പ്രിയമുള്ള കൂട്ടുകാരേ...,
എല്ലാവര്‍ക്കും സുഖമല്ലേ...? പരീക്ഷയൊക്കെക്കഴിഞ്ഞ് അവധിക്കാലത്തിന്റെ രസത്തിലും ലഹരിയിലുമായിരിക്കുമല്ലോ നിങ്ങള്‍? ലഹരി എന്നു കേട്ടു നെറ്റി ചുളിക്കേണ്ട കേട്ടോ... ജീവിതത്തിന്റെ എല്ലാ സന്തോഷവേളകളെയും അതിന്റെ ആഴത്തില്‍ കാണിക്കാന്‍വേണ്ടിയാണ് പലപ്പോഴും നാം ലഹരി എന്ന പദമുപയോഗിക്കുന്നത്. എന്നാല്‍, വേദനയെയും ലഹരിയായിക്കണ്ട ഒരു കവിയുണ്ട് നമുക്ക്. നമ്മുടെ പ്രിയപ്പെട്ട ചങ്ങമ്പുഴ കൃഷ്ണപിള്ള... അദ്ദേഹം എന്താണെഴുതിയതെന്നോ?
''വേദന... വേദന... ലഹരി പിടിക്കും വേദന... എന്നിട്ട് ആ വേദനയില്‍നിന്ന് ഒരു 'മുരളീരവം' ഉയരട്ടെ എന്ന്... ഇതിനാണ് സര്‍ഗാത്മകമായ വേദന എന്നു പറയുന്നത്. മഹത്തായ എന്തും നേടാന്‍വേണ്ടി നാം അനുഭവിക്കുന്ന കഷ്ടപ്പാടുകളെ ഇത്തരം ലഹരിയായിക്കണ്ടാല്‍ ജീവിതം എളുപ്പമായി.
കഴിഞ്ഞ ഒരു അധ്യയനവര്‍ഷത്തിന്റെ ലഹരിയൊക്കെ അവസാനിച്ച് ഇനി ഫലപ്രാപ്തിക്കായി കാത്തിരിക്കുകയാണല്ലോ. വിജയംമാത്രമല്ല പരാജയങ്ങളും ഉണ്ടാകുമല്ലോ? രണ്ടിനെയും ഏകമനസ്സോടെ നേരിടാനുള്ള കരുത്തും നമുക്കുണ്ടാകണം. വിജയിച്ചവര്‍ മുന്നോട്ടു പോകുമ്പോള്‍, പരാജയപ്പെട്ടവര്‍ കുറേക്കൂടി ആഞ്ഞുപ്രയത്‌നിച്ചാല്‍ അടുത്തതവണ വിജയം ഉറപ്പ്. ഈയൊരു മനഃശാസ്ത്രം എപ്പോഴും മനസ്സിലുണ്ടാവണം. നിരാശയും സങ്കടവും മനസ്സിനെ അലട്ടിയാലും കൂടുതല്‍ സമയം അതിനെ താലോലിക്കരുത്. എപ്പോഴെങ്കിലും ഏതെങ്കിലുമൊക്കെ തരത്തില്‍ പരാജയം നേരിട്ടവരൊക്കെത്തന്നെയാണ് ഈ സമൂഹവും. അതിനാല്‍, എന്തുവന്നാലും ജീവിതവുമായി മുന്നോട്ടു പോകാനുള്ള കരുത്ത്. അതായിരിക്കണം സ്വന്തം മനസ്സിന്റെ ദൃഢത.
അതിരിക്കട്ടെ കൂട്ടുകാരേ, പറഞ്ഞുപറഞ്ഞ് അല്പം വൈകാരികമായിപ്പോയല്ലേ? വികാരങ്ങളെ... അതെന്തായാലും... ദേഷ്യമോ സങ്കടമോ സന്തോഷമോ... എന്തായാലും പക്വതയോടെ നേരിടാനുള്ള ഒരു കഴിവുംകൂടി സമ്പാദിക്കണം കേട്ടോ... പലപ്പോഴും നിങ്ങളുടെ കളികള്‍ക്കിടയില്‍ ഇത്തരം സാഹചര്യങ്ങള്‍ കടന്നുവരാറുണ്ടല്ലോ... അപ്പോഴൊക്കെ കളിയെ കളിയായിക്കണ്ട് സമചിത്തതയോടെ പ്രതികരിക്കേണ്ടതുണ്ട്.
ഞാന്‍ എന്റെ ബാല്യകാലം ഓര്‍ത്തുപോവുകയാണ്. അതിനു മാമ്പഴത്തിന്റെ സുഗന്ധവും മധുരവുമാണ്. ആ കാലം മനസ്സിലിങ്ങനെ മയങ്ങിക്കിടക്കും. നിങ്ങളെയൊക്കെക്കാണുമ്പോള്‍ അതൊന്ന് ഉണര്‍ന്നു തലപൊക്കും. എന്റെയും നിങ്ങളുടെയും ബാല്യകാലങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. നമ്മുടെ ഭൗതികാന്തരീക്ഷം മാറി. പ്രകൃതി മാറി. കാലാവസ്ഥ മാറി. ഭക്ഷണത്തിലും ജീവിതശൈലിയിലും വളരെ മാറ്റങ്ങള്‍ വന്നു. മനുഷ്യമനസ്സുകളും മാറിത്തുടങ്ങിയിരിക്കുന്നു. എങ്കിലും ഒന്നുണ്ട്. ഇന്നും ഭൂരിപക്ഷം മനുഷ്യരും ആഗ്രഹിക്കുന്നത് നന്മയാണ്. ശാന്തിയും സമാധാനവും പുലരുന്ന ഒരു നാടിനെയാണ്. സ്‌നേഹവും മര്യാദയുമുള്ള ഒരു യുവതലമുറയെയാണ്. അതാണ് നിങ്ങളോടിതൊക്കെപ്പറയുന്നത്. പറയുന്നതു കേള്‍ക്കാനും ഉള്‍ക്കൊള്ളാനും കഴിവുള്ളവരാണല്ലോ നിങ്ങള്‍. എന്നു മാത്രമല്ല, ഞങ്ങളുടെ തലമുറയെ അപേക്ഷിച്ച് ശാസ്ത്രസാങ്കേതികവിദ്യകളിലൊക്കെ മികവു തെളിയിച്ചവരുമാണ് നിങ്ങള്‍. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കു നല്ല അഭിമാനമുണ്ട് കേട്ടോ. എങ്കിലും എപ്പോഴും അതൊന്നും പുറത്തു കാണിക്കാത്തത് നിങ്ങള്‍ അഹങ്കാരികളായിപ്പോകുമോ എന്ന ഭയംകൊണ്ടാണ്...
വീണ്ടും കാടുകയറുന്നു അല്ലേ...? എന്താ കൂട്ടുകാരുടെ നെറ്റി ചുളിയുന്നുവോ... ആ മധുരിക്കുന്ന മാമ്പഴക്കാലത്തെക്കുറിച്ചു പറയട്ടെ...
ആ അവധിക്കാലങ്ങള്‍...
''വെളിച്ചത്തിനോമല്‍ മകളേ...'' എന്നു വൈലോപ്പിള്ളി വിശേഷിപ്പിക്കുന്ന മേടച്ചൂടിന്റെ പകലുകളും രാത്രികളും. അതിലേക്കൊരു മധുരമനോഹരസ്വപ്നംപോലെ കാത്തുകാത്തിരുന്ന് വന്നണയുന്ന വേനല്‍മഴ. പരീക്ഷ കഴിഞ്ഞ് പുസ്തകങ്ങളെല്ലാം വലിച്ചെറിഞ്ഞ്...(അതു വെറുതെയാണ് കേട്ടോ... എവിടെയെങ്കിലും ഭദ്രമായി സൂക്ഷിച്ചുവയ്ക്കും. നമുക്ക് ക്ലാസുകയറ്റം കിട്ടുമ്പോള്‍ ആ പുസ്തകത്തിന് ത3ഴെ ക്ലാസിലുള്ളവര്‍ കണ്ണുവച്ചിരിക്കും. പറഞ്ഞുറപ്പിച്ചിരിക്കും. അതിനാല്‍ രണ്ടാണ് ഉത്തരവാദിത്വം. നന്നായി പഠിച്ച് ക്ലാസ് കയറ്റം നേടണം. മറ്റൊന്ന് ഒരു വര്‍ഷം കൂടി ഒരാള്‍ക്ക് ഉപയോഗിക്കേണ്ടതല്ലേ... വൃത്തിയായി സൂക്ഷിക്കണം.) ഈ വലിച്ചെറിയല്‍ ഒരു ഒഴുക്കിനങ്ങ് പറഞ്ഞതാണ്. നമ്മുടെ കേരളീയശൈലി അങ്ങനെയായിരുന്നില്ലല്ലോ. എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക. ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. ലളിതമായ ജീവിതശൈലിയിലൂടെ ഗാന്ധിജിയും അതല്ലേ പഠിപ്പിച്ചത്. വെള്ളമാണെങ്കിലും വൈദ്യുതിയാണെങ്കിലും ആവശ്യത്തിനുമാത്രം ഉപയോഗിക്കുക. ഭക്ഷണം പാഴാക്കാതിരിക്കുക. സമയം, പണം ഇവ ദുരുപയോഗിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അച്ഛനമ്മമാരും അധ്യാപകരും നിരന്തരം നിങ്ങളെ ഓര്‍മിപ്പിക്കാറുണ്ടായിരിക്കുമല്ലോ...
ഞങ്ങളുടെ അവധിക്കാലങ്ങളൊക്കെത്തന്നെ പ്രകൃതിയുടെ മടിത്തട്ടിലായിരുന്നു. മേടത്തില്‍ കര്‍ണികാരങ്ങള്‍മാത്രമല്ല പൂത്തുവിടരുന്നതെന്നറിയാമല്ലോ... അത് നമ്മുടെ മാമ്പഴക്കാലം കൂടിയാണ്. ഒരു കാറ്റുവരുമ്പോള്‍ അടര്‍ന്നുവീഴുന്ന മാമ്പഴഗന്ധങ്ങള്‍. വഴിയേ പോകുന്നവരെയെല്ലാം ആ ഗന്ധം മാടിവിളിക്കും. അന്നൊക്കെ നാട്ടില്‍ എത്രയിനം മാവുകളാണെന്നോ? വളര്‍ന്നുപടര്‍ന്ന് ആകാശം മറച്ചുനില്‍ക്കുന്ന മാഞ്ചോടുകളായിരുന്നു ഞങ്ങളെ ലഹരി പിടിപ്പിച്ച കളിസ്ഥലങ്ങള്‍... അണ്ണാറക്കണ്ണനും കാറ്റും മാമ്പഴം അടര്‍ത്തിയിടാന്‍ സഹായികളായി... മത്സരിച്ചാണ് മാമ്പഴം പെറുക്കാന്‍ ഓടുന്നത്. മാമ്പഴം പടപടാന്ന് വീഴുമ്പോള്‍ എല്ലാവര്‍ക്കും കിട്ടും. ആ മാവിന്മേല്‍ ഒരുന്നരച്ച് ചുനകളഞ്ഞ് ചീമ്പിത്തിന്നുമ്പോള്‍ വരുംകാലജീവിതത്തിന്റെ കയ്പും മധുരവും കഠിനതകളും നേരിടാനുള്ളൊരു പഠനപ്രവര്‍ത്തനംകൂടിയാണ് ആ അവധിക്കാലങ്ങള്‍ സമ്മാനിച്ചത്.