പൂജ്യമാണ്. നായകനെയോ നായികയെയോ മഴയായി കല്പിച്ചുകൊണ്ടുള്ള പാട്ടുകള്‍ ഇതിനുമുമ്പും നാം കേട്ടിട്ടുണ്ട്. പക്ഷേ, അവരാരും 'നീ ചിന്നും മഴയായ്' എന്ന വിഡ്ഢിത്തം എഴുതിയിട്ടില്ല. ചിന്നും എന്ന വാക്കിന് രൂഢിയായ അര്‍ത്ഥം ചിതറിയ എന്നാണ്. നായകനായാലും നായികയായാലും ചിതറിപ്പോകുന്നത് ഔചിത്യത്തിനു നിരക്കുന്നതല്ലല്ലോ. ഈ ഗാനത്തിലെ ആദ്യത്തെ ഈരടിയില്‍ ഇങ്ങനെയുള്ള തകരാറിനു പുറമേ മറ്റെന്തോകൂടി പതിയിരിക്കുന്നുണ്ടെന്നു നമുക്കു തോന്നും രണ്ടാമത്തെ വരി കേള്‍ക്കുമ്പോള്‍.
നിനവ്, കനവ് എന്നീ പദങ്ങള്‍ക്ക് വ്യക്തമായ അര്‍ത്ഥമുണ്ട്. യഥാക്രമം ഓര്‍മ, കിനാവ് എന്ന് അവയ്ക്കു പറയാം. ഇവ രണ്ടും ഈ ഗാനത്തില്‍ എത്ര യോജിക്കുന്നുണ്ട് എന്ന് ആലോചിച്ചുനോക്കുക. ചേര്‍ച്ചയും ചേര്‍ച്ചയില്ലായ്മയും തിരിച്ചറിയാത്തവരാണല്ലോ ഇന്നത്തെ ഗാനരചയിതാക്കള്‍. സംഗീതസംവിധായകന്‍ ഒരുക്കിക്കൊടുത്ത ഈണത്തിനനുസരിച്ച് ഏതാനും വാക്കുകള്‍ എടുത്തു നിരത്തി എന്നല്ലാതെ വരികളെല്ലാംകൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ആശയമൊന്നും ഉരുത്തിരിയുന്നില്ല. ആതിരരാവും പൗര്‍ണമിത്തിങ്കളും പൂമരക്കൊമ്പും നിനവും കനവും മറ്റും വന്നാല്‍ ഗാനം കവിതാമയമായി എന്നാണ് രചയിതാവിന്റെ വിചാരം. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നേ എനിക്കു പറയാനുള്ളൂ. ശാന്തം പാപം!