പത്രസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപിതസംരക്ഷകരാണ് പാശ്ചാത്യരാജ്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളും. പത്രസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സൂചികകള്‍ തയ്യാറാക്കിയും പട്ടികകള്‍ നിരത്തിയും അവര്‍ ലോകരാഷ്ട്രങ്ങളെ വിമര്‍ശിക്കും. വിമര്‍ശനമാനദണ്ഡങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും ഒരു കോര്‍പറേറ്റോക്രസിക്കുള്ളിലാകും. തന്മൂലം ഈ മാനദണ്ഡങ്ങള്‍ എല്ലാ ജനതയെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നുണ്ടോ എന്നത് ഇപ്പോഴും ഒരു സമസ്യയായി നിലനില്‍ക്കുന്നു
ജൂലിയന്‍ അസാന്‍ജിനെ മുന്‍നിര്‍ത്തിയാണ് ഇവിടെ പത്രസ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നത്. മാധ്യമലോകത്തിനു മുന്നിലെ ഭരണാധികാരികളുടെ ഗിമ്മിക്കുകള്‍മാത്രമല്ല ഫ്രീഡം ഓഫ് പ്രസെന്ന് പാശ്ചാത്യലോകം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
2006 ലാണ് ജൂലിയന്‍പോള്‍ അസാന്‍ജ് വിക്കിലീക്ക്‌സ് സ്ഥാപിക്കുന്നത്. ലോകം അന്നുവരെ വിശ്വസിച്ചുപോന്നിരുന്ന പലതിന്റെയും പൊളിച്ചെഴുത്തായിരുന്നു പിന്നീടു സംഭവിച്ചത്. അമേരിക്കന്‍ഗവണ്‍മെന്റിനെയും സൈന്യത്തെയും സമ്മര്‍ദത്തിലാക്കുന്ന നിര്‍ണായകമായ പല വിവരങ്ങളും വിക്കിലീക്‌സിലൂടെ ജൂലിയന്‍ അസാന്‍ജ് പുറത്തുവിട്ടു.
2010 ല്‍ ഇറാഖ് അധിനിവേശത്തെ സംബന്ധിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ചുകൊണ്ടാണ് വിക്കിലീക്‌സ് മാധ്യമലോകത്തേക്കു ചുവടുവയ്ക്കുന്നത്. 2007 ല്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ രണ്ട് റോയ്‌റ്റേഴ്‌സ് മാധ്യമപ്രവര്‍ത്തകരും 16 സിവിലിയന്‍സും ഇറാക്കില്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ശത്രുക്കളുടെ ആക്രമണത്തിലായിരുന്നുവെന്നാണ് അമേരിക്കന്‍ അവകാശവാദം. എന്നാല്‍, അതു വെറും അവകാശവാദംമാത്രമാണെന്നും 'സത്യം' ധാരണകള്‍ക്കും വാദങ്ങള്‍ക്കുമപ്പുറമാണെന്നും ലോകം തിരിച്ചറിയുകയായിരുന്നു.
ഇതിനുശേഷവും സുപ്രധാനമായ പല രേഖകളും അസാന്‍ജ് പുറത്തുവിട്ടു. ഇതോടെ, ഒബാമഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ജൂലിയന്‍ പോള്‍ അസാന്‍ജ്. ഇതിനെതിരേയുള്ള പ്രതികാരനടപടിയെന്നോണം 2010 ല്‍ അസാന്‍ജിനെ അറസ്റ്റു ചെയ്യാന്‍ സ്വീഡിഷ് കോടതി ഉത്തരവിട്ടു. ആ വര്‍ഷംതന്നെ യു.കെയില്‍ അദ്ദേഹം അറസ്റ്റിലായി. ജാമ്യം ലഭിച്ചതിനുശേഷം 2012 ല്‍ അസാന്‍ജി ഇക്വഡോറില്‍ രാഷ്ട്രീയാഭയം പ്രാപിച്ചു. എന്നാല്‍, ഇക്വഡോറിനുമേല്‍ സമ്മര്‍ദം ചെലുത്തിയതിന്റെ പ്രതിഫലനമെന്നോണം രാജ്യം രാഷ്ട്രീയാഭയം പിന്‍വലിച്ചു. ഇതോടെ, യുകെ പൊലീസ് അസാന്‍ജിനെ വീണ്ടും അറസ്റ്റു ചെയ്തു. അതിനുശേഷവും വിക്കിലീക്‌സിലൂടെ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടേയിരുന്നു. അസാന്‍ജിനെ അമേരിക്കയ്ക്കു വിട്ടുനല്‍കണമെന്ന ആവശ്യം ഇതോടെ ശക്തമായി. വധശിക്ഷയ്ക്കു വിധിക്കില്ലെന്ന് അമേരിക്ക ഉറപ്പു നല്‍കിയതോടെ അസാന്‍ജിനെ ബ്രിട്ടന്‍ അമേരിക്കയ്ക്കു കൈമാറി. ഇതേസമയം, അദ്ദേഹത്തിനെതിരേയുള്ള നിയമനടപടികള്‍ അവസാനിപ്പിക്കണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടു. അസാന്‍ജ് കോടതിയില്‍ ഹാജരാവുകയും നീണ്ടകാലത്തെ നിയമനടപടികള്‍ മുന്‍നിര്‍ത്തി തന്നെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഒരുപക്ഷേ, അയാള്‍ കുറ്റവിമുക്തനാക്കപ്പെട്ടേക്കാം, വിക്കിലീക്‌സിന്റെ പ്രവര്‍ത്തനം നിലച്ചെന്നും വരാം. എന്നാല്‍, വിക്കിലീക്‌സിലൂടെ അസാന്‍ജ് തുടങ്ങിവച്ച നവീനമാധ്യമപ്രവര്‍ത്തനശൈലി കോര്‍പ്പറേറ്റ് മാധ്യമപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് വാര്‍ത്തകള്‍ അനുകൂലമായി പാശ്ചാത്യവത്കരിക്കുന്ന, ഡേറ്റകള്‍ തങ്ങളുടെ പക്കല്‍ സുരക്ഷിതമെന്നു കരുതുന്ന പല ഭീമാകാരമായ ഭരണകൂടങ്ങളെയും ഭയപ്പെടുത്തിയേക്കാം.