നാലര ലക്ഷം പേര്‍ പങ്കെടുത്ത ലോഗോസ് ബൈബിള്‍ ക്വിസില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭയായി ജിസ്‌മോന്‍ സണ്ണി
ബൈബിളിലെ അക്ഷരങ്ങളോടു തന്റെ ആത്മബന്ധുവിനോടെന്നപോലൊരു ഇഷ്ടം... ആവര്‍ത്തിച്ചു വായിച്ചും മനഃപാഠമാക്കിയും ആ ആത്മബന്ധം സജീവമാക്കാനുള്ള ശ്രമം അവന്‍ കുഞ്ഞുനാളിലേ തുടങ്ങി. പതിനൊന്നാം വയസ്സിലേക്കെത്തിയപ്പോള്‍, ബൈബിളിനോടുള്ള ആഭിമുഖ്യം അസാധാരണമായ ഒരു ചരിത്രനേട്ടത്തിലേക്ക് അവനെ കൈപിടിച്ചു.
ഇതു ജിസ്‌മോന്‍ സണ്ണി, 2024 ലെ ലോഗോസ് പ്രതിഭ. ബൈബിളിനെ ആധാരമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രശ്‌നോത്തരി മത്സരമെന്നറിയപ്പെടുന്ന ലോഗോസ് ബൈബിള്‍ ക്വിസില്‍ പങ്കെടുത്ത നാലര ലക്ഷം പേരില്‍ ഒന്നാം സ്ഥാനക്കാരന്‍. പങ്കെടുത്തവരില്‍ ഭൂരിഭാഗവും ജിസ്‌മോനെക്കാള്‍ ഉയര്‍ന്ന പ്രായക്കാര്‍, മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികള്‍, അനേകം ഉന്നതബിരുദധാരികള്‍, സെമിനാരിവിദ്യാര്‍ഥികള്‍, സന്ന്യസ്തര്‍... ലോഗോസ് പരീക്ഷയ്ക്കുള്ള ബൈബിളറിവില്‍ അവരെയെല്ലാം പിന്നിലാക്കിയായിരുന്നു പതിനൊന്നുകാരന്റെ പടയോട്ടം.
കെസിബിസി ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ബൈബിള്‍ ക്വിസിന്റെ 24 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോഗോസ് പ്രതിഭയായി ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഈ മിടുമിടുക്കന്‍.
കേരളത്തിലും പുറത്തുമായി നാലര ലക്ഷത്തോളം പേര്‍ പങ്കെടുത്ത ലോഗോസിന്റെ അതിരൂപതാതലമത്സരങ്ങള്‍ക്കുശേഷം അറുന്നൂറു പേരാണ് രണ്ടാം റൗണ്ടിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍നിന്ന് ആറു പ്രായവിഭാഗങ്ങളിലെ ജേതാക്കള്‍ മാറ്റുരച്ച ഗ്രാന്‍ഡ് ഫിനാലെ റൗണ്ടില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയാണ് ജിസ്‌മോന്‍ ലോഗോസ് പ്രതിഭയായത്.
സ്വര്‍ണമെഡലും 65,000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും ജിസ്‌മോന് കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ സമ്മാനിച്ചു. ലോഗോസില്‍ എ വിഭാഗത്തിലെ ജേതാവായാണ് ജിസ്‌മോന്‍ ഗ്രാന്‍ഡ് ഫിനാലെയിലെത്തിയത്.
കഴിഞ്ഞ വര്‍ഷം ലോഗോസ് ക്വിസിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ച ആറു പേരില്‍ ഒരാളായിരുന്നു ജിസ്‌മോന്‍. 2023 ല്‍ നഷ്ടമായ ലോഗോസ് പ്രതിഭ കിരീടം ഇക്കുറി ഈ മിടുക്കന്‍ ഏറ്റുവാങ്ങിയപ്പോള്‍ സദസ്സിലാകെ കരഘോഷമുയര്‍ന്നു.
ശീലങ്ങളില്‍ വചനം
കോതമംഗലം രൂപതയിലെ വാഴക്കുളം ബസ്ലേഹം ഹോളി ഫാമിലി ഇടവകയില്‍ ചാത്തംകണ്ടത്തില്‍ സണ്ണിയുടെയും സിസിലിയുടെയും ഏകമകനാണ് ജിസ്‌മോന്‍. സ്‌കൂള്‍ വിട്ടെത്തിയാല്‍ വൈകുന്നേരങ്ങളിലെ വചനവായന ജിസ്‌മോനു ശീലമാണ്. സമ്പൂര്‍ണബൈബിള്‍ ക്രമത്തില്‍ വായിച്ചുതീര്‍ക്കുകയെന്ന ദൗത്യം അടുത്തിടെ വിജയകരമായി പൂര്‍ത്തിയാക്കി. സന്ധ്യാപ്രാര്‍ഥനയിലും ഉറക്കെ ബൈബിള്‍ വായിക്കുന്നതും ജിസ്‌മോന്‍തന്നെ.
സാമ്പത്തികമായി പരാധീനതയുള്ള കുടുംബമെങ്കിലും, ചെറുപ്പംമുതല്‍ ജിസ്‌മോനെ വചനം വായിച്ചു കേള്‍പ്പിക്കാനും വായിപ്പിക്കാനും കുടുംബാംഗങ്ങള്‍ പ്രത്യേക താത്പര്യമെടുത്തു. എല്ലാ ദിവസവും പള്ളിയില്‍ കുര്‍ബാനയ്ക്കു പോകുന്ന ജിസ്‌മോന്‍ ഇടവകാംഗങ്ങള്‍ക്കെല്ലാം പ്രിയപ്പെട്ടവനാണ്.
പ്രതിഭയിലേക്കുള്ള വഴി
ലോഗോസ് പോലുള്ള, ഫൈനല്‍ റൗണ്ട് കടുകട്ടിയായൊരു ബൃഹത്തായ ക്വിസ് മത്സരത്തില്‍ ചെറുപ്രായത്തില്‍ ഗ്രാന്‍ഡ് ഫിനാലേയിലേക്കെത്താനും ഒന്നാമതെത്താനുമൊക്കെയായതിനു പിന്നില്‍ എന്താണ് രഹസ്യം?
ചോദ്യം കേട്ട ജിസ്‌മോന്റെ മുഖത്ത് തീര്‍ത്തും നിഷ്‌കളങ്കമായൊരു പുഞ്ചിരി, ശേഷം ലളിതമായ ഉത്തരം - ഒരു മാജിക്കുമില്ല, ബൈബിള്‍ നിരന്തരം വായിച്ച്, പ്രാര്‍ഥനയോടെ ആവര്‍ത്തിച്ചു വായിച്ച്, പലതും മനഃപാഠമാക്കി. അനുബന്ധപുസ്തകങ്ങള്‍ വായിച്ചുപഠിച്ചതും നേട്ടമായി.
സമ്പൂര്‍ണ ബൈബിളിനു പുറമേ, കെസിബിസി ബൈബിള്‍ കമ്മീഷന്‍ നല്‍കിയ ബൈബിള്‍ പഠനത്തിന് ആമുഖം, ബൈബിളും കേരളവും എന്നീ ഗ്രന്ഥങ്ങളും ലോഗോസില്‍ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചുവെന്നു ജിസ്‌മോന്‍.
ലോഗോസ് ബൈബിള്‍ക്വിസിന്റെ ചരിത്രത്തില്‍ അത്രമേല്‍ അതുല്യപ്രതിഭാവിലാസത്തോടെ മത്സരിച്ചു ജയിച്ച ജിസ്‌മോന്‍ സണ്ണി, ഈ ക്വിസില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാണെന്നു കെസിബിസി ബൈബിള്‍ സൊസൈറ്റി സെക്രട്ടറി ഫാ. ഡോ. ജോജു കോക്കാട്ട് പറഞ്ഞു.
കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലാണ് ജിസ്‌മോന്‍ ഇപ്പോള്‍ പഠിക്കുന്നത്. പ്രസംഗത്തിലും ക്വിസ് മത്സരങ്ങളിലും സ്‌കൂളിലെ താരമാണ്. അധ്യാപകന്‍ മേജോ ജോസിന്റെ ശിക്ഷണത്തില്‍ സംസ്‌കൃതം പ്രഭാഷണത്തില്‍ ഉപജില്ലയിലും ഒന്നാം സ്ഥാനക്കാരനായി. കെസിഎസ്എലിന്റെ ക്വിസ് ഉള്‍പ്പടെയുള്ള വിവിധ മത്സരങ്ങളിലും ഈ മിടുക്കന്‍ തിളങ്ങി.
മാനേജര്‍ ഫാ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, പ്രധാനാധ്യാപിക ഷീബ മാത്യു, അധ്യാപകര്‍, കൂട്ടുകാര്‍ എന്നിവരെല്ലാം ജിസ്‌മോന്റെ മികവിനു പിന്തുണയേകുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തില്‍നിന്നുള്ള ജിസ്‌മോന്റെ പഠനച്ചെലവുകള്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ജിസ്‌മോനിലൂടെ കേരളസഭയുടെ വചനധാരകളില്‍ ഒരു അതുല്യപ്രതിഭകൂടി. വചനവഴിയിലെ ഈ മിടുമിടുക്കനു കൊടുക്കാം, ഒരു ബിഗ് സല്യൂട്ട്.