•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

ജോസ്‌മോന്റെ ഏദന്‍തോട്ടം

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ഷക
പ്രതിഭാപുരസ്‌കാരം നേടിയ ജോസ്‌മോന്‍ ജേക്കബിന്റെ കൃഷിയറിവുകളിലേക്കും അനുഭവങ്ങളിലേക്കും ഒരെത്തിനോട്ടം.

രച്ചില്ലകള്‍ക്കിടയിലൂടെ സൂര്യകിരണങ്ങള്‍ ഒളിച്ചുകളിക്കുന്ന പുലര്‍കാലം. വല്യപ്പച്ചനും അമ്മാമ്മയും ചേര്‍ന്ന് തെങ്ങിനും വാഴയ്ക്കുമൊക്കെ തടമെടുക്കുന്നതും, പയറും പാവലുമടക്കമുള്ള പച്ചക്കറികളെ പരിപാലിക്കുന്നതുമൊക്കെ കണ്ടായിരുന്നു ജോസ് മോന്റെ ബാല്യം. അവിടെ പറമ്പിന്‍നടുവില്‍ പന്തല്‍ വിരിച്ച് ആകാശംമുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ആഞ്ഞിലിമരമുണ്ട്. അതിന്റെ ചുവട്ടിലാണ് ജോസ്മോന്റെ സ്ഥാനം. ഇടയ്ക്കു കുഞ്ഞിക്കൈകൊണ്ട് ചിരട്ടമുക്കി വാഴയ്ക്കും മറ്റും വെള്ളമൊഴിക്കാന്‍ ജോസ്മോനുമുണ്ട്.
ഒരിക്കല്‍ കുസൃതിതോന്നി മൊട്ടിട്ട പയര്‍വള്ളികളിലൊന്നു നുള്ളിക്കളയുന്നതു കണ്ട് വല്യപ്പച്ചന്‍ ശകാരിച്ചത് ജോസ്മോന്‍ ഓര്‍മിക്കുന്നു, ഞാന്‍ നുള്ളിക്കളഞ്ഞ പയര്‍ചെടിയില്‍ തലോടിക്കൊണ്ട് വല്യപ്പച്ചന്‍ പറഞ്ഞു: പൂവിടുന്ന ഓരോ മൊട്ടും നമ്മുടെ അദ്ധ്വാനത്തിന്റെ ഫലമാണു മോനേ, മണ്ണ് കനിഞ്ഞുനല്‍കുന്ന പൊന്ന്. അതു പറിച്ചുകളയരുത്. അന്നുമുതല്‍ ഒരു പൂമൊട്ടുപോലും നുള്ളിയിട്ടില്ല, അവയെ പരിപാലിക്കുക മാത്രമായിരുന്നുവെന്നും ജോസ്‌മോന്‍ ഓര്‍ക്കുന്നു.
വല്യപ്പച്ചന്‍ ഓരോ ചെടിയെയും തഴുകിത്തലോടിയാണു തൊടിയിലൂടെ കടന്നുപോകുന്നത്. ചെടികളെ തൊട്ടു തലോടി പരിപാലിച്ചാല്‍ ഇലകളുടെ തളര്‍ച്ചയും കീടാക്രമണവും രോഗങ്ങളും നമുക്ക് പെട്ടെന്നു കണ്ടെത്താനും പരിഹരിക്കാനും കഴിയുമെന്ന് വല്യപ്പച്ചന്‍ പറഞ്ഞുതന്നു.  മണ്ണ് സത്യമാണെന്നും മണ്ണില്‍ മനസ്സറിഞ്ഞു പണിയെടുത്താല്‍ പൊന്നു വിളയുമെന്നും കൂടക്കൂടെ വല്യപ്പച്ചന്‍ പറയുമായിരുന്നു.
വീട്ടിലുള്ളപ്പോള്‍ ഇടയ്ക്കിടയ്ക്കു വല്യപ്പച്ചന്‍ വിളിക്കും; ജോസ്‌മോനേ, വാഴയ്ക്കു വളം വാങ്ങിയോ, വെള്ളമൊഴിച്ചോ, കുരുമുളകു പറിക്കാന്‍ ആളെ വിളിച്ചോ എന്നു തുടങ്ങി ഓരോന്നും അതതിന്റെ കൃത്യസമയത്ത് ഓര്‍മിപ്പിക്കാന്‍ വല്യപ്പച്ചന്റെ വിളി കാതുകളിലെത്തിയിരുന്നു. വല്ല്യപ്പച്ചന്റെ കാലം കഴിഞ്ഞിട്ടും ആ ഓര്‍മകളും അദ്ദേഹം പറഞ്ഞുതന്ന കാര്‍ഷികസംസ്‌കാരവുമാണ് താന്‍ പിന്തുടരുന്നതെന്ന് ജോസ്മോന്‍ പറയുന്നു.
തന്നെ ഒരു കര്‍ഷകനാക്കി മാറ്റിയതും ഇപ്പോള്‍ സര്‍ക്കാരിന്റെ മികച്ച കര്‍ഷകപ്രതിഭാപുരസ്‌കാരത്തിനു പരിഗണിക്കുന്നതുവരെ എത്തിച്ചതും വല്ല്യപ്പച്ചന്റെ ആ വിളിയാണെന്നും ജോസ്‌മോന്‍ പറഞ്ഞു. സരോജിനി നായിഡു ഫൗണ്ടേഷന്റെ 2012 ലെ മികച്ച കര്‍ഷകപുരസ്‌കാരമടക്കം നിരവധി അവാര്‍ഡുകള്‍ വാങ്ങിയിട്ടുള്ള കര്‍ഷകനായിരുന്നു മാണി ദേവസ്യ (എ.എം.സെബാസ്റ്റ്യന്‍) എന്ന ജോസ്മോന്റെ വല്യപ്പച്ചന്‍.ജോസ്മോന്റെ ജീവിതത്തിലെ റോള്‍ മോഡലും വല്യപ്പച്ചന്‍തന്നെ.
ജോസ്‌മോന്റെ ഏദന്‍തോട്ടം
ദൂരെനിന്നു നോക്കിയാല്‍ പിരമിഡുകള്‍പോലെ ഉയര്‍ന്നുനില്‍ക്കുന്ന ജാതിമരങ്ങള്‍, തൊടിയിലാകെ പന്തല്‍ വിരിച്ചുനില്‍ക്കുന്ന കൊക്കോമരങ്ങള്‍, പൂവനും
ഞാലിയും പാളയംകോടനും റോബസ്റ്റായുമൊക്കെകുലച്ചുനില്‍ക്കുന്ന വാഴത്തോട്ടം.ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കമുകുകള്‍,  ഇതിനിടയില്‍ ചെമന്ന പട്ടു വിരിച്ചതുപോലെ മണ്ണില്‍ പരന്നു പന്തലിച്ചു നില്‍ക്കുന്ന ചീരത്തോട്ടം. കയറില്‍ കെട്ടിത്തൂക്കിയ തോരണങ്ങള്‍പോലെ പയറുവള്ളികളും പാവല്‍ക്കൂട്ടങ്ങളും. പച്ചയും മഞ്ഞയും ചെമപ്പും നിറങ്ങളില്‍ പൂത്തുനില്‍ക്കുന്ന കാന്താരിക്കൂട്ടങ്ങള്‍. അപൂര്‍വ ഇനങ്ങളില്‍പ്പെട്ട ഔഷധസസ്യങ്ങള്‍, മണ്ണറ്റം മുട്ടിനില്‍ക്കുന്ന പടവലക്കൂട്ടങ്ങള്‍, പറമ്പിലാകെ പരന്നുകിടക്കുന്ന മത്തനും വെള്ളരിയും കുമ്പളവും. ഒരു കൃഷിയിടത്തില്‍ നാം പ്രതീക്ഷിക്കുന്നതെല്ലാം സമന്വയിപ്പിച്ച്  പുത്തന്‍ തലമുറയ്ക്കു മാതൃകയായിരിക്കുകയാണ്  ജോസ്മോന്റെ രണ്ടരയേക്കര്‍ കൃഷിത്തോട്ടം.
മൃഗപരിപാലനം
ആട്, പശു, കോഴി, താറാവ്, കാട തുടങ്ങിയവയുടെ ചെറിയൊരു ഫാം ഹൗസും ജോസ്മോന്റെ നിയന്ത്രണത്തിലുണ്ട്. മുട്ടയും പാലുമാണ് പ്രധാന വരുമാനം. ഇതിനു പിന്നാലെ നാടന്‍ കോഴിയിറച്ചിയും ആവശ്യക്കാര്‍ക്കു നല്‍കുന്നുണ്ട്. ഗ്രാമപ്രിയ ഇനത്തിലുള്ള കോഴികളാണ് കൂടുതലും. കാട മുട്ടയായും ഇറച്ചിയായും കച്ചവടമുണ്ട്.
വളര്‍ത്തുപക്ഷികളുടെ  ശേഖരവും ജോസ്മോന്റെ കൃഷിത്തോട്ടത്തിനോടു ചേര്‍ന്നുണ്ട്. ലൗ ബേര്‍ഡ്‌സ് ഇനത്തില്‍പ്പെട്ട പക്ഷികളാണു കൂടുതല്‍. പക്ഷികളുടെ വില്പനയും ഇതോടൊപ്പം നടത്തുന്നു.
ജൈവകൃഷിയാണ് കൂടുതലും. അത്യാവശ്യഘട്ടങ്ങളില്‍ മാത്രമാണ് മറ്റുള്ളവയെ ആശ്രയിക്കുക. കൃഷിക്കു വേണ്ടത് കൃത്യസമയത്ത് ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഒന്നും നാളേക്കു മാറ്റിവയ്ക്കാറില്ലെന്നും അതാണു കാര്‍ഷികമേഖലയില്‍ പ്രധാനമായും പിന്തുടരേണ്ടതെന്നും ജോസ്‌മോന്‍ പറയുന്നു. ഫാം ഹൗസില്‍നിന്നുള്ള ചാണകം കൃഷിക്കായി ഉപയോഗിക്കുന്നു. ഡ്രെയര്‍ യൂണിറ്റും ഇതിനോടനുബന്ധിച്ചു നടത്തുന്നുണ്ട്. സാധനങ്ങള്‍ ഇവിടെയെത്തിച്ചാല്‍ ഉണക്കി നല്‍കുകയും ചെയ്യുന്നു.
മാര്‍ക്കറ്റിങ് മേഖലയിലൂടെ
മാര്‍ക്കറ്റിങ് മേഖലയിലും കര്‍ഷകന്‍ ശ്രദ്ധചെലുത്തണമെന്നാണ് ജോസ്മോന്റെ പക്ഷം. വിപണി കണ്ടെത്തിയെങ്കില്‍ മാത്രമേ കര്‍ഷകനു പിടിച്ചു നില്‍ക്കാനാവൂ. കൃഷിയും ബൈ പ്രോഡക്റ്റുകളും വിറ്റഴിക്കപ്പെടണം. അതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജപ്പെടുത്തണം. നല്ല ഉത്പന്നം ജനങ്ങളിലെത്തിയാല്‍ അവരതു സ്വീകരിക്കുകതന്നെ ചെയ്യും. കച്ചവടത്തിലും കൃഷിയിലും മായം ചേര്‍ക്കരുതെന്നും ജോസ്മോന്‍ പറയുന്നു. താന്‍ മള്‍ട്ടിമീഡിയ പഠിക്കുമ്പോള്‍ പലരും ചോദിക്കാറുണ്ട് തൂമ്പായും കമ്പ്യൂട്ടറും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ എന്ന്. എന്നാല്‍, മള്‍ട്ടി മീഡിയപഠനംമൂലം തനിക്ക് കാര്‍ഷികോത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പുതിയ വിപണി കണ്ടെത്താനായെന്നും ജോസ്‌മോന്‍ പറയുന്നു.
ഇടിയിറച്ചിയും, കാട അച്ചാറും, വിവിധ ഭക്ഷ്യോത്പന്നങ്ങളും ജോസ്മോന്‍ വിപണനം നടത്തുന്നുണ്ട്. പ്രത്യേകം പ്രോസസിങ് ചെയ്താണ് ഇടിയിറച്ചിയും ഉണക്കിറച്ചിയും നിര്‍മിക്കുന്നത്. യാതൊരു മായവും ചേര്‍ക്കാതെ നിര്‍മിക്കുന്ന ഈ പ്രോഡക്റ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്. ഇതിനോടൊപ്പംതന്നെയാണ് കാട, ജാതിക്ക അച്ചാറുകളും നിര്‍മിക്കുന്നത്. ഓണ്‍ലൈന്‍ വിപണനമാണ് ഏറെയും. പാചകവും മറ്റും മമ്മിയുടെ മേല്‍നോട്ടത്താലാണ്. ജെ.എം.ഇ. എന്ന ബ്രാന്‍ഡ്‌നെയിമിലാണ് ജോസ്‌മോന്റെ വിപണനം.
മീന്‍കുളം
വിവിധയിനം മീനുകളുടെ സമ്മിശ്രകൃഷി പരീക്ഷിച്ചു വിജയിപ്പിച്ച മത്സ്യകര്‍ഷകന്‍കൂടിയാണ് ജോസ്മോന്‍. ഉപയോഗശൂന്യമായ പാറമടയില്‍ മീന്‍കൃഷി ഇറക്കിയാണ് ഈ യുവകര്‍ഷകന്‍ വിപ്ലവം സൃഷ്ടിച്ചത്. കട്ല, രോഹു, സിലോപ്പിയ തുടങ്ങി നിരവധി മീനുകളാണ് ഇവിടെയുള്ളത്. സമീപത്തുള്ള ആളുകളെല്ലാം ഒത്തുചേര്‍ന്ന്  വലിയ ആഘോഷത്തോടെയാണ് മീന്‍ പിടിത്തം. പിടിച്ചെടുക്കുന്ന മീന്‍ അപ്പോള്‍ത്തന്നെ വില്പന നടത്തുകയും ചെയ്യും.
കുറവിലങ്ങാടിനടുത്ത് മണ്ണയ്ക്കനാട് ഇടത്തടത്തില്‍ ജേക്കബ് (ചാക്കോച്ചന്‍) - മരീന ദമ്പതികളുടെ രണ്ടാണ്‍മക്കളില്‍ ഇളയവനാണ് ജോസ്‌മോന്‍. കൃഷിയിടങ്ങളില്‍ ജോസ്‌മോന്റെ താങ്ങും തണലുമായി പപ്പായും മമ്മിയും സഹായിക്കാന്‍ രണ്ടു ജോലിക്കാരുമുണ്ട്. സി.എം.ഐ. തിരുവനന്തപുരം പ്രൊവിന്‍സില്‍ ചേര്‍ന്ന് വൈദികപഠനം നടത്തുന്ന ജ്യേഷ്ഠന്‍ ബ്രദര്‍ സെബാസ്റ്റ്യന്‍ ജേക്കബ് ബാംഗ്ലൂര്‍ ധര്‍മ്മാാം കോളജില്‍ തത്ത്വശാസ്ത്രപഠനം പൂര്‍ത്തിയാക്കിയിരിക്കുന്നു. മണ്ണയ്ക്കനാട് ഇടവകയില്‍ യുവജനപ്രസ്ഥാനമായ എസ്.എം.വൈ.എം.ലും 'യുവ' കര്‍ഷകദളമുള്‍പ്പെടെ സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ട് ജോസ്‌മോന്‍. ചേര്‍പ്പുങ്കല്‍ ബി.വി.എം. ഹോളിക്രോസ് കോളജില്‍ ബി.എ. മള്‍ട്ടിമീഡിയ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് കര്‍ഷകപ്രതിഭയായ ജോസ്‌മോന്‍ ജേക്കബ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)