•  25 Apr 2024
  •  ദീപം 57
  •  നാളം 7
ഈശോ F r o m t h e B i b l e

ആനന്ദം

വഗണനയും തെറ്റുധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പോഴും അവന്‍ ആത്മാവില്‍ ആനന്ദിച്ച നിമിഷങ്ങളുണ്ടായിരുന്നു. നശ്വരമായ സുഖങ്ങളില്‍നിന്നുള്ള സന്തോഷമായിരുന്നില്ല അവന്റേത്. മറിച്ച്, അനശ്വരമായ ആത്മാവിലുള്ള ആനന്ദമായിരുന്നു. പിതാവിന്റെ അഭീഷ്ടം നിറവേറപ്പെട്ടപ്പോഴും അതിലൂടെ അവിടുത്തെ അറിയാന്‍ കഴിഞ്ഞപ്പോഴും അവന്‍ അനുഭവിച്ച ആത്മീയമായ ആമോദം. ക്രിസ്തീയജീവിതം നിര്‍മലമായ ആനന്ദത്തിലേക്കുള്ള വിളിയാണ്. കന്യാംബികയെപ്പോലെ കര്‍ത്താവില്‍ നിരന്തരം സന്തോഷിക്കാനുള്ള ആഹ്വാനമാണത്. ക്രിസ്ത്യാനികളായ നമുക്കു മ്ലാനവദനരായി ജീവിക്കാനവകാശമില്ല. കാരണം, ആത്മീയമായ ആനന്ദത്തിന്റെ അലയാഴിയായവനെയാണു നാം അനുഗമിക്കുന്നത്. ആനന്ദം പരിശുദ്ധ റൂഹായുടെ ഫലങ്ങളിലൊന്നാണ്. ഹൃദയം ദൈവാത്മാവിന്റെ ആലയമാകുമ്പോഴേ അതില്‍ ആനന്ദമുണ്ടാകൂ. അന്തരംഗത്തില്‍ ആനന്ദം അനുഭവിക്കുന്നവര്‍ക്കു മാത്രമേ അനര്‍ത്ഥങ്ങളെ നോക്കി പുഞ്ചിരിക്കാന്‍ സാധിക്കൂ. അല്ലാത്തവര്‍ക്കു നിസ്സാരസങ്കടങ്ങള്‍വരെ കഠിനനിരാശയ്ക്കു നിദാനമാകാം.
നമ്മുടെ സന്തോഷങ്ങളും അവയുടെ കാരണങ്ങളും അവയിലേക്കുള്ള മാര്‍ഗങ്ങളും എപ്രകാരമുള്ളവയാണെന്നു വിലയിരുത്തേണ്ടതുണ്ട്. സ്വകാര്യവും കുടുംബപരവും സൗഹൃദപരവുമായിട്ടുള്ള സന്തോഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വര്‍ഗവും സ്വര്‍ഗീയരും ആഗ്രഹിക്കുന്ന വിധത്തിലുള്ളവയാണോ? അശ്ലീലവും അരുതാത്തവയുമൊക്കെയാണു നമ്മെ സന്തോഷിപ്പിക്കുന്നതെങ്കില്‍ നാം ഭയക്കണം. മദ്യവും മയക്കുമരുന്നും മ്ലേച്ഛതയും അസഭ്യഭാഷണവും ഇനിമേല്‍ നമ്മുടെ ഒത്തുചേരലുകളിലും ആഘോഷങ്ങളിലും ആനന്ദത്തിന്റെ രുചിക്കൂട്ടുകളാകാതിരിക്കട്ടെ. നമ്മുടെ സന്തോഷങ്ങളുടെ പന്തലിലും പന്തിയിലും കര്‍ത്താവുണ്ടെന്ന് ഉറപ്പുവരുത്തണം. വിശുദ്ധമായവയിലുള്ള ആനന്ദമാണ് ദൈവാത്മാവ് അനുവദിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്നുള്ളതാണോ, അതോ ഓരോരുത്തരും അടച്ചിട്ട മുറികളില്‍ ഇരുന്നുള്ളതാണോ നമ്മുടെ ഭവനങ്ങളിലെ സന്തോഷങ്ങള്‍? മറിയത്തെപ്പോലെ നാമും മറ്റുള്ളവര്‍ക്ക് ആഹ്ലാദഹേതുക്കളായി മാറണം. സന്തോഷദായകമാകട്ടെ നമ്മുടെയും സാമീപ്യവും സംസാരവും. നാം ക്രിസ്തുവാഹകരാകുമ്പോഴാണു യഥാര്‍ത്ഥസന്തോഷം നമ്മില്‍ ഉദ്ഭവിക്കുക. നല്ലവ കാണുകയും കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്ഥായിയായ സന്തോഷം. അല്ലാത്തവയൊക്കെ വെറും നൈമിഷികരസം മാത്രം. നാമായിരിക്കുന്ന സദസ്സുകളിലും ഇടങ്ങളിലും സത്യമായ സന്തോഷം കണ്ടെത്താം. വിണ്ണു വിലക്കിയിട്ടുള്ള സന്തോഷങ്ങള്‍ മണ്ണില്‍ നമുക്കു വേണ്ടാ. നമ്മുടെ സന്തോഷങ്ങളെ സംശുദ്ധമാക്കണേ എന്നു പ്രാര്‍ത്ഥിക്കാം. നമ്മുടെ കൊച്ചുജീവിതങ്ങള്‍ കര്‍ത്താവിനു വലിയ ആമോദത്തിനു കാരണമാകട്ടെ. അങ്ങനെ, ആയുസ്സ് അനുവദിക്കുംവരെ പാര്‍ത്തലത്തില്‍ ആത്മീയമായ ആനന്ദത്തിന്റെ അടയാളങ്ങളായി ജീവിക്കാം.

 

Login log record inserted successfully!