•  5 Dec 2024
  •  ദീപം 57
  •  നാളം 39
പ്രതിഭ

വയലിന്‍രംഗത്തെ കുട്ടിവിസ്മയം

 അഭിമുഖം

   ഗുരുവായൂര്‍ ക്ഷേത്രവേദിയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്, ഒരു വയലിന്‍കച്ചേരി നടന്നു. അതു കഴിയുംവരെ അമ്മയുടെ മടിത്തട്ടില്‍ കച്ചേരിയാസ്വദിച്ചു ചലനമറ്റിരുന്ന നാലുവയസ്സുകാരി പെണ്‍കുട്ടി ഇന്നു വയലിന്‍വാദനരംഗത്തെ വിസ്മയമാണ്. ഗുരുവായൂരമ്പലത്തില്‍ രുഗ്മിണിക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്ന ഏകാദശിവിളക്കിനു നടത്തിയ കച്ചേരിയുടെ വീഡിയോ അച്ഛന്‍ ശശിധരനാണ് മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടത്. അതു വൈറലായതോടെ ഗംഗ ശശിധരന്‍ എന്ന കൊച്ചു വയലിന്‍ ആര്‍ട്ടിസ്റ്റ് ശ്രദ്ധേയയാവുകയായിരുന്നു. ഇന്നു തിരക്കുള്ള ഒരു വയലിനിസ്റ്റാണെന്നുമാത്രമല്ല, നിരവധി പുരസ്‌കാരങ്ങളും ഗംഗയെ തേടി എത്തിയിട്ടുണ്ട്.
എന്നു മുതലാണ് ഗംഗയ്ക്ക് സംഗീതത്തിനോട് താത്പര്യം തോന്നിത്തുടങ്ങിയത്?
അമ്മയ്ക്കു സംഗീതം വളരെ ഇഷ്ടമാണ്. ഞാന്‍ അമ്മയുടെ ഉദരത്തിലായിരുന്ന സമയത്ത് അമ്മ വയലിന്‍ പഠിക്കുന്നുണ്ടായിരുന്നു. ഞാന്‍ രണ്ടര മൂന്നു വയസ്സായപ്പോഴൊക്കെ കര്‍ണാട്ടിക് മ്യൂസിക് ധാരാളം കേള്‍ക്കുമായിരുന്നു. അതു കേട്ടുകേട്ടാണ് അതിനോട് ഒരു താത്പര്യം തോന്നിത്തുടങ്ങിയത്.
പിന്നെ, അമ്മയുടെ അച്ഛനും അമ്മയും (മുത്തച്ഛനും മുത്തശ്ശിയും) കലാപരമായി അറിവുള്ളവരായിരുന്നു. ക്ലാസിക്കല്‍ മ്യൂസിക്കിലും ഇന്‍സ്ട്രമെന്റല്‍ മ്യൂസിക്കിലും നല്ല ജ്ഞാനം ഉണ്ടായിരുന്നു. മുത്തച്ഛന്‍ ബാങ്കുജീവനക്കാരനായിരുന്നു. അദ്ദേഹം നന്നായി മൃദംഗം വായിക്കുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ ഒരു കലാപാരമ്പര്യം ഉണ്ടായതുകൊണ്ടാവാം കുഞ്ഞായിരുന്നപ്പോള്‍ത്തന്നെ സംഗീതത്തോട് എനിക്കു താത്പര്യമുണ്ടായത്.
ആദ്യഗുരുക്കന്മാര്‍ ആരൊക്കെയായിരുന്നു?
തിരുവനന്തപുരം സ്വദേശിയായ നിതിന്‍ ആയിരുന്നു ആദ്യഗുരു. പിന്നീട് രാധികടീച്ചറും (രാധിക പരമേശ്വരന്‍). നാലര വയസ്സിലാണ് പഠനം തുടങ്ങിയത്.  കൊറോണയായതോടെ ക്ലാസുകള്‍ നിന്നുപോയി.
കൊറോണയ്ക്കുശേഷം ഓള്‍ ഇന്ത്യാ റേഡിയോയിലെ ടോപ്പ് എ ഗ്രേഡ് വയലിന്‍ ആര്‍ട്ടിസ്റ്റായ സി.എസ്. അനുരൂപ്‌സാറാണ് എന്റെ ഗുരുവും വഴികാട്ടിയും.
അനുരൂപ്‌സാറിന്റെ ക്ലാസുകള്‍ എങ്ങനെയായിരുന്നു? കൊച്ചുഗംഗയ്ക്ക് ഉത്സാഹമായിരുന്നോ പഠിക്കാന്‍?
ഇത്രയും നല്ല ഗുരുവിനെ കിട്ടിയതു ഭാഗ്യമായി ഞാന്‍ കരുതുന്നു. സാറിനെ ആദ്യം കണ്ടപ്പോള്‍ വളരെ സ്ട്രിക്റ്റാണെന്നു തോന്നി. ക്ലാസുകളൊക്കെ പ്രത്യേക സ്‌റ്റൈലാണ്. കളിപ്പാട്ടം വാങ്ങിയും കളിച്ചും മിഠായി വാങ്ങിത്തന്നുമൊക്കെയാണ് പഠിപ്പിക്കുന്നത്. സാറിന്റെ വൈഫും വലിയ സപ്പോര്‍ട്ടാണ്. വയലിന്‍ക്ലാസിനു പോകുവാണെന്ന ഒരു ഫീല്‍ ഇല്ല. വളരെ സ്വാതന്ത്ര്യമുണ്ട്. സാര്‍ പറഞ്ഞിട്ടാണ് ഗുരുവായൂര്‍ ഏകാദശിക്കു പ്രോഗ്രാം ചെയ്തത്.
മറ്റെവിടെയൊക്കെയാണ് ഗംഗ കച്ചേരികള്‍ നടത്തിയിട്ടുള്ളത്?
ഏഴാം വയസ്സില്‍ ഗുരുവായൂര്‍ മമ്മിയൂര്‍ അമ്പലത്തില്‍ ഒരു പ്രോഗ്രാം ചെയ്തു. ഒന്നു രണ്ടു കീര്‍ത്തനങ്ങളാണ് അന്നു വായിച്ചത്. അതിനുശേഷമാണ് ഗുരുവായൂരും വൈക്കംമഹാദേവക്ഷേത്രത്തിലും പ്രമുഖവാദ്യമേളക്കാര്‍ക്കൊപ്പം കച്ചേരികള്‍ നടത്തിയത്. പിന്നീടങ്ങോട്ട് നൂറിലധികം സ്റ്റേജുകള്‍. ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് അനുരൂപ്‌സാറിനോടുതന്നെയാണ്. പിന്നെ, വീട്ടുകാരുടെ സപ്പോര്‍ട്ടും വേണ്ടുവോളമുണ്ട്.
അമ്പലങ്ങളിലല്ലാതെ മറ്റെവിടെയൊക്കെയാണ് ഗംഗ സാധാരണമായി കച്ചേരികള്‍ നടത്താറ്?
അമൃത, ഫ്‌ളവേഴ്‌സ്, സി കേരളം തുടങ്ങിയ ചാനലുകളിലും പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഫ്‌ളവേര്‍സ് ടി വിയില്‍ എം ജി ശ്രീകുമാര്‍, സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍, ശരത്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ പ്രമുഖ സംഗീതകലാകാരന്മാരുടെ വേദികളിലും പ്രോഗ്രാം ചെയ്തിട്ടുണ്ട്. 
ഏതു സ്‌കൂളിലാണുപഠിക്കുന്നത്?
പ്രൈമറി ക്ലാസ്സുകള്‍ ഗുരുവായൂര്‍ ദേവസ്വം സ്‌കൂളിലായിരുന്നു. വെളിയങ്കോട് അയിരൂര്‍ എയുപിസ്‌കൂളില്‍ ഇപ്പോള്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്.
കുടുംബത്തെക്കുറിച്ച്...
 അച്ഛന്‍ കെ.എം. ശശിധരന്‍ ദുബായില്‍ ബിസിനസ് ചെയ്യുന്നു. അമ്മ കൃഷ്ണവേണി. സഹോദരന്‍ മഹേശ്വരന്‍ പ്ലസ്ടുവിനു പഠിക്കുന്നു. 
വയലിന്‍ പ്രാക്ടീസ് എപ്പോഴാണ്?
വെളുപ്പിന് 5.30 ന് പരിശീലനം തുടങ്ങും. രണ്ടു മണിക്കൂര്‍ പ്രാക്ടീസ് ചെയ്യും. സ്റ്റേജ് പ്രോഗ്രാമിനു പോകുമ്പോള്‍ ഒന്നുരണ്ടു തവണ പ്രാക്ടീസ് ചെയ്യാറുണ്ട്.
ആദ്യമായി സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നത് എന്നാണ്? എവിടെവച്ചായിരുന്നു?
മമ്മിയൂര്‍ അമ്പലത്തില്‍ ഏഴാം വയസ്സിലായിരുന്നു ആദ്യത്തെ പ്രോഗ്രാം.
ഏകദേശം എത്ര കച്ചേരികള്‍ നടത്തിയിട്ടുണ്ടാവും? കേരളത്തിനു പുറത്തും വിദേശത്തും കച്ചേരികള്‍ നടത്തിയിട്ടുണ്ടോ?
 കഴിഞ്ഞവര്‍ഷംമുതലാണ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ തുടങ്ങിയത്. കേരളത്തിനു പുറത്ത് മംഗലാപുരം, നാഗര്‍കോവില്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത്  നൂറിലധികം സ്റ്റേജുകളില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ കച്ചേരികള്‍ നടത്താന്‍ പറ്റിയത് വലിയ ഭാഗ്യമാണ്. വിദേശത്തുനിന്നു പ്രോഗ്രാമിനു ക്ഷണം ഉണ്ടായിട്ടുണ്ട്. അടുത്ത വര്‍ഷത്തേക്ക് കുറച്ചധികം പ്രോഗ്രാമുകള്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.
നൃത്തം പഠിച്ചിട്ടുണ്ടോ?
ഉണ്ട്. നാലു വര്‍ഷം പഠിച്ചു. ഭരതനാട്യം ഇഷ്ടമാണ്. അരങ്ങേറ്റം ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു. അനുശ്രീ ടീച്ചര്‍ (ഗുരുവായൂര്‍) ആണ് ഗുരു.
വോക്കല്‍ പഠിക്കുന്നുണ്ടോ?
നേരത്തേ വോക്കല്‍ പഠിച്ചിരുന്നു, പക്ഷേ, അത് നിന്നുപോയി. ഇപ്പോള്‍ കാഞ്ഞങ്ങാട് ശ്രീനിവാസന്‍ സാറിന്റെ മകന്‍ നന്ദകിഷോര്‍സാറിന്റെ അടുത്തു പഠിക്കുന്നു.
 ഗുരുവായൂര്‍ വേണുഗോപാല്‍സര്‍, ശിവരാമന്‍സര്‍, കൊല്ലം ബാലമുരളിസാര്‍ തുടങ്ങിയവരുടെ കീഴിലും സംഗീതം പഠിച്ചിട്ടുണ്ട്.
അവാര്‍ഡുകളും ബഹുമതികളൊക്കെ ഗംഗക്കുട്ടിയെ തേടിയെത്തുന്നുണ്ടല്ലോ? 
അതേ. 2024 മേയ് മാസത്തില്‍ സത്യനാരായണം അവാര്‍ഡ് കിട്ടി. സംഗീതത്തിനുള്ള 2024 -26 ലെ ഷണ്‍മുഖാനന്ദ ഭാരതരത്‌ന ഡോക്ടര്‍ എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പിന് നാമനിര്‍ദ്ദേശംചെയ്യപ്പെട്ട കേരളത്തില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി കിട്ടി. നിറഞ്ഞ സന്തോഷമാണ്.
വയലിന്‍ സംഗീതം ഇഷ്ടപ്പെടുന്നതോടൊപ്പംതന്നെ പഠനത്തിലും മിടുക്കിയാണ് ഗംഗ. മാത്തമാറ്റിക്‌സാണു ഇഷ്ടവിഷയം. വയലിന്‍ തന്ത്രികളില്‍ മായികപ്രപഞ്ചമൊരുക്കുന്ന ഈ കൊച്ചുകുട്ടി ഈ മേഖലയില്‍ ഒരു വാഗ്ദാനംതന്നെയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)