•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രതിഭ

സിവില്‍ സര്‍വീസ് ചിറകിലേറി ശാരികപ്പൂമ്പാറ്റ

   തിരുവനന്തപുരം: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച് ഇന്ത്യന്‍ സിവില്‍ സര്‍വീസിലെത്തുന്ന ആദ്യത്തെ മലയാളിയായ വടകര കീഴരിയൂര്‍ സ്വദേശിനി ശാരിക എ. കെ. ഇനി റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസിലേക്ക്. ഇതുമായി ബന്ധപ്പെട്ട നിയമന ഉത്തരവ് കേന്ദ്രസര്‍ക്കാരിന്റെ പേഴ്സണല്‍ മന്ത്രാലയത്തില്‍നിന്ന് ശാരികയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ചു.
    ജന്മനാ സെറിബ്രല്‍ പാള്‍സി രോഗബാധിതയായ ശാരിക വീല്‍ചെയറില്‍ ഇരുന്നാണ് ഈ സ്വപ്നനേട്ടം കരസ്ഥമാക്കിയത്.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കു സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം നല്‍കാന്‍ അബ്‌സൊല്യൂട്ട് ഐ എ എസ് അക്കാദമിയുടെ സ്ഥാപകന്‍, എഴുത്തുകാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഡോ. ജോബിന്‍ എസ്. കൊട്ടാരം ആരംഭിച്ച 'പ്രൊജക്റ്റ് ചിത്രശലഭം' എന്ന പരിശീലനപദ്ധതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതാണ് ശാരികയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കഴിഞ്ഞ വര്‍ഷം വീല്‍ചെയറില്‍നിന്നു സിവില്‍ സര്‍വീസ് ലഭിച്ച ഷെറിന്‍ ഷഹാനയും അബ്‌സൊല്യൂട്ട് അക്കാദമിയുടെ 'ചിത്രശലഭം' പദ്ധതിയുടെ ഭാഗമായിരുന്നു.
ശാരികയ്ക്ക് ഇടതുകൈയുടെ മൂന്നു വിരലുകള്‍മാത്രമേ ചലിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഈ പരിമിതികളെയൊക്കെ അതിജീവിച്ചാണ് ശാരിക ഇപ്പോള്‍ സിവില്‍   സര്‍വീസ് എന്ന ലക്ഷ്യം കീഴടക്കിയിരിക്കുന്നത്. 
    കീഴരിയൂര്‍ എരേമ്മന്‍കണ്ടി ശശിയുടെയും രാഖിയുടെയും മകളാണ് ശാരിക. പ്ലസ് ടു വിദ്യാര്‍ഥിനിയായ ദേവിക സഹോദരിയാണ്. 
2024 ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ പാസായി. തുടര്‍ന്ന്, ജനുവരി 30 ന് ഡല്‍ഹിയില്‍വച്ച് നടന്ന ഇന്റര്‍വ്യൂവില്‍ മികവു തെളിയിച്ചു. ഓണ്‍ലൈനായും തിരുവനന്തപുരത്തു നേരിട്ടുമായിരുന്നു പരിശീലനം.
   ഇന്ത്യയില്‍ മൂന്നുകോടിയോളം ഭിന്നശേഷിക്കാരായ കുട്ടികളുണ്ട്. എന്നാല്‍, സിവില്‍ സര്‍വീസ് അടക്കമുള്ള നേതൃരംഗങ്ങളില്‍ അവരുടെ പ്രാതിനിധ്യം വളരെ കുറവാണ്. ഇതു കണക്കിലെടുത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനാണ് മൂന്നുവര്‍ഷംമുമ്പ് ഡോ. ജോബിന്‍ എസ്. കൊട്ടാരം 'പ്രൊജക്റ്റ് ചിത്രശലഭം' ആരംഭിച്ചത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)